Image

ലോക് സഭാ സീറ്റ് പുനർനിർണയം കേരളത്തിന് ഒരു വെല്ലുവിളിയോ?

പ്രൊഫ. മുഹമ്മദ് ഫുഹാദ് പി.കെ Published on 12 March, 2025
ലോക് സഭാ സീറ്റ് പുനർനിർണയം കേരളത്തിന് ഒരു വെല്ലുവിളിയോ?

2026-ലെ ലോക്സഭ സീറ്റ് പുനർനിർണയം (delimitation of lokSabha seat) എങ്ങനെ കേരള രാഷ്ട്രീയത്തെയും, ജനങ്ങളുടെ പ്രാതിനിധ്യത്തെയും സ്വാധീനിക്കും? ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള സീറ്റ് പുനർനിർണയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കാരണമാവുമോ? ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ വേർതിരിവ് സൃഷ്ടിക്കുമോ? ഇത് ഇന്ത്യൻ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യത്തെയും എത് തരത്തിൽ സ്വാധീനിക്കും? കേന്ദ്ര സർക്കാരിന്റെ പോളിസിയുടെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിനും കുടുംബാസൂത്രണത്തിനും പ്രാധാന്യം നൽകുകയും ജനസംഖ്യ കുറയ്ക്കുകയും ചെയ്ത കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിന്റെ  പ്രത്യാഘാതങ്ങൾ നേരിടുകയും, ഇതിനൊന്നും പ്രാധാന്യം നൽകാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്യുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളോുള്ള അവഹേളനമല്ലേ?

1971-ൽ വന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ടതാണ് ഇന്നത്തെ ലോക്സഭാ സീറ്റുകൾ. ഈ സീറ്റുകളിൽ 2026-ൽ മാറ്റം വരാൻ പോവുകയാണ്. ഇത് കേരള രാഷ്ട്രീയതിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഒരു രാഷ്ട്രീയ സംഘർഷം ഉടലെടുക്കാൻ കാരണമായേക്കാം.

ഇന്ത്യൻ ഭരണഘടനയുടെ Art.82-ൽ ആണ് delimitation അതായത്, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്റിന്റെയും, സംസ്ഥാന നിയമ സഭകളുടെയും സീറ്റ് പുനർനിർണയത്തെ കുറിച്ച് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു delimitation commission രൂപീകരിക്കണം എന്നും ഇതിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട് . സീറ്റുകൾ സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നും, എല്ലാ നിയോജക മണ്ഡലങ്ങളിലും സീറ്റ് പുനർനിർണയം ഒരേ  മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നും ഈ നിയമങ്ങൾ നിഷ്കർഷിക്കുന്നു. ജനസംഖ്യ വളരെ കുറവുള്ള സംസ്ഥാനങ്ങൾക്കും UT-കൾക്കും, ജനസംഖ്യ മാനദണ്ഡമാക്കാതെ ഒരു സീറ്റ് നൽകാം എന്നും ഇതിൽ പറയുന്നു.

ഇതിലൂടെ ഓരോ ജനപ്രതിനിധിയും ജനങ്ങളെ തുല്യമായി പ്രതിനിധീകരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതിനെയാണ് "one vote, on value" എന്ന് വിശേഷിപ്പിക്കുന്നത്.

ഓരോ 10 വർഷം കൂടുമ്പോഴും ഡെലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുകയും സെൻസസിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയം നടത്തുകയും ചെയ്യണം എന്നും Art. 82 പറയുന്നു.

ഭരണഘടനയുടെ Art.81 പ്രകാരം പരമാവധി ലോക്സഭാ സീറ്റ് 500 ആയി നിശ്ചയിച്ചിരുന്നു (പിന്നീട് ഇത് ഭേദഗതി വരുത്തിയിട്ടുണ്ട്).

സ്വാതന്ത്ര്യത്തിനു ശേഷം 1952, 1953, 1973 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കുകയും സീറ്റ് പുനർനിർണ്ണയം നടത്തുകയും ചെയ്തിട്ടുണ്ട്.

1972-ൽ 31 ഭേദഗതി (31st Amendment) പ്രകാരം പരമാവധി ലോക്സഭാ സീറ്റ് 500ൽ നിന്ന് 525 ആയി ഉയർത്തി. 

1976-ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, 42 ഭേദഗതി പ്രകാരം ലോക്സഭാ സീറ്റ് പുനർനിർണയം (Delimitation) 25 വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു (2001 വരെ). വരാൻ പോവുന്ന 25 വർഷം, 1973-ലെ ഡെലിമിറ്റേഷൻ കമ്മിഷൻ നിർണയിച്ച സീറ്റ് (1971 സെൻസസ് പ്രകാരം) തന്നെ തുടരും എന്നും തീരുമാനിച്ചു. ഇതോടൊപ്പം പരമാവധി ലോക്സഭാ സീറ്റ് 525 ൽ നിന്നും 545 ആക്കി ഉയർത്തുകയും ചെയ്തു.

അത് ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനം (population explosion) നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. സർക്കാർ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ഇതിന്റെ ഭാഗമായി കുടുംബസൂത്രണവും ജനസംഖ്യ നിയന്ത്രണവും കൺകറന്റ് ലിസ്റ്റിന്റെ (concurrent list) ഭാഗമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങൾ fertility rate കുറയ്ക്കുന്നതിന് മുൻകയ്യെടുക്കണം എന്നും, അങ്ങനെ ചെയ്യുന്ന സംസ്ഥാനങ്ങളെ delimitation ബാധിക്കരുത് എന്നും ഉദ്ദേശിച്ചാണ് അന്ന് കേന്ദ്ര സർകാർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിരവധി വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് മറ്റൊരു ചർച്ച വിഷയമാണ്. 

പിന്നീട് 2001-ൽ വാജ്പേയി സർക്കാർ സീറ്റ് പുനർനിർണയം അടുത്ത 25 വർഷത്തേക്ക് കൂടെ മരവിപ്പിക്കാൻ തീരുമാനിച്ചു (2026 വരെ). ഇതിന്റെ പ്രധാന കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ വർധനവും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ കുറവുമായിരുന്നു. 2026 ആവുമ്പോഴേക്കും ജനസംഖ്യ സ്ഥിരത കൈവരിക്കും എന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ ഉള്ള ഈ വിടവ് ഇല്ലാതാവും എന്നുമുള്ള പ്രതീക്ഷയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്.

പുതുതായി നിർമിക്കപ്പെട്ട പാർലമെന്റി 888 പേർക്ക് ഇരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2026-ൽ വരാൻ പോവുന്ന ലോക്സഭാ സീറ്റ് പുനർ നിർണയം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണവും സീറ്റ് വർധനവും. കോവിഡ് കാരണം നീട്ടി വെച്ച 2021 സെൻസസ് 2025-ൽ ആരംഭിക്കുമെന്നും സെൻസസ് റിപ്പോർട്ട് 2026-ൽ അല്ലെങ്കിൽ 2027-ൽ പ്രസിദ്ധീകരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം അടുത്ത ഡെലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുന്നതും സീറ്റ് പുനർനിർണയം നടത്തേണ്ടതും.

2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റി വെച്ചത് 2026 വരാൻ പോവുന്ന ലോക്സഭാ സീറ്റ് പുനർനിർണയവുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ അജണ്ടകളാണ് എന്ന് ഏതാനും രാഷ്ട്രീയ നിരീക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നു.

ഇതിനെ കുറിച്ച് 2019-ൽ Carnegie-Endowment for International Peace-ൽ രണ്ട് ഗവേഷകർ ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിരുന്നു. 2011 സെൻസസ് വിവരങ്ങൾ ഉപയോഗിച്ച് 2026-ലെ സെൻസസ് വിവരങ്ങളെ പ്രവചിച്ചു കൊണ്ടാണ് ഈ വിവരങ്ങൾ അവർ വ്യാഖ്യാനിച്ചത്.

പുതിയ ഡെലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുകയും സീറ്റ് പുനർ നിർണയം നടത്തുകയും ചെയ്താൽ ജനസംഖ്യ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ, 543 സീറ്റ് വർധിച്ച് 846 ആവുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇരട്ടിയോളം സീറ്റ് വർദ്ധന വരുമെന്നും, എന്നാൽ കേരളത്തിന്റെ സീറ്റ് പഴയ നിലയിൽ തന്നെ തുടരുകയും ചെയ്യും എന്നും ഈ പഠനം പറയുന്നു.

ഇത് പാർലമെന്റിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെ സ്വാധീനിക്കുകയും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ ശക്തരാവുന്നതിന് കാരണമാവുകയും ചെയ്യും. അത് പാർലമെന്റിലെ നയ രൂപീകരണത്തേയും സ്വാധീനിക്കും. കൂടുതൽ പ്രാതിനിധ്യമുള്ള സംസ്ഥാങ്ങൾക്ക് സർക്കാരിന്റെ നയ രൂപീകരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കും.

ഉത്തരേന്ത്യയിൽ സീറ്റ് വർദ്ധിക്കുന്നതും, ദക്ഷിണേന്ത്യയിൽ സീറ്റ് കുറയുന്നതും രാഷ്ട്രീയമായി ഗുണപരമാവുന്നത് അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടിക്ക് തന്നെയാണ്. ഇവരുടെ 50 ശതമാനത്തിൽ കൂടുതൽ സീറ്റുകളും ഹിന്ദി ഭാഷ സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. ഇത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയാൻ കാരണമാകുന്നു. ഇത് ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന ഒരു അടിസ്ഥാന പ്രശ്നമായി വളർന്നു വരാം. ആഴമേറിയ ചർച്ചകൾ ഇതിനെ കുറിച്ച് ആവശ്യമാണ്. വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ ചെറിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാവാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. എങ്കിലേ മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളുടെ ശബ്ദവും ചർച്ചയാവുകയുള്ളൂ. ഭാഷ, GST എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വേർതിരിവ് മുമ്പ് തന്നെ ചർച്ചയായിട്ടുണ്ട്. ഇതോടൊപ്പം രാഷ്ട്രീയ പ്രാതിനിധ്യം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.

തമിഴ്നാട് സർക്കാർ സീറ്റ് പുനർനിർണയവുമായി ബന്ധപ്പെട്ട് നിരവധി തവണ പാർലമെന്റിലും, നിയമസഭയിലും ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ചർച്ചകൾക്ക് പ്രാധാന്യം നൽകുന്നില്ല. അടിസ്ഥാന വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുകയും, പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രം നടത്തി രാഷ്ട്രീയ മൂല്യങ്ങൾക്ക് വില കൽപ്പിക്കാതിരികുകയും ചെയ്യുന്നത് ശരിയായ രാഷ്ട്രീയ വീക്ഷണത്തിന്റെ കുറവ് കൊണ്ടാണോ?

ലേഖകൻ: 

മുഹമ്മദ് ഫുഹാദ് പി.കെ

അസിസ്റ്റന്റ് പ്രൊഫസര്‍

റീജനല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക