കൊച്ചി: യുവാക്കളിൽ നിന്നും ലഹരി വിരുദ്ധ അംബാസഡർമാരെ കണ്ടെത്തിയും സ്കൂൾ, കോളജ് വിദ്യാർഥികളെ ഒരുമിപ്പിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർത്തും കേരളത്തിലെ ലഹരി വ്യാപനത്തിനെതിരെ പോരാടാൻ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ഒരുങ്ങുന്നു. ലഹരി വിരുദ്ധ പോരാട്ട ക്യാംപെയ്ൻ എന്ന തലക്കെട്ടിൽ മലയാളികളുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും.
വിവിധ മേഖലകളിലെ പ്രമുഖരെ ക്യാംപെയ്ന്റെ ഭാഗമാക്കും. ഒരു വർഷം നീളുന്ന വിവിധ പരിപാടികളും സംഘടന പദ്ധതിയിടുന്നു. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ജനകീയ മാരത്തോൺ, ലഹരിക്കെതിരെ സാഹിത്യ-ചിത്രകലാമത്സരങ്ങൾ, ബോധവൽക്കരണ ഷോർട്ട് ഫിലിമുകൾ, പോസ്റ്ററുകൾ, മനഃശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി കൗൺസിലിങ് സേവനങ്ങൾ, ഹെൽപ്‌ലൈൻ/ഡീ അഡിക്ഷൻ സംവിധാനങ്ങൾ, സംഗീത– നൃത്ത ആവിഷ്കാരങ്ങൾ തുടങ്ങി വിവിധ പരിപാടികൾക്കായി സംഘടന സജ്ജമായി കഴിഞ്ഞു.
ക്യാംപെയ്ന്റെ ആഗോള ചുമതല ഗ്ലോബൽ കോ ഓർഡിനേറ്റർ ഡോ. ആനി ലിബുവിനാണ്. ഡബ്ല്യൂഎംഎഫിന്റെ തന്നെ ഗ്ലോബൽ യൂത്ത് ഫോറം, ഗ്ലോബൽ പി ആർ ഫോറം കൈകോർത്ത് പദ്ധതികൾ തയാറാക്കും. വിവിധ കൗൺസിലുകളുടെ നേതൃത്വത്തിൽ 166 രാജ്യങ്ങളിൽ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കും. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സ്കൂൾ പിടിഎ, സംസ്ഥാന പോലീസ്-എക്സൈസ് വിഭാഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരോടൊപ്പം കൈകോർത്തുകൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാംപെയ്ന് മാർച്ചിൽ തന്നെ തുടക്കമാകുമെന്ന് ഗ്ലോബൽ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല, ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, ഗ്ലോബൽ ട്രെഷറർ ടോം ജേക്കബ്, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ്, ഗ്ലോബൽ ജോയിന്റ് ട്രഷറര്‍ വി എം സിദ്ദിഖ്, കേരള സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മരക്കാർ, ഗ്ലോബൽ പി ആർ ഒ നോവിൻ വാസുദേവ് തുടങ്ങിയവർ അറിയിച്ചു.