എഴുത്തുകാര്‍ പ്രകൃതിയുടെ ഓരോ അംശത്തിലും ഈശ്വരനെ കാണുന്നു: കാരൂര്‍ സോമന്‍

Published on 19 June, 2015
എഴുത്തുകാര്‍ പ്രകൃതിയുടെ ഓരോ അംശത്തിലും ഈശ്വരനെ കാണുന്നു: കാരൂര്‍ സോമന്‍
കാരൂര്‍ സോമനും ഇ-മലയാളിയുമായുള്ള അഭിമുഖം

നാല്‌ പതിറ്റാണ്ടുകള്‍, നാല്‍പ്പതിലധികം കൃതികള്‍, സാഹിത്യത്തിന്റെ സമസ്ഥമേഖലകളിലും സ്വദേശത്തും വിദേശത്തും ഇംഗ്ലീഷ്‌ സാഹിത്യത്തിലും സാന്നിധ്യം, ഇരുപതിലേറെ സാഹിത്യപുരസ്‌കാരങ്ങള്‍, സാഹിത്യവുമായി ബന്ധപ്പെട്ട ലോകപര്യടനങ്ങള്‍. താമരക്കുളം - ചാരുംമൂട്ടില്‍ നിന്ന്‌ തിരികൊളത്തിയ അക്ഷരദീപം അക്ഷര ജ്വാലയായി ജ്വലിച്ചുയരുന്നു. ബാലസാഹിത്യ നോവല്‍ `കിളിക്കൊഞ്ചല്‍' പ്രകാശത്തിനൊരുങ്ങുമ്പോള്‍ നമുക്ക്‌ അഭിമാനിക്കാം ആദരിക്കാം.

സ്‌കൂള്‍ പഠനകാലത്ത്‌ റേഡിയോ നാടകങ്ങളിലൂടെ ബാലരമയിലൂടെ കടന്നുവന്ന കാരൂരിനെ നോവല്‍ രംഗത്തേക്ക്‌ കൊണ്ടുവന്നത്‌ മലയാള ഭാഷയുടെ അഭിമാനമായ ശ്രീ. തകഴി ശിവശങ്കരപിള്ളയായിരുന്നു. 1990-ല്‍ ആദ്യമായിറങ്ങിയ `കണ്ണീര്‍പൂക്കള്‍' നോവലിന്‌ അവതാരികയെഴുതിയതും അദ്ദേഹമായിരുന്നു. 1970-കളില്‍ പോലീസ്‌ തേര്‍വാഴ്‌ചക്കെതിരെ `ഇരുളടഞ്ഞതാഴ്‌ വാര'മെന്ന നാടകം അവതരിപ്പിച്ചതിന്‌ നക്‌സല്‍ ബന്ധം ആരോപിച്ച്‌ മാവേലിക്കര പോലീസ്‌ സ്റ്റേഷനില്‍ ഹാജരായതിനെ തുടര്‍ന്ന്‌ ഒളിവില്‍ പോയ കാരൂരിനെ പിന്നീട്‌ അറിയപ്പെടുന്നത്‌, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്‌മന്ത്രി, സാഹിത്യകാരന്‍മാരില്‍ നിന്നും സാഹിത്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നതായിട്ടാണ്‌. സഞ്ചാരവും എഴുത്തും തുടര്‍ന്നു കൊണ്ടിരിക്കുന്ന കാരൂരിന്‌ എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം ഈ പ്രകാശനകര്‍മ്മത്തിലേക്ക്‌ എല്ലാ ഭാഷാ സ്‌നേഹികളേയും ക്ഷണിക്കുന്നു.

1) എന്താണ്‌ സാഹിത്യം എന്ന പദത്തിന്റെ അര്‍ത്ഥം? സാഹിത്യത്തില്‍ രചനക്കാണോ പ്രാധാന്യം അതോ ആസ്വാദനത്തിനോ? ഭാരതത്തില്‍ ആദ്യമുണ്ടായ കവിത ഏതാണ്‌? ഇവര്‍ എങ്ങനെ പിറവിയെടുക്കുന്നു?

1) സാഹിത്യത്തിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്‌. രചനയും ആസ്വാദനവും ഒന്നാകുന്നതാണ്‌ സാഹിത്യം. രചനകളില്ലെങ്കില്‍ ആസ്വാദനമില്ല. രണ്ടും ഒരു നാണായത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. മാനിഷാദമോ രാമായണമോ അല്ല ഭാരതത്തിലെ ആദ്യ കവിത. ആദ്യമുണ്ടായത്‌ മഹാഭാരതമാണ്‌. മഹാഭാരതമോ രാമായണമോ അല്ല ആദ്യസാഹിത്യമെന്ന അഭിപ്രായമുള്ളവരുമുണ്ട്‌. അവരുടെ അഭിപ്രായം ആദിമ രചന ഋഗ്വേദമാണ്‌. എന്തായാലും നാമറിയേണ്ട ഒരു കാര്യം ഒരുത്തന്റെ കാട്ടാളത്തത്തിന്‌ എതിരെയാണ്‌ മാ-നിഷാദ വാല്‍മീകി മഹര്‍ഷി എഴുതിയത്‌. അന്നത്തെ കാട്ടാളന്മാരുടെ പിന്‍മുറക്കാര്‍ ഇന്നും ജീവിക്കുന്നുണ്ട്‌. ഈ കൂട്ടരെ ചുട്ടുകരിക്കാനാണ്‌ ഉത്തമരായ എഴുത്തുകാര്‍ പിറവിയെടുക്കുന്നത്‌. അവരുടെ സര്‍ക്ഷക്രിയയില്‍ മനുഷ്യന്റെ മനവും മിഴിയും സാക്ഷികളാകുന്നു. ഇവര്‍ അഴകിന്റെ വര്‍ണ്ണക്കൂടകള്‍ വിരിക്കുമ്പോള്‍ നല്ല മനസ്സുപോലെ ചെളിയില്ലാതെ തെളിഞ്ഞു കിടക്കുന്ന തമസാതീര്‍ത്ഥം പോലെ തോന്നും.

ചോ) പ്രവാസികളില്‍ വായനാശീലം കുറയുന്നുണ്ടോ?

ഉ) വായനയുടെ തിരിച്ചറിവുള്ളവരാണ്‌ വിദേശമലയാളികള്‍. എന്നാല്‍ സമയദുര്‍ല്ലഭം ഇവരെ ശരിക്കും ബാധിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ ദൃശ്യമാധ്യമങ്ങള്‍ കണ്ടിരിക്കാന്‍ ഒരു സമയകുറവുമില്ല. ഈ ദൃശ്യമാധ്യമ സംസ്‌കാരം പുതിയ തലമുറകളിലേക്കും തീവ്രമായി കടന്നുവരുന്നു. കുട്ടികളുടെ മനസ്സ്‌ കളിമണ്ണുപോലെയാണ്‌. അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പോലെ മൊബൈല്‍, ഇന്റര്‍നെറ്റ്‌ മുതലായവ ഉപയോഗിക്കുമ്പോള്‍ ഒരു നിയന്ത്രണം നല്ലതാണ്‌. ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ സുഹൃത്തുക്കള്‍ എന്ന്‌ ഒരിക്കലും നിശ്ചയിക്കരുത്‌. ഇതിലെ നെല്ലും പതിരും തിരിച്ചറിയാന്‍ അവര്‍ക്കൊരു സഹായിയായി മാതാപിതാക്കളുണ്ടാകണം. വായിച്ചു വളര്‍ന്ന മാതാപിതാക്കളുടെ മക്കളും വായിക്കും. ജീവിതത്തിന്‌ തിരിച്ചറിവും വിവേകവും ലഭിക്കുന്നത്‌ വായനയിലൂടെയാണ്‌. പുതിയ പാഠങ്ങള്‍ ഗ്രഹിക്കാന്‍ വായന അത്യന്തം ആവശ്യമാണ്‌. മലയാളികളുടെ ചില കാപട്യങ്ങളെപോലെ വായനയിലും അതു കാണുന്നു. അലമാരയില്‍ മറ്റുള്ളവരെ കാണിക്കാന്‍ പുസ്‌തകങ്ങള്‍ നിരത്തി വെയ്‌ക്കും. പക്ഷെ, വായിക്കില്ല. വായനയുടെ മഹത്വമറിയാത്തവരാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇത്‌ ഗുണകരമല്ല. വികസിതരാജ്യങ്ങള്‍ വളര്‍ന്നു വന്നത്‌ വായനയിലൂടെയാണ്‌. വായിക്കാത്തവന്‍ മാനസിക വളര്‍ച്ചയില്ലാത്തവനാണ്‌. പുസ്‌തകങ്ങള്‍ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെ യാണ്‌. ഇരുണ്ട ജീവിതത്തില്‍ നിന്നും വെളിച്ചത്തിലേക്കുള്ള വാതായനമാണ്‌ വായന. വായിക്കാത്ത പ്രവാസികള്‍ ഇതു തിരിച്ചറിയണം.

ചോ) താങ്കള്‍ക്ക്‌ സാഹിത്യരംഗത്ത്‌ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിട്ടുള്ളത്‌ ആരാണ്‌?

ഉ) മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരും ധാരാളമുണ്ട്‌. 1970-1973 കളില്‍ ഞാന്‍ മനോരമയുടെ കേരള യുവസാഹിത്യസംഖ്യം മാവേലിക്കരയില്‍ നിന്നുള്ള ഏക വ്യക്തിയായിരുന്നു. മനോരമ ധാരാളം സാഹിത്യ ചര്‍ച്ചകള്‍ക്ക്‌ വേദിയായിട്ടുണ്ട്‌. അവിടേക്ക്‌ വരുന്നത്‌ കെ.പി.കേശവമേനോന്‍, മുണ്ടശ്ശേരി, തകഴി, കാക്കനാടന്‍, ഡോ.കെ.എം.ജോര്‍ജ്‌, എന്‍.എന്‍.പിള്ള, അയ്യപ്പപണിക്കര്‍, തോപ്പില്‍ ഭാസി അങ്ങനെ ധാരാളം എഴുത്തുകാര്‍. എന്റെ റേഡിയോ നാടകങ്ങള്‍ കേട്ടിട്ട്‌ തകഴിയാണ്‌ എന്നോട്‌ നോവല്‍ എഴുതാന്‍ ആവശ്യപ്പെട്ടത്‌. നാടകമെഴുതുന്നവര്‍ക്ക്‌ നോവല്‍ എഴുതാന്‍ കഴുമെന്നദ്ദേഹം പറഞ്ഞു. സാഹിത്യസഹകരണസംഖ്യമിറക്കിയ 1990-ലെ `എന്റെ കണ്ണീര്‍പ്പൂക്കള്‍' എന്ന നോവലിന്‌ അവതാരികയെഴുതിയതും തകഴിയായിരുന്നു. 1985-ല്‍ വിദ്യാര്‍ത്ഥിമിത്രമിറക്കിയ `കടല്‍ക്കര' സംഗീതനാടകത്തിന്‌ അവതാരികയെഴുതിയത്‌ ശ്രിമൂലനഗരം വിജയനായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യസംഗീതനാടകം `കടലിനക്കരെ എംബസി സ്‌കൂള്‍' സംഗീതനാടകത്തിന്‌ അവതാരികയെഴുതിയത്‌ തോപ്പില്‍ ഭാസിയും, യൂറോപ്പില്‍ നിന്നുള്ള ആദ്യനോവല്‍ `കാല്‍പ്പാടുകള്‍' അവതാരികയെഴുതിയത്‌ കാക്കനാടനുമായിരുന്നു. കവിതയില്‍ എന്നെ വൃത്തവും അലങ്കാരവും പഠിപ്പിച്ചത്‌ അതും എട്ടാം ക്ലാസില്‍ പഠിപ്പിക്കുമ്പോഴായിരുന്നു, പണ്‌ഡിത കവി. കെ.കെ.പണിക്കര്‍ ആണ്‌. അങ്ങനെയാണ്‌ ചെറിയ കവിതകള്‍ ബാലരമയില്‍ എഴുതിയതും. ഇന്നുള്ള മുതിര്‍ന്ന എഴുത്തുകാരുടെ പ്രോത്സാഹനം ധാരാളമായിട്ടുണ്ട്‌. അതില്‍ പ്രവാസികള്‍, സി.രാധാകൃഷ്‌ണന്‍, പി.വത്സല, ഒ.എന്‍.വി, സഖറിയ, ഡോ.ജോര്‍ജ്‌ ഓണക്കൂര്‍, കെ.എന്‍.മോഹനവര്‍മ്മ, മുകുന്ദന്‍, സി.പി. പള്ളിപ്പുറം അങ്ങനെ തുടരുന്നു.

ചോ) പ്രവാസി ആയതുകൊണ്ട്‌ സാഹിത്യരംഗത്ത്‌ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണ്‌ ? അതിനെ എങ്ങനെ നേരിടുന്നു? പ്രവാസി എഴുത്തുകാരെപ്പറ്റി എന്താണ്‌ അഭ്രിപ്രായം?

ഉ) പ്രവാസികള്‍ എന്നും എന്നും പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്‌. അതു സാഹിത്യരംഗത്ത്‌ മാത്രമല്ല എല്ലാ രംഗത്തും കാണാം. അവര്‍ കഷ്‌ടപ്പെട്ടുണ്ടാക്കുന്ന പണത്തിലാണ്‌ എല്ലാവരുടെയും കണ്ണുകള്‍. അതില്‍ രാഷ്‌ട്രീയ-മത-സമ്പന്നര്‍ വരെയുണ്ട്‌. പ്രവാസികള്‍ക്ക്‌ എന്തെങ്കിലും സുരക്ഷയോ സംരക്ഷണമോ, നമ്മുടെ ഭരണരംഗത്ത്‌ നിന്നോ മതവിഭാഗത്തില്‍ നിന്നോ ലഭിച്ചിട്ടുണ്ടോ? മന്ത്രിമാരും ബിഷപ്പന്‍മാരും പണത്തിനായി വിമാനം കയറിക്കൊണ്ടിരിക്കുന്നു. സാഹിത്യരംഗത്ത്‌ ഒരു പ്രവാസിയായതുകൊണ്ട്‌ ഞാന്‍ നേരിടുന്ന പ്രശ്‌നം സമയബന്ധിതമായി പുസ്‌തകങ്ങള്‍ ഇറക്കാന്‍ കഴിയുന്നില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍ 2015-ല്‍ സാഹിത്യ നോവന്‍ ഇതുവരെ പുറത്ത്‌ വന്നിട്ടില്ല. ഞാന്‍ കേരളത്തില്‍ ഇല്ലാത്തതാണ്‌ പ്രശ്‌നം. ഇവിടെ ഇരിക്കുന്നവരുടെ ഉത്തരവാദിത്വബോധവും സ്വാര്‍ത്ഥ മനോഭാവും ഇതിലൂടെ മനസ്സിലാക്കാം. എങ്ങനെ നേരിടുന്നു എന്ന്‌ ചോദിച്ചാല്‍ എഴുത്തുകാരനായി പോയില്ലേ വടിയെടുക്കാന്‍ പറ്റില്ലല്ലോ. പഠിക്കുന്ന കാലത്ത്‌ പോലീസിനെതിരെ നാടകമെഴുതി അവതരിപ്പിച്ചതിന്‌ പോലീസിന്റെ തല്ല്‌ വാങ്ങിയ ഒരു കഥയുണ്ട്‌. അന്നവര്‍ എനിക്ക്‌ ചാര്‍ത്തിയത്‌ നക്‌സര്‍ എന്നാണ്‌. ഒരു പ്രസംഗത്തില്‍ പറഞ്ഞതുപോലെ ദൈവം എന്നെ തുണച്ചു. നാട്ടിലായിരുന്നുവെങ്കില്‍ ഒരു മാവോയിസ്റ്റിന്റെ കിരീടവും ചൂടി ജയിലില്‍ കിടക്കുമായിരുന്നു. അവിടുത്തെ ക്രൂരതകളും അനീതിയും കണ്ടാല്‍ വടിയോ തോക്കോ എടുത്തുപോകും. ഈ പ്രാവശ്യം എന്റെ ഇംഗ്ലീഷ്‌ നോവലിന്റെ പ്രകാശനവുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടി വന്നു. ഇവിടുത്തെ ഒരു എഴുത്തുകാരിയുടെ ധാരാളം പൊങ്ങച്ചകഥകള്‍ കേട്ടു. ഈ സ്‌ത്രീയെ പോലുള്ളവരാണ്‌ അല്‌പമെങ്കിലും എഴുതാന്‍ കഴിവുള്ളവരുടെ ശാപം. പണം കൊടുത്ത്‌ എഴുതിക്കുവന്നവര്‍ക്ക്‌ ഇതൊന്നും ഒരു പുത്തരിയല്ല. ഈ കൂട്ടര്‍ നാട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും സമ്മാനങ്ങളുമായിട്ടാണ്‌ പോകുന്നത്‌. സോപ്പ്‌, പെര്‍ഫ്യൂം, പണപ്പൊതി, സമ്മാനപ്പൊതികള്‍ അതങ്ങനെ തുടരും. ഈ കൂട്ടര്‍ കവികളുടെയും കഥാകാരന്‍മാരുടെയും വീടുകള്‍ കയറിയിറങ്ങും. ഈ കള്ളനാണയങ്ങള്‍ എന്തിനാണ്‌ പ്രവാസി എഴുത്തുകാര്‍ക്ക്‌ ഒരു തലവേദനയായി വരുന്നത്‌. കൈയ്യില്‍ കാശുണ്ടെങ്കില്‍ ഏതെങ്കിലും പാവങ്ങളെ സഹായിച്ചൂടെ? എന്തിനാണ്‌ ഭദ്രകാളിയുടെ രൂപത്തില്‍ ഓരോ യുഗത്തിലും തുണികീറുംപോലെ സാഹിത്യത്തെ വലിച്ചു കീറി മതിയാവോളം ചോര കുടിക്കുന്നത്‌. എന്തിന്‌ പറയണം, ഈ വ്യക്തി സാഹിത്യസഹകരണസംഘത്തില്‍ കസവുസാരിയടക്കം സമ്മാനങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്‌തു. ഒടുവില്‍ അതവര്‍ അവരുടെ ഭവനത്തില്‍ എത്തിച്ചു. ഇതുപോലെ പ്രവാസി എഴുത്തുകാരെന്ന്‌ അഭിമാനിക്കുന്ന ധാരാളം പേരുടെ കഥകള്‍ കേട്ടിട്ടുണ്ട്‌. കൈയ്യിലിരിക്കുന്ന കാശ്‌ കൊടുത്തിട്ട്‌ കേരളത്തിലെ പുസ്‌തകകച്ചവടക്കാരുടെ കീശ നിറയ്‌ക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്‌. എന്തിനാണ്‌ ഇങ്ങനെ പുസ്‌തകങ്ങള്‍ പുറത്തിറക്കി പ്രകാശനം ചെയ്യുന്നത്‌? പുസ്‌തകങ്ങള്‍ കേരളത്തിലെ പ്രമുഖരായ പ്രസാദകര്‍ വഴി കാശ്‌ കൊടുക്കാതെ ഇറക്കുമ്പോഴാണ്‌ സാഹിത്യസൗന്ദര്യത്തിന്റെ കിളിവാതില്‍ തുറന്നു വരുന്നത്‌. അതേറ്റുവാങ്ങാന്‍ സാഹിത്യകാരന്‍മാരും നല്ല വായനക്കാരുമുണ്ടാകും. സര്‍ക്ഷസാഹിത്യകാരന്‍ കാശ്‌ കൊടുത്ത്‌ പുസ്‌തകങ്ങള്‍ ഇറക്കാറില്ല, സമ്മാനപ്പൊതികളുമായി പോകാറുമില്ല. ഈ കൂട്ടര്‍ ആ എരണം കെട്ട കാട്ടാളന്റെ മറ്റൊരു പകര്‍പ്പാണ്‌. ഇതൊക്കെ നല്ല എഴുത്തുകാര്‍ക്ക്‌ അപമാനവും ആശങ്കകളുമാണ്‌ പകര്‍ന്നു നല്‍കുന്നത്‌. പണത്തിന്റെയും ഓണ്‍ലൈനിന്റെയും ഉത്സവകാലമായതിനാല്‍ എന്തും അജ്ഞാതമായി മാറുന്നില്ല. ഒരിക്കല്‍ സത്യം പുറത്തുവരും. ആ സത്യം തിരിച്ചറിയുമ്പോള്‍ ഹസ്‌തദാനവിരലുകള്‍ക്കിടയില്‍ തെറ്റിയ അക്ഷരങ്ങള്‍ പുഴുക്കളെപ്പോലെ അരിച്ചു നടക്കും. അത്‌ മരണം വരെ നമ്മെ വേട്ടയാടും.

ചോ) അടുത്ത കാലത്തെ പ്രധാനസാഹിത്യ സൃഷ്‌ടികള്‍ ഏതാണ്‌?

ഉ) ജൂണ്‍ മാസം നാട്ടിലായിരുന്നു. എല്ലാ വര്‍ഷവും നാലഞ്ച്‌ ഓണപ്പതിപ്പുകളില്‍ എഴുതാറുണ്ട്‌. അതെഴുതി കൊടുത്തു. മാതൃഭൂമിക്കു വേണ്ടി സ്‌പെയിനിലും, ചിന്തക്ക്‌ വേണ്ടി ഫ്രാന്‍സിലും പോയിരുന്നു. രണ്ട്‌ സഞ്ചാരസാഹിത്യകൃതികള്‍ കൊടുത്തു. മാതൃഭൂമി `കാളപ്പോരിന്റെ നാട്‌' ഉടനടി ഇറക്കുമെന്നറിയിച്ചു. അടുത്തത്‌ ഇറ്റലിയിലേക്കുള്ള യാത്രയാണ്‌.

ചോ) സാഹിത്യരംഗം ഒരിക്കലും ആദായകരമല്ല. എന്താണ്‌ അഭിപ്രായം?

ഉ) നല്ല നല്ല എഴുത്തുകാര്‍ ഏകാന്തതയുടെ തീഷ്‌ണവും വന്യവുമായ കാട്ടുപാതയിലൂടെ - നാട്ടുപാതയിലൂടെ സഞ്ചരിക്കുന്നവരാണ്‌. ആ യാത്രയില്‍ മരണത്തിന്റെ പതിഞ്ഞ കാലടി രണ്ടും കേള്‍ക്കാം. വന്യമൃഗഭാവമുള്ളവര്‍ ഇയാളെ വിഴുങ്ങാന്‍ വഴിയൊരുക്കുമ്പോള്‍ ഒട്ടും വഴങ്ങാതെ ഒട്ടും കൂസ്സാതെ മുന്നോട്ട്‌ നടക്കുന്നു. അത്‌ എത്ര ദൂരം പോകുമെന്നറിയില്ല. അതിന്റെ അന്ത്യം ഒരു പക്ഷെ അവസാനിക്കുന്നത്‌ പദവികള്‍ കൊടുത്തും അവര്‍ഡ്‌ കൊടുത്തുമാകാം. എഴുത്തുകാര്‍ എന്നും മനുഷ്യനെയും പ്രകൃതിയെയും നെഞ്ചിലേറ്റി നടക്കുന്നവരാണ്‌. ആ കാവ്യസംസ്‌കാരത്തില്‍ ജീവിക്കുന്നത്‌ സമ്പത്തുണ്ടാക്കാനല്ല. അതൊരു നിയോഗമാണ്‌. ആ കര്‍മ്മം ചെയ്യാനാണ്‌ ദൈവം അവരെ അയച്ചിരിക്കുന്നത്‌. മാനവീയതയുടെ മഹത്തായ ഒരു വിതാനത്തില്‍ ജീവിക്കുന്ന എഴുത്തുകാരന്‍ ഒരിക്കലും സമ്പത്തോ ആഡംബരജീവിതമോ ആഗ്രഹിക്കുന്നവരല്ല. ഈ പ്രകൃതിയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നവരെ എതിര്‍ത്തും എഴുതിയും ജിവിക്കുന്ന ഒരെഴുത്തകാരന്‌ എങ്ങനെയാണ്‌ സമ്പത്തിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുക? ഈ പ്രകൃതിയുടെ ഓരോ അംശത്തിലും ഈശ്വരനെ കാണുന്നവരാണവര്‍. ഈ ലോകത്തിന്റെ മാധുര്യം നുകരുന്നതിനെക്കാള്‍ പ്രകൃതിയോടും മനുഷ്യനോടുമുള്ള കടപ്പാടാണ്‌ പ്രധാനം. അത്‌ രണ്ടു മണിക്കൂര്‍ കൊണ്ട്‌ കാണിക്കുന്ന കള്ളനും പോലീസും കളിക്കുന്ന കച്ചവട സിനിമയല്ല. സാഹിത്യം മറിച്ച്‌ രണ്ടര വര്‍ഷത്തിലധികമെടുത്ത്‌ ചവിട്ടി കുഴച്ച മണ്ണില്‍ വിത്തിട്ട്‌ വളര്‍ത്തി ഫലമെടുക്കുന്ന പ്രക്രിയയാണ്‌ സാഹിത്യസൃഷ്‌ടികള്‍. അറിവുള്ള സമൂഹം എഴുത്തുകാരെ ആദരിക്കുന്നു. അവിടെ അവന്‌ ഒന്നിനും ഒരു മുട്ടില്ല. പാശ്ചാത്യരാജ്യത്തെ എഴുത്തുകാര്‍ നമ്മുടെ രാജ്യത്തെ എഴുത്തുകാര്‍ സാമ്പത്തികമായി വളരെ മുന്നിലാണ്‌. അതവര്‍ അറിവിന്റെ ആഴമറിഞ്ഞതുകൊണ്ടാണ്‌.

ചോ) ഒരാള്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചാല്‍ മാത്രമെ അംഗീകാരമുണ്ടാകൂ എന്നത്‌ ശരിയോ? അവാര്‍ഡ്‌ കൃതി ഒരു കോടിയിലധികം കഴിഞ്ഞു എന്നൊക്കെ വീമ്പു പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?

ഉ) ഒരു എഴുത്തുകാരനെ അംഗീകരിക്കുന്നത്‌ അവാര്‍ഡ്‌ നോക്കിയല്ല. അയാളുടെ സംഭാവനകളെ മാനിച്ചാണ്‌. അവാര്‍ഡിന്‌ പുസ്‌തകങ്ങള്‍ അയക്കാത്ത ധാരാളം പേരുണ്ട്‌. ഈ അവാര്‍ഡ്‌ കൃതികളെക്കാള്‍ മെച്ചപ്പെട്ട കൃതികള്‍ പുസ്‌തകശാലകളിലുണ്ട്‌. അതൊന്നും ആരും വായിക്കുന്നില്ല. ഇന്ന്‌ നടക്കുന്ന സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ അവാര്‍ഡുകള്‍ കൊടുക്കുന്നത്‌ ഒരു വഴിപാടുപോലെയാണ്‌. കഴിഞ്ഞ അവാര്‍ഡില്‍ കഥക്കും കവിതക്കും കൊടുത്തത്‌ ഒന്നാം സ്ഥാനക്കാര്‍ക്കല്ല. അവാര്‍ഡ്‌ കൊടുക്കുന്ന വ്യക്തികളുടെ സാഹിത്യസംഭാവനകള്‍ കൂടി നോക്കേണ്ടതല്ലേ? മോഷണ കുറ്റം ചുമത്തിയ കൃതികള്‍ക്ക്‌ വരെ അവാര്‍ഡ്‌ കൊടുക്കുന്ന സമീപനമാണ്‌ കാണുന്നത്‌. അര്‍ഹരായവര്‍ ധാരാളമായിട്ടുണ്ട്‌. അവരെയൊന്നും ഗൗനിക്കുന്നില്ല. അതിന്റെ പ്രധാന കാരണം അവര്‍ ആരുടെ മുന്നിലും കുമ്പിട്ടു നില്‍ക്കാനും സ്‌തുതിപാടാനും തയ്യാറല്ല. അതാണ്‌ ആ പ്രതിഭയുടെ ഉല്‍ഗ്രഥനസ്വഭാവം. ആദിമ കവി വാല്‍മീകി മഹര്‍ഷി സാഹിത്യകാരനെ `മതിമാന്‍' എന്നു വിശേഷിപ്പിക്കാന്‍ കാരണവും ഇതാണ്‌. പ്രസാദകരുടെ കണക്ക്‌ ആരെങ്കിലും ചോദിച്ചിട്ടാണോ ഇവര്‍ വിളംബരം ചെയ്യുന്നത്‌. സാമ്പത്തികവകുപ്പ്‌ നികുതി ഈടാക്കിയാല്‍ ഈ വിളംബരം അവസാനിക്കും. ഇതൊക്കെ വെറും വില്‍പന തന്ത്രമല്ലേ.

കാരൂര്‍ സോമന്‍

മാവേലിക്കര താലൂക്കില്‍ താമരക്കുളത്ത്‌ ജനനം. മലയാള സാഹിത്യകാരന്മാരില്‍ ശ്രദ്ധേയന്‍. യൂറോപ്പ്‌, യു.എസ്‌, ഗള്‍ഫ്‌, കേരള പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്നു. നാടകം, നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം തുടങ്ങി മലയാളസാഹിത്യത്തിന്റെ സമസ്‌തമേഖലകളിലും മാത്രമല്ല ശാസ്‌ത്രസാങ്കേതികം, കായികം രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. 37 കൃതികള്‍ പ്രസിദ്ധീകരിച്ചു.

ബാലരമയില്‍ കവിതകള്‍ എഴുതിക്കൊണ്ടാണ്‌ സാഹിത്യരംഗത്ത്‌ പിച്ചവെക്കുന്നത്‌. തുടര്‍ന്നു നാടകങ്ങളിലേക്കു തിരിഞ്ഞു. 1972 73 കളില്‍ ആകാശവാണിയുടെ തൃശൂര്‍, തിരുവനന്തപുരം നിലയങ്ങള്‍ 'കര്‍ട്ടനിടു', 'കാര്‍മേഘം' എന്നീ നാടകങ്ങള്‍ ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്‌തു. 1971കളില്‍ മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യസഖ്യത്തിന്റെ മാവേലിക്കര താലൂക്കില്‍ നിന്നുള്ള ഏകവ്യക്തി.

1972ല്‍ 'ഇരുളടഞ്ഞ താഴ്‌വര' എന്ന നാടകം താമരക്കുളം വി.വി.എച്ച്‌.സി സ്‌കൂളില്‍ അരങ്ങേറി. പോലീസ്‌ വകുപ്പിനെതിരേ ആക്ഷേപങ്ങളും കൂരമ്പുകളും നിറഞ്ഞ നാടകത്തില്‍ നിറഞ്ഞു നിന്നത്‌ പൊള്ളുന്ന സമകാലിക സത്യങ്ങള്‍. അതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയായി. നാടകം നൂറനാട്‌ ലെപ്രസി സാനിട്ടോറിയത്തില്‍ വാര്‍ഷികത്തിന്‌ അരങ്ങേറുമെന്നു പോലീസിന്‌ അറിവ്‌ ലഭിച്ചു. സോമനെ കുരുക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കിയ പോലീസ്‌ ഒടുവില്‍ നക്‌സല്‍ ബന്ധം ആരോപിച്ചു കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്‌ത്‌ ഒരു പകല്‍ മുഴുവന്‍ തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ചു. അക്ഷരസ്‌നേഹത്തിലൂടെ സര്‍ഗശക്തി തെളിയിക്കാന്‍ ശ്രമിച്ചതിന്റെ ആദ്യശിക്ഷ! ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ടു. പോലീസ്‌ കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചു. ഇവനെ നാടുകടത്തിയില്ലെങ്കില്‍ വീട്ടുകാര്‍ അനുഭവിക്കുമെന്ന്‌ പോലീസ്‌ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഉറ്റവരുടെ സ്‌നേഹനിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. അങ്ങനെ താമരക്കുളത്തു നിന്നു ബിഹാറിലുള്ള ജ്യേഷ്‌ഠന്റെ അടുത്തേക്കു ട്രെയിന്‍ കയറി. റാഞ്ചിയില്‍ നിന്നുള്ള റാഞ്ചിഎക്‌സ്‌പ്രസ്‌ ദിനപത്രത്തിലായിരുന്നു ആദ്യകാലത്തു ജോലി. അന്ന്‌ റാഞ്ചി എയ്‌ഞ്ചല്‍ തീയേറ്റഴേസിനു വേണ്ടി നിരവധി ഗാനങ്ങളെഴുതി. നാടകങ്ങള്‍ റാഞ്ചിക്കു പുറമേ, ആഗ്ര, ഡല്‍ഹി, ബൊക്കാറോ, ലുധിയാന, മുംബൈ എന്നിവിടങ്ങളിലും അരങ്ങേറി. അക്കാലത്തും നാടകമെഴുത്തു തുടര്‍ന്നു. ആദ്യലേഖനം കാലവും കലയും 1975ല്‍ റാഞ്ചി മലയാളി അസോസിയേഷന്റെ 'മലയാളി' മാസികയില്‍ പുറത്തു വന്നു. ആദ്യ സംഗീതനാടകം 'കടല്‍ക്കര' 1985ല്‍ കോട്ടയം വിദ്യാര്‍ഥിമിത്രം പുസ്‌തകരൂപത്തില്‍ പുറത്തിറക്കി.

നാല്‌ ദശാബ്ദക്കാലമായി എഴുത്തിന്റെ വഴിയെയാണ്‌. ഗള്‍ഫില്‍ നിന്നുള്ള ആദ്യസംഗീത നാടകമായി 'കടലിനക്കരെ എംബസി സ്‌കൂള്‍' എന്ന കൃതി പേരെടുത്തു. പ്രവാസിയായി ജീവിക്കേണ്ടി വന്നപ്പോഴും എഴുത്തിനെ തള്ളിപ്പറഞ്ഞില്ല. മലയാളസാഹിത്യത്തിനും ഭാഷയ്‌ക്കും നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഷാമിത്രം പുരസ്‌കാരത്തിന്‌ അര്‍ഹനായി. `കണ്ണീര്‍പ്പൂക്കള്‍' എന്ന നോവലിന്‌ വിദേശമലയാളി സാഹിത്യ പുരസ്‌കാരം മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവുവില്‍ നിന്നും 'കദനമഴ നനഞ്ഞപ്പോള്‍' നോവലിന്‌ പാറപ്പുറം പ്രവാസി സാഹിത്യ അവാര്‍ഡും `കനല്‍' നോവലിന്‌ ആഗോള മലയാളി കൗണ്‍സില്‍ പുരസ്‌കാരം 'കിനാവുകളുടെ തീരം' നോവലിന്‌ ലിപി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം 'കറുത്ത പക്ഷികള്‍' കവിതാസമാഹാരത്തിന്‌ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2010ല്‍ പ്രവാസി സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ച്‌ കള്ളിക്കാട്‌ രാമചന്ദ്രന്‍ പുരസ്‌ക്കാരം 2013ല്‍ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യപോഷിണി പുരസ്‌കാരവും ലഭിച്ചു. 2014ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കുള്ള നേട്ടത്തിന്‌ ലണ്ടന്‍ മലയാളസാഹിത്യവേദി സാഹിത്യസമഗ്ര പുരസ്‌ക്കാരം നല്‍കി.

35 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കാരൂര്‍ മലയാള ഭാഷയെയും സംസ്‌ക്കാരത്തെയും പരിപോഷിപ്പിക്കുന്നതില്‍ വലിയൊരുപങ്ക്‌ വഹിക്കുന്നുണ്ട്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ ആഫ്രിക്കയുടെ കലാസാംസ്‌ക്കാരിക വിഭാഗം ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള കാരൂര്‍ വിവിധ വിദേശമാധ്യമങ്ങളുടെ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു. മാധ്യമം ദിനപത്രത്തിനു വേണ്ടി ലണ്ടന്‍ ഒളിമ്പിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ലണ്ടനില്‍ സ്ഥിരതാമസം.

ഭാര്യ: ഓമന തീയാട്ടുകുന്നേല്‍. മക്കള്‍: രാജീവ്‌, സിമ്മി, സിബിന്‍.

Address: Karoor Soman
113, Oakfield Road, LONDON
E6-ILN- England
Contact: 0044-208-470-1533
E-Mail: karoorsoman@yahoo.com
Web: www.KARURSOMAN.com
എഴുത്തുകാര്‍ പ്രകൃതിയുടെ ഓരോ അംശത്തിലും ഈശ്വരനെ കാണുന്നു: കാരൂര്‍ സോമന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക