Image

കൗമാരസന്ധ്യകള്‍ (നോവല്‍-12: കാരൂര്‍ സോമന്‍)

Published on 20 September, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-12: കാരൂര്‍ സോമന്‍)
അധ്യായം 12

മൂടല്‍മഞ്ഞ്‌

നല്ല സുഖകരമായ ഉറക്കമായിരുന്നു. ഓമന വന്ന്‌ കതകില്‍ വന്ന്‌ തട്ടിയപ്പോഴായിരുന്നു ആനന്ദ്‌ കതക്‌ തുറന്നത്‌. യാത്രാക്ഷീണത്തിനു പുറമേ, പുതിയൊരു ലോകത്തിലേക്ക്‌ വന്നിറങ്ങിയതിന്റെ മാനസികവും ശാരീരികവുമായ ക്ഷീണവും ഒപ്പമുണ്ടായിരുന്നു. ഉറക്കത്തില്‍ എന്തൊക്കെയോ സ്വപ്‌നം കണ്ടു. താന്‍ ഇതുവരെ എവിടെയായിരുന്നു. വളര്‍ന്നത്‌, വലുതായത്‌, ഒടുവില്‍ അമ്മയെ കൂട്ടാതെ അച്ഛനെ തിരഞ്ഞ്‌ ഈ നാട്ടില്‍.

``എന്തൊരു ഉറക്കമാടാ, ഇത്‌. നീ എണ്ണീല്‍ക്കുമെന്നു കരുതി ഞങ്ങള്‍ ഏറെ നേരമായി കാത്തിരിക്കുകയായിരുന്നു. കാണാഞ്ഞപ്പോള്‍ വന്നു തട്ടിവിളിച്ചതാണ്‌. വേഗം റെഡിയായി താഴേയ്‌ക്ക്‌ വരൂ''

ഓമന അധികാര ഭാവത്തില്‍ പറഞ്ഞു.

``സോറി ഓമനേ, ഉറക്കത്തില്‍ സ്വപ്‌നം കണ്ടൂ, ഉറങ്ങുകയായിരുന്നുവെന്നേ തോന്നിയില്ല. ഞാനേതോ ലോകത്തിലൂടെ ഇങ്ങനെ ജീവിക്കുകയായിരുന്നു. ഓമന വിളച്ചപ്പോഴാണ്‌ സ്ഥലകാലബോധമുണ്ടായത്‌, പത്തു മിനിറ്റ്‌ ഞാന്‍ റെഡിയായി താഴേയ്‌ക്ക്‌ വരാം.''

ആനന്ദ്‌ പറഞ്ഞു. മുറിക്കുള്ളിലെ ജനാല തുറന്നപ്പോള്‍ ഉള്ളിലേക്ക്‌ തണുപ്പ്‌ കയറി വന്നു. മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതിനാല്‍ തണുപ്പ്‌ തോന്നിയതേയില്ല. പുറത്ത്‌ നരച്ച ദൃശ്യങ്ങള്‍ മാറിയിട്ടില്ല. ക്രിസ്‌മസ്‌ മഞ്ഞ്‌ ചുറ്റും നിരന്നു കിടപ്പുണ്ട്‌. മരങ്ങളില്‍ ചെറിയ ഇളക്കം. ഏതോ കിളികളാണ്‌. സൂക്ഷിച്ചു നോക്കിയപ്പോള്‍ പ്രാവുകള്‍ പോലെ ഏതോ കിളികള്‍. അവ കൂട്ടം കൂടി മഞ്ഞ്‌ പുകയിലൂടെ പറക്കുന്നു. ഈ മഞ്ഞില്‍ ഈ പറവകള്‍ക്ക്‌ അവരുടെ വഴി നിശ്ചയമുണ്ടോ? ഇവ നോക്കിനിന്നാല്‍ സമയം പോകുന്നത്‌ അറിയില്ല, ഓമനയും സുഹൃത്തുക്കളും കാത്തിരുന്നു മടുത്തിട്ടുണ്ടാവും. ആനന്ദ്‌ പ്രഭാതകൃത്യങ്ങളില്‍ നിര്‍വഹിക്കുന്നതില്‍ വ്യാപൃതനായി.

പിറ്റേന്ന്‌ വൈകിട്ട്‌ അവരുടെ പ്രോഗ്രാം മലയാളി അസോസിയേഷന്റേ നേതൃത്വത്തില്‍ പാരീഷ്‌ ഹാളില്‍ നടക്കുന്നുണ്ടായിരുന്നു. റിഹേഴ്‌സലില്‍ എല്ലാവരും പ്രത്യേക സംതൃപ്‌തി രേഖപ്പെടുത്തി. പാപ്പച്ചനും പരിപാടികള്‍ ഇഷ്‌ടപ്പെട്ടു. പ്രൊഫഷണല്‍ ടീമുകളോടു കിടപിടിക്കുന്ന രീതിയിലാണ്‌ എല്ലാവരുടെയും പെര്‍ഫോമന്‍സ്‌ എന്നു പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്നു കൈയടിച്ചു. ആനന്ദിനെ പ്രത്യേകം പുകഴ്‌ത്തി പറഞ്ഞപ്പോള്‍ ഓമന ഏറെ നേരം പരിസരം മറന്നു കൈയടിച്ചു. എല്ലാവരും അവളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ നാണത്തില്‍ കുതിര്‍ന്ന്‌ അവള്‍ തല താഴ്‌ത്തി.

