കുറച്ചു നാളുകളായി സി.പി.എം പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റി നിര്‍ത്തപ്പെട്ട മുന്‍ മന്ത്രി ജി സുധാകരനെതിരെ ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് ചില സി.പി.എം നേതാക്കളെ ഞെട്ടിച്ച സുധാകരന്‍, സംസ്ഥാനത്ത് അക്രമം ഓരോ ദിവസവും ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് മുനവച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
'പോരാളി ഷാജി' അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് വിമര്‍ശനം പ്രത്യക്ഷപ്പെട്ടത്. ''കെ.പി.സി.സി പരിപാടിക്ക് ഇറങ്ങുമ്പോള്‍ വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞു നോക്കണം...'', ''കെ.പി.സി.സി പരിപാടിയില്‍ പോയി വീമ്പു പറയാന്‍ നാണമില്ലേ...'', ''പുച്ഛമാണ്... പരമ പുച്ഛമാണ് സഖാവെ...'' ''സഖാക്കളുടെ മനസ്സില്‍ സുധാകരന്‍ എന്ന കമ്മ്യൂണിസ്റ്റ് അകാലചരമം പ്രാപിക്കും...'' എന്നെല്ലാമാണ് ഫേസ്ബുക്ക് പോസ്റ്റുകളില്‍ സുധാകരനെ ആക്ഷേപിക്കുന്നത്. ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം നടത്തിയതിന് കെ.പി.സി.സിയെ അഭിനന്ദിച്ച ജി സുധാകരന്‍ പിണറായിക്കെതിരായുള്ള നിലപാടുകള്‍ ഇപ്പോള്‍ പരസ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ നീതി ബോധമുള്ള വിദ്യാര്‍ഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്നും ചരിത്രം വിസ്മരിക്കാനുള്ളത് എന്ന ചിന്താഗതി കേരളത്തിലും നിരവധിപ്പേരെ സ്വാധീനിക്കുന്നതായും കോണ്‍ഗ്രസ് വേദിയില്‍ 'മൊഴിയും വഴിയും ആശയ സാഗര സംഗമം' എന്ന സെമിനാറില്‍ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരനായാല്‍ സത്യം പറയാനാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയില്‍ തന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ വെളിച്ചത്തില്‍ത്തന്നെയാണ്. ''വര്‍ഗ സമരം തെറ്റെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യു.എസ്.എസ്.ആര്‍ തകര്‍ന്നു. എന്നാല്‍ മാര്‍ക്‌സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ താന്‍ പാര്‍ട്ടി വിരുദ്ധനല്ലെന്നും പാര്‍ട്ടി കൈയ്യടക്കി വച്ചരിക്കുന്നവരാണ് കുഴപ്പക്കാരെന്നും ഭംഗ്യന്തരേണ സുചിപ്പിക്കുകയാണ് സുധാകരന്‍.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയില്‍ ഉപദേശം നല്‍കിയ ജേഷ്ഠ സഹോദരനാണ് സി ദിവാകരനെന്നും സതീശന്‍ പറഞ്ഞു. സുധാകരനെപ്പോലെ കറയറ്റ കമ്മ്യൂണിസ്റ്റാണ് സി ദിവാകരനും.
ഈ അടുത്ത ദിവസം ആലപ്പുഴയില്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്, ''സര്‍ക്കാര്‍ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയര്‍മെന്റ് വേണം...'' എന്ന് സുധാകരന്‍ പറഞ്ഞിരുന്നു. 62 വര്‍ഷമായി പാര്‍ട്ടിയിലുണ്ട്. ഇവിടെ പെന്‍ഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സുധാകരന്റെ വാക്കുകള്‍, സി.പി.എമ്മില്‍ പിണറായി വിജയന് മാത്രം ഇളവ് നല്‍കിയതുമായി ചേര്‍ത്ത് വായിച്ചാല്‍ കാര്യം വ്യക്തമാവും. സഹകരണ മേഖലയെ രക്ഷിച്ച വി.എസ് സര്‍ക്കാരിനെ പുകഴിത്തിയതിലൂടെ സുധാകരന്‍ ഉന്നം വയ്ക്കുന്നത് ആരെയാണെന്ന് വ്യക്തമാണല്ലോ.
കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ച് അത് നേടിയെടുക്കാന്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെ.വി തോമസിനെ കടുത്ത വാക്കുകള്‍ കൊണ്ടാണ് സുധാകരന്‍ പൊങ്കാലയിട്ടത്. ''ഞങ്ങള്‍ക്കെതിരെ മത്സരിച്ച പഴയ കോണ്‍ഗ്രസുകാരന് പത്ത് മുപ്പതുലക്ഷം രൂപയാണ് ഡല്‍ഹിയിലിരുന്ന് കിട്ടുന്നത്, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ...'' എന്ന് ജി സുധാകരന്‍ ചോദിച്ചു.
''ഡല്‍ഹിയിലിരിക്കുന്ന കെ.വി തോമസ് 12 ലക്ഷം രൂപയാണ് യാത്ര ചിലവെന്ന് പറഞ്ഞ് ഒരു മാസം എഴുതി എടുത്തത്. രണ്ടര, മൂന്നര ലക്ഷം ശമ്പളം വേറെ. അയാള്‍ക്ക് കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍, എം.എല്‍.എയുടെ പെന്‍ഷന്‍, എം.പിയുടെ പെന്‍ഷന്‍. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ..? എന്തിനാ ഇത്രയൊക്കെ പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. അയാളാണെങ്കില്‍ പഴയ കോണ്‍ഗ്രസുകാരന്‍, ഡി.സി.സി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ മത്സരിച്ചയാള്‍. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മള്‍ അദ്ദേഹത്തെ പരിഗണിച്ചു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജി സുധാകരന്‍ പറഞ്ഞു.
ഞങ്ങളൊക്കെ എം.എല്‍.എയായിരുന്നു, മന്ത്രിയായിരുന്നു, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. വെറും 35,000 രൂപ മാത്രമാണ് പെന്‍ഷനായി പ്രതിമാസ വരുമാനമുള്ളൂ. അത് എം.എല്‍.എയായത് കൊണ്ടാണ്. അല്ലെങ്കില്‍ എനിക്കൊരു വരുമാനം ഉണ്ടാവില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഇങ്ങനെ അന്നും ഇന്നും ശക്തമായ നിലപാടെടുക്കുകയും അതില്‍ത്തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ജി സുധാകരനെ പിന്തുണച്ച് അനവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നത്. അതിലൊരാള്‍ കുറിച്ച വാചകം ഇങ്ങനെ... ''കെ.വി തോമസിനെതിരെ വിരല്‍ ചൂണ്ടിയ ജി സുധാകരന്‍ തന്നെ പിണറായി തമ്പ്രാന്റെ മുന്നില്‍ നട്ടെല്ല് പണയം വെക്കാത്ത ഒരൊറ്റ സഖാവ്...''
പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയാണ് ജി സുധാകരന്‍ കഴിഞ്ഞ കുറേക്കാലമായി നേരിടുന്നത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം ഒന്നാം പിണറായി ഗവണ്‍മെന്റില്‍ പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ പിണറായി ഒഴികെ നിലവിലുള്ള സി.പി.എം മന്ത്രിമാക്ക് അവസരം നിഷേധിച്ചപ്പോള്‍ സുധാകരനും അതില്‍പ്പെട്ടത് സ്വാഭാവികം. പക്ഷേ കേരളത്തിന് നഷ്ടപ്പെട്ടത് തന്റേടമുള്ള ഒരു മന്ത്രിയെയാണ്.
അഴിമതി വിരുദ്ധനായ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രതിഛായ സൃഷ്ടിച്ച സുധാകരന്‍ അരുതായാകകള്‍ കണ്ടാല്‍ മുഖം നോക്കാതെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. അതാണ് അദ്ദേഹം പാര്‍ട്ടി മേലാളന്‍മാരുടെ കണ്ണിലെ കരടാവാനുള്ള ഒരേയൊരു കാരണവും. പക്ഷേ, തന്റെ സ്വതസിദ്ധമായ നിലപാടുകളിലൂടെ പാര്‍ട്ടിക്ക് പുറത്ത് ജി സുധാകരന്‍ കരുത്തനാവുകയാണ്...ചങ്കൂറ്റത്തിലും ജനസമ്മിതിയിലും ഒരു കുറവും വരാതെ തന്നെ...