വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചു വിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫലത്തിൽ ഏജൻസിയെ ഇല്ലാതാക്കുമെന്നു കോൺഗ്രഷണൽ ഏഷ്യൻ പാസിഫിക് അമേരിക്കൻ കോക്കസ് ചെയർ റെപ്. ഗ്രെയ്‌സ് മെങ്, എജുക്കേഷൻ ടാസ്ക് ഫോഴ്സ് ചെയർ റെപ്. മാർക്ക് തകനോ എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
"ഓരോ കുട്ടിയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അർഹിക്കുന്നു," അവർ പറഞ്ഞു. "അവർ എവിടെ ജീവിക്കുന്നു എന്നതും അവരുടെ മാതാപിതാക്കൾ എത്ര പണം സമ്പാദിക്കുന്നു എന്നതും പ്രസക്തമല്ല. അവർക്കു മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന ചുമതല വിദ്യാഭ്യാസ വകുപ്പിന്റേതാണ്. എന്നിട്ടും ആ ഏജൻസിയുടെ പകുതിയോളം സ്റ്റാഫിനെ വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം മടിച്ചില്ല.
"ഫലത്തിൽ ഏജൻസിയെ തന്നെ ഇല്ലാതാക്കുകയാണ്. ഇത് ആദ്യ പടി മാത്രം. ഏജൻസിയെ പൂർണമായി പൊളിച്ചു തീർക്കാതെ ട്രംപ് ഭരണകൂടം വിശ്രമിക്കില്ല. സ്കൂളുകൾ പൂട്ടിക്കും, വൈകല്യങ്ങളുള്ള കുട്ടികൾക്കു പഠനസൗകര്യം ഇല്ലാതാക്കും, അധ്യാപക പരിശീലന പരിപാടികൾ നിർത്തും, മില്യൺ കണക്കിന് ആളുകൾ മിഡിൽ ക്ലാസിലേക്കു എത്തുന്നതിനു തടസം സൃഷ്ടിക്കും.
"ഏഷ്യൻ അമേരിക്കൻ-നേറ്റിവ് അമേരിക്കൻ പാസിഫിക് ഐലൻഡർ സ്ഥാപനങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്. ഈ സ്ഥാപനങ്ങൾ വരുമാനം കുറഞ്ഞ സമൂഹ അംഗങ്ങൾക്കു ചെലവ് കുറഞ്ഞ, ഗുണനിലാവരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നത് ഫെഡറൽ ധനസഹായം കൊണ്ടാണ്.
"പബ്ലിക് വിദ്യാഭ്യാസം നശിപ്പിക്കുന്നതിനു പകരം നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടി നിക്ഷേപിക്കയാണ് ചെയ്യേണ്ടത്. എന്നിട്ടും പ്രസിഡന്റ് ട്രംപും കോൺഗ്രസ് റിപ്പബ്ലിക്കന്മാരും ശതകോടീശ്വരന്മാർക്കു നികുതി ഇളവ് നൽകുന്നതിലാണ് ആവേശം കാട്ടുന്നത്. നമ്മുടെ കുട്ടികൾ ഇതേക്കാൾ മെച്ചപ്പെട്ട ഭാവി അർഹിക്കുന്നു."
CAPAC opposes 'gutting' of Education