ഓമനയുടെ പ്രാര്‍ത്ഥനാഗീതത്തോടെയായിരുന്നു സംഗീതസന്ധ്യയുടെ തുടക്കം.
നഗരത്തിലെ മലയാളികള്‍ അവര്‍ക്ക്‌ ഹര്‍ഷോന്മുഖമായ വരവേല്‍പ്പ്‌ നല്‌കി.
അവരുടെ പാട്ടും നൃത്തവും കഥാപ്രസംഗവും പ്രേക്ഷകരില്‍ കുങ്കുമതിലകം ചാര്‍ത്തി.
ആനന്ദ്‌ അവതരിപ്പിച്ച കഥപ്രസംഗത്തിന്റെ കഥ അവന്റെതു തന്നെയായിരുന്നു.

`അച്ഛനെ തേടുന്ന മകന്‍' കഥയുടെ അന്ത്യത്തില്‍ മകനെ മറോടമര്‍ത്തി ചുംബിക്കുന്ന ഒരച്ഛനെയാണ്‌ അവതരിപ്പിക്കുന്നത്‌. അതിലെ ഓരോ ഗാനവും കഥയും അവന്റെ ഹൃദയത്തില്‍ രക്തം കൊണ്ട്‌ എഴുതപ്പെട്ടതായിരുന്നു. ആരുടെയും കരളലിയിക്കുന്ന കഥ. അത്‌ സ്വന്തം അനുഭവമാണെന്ന്‌ പരിപാടിക്കു മുന്‍പു തന്നെ പാപ്പച്ചന്‍ സദസ്സിനെ അറിയിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ അവനോട്‌ അനുകമ്പ തോന്നി. പുറത്ത്‌ വന്നവര്‍ക്ക്‌ അത്‌ ഒരു ചര്‍ച്ചാവിഷയമായി.

പാപ്പച്ചനും ജെസ്സിക്കും എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു.

സദസ്സിലുണ്ടായിരുന്നവരെല്ലാം എല്ലാ മറന്നിരുന്നു. നിശ്ചലമായ ഒരു സദസ്സില്‍ മുട്ടുസൂചി വീണാല്‍ പോലും അറിയുന്ന നിശ്ശബ്‌ദത. നിലാവ്‌ പെയ്യുന്ന രാവില്‍ കുളിരിളം കാറ്റായി പാട്ടുകള്‍ നിറഞ്ഞു നിന്നു. സ്വന്തമായി പാട്ടുകള്‍ എഴുതി സംഗീതം നല്‍കി പാടുക. വാദ്യോപകരണങ്ങള്‍ മാറി മാറി ഉപയോഗിക്കുക. ആസ്വാദ്യകരമായ നൃത്തങ്ങള്‍ അവതരിക്കുക, സ്വന്തമായി കഥകള്‍ എഴുതി കഥാപ്രസംഗങ്ങള്‍ നടത്തുക അങ്ങനെ ആനന്ദും സംഘവും അവതരിപ്പിച്ച എല്ലാ പരിപാടികളും പ്രേക്ഷകരില്‍ ആശ്വര്യമാണുയര്‍ത്തിയത്‌.

മനുഷ്യമനസ്സിന്‌ സംതൃപ്‌തി പകരുന്ന വിഭവങ്ങളാണ്‌ ഓരോന്നും. അത്‌ മനുഷ്യനെ മനുഷ്യനാക്കി ആത്മാവിന്റെ ഉന്നതിയിലേയ്‌ക്ക്‌ നടത്തുന്നു. പാപ്പച്ചന്‌ തോന്നിയത്‌ അദ്ദേഹംതുറന്നു പറഞ്ഞു.

`നിങ്ങള്‍ എല്ലാവരും ഞങ്ങളെ ആശ്ചര്യപ്പെടുത്തി.'

ജീവിതത്തില്‍ ആദ്യമായി ലഭിച്ച ഒരപൂര്‍വ്വ ബഹുമതിയായിട്ടാണ്‌ അവര്‍ പാപ്പച്ചന്‍ അങ്കിളിന്റെ വാക്കുകളെ കണ്ടത്‌. സദസ്സിലെ മങ്ങിയ വെളിച്ചത്തില്‍ നിശ്ചയദാര്‍ഢ്യവും ആദര്‍ശവും കലയുടെ ഭംഗിയും ശുദ്ധിയും അവര്‍ നിലനിര്‍ത്തിയിരുന്നു. ഓരോരോ കോമാളി വേഷങ്ങള്‍ കെട്ടി ആഭാസവാക്കുകളുപയോഗിച്ച്‌ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ അവര്‍ക്കഗ്രഹമില്ലായിരുന്നു. മറ്റുള്ളവര്‍ സ്വയം ഓരോരോ വിലയിരുത്തുകള്‍ നടത്തിയപ്പോള്‍ ആനന്ദിന്‌ തോന്നിയത്‌ മറ്റൊന്നായിരുന്നു.

സ്വന്തം സ്വാതന്ത്ര്യത്തില്‍ നിന്ന്‌ നാം എന്ത്‌ നേടി?
ദാരിദ്ര്യമോ അതോ പട്ടിണിയോ?

ജനാധിപത്യം എന്തെന്നറിയാത്തവര്‍ക്കും ജീവിത്തതില്‍ വെറും അസ്ഥികൂടങ്ങളായി സ്വാതന്ത്ര്യമനുഭവിക്കാനേ നിര്‍വ്വാഹമുള്ളൂ. ഇതൊക്കെ തിരിച്ചറിയണമെങ്കില്‍ അറിവ്‌ വേണം. അല്ലെങ്കില്‍ വിവേകമുണ്ടാകണം. അതുണ്ടായാല്‍ വിപ്ലവം വേണോ! വിലയേറിയ വോട്ട്‌ കൊടുക്കണോ! വടികൊടുത്ത്‌ അടി വാങ്ങണോ എന്നൊക്കെ ചിന്തിക്കൂ. കലയും അതുപോലെ തന്നെയാണ്‌. തലയില്‍ ഒരല്‌പം ആരാധന ജനിക്കണം. കലായാണോ വലുത്‌ കലാകാരനോ എന്നത്‌ അപ്പോള്‍ മാത്രമേ തിരിച്ചറിയൂ. ആവശ്യമുള്ളതും, ഇല്ലാത്തതുമൊക്കെ പേറിക്കൊണ്ട്‌ നടക്കുന്ന ഒരു സമൂഹം യാഥാര്‍ത്ഥ്യം എന്തെന്നറിയാതെ പാലും തേനും കൊടുത്തു വളര്‍ത്തിയവരെ കൊത്തികൊല്ലുന്ന വിഷപാമ്പുകളുടെ കാലം!

അടുത്ത പ്രോഗ്രാം ന്യൂജേഴ്‌സിയിലാണ്‌. രണ്ടു ദിവസത്തെ ഇടവേളയുണ്ട്‌. എല്ലാവരും പ്രോഗ്രാം റിഹേഴ്‌സലുകളുമായി പാപ്പച്ചന്റെ വീട്ടില്‍ സജീവമായി. മുറ്റത്ത്‌ ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്‌ദം കേട്ടപ്പോള്‍ പാപ്പച്ചനെ കാണാനെത്തിയ ഏതോ സന്ദര്‍ശകനാണെന്നേ കൂടെയുണ്ടായിരുന്നവര്‍ കരുതിയുള്ളു. വാതില്‍ തുറന്ന പാപ്പച്ചന്‍ വിളിച്ചു പറഞ്ഞു.

`ഓമനെ ഓടിവന്നേ. ദേ ആരാ വന്നതെന്ന്‌ നോക്ക്‌' ആ വാക്കുകള്‍ അടുത്ത മുറിയിലിരുന്ന ഓമനയുടെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങി. സൂര്യപ്രഭയില്‍ മഞ്ഞ്‌ തുള്ളികള്‍ ഉരുകിയൊലിച്ചുപോയി.

ഓമന ഓടിയെത്തി. കണ്മുകളില്‍ അത്ഭുതം സ്‌ഫുരിച്ചു. പപ്പയും മമ്മിയും. ഇവരെന്താ പറയാതെ വന്നത്‌. അവര്‍ക്ക്‌ പിറകെ അങ്കിളുമുണ്ട്‌. അവളുടെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. അവള്‍ ഓടിച്ചെന്നു മമ്മിയെയും പപ്പായെയും കെട്ടിപ്പിടിച്ചു ചുംബിച്ചു. ജെസ്സിയും ഇറങ്ങി വന്നു. ഏലിയാമ്മ ജെസ്സിയുടെ നെറുകയില്‍ ചുംബിച്ചു. പാപ്പച്ചന്‍ അവരുടെ പെട്ടികള്‍ മുറിയിലേക്ക്‌ കൊണ്ടുപോയി. ചുരുണ്ട തലമുടിയും ബ്രഞ്ച്‌ താടിയുമുള്ള ഓമനയുടെ പിതാവ്‌ ഡാനിയേല്‍ കണ്ണട എടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു. നെറ്റിയില്‍ ചുളിവുകളുള്ള ഡാനി നെറ്റിചുളിച്ചുകൊണ്ട്‌ കണ്ണി മിഴിച്ചു നിന്ന ആനന്ദിനോട്‌ ചോദിച്ചു.

