ഗവൺമെന്റിന്റെ അടച്ചു പൂട്ടൽ ഒഴിവാക്കാൻ റിപ്പബ്ലിക്കൻ പാർട്ടി യുഎസ് ഹൗസിൽ നേരിയ ഭൂരിപക്ഷത്തിൽ പാസാക്കിയെടുത്ത ബില്ലിനു സെനറ്റിൽ പിന്തുണ നൽകില്ലെന്നു ഡെമോക്രാറ്റിക് പാർട്ടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെ ഭരണ ചെലവുകൾ നടത്താനുള്ള ബില്ലിനെ പിന്തുണയ്ക്കാൻ ആവില്ലെന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു.
ഒരു മാസത്തേക്കുള്ള താത്കാലിക ബിൽ കൊണ്ടുവന്നാൽ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പാർട്ടികൾക്കും യോജിക്കാൻ കഴിയുന്ന ബിൽ പിന്നീട് പരിഗണിക്കാം.
ശനിയാഴ്ച്ച രാത്രി 12:01നു ഷട്ട്ഡൗൺ ആരംഭിക്കാം.
ഫിലിബസ്റ്റർ ഒഴിവാക്കാൻ 60 വോട്ട് വേണം
സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് എട്ടു ഡെമോക്രാറ്റിക് അംഗങ്ങളുടെയെങ്കിലും പിന്തുണ ലഭിച്ചാൽ മാത്രമേ നടപടിക്രമങ്ങൾ അതിജീവിക്കാൻ കഴിയൂ. റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷം ഉണ്ടെങ്കിലും ഫിലിബസ്റ്റർ ഒഴിവാക്കാൻ 60 വോട്ട് വേണം. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളും ഡെമോക്രാറ്റുകൾക്കൊപ്പമാണ്. ഡെമോക്രറ്റുകളിൽ പെൻസിൽവേനിയ സെനറ്റർ ജോൺ ഫെറ്റർമാൻ മാത്രമേ പിന്തുണയ്ക്കാൻ സാധ്യത കാട്ടിയിട്ടുള്ളു.
ഹൗസ് പാസാക്കിയ ഇടക്കാല ബിൽ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ വലംകൈയ്യായ ഡി ഓ ജി ഇ മേധാവി എലോൺ മസ്കിനും ഗവൺമെന്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനും പദ്ധതികൾ നിർത്തി വയ്ക്കാനും അമിതാധികാരം നൽകുന്നു എന്നാണ് ഡെമോക്രാറ്റുകളുടെ ആക്ഷേപം.
എന്നാൽ ഒത്തുതീർപ്പിനു റിപ്പബ്ലിക്കൻ നേതാക്കൾ തയാറല്ല. അതിനു വഴങ്ങണെമെങ്കിൽ ഹൗസ് വീണ്ടും സമ്മേളിച്ചു വോട്ടെടുക്കേണ്ടി വരും. ഹൗസ് ചൊവാഴ്ച്ച രാത്രി പിരിഞ്ഞു, അംഗങ്ങൾ വാഷിംഗ്‌ടൺ വിട്ടു.
ഷൂമറുടെ നിലപാടിനോട് വിയോജിപ്പുള്ള ഡെമോക്രറ്റുകൾ പറയുന്നത് അടച്ചു പൂട്ടൽ ഉണ്ടായാൽ ട്രംപിന് അമിതാധികാരം പ്രയോഗിക്കാൻ പഴുതുകൾ കിട്ടും എന്നാണ്.
Shutdown looms as Senate Democrats oppose GOP bill