കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥി നേതാവ് മഹ്‌മൂദ് ഖലീലിനെ നാടു കടത്തുന്നത് വിലക്കിയ ഉത്തരവ് മൻഹാട്ടനിലെ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ് ജെസെ ഫുർമാൻ നീട്ടി. ബുധനാഴ്ച്ച വരെ വച്ചിരുന്ന വിലക്ക് അന്നത്തെ വിചാരണയ്ക്കു ശേഷമാണ് നീട്ടിയത്. കേസ് തുടരുമ്പോൾ, തൽക്കാലം ഖലീൽ ലൂയിസിയാനയിൽ ഐ സി ഇ തടവിൽ തന്നെ കഴിയും.
ഖലീലിന്റെ അറസ്റ്റ് ഭരണ ഘടന ലംഘിച്ചാണ് എന്ന വാദം ശരിയാണോ എന്നു തുടർന്നുള്ള വിചാരണയിൽ കോടതി തീരുമാനിക്കും. അതു വരെ ഖലീലിനെ (30) നാടുകടത്താൻ പാടില്ല.
എന്നാൽ യുഎസ് വിദേശനയവുമായി പൊരുത്തപ്പെടാൻ കഴിയാത്ത വിദേശപൗരന്മാരെ നാടുകടത്താൻ വകുപ്പുണ്ടെന്നു ട്രംപ് ഭരണകൂടം പറയുന്നുസെക്രട്ടറി ഓഫ് സ്റ്റേറ്റിന് അക്കാര്യം തീരുമാനിക്കാം.
മാർച്ച് 27നു ഖലീലിനെ ഹോംലാൻഡ് സെക്യൂരിറ്റി ഈ വകുപ്പനുസരിച്ചു ഇമിഗ്രെഷൻ കോടതിയിൽ ഹാജരാക്കും.
ഗാസയിൽ ഇസ്രയേൽ നടത്തിയ കൂട്ടക്കൊലകളെ പലസ്തീൻ വംശജനായ ഖലീൽ എതിർത്തത് തന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചാണെന്നു അദ്ദേഹം വാദിക്കുന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയാണ് ആ സ്വാതന്ത്ര്യം നൽകിയത്. പലസ്തീനിയൻ ആയതു കൊണ്ടാണ് അദ്ദേഹത്തെ നാടുകടത്താൻ ശ്രമിക്കുന്നത്.
അമേരിക്കൻ പൗരത്വമുള്ള ഭാര്യ നൂറ അബ്ദുള്ള അടുത്ത മാസം പ്രസവിക്കും എന്നു പ്രതീക്ഷിക്കുന്ന കുട്ടിയെ കാണാൻ ഖലീൽ എത്തുമെന്ന പ്രത്യാശയിലാണ്. ഖലീലിന്റെ ഗ്രീൻ കാർഡ് ട്രംപ് ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. പക്ഷെ കോടതി നിലപാടിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങൾ.
തടവിൽ കഴിയുമ്പോഴും ഖലീലിനു ദിവസവും ഒരു ഫോൺ കോൾ എങ്കിലും അനുവദിക്കണം എന്നു ജഡ്‌ജ് ഫുർമാൻ ഉത്തരവിട്ടു. അഭിഭാഷകനെ കാണാൻ തടസം ഉണ്ടാവരുത്. ന്യൂ യോർക്കിൽ നിന്നു മാറ്റിയ ശേഷം ഖലീലിനെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞിരുന്നു.
പലസ്തീനു വേണ്ടി സംസാരിക്കയും ട്രംപ് ഭരണകൂടത്തെയും ഇസ്രയേലിനെയും വിമർശിക്കയും ചെയ്തതിനു ഖലീലിനോട് പക പോക്കാനാണ് അയാളെ ലൂയിസിയാനയിലേക്കു മാറ്റിയതെന്ന് അവർ ആരോപിച്ചു.
കേസ് ന്യൂ ജേഴ്സിയിലെക്കോ ലൂയിസിയാനയിലേക്കോ മാറ്റാൻ ശ്രമിക്കുമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അഭിഭാഷകർ സൂചിപ്പിച്ചു.
ഖലീലിനെ അനുകൂലിക്കുന്നവർ വിചാരണയ്ക്ക് കോടതിയിൽ തിങ്ങിക്കൂടി. കൂടുതലും യുവാക്കളും യുവതികളും. പലരും ഗാലറിയിൽ ഇടം കിട്ടാൻ ദീർഘനേരം ക്യൂ നിന്നു. ചിലർ പലസ്തീൻ ശിരോവസ്ത്രം ധരിച്ചാണ് എത്തിയത്.
Court extends ban on Khalil deportation