ബേർഡ് ഫ്ലൂ മൂലം കുതിച്ചുയർന്ന മുട്ട വില താഴ്ന്നു തുടങ്ങിയതായി സൂചന. വില്പന കുറഞ്ഞതോടെ വിലയും കുറഞ്ഞു തുടങ്ങി എന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ട്.
പക്ഷിപ്പനി മൂലം മുട്ട വരവ് കുറഞ്ഞപ്പോൾ ഫെബ്രുവരിയിൽ വില 10.4% കൂടിയിരുന്നുവെന്നാണ് ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് ബുധനാഴ്ച്ച പറഞ്ഞത്. എന്നാൽ മാർച്ച് 7ലെ കണക്ക് മുട്ടവില 16% കുറഞ്ഞുവെന്നു ഡിപ്പാർട്മെൻറ് ഓഫ് അഗ്രിക്കൾച്ചർ പറയുന്നു. വലിയ വെള്ള മുട്ടയ്ക്ക് ഡസന് $8.15 ഉണ്ടായിരുന്നത് $1.30 കുറഞ്ഞു $6.85ൽ എത്തിയെന്നാണ് അവരുടെ കണക്ക്.
വിലകൾ അമിതമായി കൂടിയപ്പോൾ വാങ്ങേണ്ടതില്ലെന്നു ഉപഭോക്താക്കൾ തീരുമാനിച്ചെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം. അതോടെ വിലകൾ കുറഞ്ഞുവെന്നു അവർ വിലയിരുത്തുന്നു.
പക്ഷിപ്പനി കലിഫോർണിയയിലും മിഡ്‌വെസ്റ്റിലും ഒതുങ്ങിയതോടെ ന്യൂ യോർക്ക് വിപണിയിൽ ആശ്വാസമായി. 2022 ജനുവരിയിൽ ആരംഭിച്ച ബേർഡ് ഫ്ലൂ 166,000 പക്ഷികൾക്കു ബാധിച്ചെന്നാണ് സി ഡി സി കണക്ക്. അതോടെ ഷെൽഫുകൾ കാലിയായി, വില കുത്തനെ ഉയർന്നു.
ഉത്പാദകർ അമിതവില ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയോ എന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷിക്കുന്നുണ്ടെന്നു വോൾ സ്ട്രീറ്റ് ജേർണൽ പറയുന്നു.
ഈസ്റ്ററിനു മുട്ട വില വീണ്ടും ഉയരാം
വിലകൾ പക്ഷെ ഏപ്രിലിൽ വീണ്ടും ഉയരാനാണ് സാധ്യതയെന്നു വിലയിരുത്തലുണ്ട്. അതിനു കാരണം ഈസ്റ്റർ എത്തുന്നു എന്നതാണ്. പ്ലാസ്റ്റിക് മുട്ടകൾ വിപണിയിൽ എത്തുമോ എന്ന ആശങ്കയുമുണ്ട്.
പ്രസിഡന്റ് ട്രംപ് ഉയർത്തുന്ന തീരുവകൾ വില കൂട്ടാൻ ഇടയുണ്ട്. കാനഡ-മെക്സിക്കോ താരിഫുകൾ 30 ദിവസത്തേക്കു നീട്ടിയെങ്കിലും ചൈനയുടെ മേലുള്ള 20% താരിഫ് നീട്ടിയില്ല. കോൺ, സോയാബീൻ തുടങ്ങിയ ഉത്പന്നങ്ങൾക്കും വില കൂടാം. ചോളം യുഎസിൽ വൻ തോതിൽ കൃഷി ചെയ്യുന്നതു കൊണ്ട് അതിന്റെ വില നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. കയറ്റുമതി ചെയ്യുന്ന ചോളത്തിനു പക്ഷെ വില കൂടും. കൂടുതലും പോകുന്നത് മെക്സിക്കോയിലേക്കാണ്.
വളത്തിന്റെ വില കൂടുന്നത് മുട്ടവില കൂടാൻ ഇടയാക്കും. അവിടെയുള്ള പ്രശ്നം റഷ്യ-യുക്രൈൻ യുദ്ധമാണ്. യുഎസിൽ വളം നിർമാണത്തിനു റഷ്യയിൽ നിന്നുള്ള ധാതുക്കൾ ഗണ്യമായി ഇറക്കുമതി ചെയ്യുന്നുണ്ട്.
റഷ്യയുടെ മേലുള്ള ഉപരോധങ്ങളും വ്യാപാര നിയന്ത്രണവും ഫെർട്ടിലൈസർ വില ഉയരാൻ കാരണമായിട്ടുമുണ്ട്.
Egg prices start to drop