സ്റ്റഫോഡ് : ഗ്രെയ്റ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷ(MAGH)ന്റെ ആതിഥേയത്വത്തിൽ കേരള ഹൗസിൽ (1415 Packer Ln, Stafford, TX 77477) മാർച്ച് 7, വെള്ളിയാഴ്ച വൈകിട്ട് സംഘടിപ്പിച്ച യുണൈറ്റ് ആൻഡ് ഇൻസ്പയർ (Unite and Inspire) പരിപാടി വിവിധ സംഘടനകളുടെ മികച്ച പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായി.
ഒരുമ , പിയർലാൻഡ് മലയാളി കമ്മ്യൂണിറ്റി, ഹൂസ്റ്റൺ റാന്നി അസോസിയേഷൻ, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (SOH), ഫ്രണ്ട് ഓഫ് തിരുവല്ല, കോട്ടയം ക്ളബ് , മലയാളി അസോസിയേഷൻ സിയന്ന (MAS), ടെക്സസ് ഇന്റർ നാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC), സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് (SIUSC), മലയാളീ എഞ്ചിനിയേഴ്‌സ് , റിലീഫ് കോർണർ , നേഴ്സസ് അസോസിയേഷൻ , മല്ലപ്പള്ളി സംഗമം , വേൾഡ് മലയാളീ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുൾപ്പെടെ വിവിധ മലയാളി സംഘടനകളിൽ നിന്നായി 40-ലധികം അംഗങ്ങൾ പങ്കെടുത്ത പരിപാടി മലയാളി സമൂഹത്തിന്റെ കൂട്ടായ്മ വിളിച്ചോതുന്നതായി . മാഗ് മുൻ പ്രസിഡന്റ് പൊന്നു പിള്ള, അച്ചൻകുഞ്ഞ് എന്നിവരുടെ സാന്നിധ്യം ഈ കൂട്ടായ്മയെ അതുല്യമാക്കി.
മാഗിന്റെ നേതൃത്വത്തിൽ എല്ലാ മലയാളി സംഘടനകളെയും ഒന്നിച്ചു കൊണ്ടുവരുന്നത് താഴെ പറയുന്ന നിരവധി നേട്ടങ്ങൾ നൽകുമെന്ന് പ്രോഗ്രാം വിലയിരുത്തി :
1. ശക്തമായ സാമൂഹിക സാന്നിധ്യവും സ്വാധീനവും
•ഒരുമിച്ച് നിൽക്കുന്ന സമൂഹത്തിന്റെ ശക്തമായ ശബ്ദം പൗരസമൂഹമെന്ന നിലയിലും , സർക്കാർ തലത്തിലുള്ള ഇടപെടലുകളിലും കൂടുതൽ സ്വാധീനം ചെലുത്താൻ സഹായിക്കും. മുഖ്യധാരാ അമേരിക്കൻ സമൂഹത്തിൽ മലയാളി പ്രാതിനിധ്യം മെച്ചപ്പെടുത്താനും മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി നിലകൊള്ളാനും സഹായിക്കും
2 •വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം.
സമാനമായ പ്രവർത്തനങ്ങൾക്ക് ഒരു ശൃംഖലയിലായി പ്രവർത്തിക്കാനാകും, ഇതുവഴി സാമ്പത്തിക സൌജന്യവും വിഭവശേഷിയും വർദ്ധിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പങ്കിടൽ ചെലവ് കുറയുന്നു
•സംയുക്ത ധനസമാഹരണത്തിലൂടെ വലിയ പ്രോഗ്രാമുകളും സ്കോളർഷിപ്പുകളും നടത്താൻ കഴിയും.
•ഏകോപിതമായ സന്നദ്ധപ്രവർത്തന ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാകും.
3. സാംസ്കാരികവും സാമൂഹികവുമായ സ്വാധീനം വർദ്ധിപ്പിക്കുക
•ഒരു സംയുക്ത സംഘടനയ്ക്ക് ഓണം, വിഷു, ക്രിസ്മസ്/പുതുവത്സരം, കലാമേളകൾ തുടങ്ങിയ മഹത്തായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ പങ്കാളിത്തം ആകർഷിക്കാൻ കഴിയും
•യുവാക്കളെ മലയാള ഭാഷാ പരിപാടികൾ, നൃത്തം, സംഗീതം, സാഹിത്യം എന്നിവയിൽ യുവാക്കളെ ഉൾപ്പെടുത്തി പരമ്പരാഗത മൂല്യങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും.
4. തൊഴിൽ-ബിസിനസ് വളർച്ചക്കും നെറ്റ്വർക്കിംഗിനും മികച്ച അവസരങ്ങൾ
•മെന്റർഷിപ്പ്, കരിയർ നെറ്റ്വർക്കിംഗ്, ബിസിനസ് സഹകരണങ്ങൾ എന്നിവ സുഗമമാക്കുന്നു.
•പുതിയ കുടിയേറ്റക്കാർക്കും പ്രൊഫഷണലുകൾക്കും മികച്ച പിന്തുണ നൽകുന്നു .
5. പ്രതിസന്ധി സമയങ്ങളിൽ മികച്ച സഹായസംവിധാനങ്ങൾ ചെയ്യാനാവും
•പ്രകൃതി ദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ ഒരു ഏകീകൃത സംഘടനാ എന്ന നിലയിൽ 'മാഗി'ന് ധനസമാഹരണം, സഹായ വിതരണം, കമ്മ്യൂണിറ്റി പിന്തുണ എന്നിവ ഏകോപിപ്പിക്കാൻ കഴിയും.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.
6 വർദ്ധിച്ച അംഗീകാരവും സ്പോൺസർഷിപ്പ് അവസരങ്ങളും
ഒരു വലിയ, സംഘടിത അസോസിയേഷന് കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾ, ഗ്രാന്റുകൾ, സംഭാവനകൾ എന്നിവ ആകർഷിക്കാൻ സാധിക്കും .
ഇന്ത്യൻ കോൺസുലേറ്റുകൾ, ബിസിനസുകൾ, പ്രാദേശിക അധികാരികൾ എന്നിവയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ കഴിയുന്നു .
7. ഒരുകാര്യത്തിന് വേണ്ടി പല വഴികളിലുള്ള ശ്രമങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു
ഒന്നിലധികം സംഘടനകൾ സമാനമായ ഇവന്റുകൾ വെവ്വേറെ നടത്തുന്നതിൽ നിന്ന് തടയുന്നു, ഇത് മികച്ച ഏകോപനത്തിലേക്കും കൂടുതൽ ഫലപ്രദമായ പ്രോഗ്രാമുകളിലേക്കും നയിക്കുന്നു.
ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരത്തേക്കാൾ സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.
8. യുവാക്കളുടെ ശക്തമായ സാന്നിധ്യവും ഇടപെടലും
യുവജന നേതൃത്വം, വിദ്യാഭ്യാസം, കരിയർ വികസനം എന്നിവയിലെ ഏകീകൃത ശ്രമങ്ങൾ രണ്ടാം തലമുറ മലയാളികളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നു.
പരിപാടികൾ കുട്ടികളെ അവരുടെ പൂർവികസംസ്കാരവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
9. പരിപാടികൾക്ക് ഏകോപിതമായ കലണ്ടർ
•വിവിധ സംഘടനകൾ തമ്മിൽ പരിപാടികൾ ഓർഗനൈസ് ചെയ്യുമ്പോൾ കാലതാമസം അല്ലെങ്കിൽ ഷെഡ്യൂളിംഗ് കോൺഫ്ലിക്റ്റുകൾ ഒഴിവാക്കാം.
ഗ്രേറ്റർ ഹ്യൂസ്റ്റണിൽ ശക്തവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു മലയാളി സമൂഹത്തെ വളർത്തുകയെന്ന കാഴ്ചപ്പാടിനെ ‘യുണൈറ്റ് ആൻഡ് ഇൻസ്പയർ ഇവന്റ്’ വിജയകരമായി ഉറപ്പാക്കിയെന്ന് സംഘാടകർ വിലയിരുത്തുന്നതായി മാഗ് പി ആർ ഒ ജോൺ ഡബ്ല്യു വർഗീസ് അറിയിച്ചു. ഭാവിയിലും ഇത്തരം കൂട്ടായ്മകളുടെ നേട്ടം പങ്കുവെക്കാനും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനും മാഗ് പ്രതിജ്ഞാബദ്ധമാണ്. എല്ലാ മലയാളി ഗ്രൂപ്പുകളും ഐക്യത്തിൽ നിന്നും കൂട്ടായ പുരോഗതിയിൽ നിന്നും പ്രയോജനം നേടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് തുടർച്ചയായ സഹകരണവും വളർച്ചയും പ്രതീക്ഷിക്കുന്നതായി മാഗ് നേതൃത്വം കൂട്ടിച്ചേർത്തു