Image

പാവം മാനവന്‍(കവിത: മാടശ്ശേരി നീലകണ്ഠന്‍)

മാടശ്ശേരി നീലകണ്ഠന്‍ Published on 12 September, 2015
പാവം മാനവന്‍(കവിത: മാടശ്ശേരി നീലകണ്ഠന്‍)
പ്രപഞ്ചവിജ്ഞാനം വളരുന്തോറും ഭൂമിക്കും നമ്മുടെ സൂര്യനും ഭൂമിയിലെ ജീവികളില്‍ സമുന്നതനെന്നഭിമാനിക്കുന്ന മനുഷ്യനും പ്രപഞ്ചസംവിധാനത്തിലുള്ള സ്ഥാനം അടിക്കടി കുറഞ്ഞുവരുന്നു.

അംബ ധരിത്രിയെ മാനവന്‍ വിശ്വത്തിന്‍
കേന്ദ്രമായ്ക്കണ്ടു മാനിച്ചു.
അംബരമദ്ധ്യേ തിളങ്ങുന്നോരെക്കണ്ടു
അംബയെച്ചുന്നോരായി.
അംബ തന്‍ മക്കളില്‍ താന്‍തന്നെ മുമ്പന്‍ എ-
്‌ന്നെണ്ണി അവന്‍ ഊറ്റമാര്‍ന്നു.

ധിക്കാരമെന്നല്ലേ ചൊല്ലേണ്ടത്- ആ കോപ്പര്‍-
നിക്കസ്സതെല്ലാം തകര്‍ത്തു!1
അര്‍ക്കനെച്ചുറ്റണം, ഭൂമിയും മറ്റുള്ളോ-
രൊക്കെയും' എന്നു കല്പിച്ചു!
ഡാര്‍വിനും വൈകാതെയെത്തി, വാലില്ലാത്ത 
വാനരനാക്കി നരനെ!2

വാഴ്ത്താം, വലംവയ്ക്കാം സൂര്യനെ; എങ്കിലും
അത്രയ്ക്കു കേമനല്ലങ്ങോര്‍!
നമ്മുടെ നക്ഷത്രജാലമാം ആകാശ-
ഗംഗതന്‍' വക്കില്‍ ഒതുങ്ങി,
കാലം കഴിക്കുന്നു കോടാനുകോടികള്‍
താരകളുള്ളതില്‍ ഒന്നായ്.
ഉണ്ടത്രെ ഗാലക്‌സി വേറെയും- ആകാശ-
ഗംഗപോല്‍ ബില്യാനുബില്യന്‍!4
കോടാനുകോടി ആദിത്യരുണ്ടോരോന്നില്‍,
ആവിധം ഭൂദേവിമാരും!
ചിന്തിക്കയേ വയ്യ! മര്‍ത്ത്യനെപ്പോലുള്ള 
സന്താനമേവര്‍ക്കുമുണ്ടോ?
(മര്‍ത്ത്യന്റെ ശാപമാം മൃത്യുവെ വെല്ലുന്ന
 വിദ്യയുള്ളോരും ഉണ്ടാമോ)

'ഒക്കെയുള്‍ക്കൊള്ളുന്ന വിശ്വ' മെന്നുള്ള സ-
ങ്കല്പമേ താറുമാറായി!
ഒന്നല്ല, നൂറല്ല, കല്പനാതീതമാ-
മെണ്ണം പ്രപഞ്ചമുണ്ടത്രെ.5
അന്യോന്യം മിണ്ടുവാന്‍പോലും അവറ്റയ്ക്ക് 
തങ്ങളില്‍ സാദ്ധ്യമല്ലേ്രത!
ഏതോ വിധിവശാല്‍ നമ്മുടെ 'വിശ്വ' വും
ജീവനെപ്പെറ്റെന്ന് മാത്രം!
എണ്ണിയാല്‍ത്തീരാത്ത ജീവരൂപങ്ങളില്‍
മുമ്പനാകാം നരന്‍; എന്നാല്‍ 
ലോട്ടറിപോല്‍ വീണുകിട്ടിയ മേന്മയില്‍
ഇത്ര മേനിക്കെന്ത് കാര്യം?
അത്ഭുതമായാപ്രപഞ്ചം വളരുന്നു
നിത്യം: ചുരുങ്ങുന്നു മര്‍ത്ത്യന്‍!

(എങ്കിലും, പാവമാം മാനവനില്ലയോ
തെല്ലും ഞെളിയുവാന്‍ ന്യായം?
ഇത്ര നിഗൂഢം നിയതി ഒളിപ്പിച്ച
സത്യങ്ങള്‍ തന്‍ തിരശ്ശീല
അല്പമുയര്‍ത്താന്‍ കഴിഞ്ഞല്ലോ! അംബ കൈ-
തട്ടിമാറ്റാതിരുന്നല്ലോ!6)

1നിക്കോളാസ് കോപ്പര്‍ നിക്കസ്: സൂര്യനും ഗ്രഹങ്ങളും ഭൂമിയെച്ചുറ്റിക്കറങ്ങുകയല്ലെന്നും മറിച്ച് ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെച്ചുറ്റുന്നുവെന്നുമുള്ള സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇറ്റാലിയന്‍ ജോതിശ്ശാസ്ത്രജ്ഞന്‍(1473-1543). അരിസ്റ്റാര്‍ക്കസ്സെന്ന പ്രാചീന ഗ്രീക്ക് ചിന്തകന്‍ ഇതേ ആശയം രേഖപ്പെടുത്തിയിരുന്നു.
2 പരിണാമശൃംഖലയില്‍ മനുഷ്യന് തൊട്ടുമുമ്പുള്ള കണ്ണി വാനരവര്‍ഗ്ഗം ആണല്ലൊ.
3ആകാശഗംഗ: നമ്മുടെ സൂര്യന്‍ അടങ്ങിയ ഗാലക്‌സി(നക്ഷത്രജാലം). 'മില്‍ക്കി വേ' - ക്ഷീരപഥം എന്നും ഇതിനു പേര്‍. ഈ ഗാലക്‌സിയില്‍ത്തന്നെ 200 ബില്യന്‍ നക്ഷത്രങ്ങള്‍ ഉണ്ടെന്നാണ് അഭ്യൂഹം.(ബില്യന്‍= നൂറുകോടി).
4ബില്യാനുബില്യന്‍: കോടാനുകോടിയുടെ വല്യേട്ടന്‍.
5 ഈ ആശയം കോസ്‌മോളജിയില്‍(പ്രപഞ്ചവിജ്ഞാനം) സ്ഥാനം പിടിച്ചുവരുന്നു. അന്യോന്യം സമ്പര്‍ക്കപ്പെടാന്‍ സാദ്ധ്യതയിലിലാത്ത എണ്ണമറ്റ പ്രപഞ്ചങ്ങള്‍ ജനിച്ചുവളരുന്നുവെന്ന സിദ്ധാന്തം. സൃഷ്ടിയില്‍ അനേകം പ്രപഞ്ചങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നത് ഭാരതീയ പാരമ്പര്യത്തിലുള്ള ആശയമാണെന്നും ഇവിടെ സ്മരിക്കാം.
6 'അനന്തമജ്ഞാതമവര്‍ണ്ണനീയം' ആയ പ്രപഞ്ചത്തെപ്പറ്റി ഇത്രയൊക്കെ അറിവുനേടിയത് ചില്ലറക്കാര്യമല്ലല്ലോ. പ്രകൃത്യംബ അത് തടയുന്നുമില്ല!

പാവം മാനവന്‍(കവിത: മാടശ്ശേരി നീലകണ്ഠന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക