Image

കൗമാരസന്ധ്യകള്‍ (നോവല്‍-11: കാരൂര്‍ സോമന്‍)

Published on 13 September, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-11: കാരൂര്‍ സോമന്‍)
അധ്യായം പതിനൊന്ന്‌

കാറ്റത്തെ കിളിക്കൂട്‌


ഓമനയും ആനന്ദും ചെല്ലുമ്പോള്‍ വീട്ടില്‍ ഏലിയാമ്മ സിറ്റൗട്ടിലിരിപ്പുണ്ടായിരുന്നു.
ചെന്നപാടെ ഓമന ക്യംപസില്‍ ഇന്നുണ്ടായ കാര്യങ്ങള്‍ പറഞ്ഞു.

`` കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, പ്രിന്‍സിപ്പല്‍ എന്നെ വിളിച്ചിരുന്നു. നിന്റെ ബോള്‍ഡ്‌നസ്‌ അല്‍പ്പം കൂടുതലാണെന്ന്‌ എന്നോടു പരാതിയും പറഞ്ഞു. അക്കാര്യം ഞാന്‍ നോക്കിക്കൊള്ളാമെന്നു പറഞ്ഞിട്ടുണ്ട്‌. എന്താണ്‌ മോനേ നിന്റെ അഭിപ്രായം.''

ആനന്ദിനോട്‌ ഏലിയാമ്മ ചോദിച്ചു.
`` ഞാനെന്തു പറയാനാണ്‌ മമ്മി?''
ആനന്ദ്‌ നിര്‍നിമേഷനായി ഏലിയാമ്മയോടു പറഞ്ഞു.
``അതെന്താ നിനക്ക്‌ അഭിപ്രായമൊന്നുമില്ലേ?''
ഏലിയാമ്മ ഇരിപ്പിടത്തില്‍ നിന്നുമെണ്ണീറ്റു കൊണ്ടു ചോദിച്ചു.
`ആനന്ദിനോട്‌ ഞാനൊരു കാര്യം പറയാനായി കാത്തിരിക്കുകയായിരുന്നു. ഒരു സസ്‌പെന്‍സ്‌ ആയിക്കോട്ടെ എന്നാദ്യം കരുതി. പിന്നീട്‌ തോന്നി, അതു വേണ്ട, പറഞ്ഞേക്കാമെന്ന്‌.

``എന്താണ്‌ മമ്മി കാര്യം?''
ചോദിച്ചത്‌ ഓമനയാണ്‌. അവള്‍ക്കായിരുന്നു അറിയാന്‍ താത്‌പര്യമേറെ.

``അമേരിക്കയില്‍ നിന്ന്‌ നമ്മുടെ ചില ഫ്രണ്ട്‌സ്‌ വിളിച്ചു പറഞ്ഞു, അവര്‍ക്കവിടെ ഒരു മ്യൂസിക്ക്‌ ഫെസ്റ്റ്‌ നടത്താന്‍ താത്‌പര്യമുണ്ടെന്ന്‌. ഞാന്‍ നിങ്ങളെ സജസ്റ്റ്‌ ചെയ്‌തു. അവര്‍ നിങ്ങളെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു. എതിരഭിപ്രായമൊന്നുമില്ല. ദാറ്റ്‌ മീന്‍സ്‌ യു ആര്‍ റെഡി ഫോര്‍ ഫ്‌ളൈയിങ്‌ ടു യുഎസ്‌ . പാസ്‌പോര്‍ട്ടും വിസയുമൊക്കെ എത്രയും വേഗം ശരിയാക്കണം''

`എപ്പോഴാണ്‌ മമ്മി പോകേണ്ടത്‌?'
`ക്രിസ്‌മസ്‌ അവധിക്ക്‌. നിങ്ങള്‍ക്കും താല്‌പര്യമുണ്ടെങ്കില്‍ ചിക്കാഗോയിലും ന്യൂയോര്‍ക്കിലും മ്യൂസിക്ക്‌ ഫെസ്റ്റ്‌ നടത്താം.'
ഓമനയുടെ കണ്ണുകളും മിന്നിത്തിളങ്ങി.

മമ്മിയുടെ ധാരാളം ബന്ധുക്കള്‍ ലണ്ടനിലും അമേരിക്കയിലുമുണ്ട്‌. അവരില്‍ പലരെയും അവധിക്ക്‌ വരുമ്പോള്‍ മാത്രമാണ്‌ കാണാറുണ്ട്‌. ചിലര്‍ ഫോണില്‍ വിളിക്കുമ്പോള്‍ സംസാരിക്കാറുണ്ട്‌. അവിടെ നടക്കുന്ന ഫംഗ്‌ഷനുകളുടെ ചിത്രങ്ങള്‍ ഇ-മെയിലായി അയച്ചുതരും. ഇതാ അവരെയൊക്കെ നേരില്‍ കാണാന്‍ അവസരമൊരുങ്ങുന്നു.

ഓമനയേക്കാളും യുഎസിലേക്ക്‌ പോകുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട്‌ കണ്ണുകള്‍ നനഞ്ഞത്‌ ആനന്ദിന്റേതാണ്‌. താന്‍ അവിടേക്കു പോകുന്നു. അതവന്‌ അവിശ്വസനീയമായി തോന്നി. തന്റെ അച്ഛന്‍ അവിടെ എവിടെയോ ഉണ്ട്‌. എവിടെയായിരിക്കാം. ഏതെങ്കിലും ജയിലില്‍? അല്ലെങ്കില്‍ ആരെയെങ്കിലും ഭയന്ന്‌ വല്ല അജ്ഞാതവാസത്തില്‍? ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ല. ഏതൊക്കെ വഴിക്ക്‌ തിരഞ്ഞിരിക്കുന്നു. എന്നിട്ടും യാതൊരു വിവരവുമില്ല. എന്തു ചെയ്യണമെന്ന്‌ ഊഹമില്ല. ഒരിക്കല്‍ പോലും അച്ഛനെ തിരഞ്ഞ്‌ ഈ മകന്‍ യുഎസിലേക്ക്‌ പോകുമെന്നു പോലും ഓര്‍ത്തിട്ടില്ല. എന്നിട്ടും ഇതാ ഇപ്പോള്‍ വഴി തെളിയുന്നു. അവന്‌ ഏലിയാമ്മയുടെ കാല്‍ക്കല്‍ വീണ്‌ നന്ദി പറയണമെന്നു തോന്നി. സന്തോഷം കൊണ്ട്‌ ആനന്ദിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അതു കണ്ടിട്ടാവണം, ആനന്ദിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്‌ ഏലിയാമ്മ പറഞ്ഞു.

`` എനിക്കറിയാം, ആനന്ദ്‌, ഇത്‌ നിന്റെ ജീവിതത്തിലെ ഒരു ടേണിങ്‌ പോയിന്റാണ്‌. നിനക്ക്‌ നല്ലതേ വരൂ, നിന്റെയുള്ളില്‍ നന്മയുണ്ട്‌. പ്രാര്‍ത്ഥിക്കട്ടെ, എല്ലാം ശുഭമായി കലാശിക്കാന്‍. ഓള്‍ ദി ബെസ്റ്റ്‌- ബൈ ബോയ്‌''

ഓമന അകത്തേക്കു പോയി.
`ഞങ്ങള്‍ക്കൊപ്പം മമ്മിയും വരണം'
ഓമന വിളിച്ചു പറഞ്ഞു.

`പിന്നെ എന്റെ ഭര്‍ത്താവിനെ കളഞ്ഞിട്ട്‌ ഞാനെങ്ങനെ വരും. നിങ്ങള്‍ക്കൊപ്പം ഞാന്‍ ദുബായ്‌ വരെ വരുന്നുണ്ട്‌. അവിടെ നിന്ന്‌ നിങ്ങള്‍ നേരെ യുഎസിലേക്ക്‌ പോകും. അവിടെ നിങ്ങളെ റിസീവ്‌ ചെയ്യാനുള്ള എല്ലാ അറേഞ്ച്‌മെന്റ്‌സും ഞാന്‍ ഒരുക്കിത്തരും, പേരേ.. പിന്നെ പേടിക്കാന്‍ നിങ്ങളാരും ഒറ്റക്കല്ലല്ലോ പോകുന്നത്‌. നാലഞ്ച്‌ പേരില്ലേ?''

ചിരിച്ചു കൊണ്ട്‌ ഏലിയാമ്മ പറഞ്ഞു.
ആനന്ദ്‌ കണ്ണീര്‍ തുടച്ചു കൊണ്ട്‌ മൃദുവായി മന്ദഹസിച്ചു. അവന്റെ മനസ്സില്‍ ഒരു നിമിഷം യുഎസിലെ നിറഞ്ഞു നില്‍ക്കുന്ന ഓഡിറ്റോറിയവും, അവര്‍ക്കു മുന്നില്‍ പാടുന്നതും തെളിഞ്ഞു വന്നു. ആരും കൊതിക്കുന്ന അപൂര്‍വ്വ നിമിഷം. അതിന്റെ നിര്‍വൃതിയില്‍ ലയിച്ചു നില്‍ക്കവേ ഏലിയാമ്മ പറഞ്ഞു.

``ആനന്ദിന്റെ മമ്മിയെ കൂടി കൊണ്ടുപോയാല്‍ നല്ല ചികിത്സ ലഭിക്കും. ഇതൊരു ചാന്‍സാണ്‌. എന്തു പറയുന്നു.''

അതിനോട്‌ യോജിക്കാന്‍ ആനന്ദിന്‌ കഴിഞ്ഞില്ല. എന്റെ അമ്മ മരിക്കുമെന്ന്‌ ഡോക്‌ടേഴ്‌സ്‌ തീര്‍ച്ചപ്പെടത്തിയതാണ്‌. ഇതവര്‍ക്ക്‌ സങ്കല്‌പിക്കാന്‍ കൂടി കഴിയില്ല. അമ്മ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌ ഈശ്വര കാരുണ്യം കൊണ്ടു മാത്രമാണ്‌. എല്ലാവരും തിരസ്‌ക്കരിച്ചപ്പോള്‍ അമ്മയെ സ്വീകരിച്ചത്‌ ഈശ്വരന്‍ മാത്രമാണ്‌. ഈശ്വരന്റെ നിഴല്‍ തന്റെ അമ്മയ്‌ക്കൊപ്പം ഉണ്ടെന്നാണ്‌ ഉറച്ച വിശ്വാസം. തന്റെ അമ്മ എഴുന്നേറ്റ്‌ നടക്കും. സംസാരിക്കും. ഹോമിയോപതി ഡോക്‌ടറായ കന്യാസ്‌ത്രീയമ്മ പറഞ്ഞത്‌ അങ്ങനെയാണ്‌. താനതില്‍ വിശ്വസിക്കുന്നു. തന്റെ അമ്മയ്‌ക്കായി എത്രയെത്ര ഭക്തിഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. വയലിന്‍ വായിച്ചിരിക്കുന്നു. സംഗീതം അമ്മയ്‌ക്ക്‌ നല്ലൊരു മരുന്നാണെന്ന്‌ പലവട്ടം കന്യാസ്‌ത്രീയമ്മയും പറഞ്ഞു. നിത്യവും അമ്മയ്‌ക്കായി വയലിനും ഗിത്താറുമൊക്കെ താന്‍ വായിക്കാറുണ്ട്‌. അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു.

`മമ്മി അതു വേണ്ട, അമ്മയെ കൊണ്ടുപോകാനാവില്ല, അതും ഈ അവസ്ഥയില്‍. എനിക്കറിയാം എന്റെ സംഗീതവും കഥയുമൊക്കെ അമ്മയ്‌ക്ക്‌ ശാന്തിയും സൗഖ്യവും സമ്മാനിക്കുമെന്ന്‌. അതു മാത്രം മതി.'

`ഞാനെന്റെ അഭിപ്രായം പറഞ്ഞുവെന്ന്‌ മാത്രം. എല്ലാം നിന്റെ ഇഷ്‌ടം പോലെ. എന്തായാലും കാര്യങ്ങള്‍ എല്ലാം ഇന്ന്‌ തന്നെ ഈ മെയില്‍ വഴി അവരെ വിവരം അറിയിക്കുന്നുണ്ട്‌. നിങ്ങളൊരു കാര്യം ചെയ്യൂ, മ്യൂസിക്ക്‌ ടീച്ചര്‍ ജോസഫ്‌ സാറിനോടു കൂടി കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞേക്കൂ. ആരെക്കെയാണ്‌ പോകേണ്ടതെന്നു സാറു കൂടി തീരുമാനിക്കട്ടെ.'
ഏലിയാമ്മ അകത്തേക്കു നടന്നു.
`മമ്മീ ഞാനിറങ്ങുകയാണ്‌.''
ആനന്ദ്‌ വിളിച്ചു പറഞ്ഞു.
`ആനന്ദ്‌ ഞാന്‍ നിന്നെ ബസ്‌ സ്റ്റോപ്പില്‍ ഡ്രോപ്പ്‌ ചെയ്യണോ?''
അകത്തു നിന്നു ഓമന വിളിച്ചുചോദിച്ചു.
``വേണ്ട, താങ്ക്‌സ്‌''
മുറ്റത്തേക്ക്‌ ഇറങ്ങി കൊണ്ട്‌ ആനന്ദ്‌ പറഞ്ഞു.
`കൊണ്ടു വിടടീ അവനെ'
ഏലിയാമ്മ അകത്തു നിന്നു പറയുന്നത്‌ ആനന്ദ്‌ കേട്ടു. ഓമന മുറ്റത്തേക്ക്‌ ഓടിയിറങ്ങി വന്നു. പോര്‍ച്ചില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ അവള്‍ സ്റ്റാര്‍ട്ട്‌ ചെയ്‌തു. ആനന്ദ്‌ പിന്നില്‍ ഇരുന്നു.
`എടാ ഒരു സുന്ദരിപ്പെണ്ണിന്റെ പിറകില്‍ ഇരിക്കാന്‍ നിനക്കൊരു ഭാഗ്യമുണ്ടായില്ലേ. സാധാരണ സുന്ദരിമാര്‍ ഇരിക്കുന്നത്‌ ചെറുക്കന്റെ പിറകിലാണ്‌. ദേ വേഗം ഡ്രൈവിംഗ്‌ പഠിച്ചോണം പറഞ്ഞേക്കാം.'
നിന്റെ ആജ്ഞ പാലിക്കാമേ എന്ന ഭാവത്തില്‍ അവന്‍ ശബ്‌ദമുയര്‍ത്തി പുഞ്ചിരിച്ചു.
റോഡുകളും പാലങ്ങളും കടന്ന്‌ ഇളം കാറ്റില്‍ അവന്‍ പൊയ്‌ക്കൊണ്ടിരുന്നു.

** ** ** ** ** ** ** ** ** ** ** ** ** **

വളരെപ്പെട്ടെന്നാണ്‌ ഓരോ ദിവസവും നീങ്ങിയത്‌. ആനന്ദ്‌ ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രയ്‌ക്ക്‌ പ്രിന്‍സിപ്പല്‍ അനുമതി നല്‍കി. ഒപ്പം, കോളേജില്‍ നിന്ന്‌ വന്‍ യാത്രയയപ്പും. ആനന്ദിനും ടീമിനും ലഭിച്ച അസുലഭ സൗഭാഗ്യത്തില്‍ കോളേജ്‌ മുഴുവന്‍ ആനന്ദിച്ചു. എല്ലാവര്‍ക്കും ആനന്ദിനോടുണ്ടായിരുന്ന ആദരവ്‌ വര്‍ധിച്ചു. കോളേജില്‍ മ്യൂസിക്ക്‌ ട്രെയിനിങ്ങിനു പുറമേ, ജോസഫ്‌ മാഷിന്റെ വീട്ടിലും സംഗീത പരിശീലനവും കഥാപ്രസംഗപരിശീലനവും രാപകലില്ലാതെ തുടര്‍ന്നു.

അതിനിടയില്‍ സരളയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
സൂരജിനു ജാമ്യം നിന്നതാണ്‌.

പരോളിലിറങ്ങിയ മകന്‍ മുങ്ങിയപ്പോള്‍, അമ്മയ്‌ക്കെതിരേ കോടതി സമന്‍സ്‌ അയച്ചു. ആരുടെയോ ഉപദേശമാവണം, അമ്മയും രായ്‌ക്കുരാമാനം സ്ഥലം വിട്ടത്രേ. ഒടുവില്‍ ഇതാ പോലീസ്‌ പിടിച്ചിരിക്കുന്നു. സരളയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു കൊണ്ടു പോകുന്ന ചിത്രങ്ങള്‍ പത്രങ്ങളുടെ മുന്‍താളുകളില്‍ വന്നു. സരളയോടും സൂരജിനോടും വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ വാര്‍ത്തകള്‍ ആനന്ദിനെ വേദനിപ്പിക്കുക തന്നെ ചെയ്‌തു.

ക്രിസ്‌മസ്‌ രാവുകളിലേക്ക്‌ നക്ഷത്രങ്ങള്‍ പെയ്‌തിറങ്ങാന്‍ തുടങ്ങുന്ന ഒരു രാത്രി അമേരിക്കയിലേക്ക്‌ പോകാന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഗീതട്രൂപ്പ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഓമനയുടെ തിളങ്ങുന്ന കണ്ണുകള്‍ പോലെ അവളുടുത്ത തുണികളും തിളങ്ങി നിന്നു. അവളുടെ മുഖം പ്രകാശിച്ചു. ജോസഫ്‌ മാഷും കന്യാസ്‌ത്രീയമ്മയും അവര്‍ക്ക്‌ യാത്രമംഗങ്ങളങ്ങള്‍ നേരാനെത്തിയിരുന്നു. എയര്‍പോര്‍ട്ടിന്റെ വിസിറ്റേഴ്‌സ്‌ ഗ്യാലറിയില്‍ നിന്ന്‌ അവര്‍ കൈവിശീ കാണിച്ചു കൊണ്ടേയിരുന്നു. ചെക്കിങ്ങും ക്ലിയറന്‍സുമെല്ലാം വളരെ വേഗം കഴിഞ്ഞു. വിമാനത്തിന്റെ തുറന്നിട്ട കിളിവാതിലൂടെ അവര്‍ അകത്ത്‌ കടന്നു. ആദ്യമായാണ്‌ ഇത്രയടുത്ത്‌ ഒരു വിമാനം കാണുന്നത്‌, വിമാനത്തിനുള്ളില്‍ പുതിയ എയര്‍ ഫ്രഷനറിന്റെ ഗന്ധം നിറഞ്ഞു നിന്നു. ആ ഗന്ധത്തിന്‌ തന്റെ അച്ഛന്റെ മണമാണെന്ന്‌ ആനന്ദിനു തോന്നി. അവന്‍ ഒപ്പമുണ്ടായിരുന്ന ഓമനയുടെ ഉള്ളംകൈയില്‍ മുറുകെ പിടിച്ചു.

വിമാനം ആകാശത്തിന്റെ ഉദരത്തിലേയ്‌ക്ക്‌ പറന്നു.

(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-11: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക