വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രിമുറിയിൽ സ്ഥാനാരോഹണത്തിന്റെ 12–ാം വാർഷികം ആചരിക്കും. ഇന്ന് റോമിലെങ്ങും അവധിയാണ്. 2013 ൽ ഇതേ ദിവസമാണ് അർജന്റീനക്കാരനായ ജസ്വീറ്റ് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ശ്വാസകോശ അണുബാധയിൽ നിന്നു സുഖംപ്രാപിച്ചുവരുന്ന മാർപാപ്പ ചൊവ്വാഴ്ച രാത്രി ശാന്തമായി വിശ്രമിച്ചതായി വത്തിക്കാൻ അറിയിച്ചു. ഇന്നലെ പകൽ നോമ്പുകാല ധ്യാനത്തിൽ ഓൺലൈനായി പങ്കെടുത്തു. റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയുടെ വാസം 28 ദിവസം പിന്നിടുകയാണ്. 1981 ൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമേ ഇതിൽ കൂടുതൽ ദിവസം (55 ദിവസം) തുടർച്ചയായി ആശുപത്രിയിൽ കഴിഞ്ഞിട്ടുള്ളു. മാർപാപ്പ ആശുപത്രിയിൽ കഴിയുന്നതിന്റെ ചിത്രങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച മാർപാപ്പയുടെ റിക്കോർഡ് ചെയ്ത ശബ്ദ സന്ദേശം നൽകിയിരുന്നു.