`ആനന്ദ്‌ കൂട്ടുകാരെല്ലാം എവിടെ? '
മുകളില്‍നിന്ന്‌ രാജീവും സിബിയും താഴേക്ക്‌ വന്നു. സിബി പരാതി പറഞ്ഞു.
`അങ്കിളും ആന്റിയും വരുന്ന കാര്യം ഇവള്‍ ഞങ്ങളോടും പറഞ്ഞില്ലല്ലോ.'
ഏലിയാമ്മയും ഡാനിയേലും ചിരിച്ചു.

`സിബി പിണങ്ങേണ്ട. ഈ വരവ്‌ അവള്‍ക്കറിയില്ല. നിങ്ങളെ ഒന്ന്‌ ആശ്ചര്യപ്പെടുത്താനല്ലേ ഈ കാര്യം മറച്ചു വെച്ചത്‌. എന്തായാലും എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ അല്ലേ?''

ഏലിയാമ്മയുടെ മറുപടി ഓമനയെ തൃപ്‌തിയാക്കിയില്ല.

ദുബായില്‍ പോയിരുന്ന മമ്മി ഇവിടെക്ക്‌ വരുമെന്ന്‌ നാട്ടില്‍ വെച്ചുപോലും ഒരു സൂചന തരാത്തതില്‍ അവള്‍ പരിഭവം പ്രകടിപ്പിച്ചു. അമ്മയും മകളും അങ്ങോട്ടുമിങ്ങോട്ടും പരാതിയും പരിഭവങ്ങളും പറഞ്ഞുകൊണ്ടിരിക്കെ ജെസ്സി അവരെ കാപ്പി കുടിക്കാനായി അകത്തേയ്‌ക്ക്‌ ക്ഷണിച്ചു.

എല്ലാവരും തീന്‍മേശയുടെ ചുറ്റുമിരുന്ന്‌ തമാശകള്‍ പറഞ്ഞ്‌ ചിരിച്ചു.
ആനന്ദിന്‌ ചിരിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല.
അവനറിയാതെ തന്നെ ഉള്ളില്‍നിന്ന്‌ വേദനകളുടെ കെട്ടഴിക്കുകയായിരുന്നു.
ഓമന മാതാപിതാക്കള്‍ക്കൊപ്പം സന്തോഷം പങ്കിടുന്നു.
തന്റെ ഹൃദയമോ മാതാപിതാക്കള്‍ക്കായി വേദനിക്കുന്നു.
മനസ്സ്‌ ഞെരുങ്ങുന്നു.

ഇനി ഒരു പ്രോഗ്രാം കൂടി മാത്രമേ യുള്ളൂ. ഏതാനും ദിവസം കഴിയുമ്പോള്‍ മടങ്ങിപ്പോകും. അച്ഛനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. വേദനയോടെ മടങ്ങി പോകേണ്ടി വരുമോ? മനസ്സ്‌ നൊമ്പരപ്പെട്ടു. മറ്റുള്ളവര്‍ നോക്കുമ്പോഴൊക്കെ സന്തോഷവാനായി അഭിനയിക്കുകയാണ്‌. വയ്യ, ഇങ്ങനെ അഭിനയിക്കാന്‍. ഒന്നു പൊട്ടിക്കരയാന്‍ പറ്റിയിരുന്നുവെങ്കില്‍, ഏലിയാമ്മയുടെ സാന്നിധ്യം ആനന്ദിനു നേരിയ ആശ്വാസമായിരുന്നുവെങ്കിലും അച്ഛനെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തില്‍ മനസ്സു നീറുകയായിരുന്നു.

`എന്താ ആനന്ദ്‌, ഒരു മൂഡോഫ്‌?'
കാപ്പി മൊത്തി കുടിക്കുന്നതിനിടയില്‍ ആന്ദിനോടായി ഡാനിയേല്‍ ചോദിച്ചു.
`ഇല്ല അങ്കിള്‍, പ്രോഗ്രാമ്മിനെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു'
ആനന്ദ്‌ ഒരു കള്ളം പറഞ്ഞു.
`എനി പ്രോബ്ലാം?'
ഡാനിയേല്‍ ചോദിച്ചു.

`അതല്ല അങ്കിള്‍, ഞങ്ങളുടെ പ്രോഗ്രാം ഇതുവരെ അങ്കിള്‍ കണ്ടിട്ടില്ലല്ലോ. ന്യൂജേഴ്‌സിയില്‍ നടക്കുന്ന പരിപാടിയില്‍ അങ്കിളും ഉണ്ടാവുമല്ലോ. അതോര്‍ത്തുള്ള ടെന്‍ഷനാണ്‌, വേറെയൊരു പ്രശ്‌നമവുമില്ല.'

കൂെടയുണ്ടായിരുന്ന രാജീവ്‌ പറഞ്ഞു. ഓമനയ്‌ക്ക്‌ കാര്യം മനസ്സിലായി. വന്നു കയറിയപ്പോള്‍ തന്നെ പപ്പയോട്‌ ആനന്ദിന്റെ കാര്യം പറയേണ്ടെന്നു കരുതിയാവും രാജീവ്‌ നുണ പറഞ്ഞതെന്നു ഓമനയ്‌ക്ക്‌ തോന്നി. ആനന്ദിന്റെ മാനസികാവസ്ഥയോര്‍ത്തപ്പോള്‍ അവള്‍ക്കു ദുഃഖം വന്നു. പെട്ടെന്ന്‌ ടേബിളില്‍ നിശബ്‌ദത പടര്‍ന്നു. അതൊഴിവാക്കാനായി രാജീവ്‌ ചോദിച്ചു.

`അങ്കിള്‍ ഞങ്ങള്‍ക്കൊപ്പം നാട്ടില്‍ വരുന്നുണ്ടോ?'
`നാട്ടില്‍ വരുന്നുണ്ട്‌, പക്ഷേ ഒരാഴ്‌ച കഴിഞ്ഞ്‌ മടങ്ങിപ്പോകും.'
ഡാനിയേല്‍ പറഞ്ഞു.

`എന്നാലും ചേട്ടാ ഇനിയെങ്കിലും ഈ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്ന്‌ ജീവിച്ചുകൂടെ? ' ജെസ്സി ചോദിച്ചു.

`എന്റെ അനുജത്തിയുടെ നല്ല മനസ്സിന്‌ നന്ദി. എന്റെ ഭാര്യയ്‌ക്കുകൂടി തോന്നേണ്ടേ?'
ഏലിയാമ്മ കണ്ണുകള്‍ കൂര്‍പ്പിച്ചു ഡാനിയേലിനെ നോക്കി.
എല്ലാവരും ഏലിയാമ്മയെ സംശയത്തോടെ നോക്കി.

ഏലിയാമ്മയുടെ നോട്ടത്തില്‍ അടങ്ങിയിരുന്നത്‌ താനിത്‌ സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യമാണല്ലോ എന്നായിരുന്നു.

`ചേട്ടന്‍ പറഞ്ഞത്‌ നിങ്ങളെല്ലാവരും കേട്ടല്ലോ. ഞാനാണ്‌ ഇദ്ദേഹം മടങ്ങിവരാത്തതിന്‌ കാരണം'
ഏലിയാമ്മ പറഞ്ഞു.
`അതിലെന്ത്‌ തെറ്റ്‌. ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. അഭിപ്രായം പറയാന്‍.'
പാപ്പച്ചന്റെ അഭിപ്രായത്തോടു എല്ലാവരും യോജിച്ചു.

എന്നാല്‍ അങ്ങനെ വിട്ടു കൊടുക്കാന്‍ ഏലിയാമ്മ തയ്യാറായിരുന്നില്ല. എല്ലാവരും തന്നെ ക്രൂശക്കുന്നതു പോലെ അവര്‍ക്കു തോന്നി. അവസരം കിട്ടിയപ്പോള്‍ പറയാതിരിക്കുന്നത്‌ ശരിയല്ല, ഡാനിയേലിനെ തറപ്പിച്ച നോക്കി കൊണ്ടു ഏലിയാമ്മ തുടര്‍ന്നു.

`ഇന്ന്‌ ഞാന്‍ പറയുന്നു. ഈ അവധി കഴിഞ്ഞ്‌ ചെന്നാലുടന്‍ രാജിവെക്കണം. എന്താ, അതിന്‌ തയ്യാറാണോ?'

ഏലിയാമ്മ അങ്ങനെ സംസാരിക്കുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഡാനിയുടെ പുരികകൊടികള്‍ ഉയര്‍ന്നു. അദ്ദേഹം ഏലിയാമ്മയുടെ മുഖത്തേയ്‌ക്ക്‌ ഉറ്റുനോക്കി. തന്റെ വാക്കല്‍ തന്നെ സ്വന്തം ഭാര്യ തളച്ചിരിക്കുന്നു. സമഷത്തില്‍ വെറുതെ പറഞ്ഞ ഒരു പാഴ്‌വാക്കായിരുന്നു. അതിങ്ങനെയാവുമെന്നു ആരെങ്കിലും കരുതിയോ?

`ഈ കാര്യത്തില്‍ ഇങ്ങനെ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കഴിയുമോ?'
ഡാനിയേല്‍ പറഞ്ഞു.

എല്ലാവരും നിര്‍ന്നിമേഷം നോക്കിയിരുന്നു. മുറ്റത്തെ തിളങ്ങുന്ന മഞ്ഞിന്‌ മുകളില്‍ നീല വെളിച്ചം പോലെ ഡാനിയേലിന്റെ മനസ്സും മങ്ങി.

`ഞാനിങ്ങോട്ട്‌ വന്നത്‌ നിങ്ങളുടെ പ്രോഗ്രാം കാണാനാണ്‌. അല്ലാതെ ഇത്തരമൊരു വിഷയം സംസാരിക്കാനോ അതിനൊരു തീരുമാനമുണ്ടാക്കാനോ അല്ല. ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ ആകെ പിരിഞ്ഞിരിക്കുന്നത്‌ ആറുമാസമാണ്‌. അതൊരു പ്രയാസമുണ്ടാക്കുന്ന കാര്യമാണോ?'

ഏലിയാമ്മ മറ്റുള്ളവരോടായി പറഞ്ഞു.
`ഇതിന്‌ മറുപടി ഞാന്‍ പറയുന്നില്ല. നിങ്ങള്‍ പറഞ്ഞോ.'
`അങ്കിള്‍ മടങ്ങിവരണം.'
ആനന്ദ്‌ ആവശ്യപ്പെട്ടു. എല്ലാവരും അതിനോടു യോജിച്ചു.
`ഇത്‌ ഞങ്ങളുടെ അന്തിമവിധിയാണ്‌ ഡാനിചേട്ടാ'
ഓമന സരസമായി പറഞ്ഞു.

ഡാനിയേല്‍ മറുപടി പറയാതെ മൗനത്തിലാണ്ടു. പെട്ടെന്ന്‌ ഡാനിയേല്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ഓമന ഓടിച്ചെന്ന്‌ പപ്പായെ തോളില്‍ പിടിച്ചിരുത്തിയിട്ട്‌ പറഞ്ഞു.

`ഡാനിച്ചേട്ടന്‍ ഇതിനു മറുപടി പറഞ്ഞിട്ട്‌ പോയാല്‍ മതി. ആണുങ്ങളായാല്‍ വാക്കിന്‌ വിലവേണ്ടായോ.'

``എടി പെണ്ണിന്റെ വാക്കിനും വിലയുണ്ട്‌ കേട്ടോ? പിന്നെ ഈ ആണുങ്ങളെ പോലെ വിളിച്ചു കൂവി നടക്കില്ലെന്നു മാത്രം.'

ജെസ്സിയുടെ മറുപടി കേട്ട്‌ ഏലിയാമ്മ പുഞ്ചിരിച്ചു.
ഭര്‍ത്താവ്‌ ഇപ്പോഴൊരു വിഷമസന്ധിയിലെന്ന്‌ മനസ്സിലാക്കി ഏലിയാമ്മ ഒരു ധൈര്യത്തിനായി പറഞ്ഞു,

`എന്തിനാ ഡാനിച്ചാ ഈ പണമെല്ലാം . ഒരു മോളല്ലേയുള്ളൂ. ഇവിടുത്തുകാരെ പോലെ അവള്‍ ജോലിചെയ്‌തു അവള്‍ക്കുള്ളതു കണ്ടെത്തുകയും ജീവിച്ചുകൊള്ളുകയും ചെയ്യും.'

`നിങ്ങള്‍ അവളെയോര്‍ത്ത്‌ വിഷമിക്കേണ്ട. അവള്‍ക്ക്‌ നല്ലൊരു പയ്യനെ ഇവിടുന്ന്‌ കണ്ടെത്തുന്ന കാര്യം ഞാനേറ്റു. ഇവിടെയാവുമ്പോള്‍ സ്‌ത്രീധനവും സ്വര്‍ണ്ണവുമൊന്നും കൊടുക്കേണ്ട.'

പാപ്പച്ചന്റെ മറുപടി കേട്ട്‌ ഓമന തുറിച്ചു നോക്കി. പുഞ്ചിരിച്ചുകൊണ്ടു നിന്ന അവളുടെ മുഖം മങ്ങി. കണ്ണുകളില്‍ നിരാശ പ്രത്യക്ഷപ്പെട്ടു. മനസ്സൊരു കൊടും കാറ്റില്‍ ഉഴലുന്നതുപോലെ തോന്നി.

`ഞങ്ങളുടെ ആഗ്രഹവും അത്‌ തന്നെയാണ്‌.'
എലിയാമ്മയുടെ മറുപടി കേട്ടവള്‍ ഞെട്ടുകതന്നെ ചെയ്‌തു.

ഒരു പെണ്ണിന്റെ ഭാവി മാതാപിതാക്കളുടെ കൈയ്യിലാണ്‌. അവരെ തിരസ്‌ക്കരിക്കാനാവില്ല. ദുഃഖത്തോടെ ആനന്ദിന്റെ മുഖത്തേയ്‌ക്ക്‌ നോക്കി. നിങ്ങള്‍ എന്താണ്‌ കരുതുന്നത്‌. ആനന്ദിനെ പിരിഞ്ഞ്‌ ഞാന്‍ ജീവിക്കുമെന്നോ? ഞാന്‍ ജീവനോടിരിക്കുമെങ്കില്‍ മറ്റൊരു പുരുഷന്‍ എന്റെ ജീവിതത്തിലേയ്‌ക്ക്‌ കടന്നു വരില്ല. എന്റെ മനസ്സും ഹൃദയവും പൂര്‍ണ്ണമായി അവനില്‍ അര്‍പ്പിക്കപ്പെട്ടതാണ്‌. അതൊക്കെ പറയേണ്ട സമയമല്ലിത്‌. ആ വിഷമത്തില്‍ നിന്ന്‌ രക്ഷ നേടാനായി അവള്‍ പറഞ്ഞു.

`അല്ലേ നമ്മള്‍ പറഞ്ഞ കാര്യത്തില്‍ നിന്ന്‌ രാഷ്‌ട്രീയക്കാരെപ്പോലെ ശ്രദ്ധ തിരിച്ചു വിടല്ലേ. പിന്നെ വിവാഹം. അത്‌ ഞാന്‍ സമയമാകുമ്പോള്‍ പരസ്യപ്പെടുത്താം. എന്തായാലും ഇവിടുത്തെ ഒരു ചെറുക്കനെ കെട്ടാന്‍ ഞാനില്ല. അങ്കിളേ കേരളത്തില്‍ ചെറുക്കന്മാരില്ലെങ്കില്‍ ഞാനറിയിക്കാം കേട്ടോ?'

രാജീവും ജെസ്സിയും, സിബിയും അത്‌ കൈയടിച്ച്‌ പാസ്സാക്കി.
`അങ്കിളേ വെറുതെ ആമ്പിള്ളാര്‍ക്കൊന്നും വാക്കു കൊടുക്കല്ലേ.' സിബി ഓര്‍മ്മിപ്പിച്ചു.
`ഞാന്‍ പറഞ്ഞത്‌ പിന്‍വലിച്ചിരിക്കുന്നു. ഇനിയും ഡാനിച്ചായന്റെ അഭിപ്രായമാണറിയേണ്ടത്‌'
പാപ്പച്ചന്‍ പറഞ്ഞു.

മനസ്സില്‍ ഒരല്‌പം ധൈര്യമുണ്ടായിരുന്നത്‌ ചോര്‍ന്നു പോയെന്നു ഡാനിയേലിനു തോന്നി. ഗള്‍ഫിലെ പണത്തിനോടു മനസ്സിന്‌ തീവ്രമായ ആഗ്രഹമുണ്ടെങ്കിലും ഇവരുടെ മുന്നല്‍ വെച്ച്‌ ഒരു ഭീരുവിനെ പോലെ ഒളിച്ചോടാനാകില്ല. എല്ലാവരുടെയും മിഴികള്‍ ഉദ്വേഗത്തോടെ തന്റെ നേര്‍ക്കാണ്‌. മനുഷ്യന്റെ ആഗ്രഹങ്ങളല്ലേ ഒരിക്കലുമവസാനിക്കാറില്ല. ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ സന്തോഷത്തെ ഹനിക്കുന്നതാകാനും പാടില്ല. ഏലിയാമ്മ പലപ്പോഴും മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ്‌. അത്‌ നിരന്തരം മനസ്സില്‍ കടന്നു വരികയും ചെയ്‌തിട്ടുണ്ട്‌. അതവളുടെ മനസ്സില്‍ മുറിവുണ്ടാക്കിയിട്ടില്ലെന്നാണ്‌ വിശ്വാസം. ഗള്‍ഫില്‍ നിന്ന്‌ മടങ്ങിചെല്ലുന്ന മലയാളികളുടെ ജീവിതം അധഃപതനത്തിന്റെ വക്കിലെന്നറിയാം. മനസ്സില്‍ നുരഞ്ഞു പൊന്തുന്ന വെറുപ്പുകളൊന്നും ഇവിടെ പ്രകടിപ്പിച്ചിട്ടും ഫലമില്ല. മനഷ്യന്റെ വിശ്വാസവും രക്തവും ഊറ്റിക്കുടിക്കുന്നത്‌ ജനാധിപത്യമാണോ മതമാണോ ഇതൊന്നും ഇവിടുത്തെ വിഷയമല്ല. അവരുടെ തീരുമാനത്തില്‍ അവന്‍ ഉറച്ചു നില്‌ക്കണം. അതില്‍ വ്യാകുലപ്പെട്ടിട്ട്‌ കാര്യമില്ല. വയസ്സ്‌ നാല്‌പത്താറായി. നാട്ടില്‍ വന്ന്‌ എന്ത്‌ ചെയ്യാനാണ്‌. ഒരു നല്ലകൃഷിക്കാരനാകുക. മനസ്സില്‍ കൃഷി പറമ്പുകള്‍ തെളിഞ്ഞു വന്നു. അതിന്‌ തടസ്സമൊന്നും ഉണ്ടായില്ലെന്ന്‌ കരുതുന്നു.

`ഡാനിച്ചായന്‍ ഐ.ടി.യില്‍ സാമര്‍ത്ഥ്യമുള്ള ആളല്ലേ. നാട്ടീല്‍ അങ്ങനെ എന്തെങ്കിലും ബിസ്സിനസ്സ്‌ താലപര്യമുണ്ടെങ്കില്‍ എന്റെ കമ്പനിയുമായി കോര്‍പറേറ്റ്‌ ചെയ്യാം. എന്താ മനസ്സിലെ പ്ലാന്‍ പറയൂ.'

`ഇനിയും കമ്പ്യൂട്ടറുകളുമായി മല്ലടിക്കാനില്ല. എനിക്ക്‌ എന്റെ അച്ഛനെ പോലെ നല്ലൊരു കൃഷിക്കാരനാകണം.'

ഡാനിയേലിന്റെ അഭിപ്രായം കേട്ട്‌ എല്ലാവരും കൈയ്യടിച്ചു.
` അത്‌ നല്ല ഐഡിയാ. ഈ കെവി....... വളര്‍ത്തിയ വാഴക്കായും പാവക്കായും ചീരയൊന്നും കഴിക്കേണ്ടി വരില്ലല്ലോ.'

എലിയാമ്മയുടെ മറുപടി കേട്ടപ്പോള്‍ ഓമന പറഞ്ഞു.
`ഡാനിച്ചേട്ടന്‍ ഇപ്പോഴും ജോലി രാജി വെക്കുന്ന കാര്യം പറഞ്ഞില്ല'

`ഇവള്‍ക്കും അവടെ അമ്മയെപ്പോലെ പോലിസ്സിന്റെ ബുദ്ധിയാ. ഞാന്‍ രാജിവെക്കാന്‍ തയ്യാറാണ്‌. കമ്പ്യൂട്ടര്‍ എന്‍ജീനിയര്‍ ഇനിയും മണ്ണിന്റെ എന്‍ജീനിയര്‍ മതിയല്ലോ'

വീണ്ടും വര്‍ഷാരാവം മുഴങ്ങി.
ഏലിയാമ്മയുടെ ഉത്‌ക്കടമായ ആഗ്രഹത്തിന്‌ വിരാമുണ്ടായി.

`എന്തായാലും ഒരു കൃഷിക്കാരനാകുമെന്ന്‌ പറഞ്ഞതില്‍ സന്തോഷം. എത്രയോ വര്‍ഷങ്ങളായി ഏക്കറു കണക്കിനു പറമ്പുകള്‍ വെറുതെ കിടക്കുന്നു.'

`കൃഷി ഉപകരണങ്ങള്‍ വല്ലതും ഇവിടുന്ന്‌ കൊണ്ടുപോകണോ?'
`ജെസ്സി നീ ആ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടാ. നല്ല കുന്താലിയും മമ്മട്ടിയുമൊക്കെ നാട്ടില്‍ കിട്ടും.'
ഡാനിയേല്‍ താടിയില്‍ തടവിയപ്പോള്‍ പാപ്പച്ചന്‍ പറഞ്ഞു.
`ഒരു കൃഷിക്കാരനായാല്‍ പിന്നെ ഈ ഫ്രഞ്ച്‌ താടിയുടെ ആവശ്യം വരില്ല കേട്ടോ.'

അവര്‍ ചിരിച്ചു.

വര്‍ക്കിയുടെ സഹായത്തിന്‌ ഏലിയാമ്മ എത്തി. മറുപടി പാപ്പച്ചന്‌ അനുകൂലമായിരുന്നില്ല.

`എന്റെ ചേട്ടന്റെ താടി കണ്ടാല്‍ ഏത്‌ പെണ്ണും ഒന്ന്‌ നോക്കില്ലേ. അതവിടെ ഇരിക്കട്ടെ. എനിക്കും അതാ ഇഷ്‌ടം. വീണ്ടും ചിരിയുര്‍ന്നു. ആ മുഖത്തേയ്‌ക്ക്‌ ആദരവോടെ നോക്കി. ഉള്ളില്‍ സന്തോഷം നിറഞ്ഞു കവിഞ്ഞു. ഭര്‍ത്താവ്‌ മരുഭൂമി ജീവിതത്തില്‍ നിന്ന്‌ മരുപച്ചയിലേക്ക്‌ വന്ന്‌ തന്നെ ആലിംഗനം ചെയ്യുന്നതായി തോന്നി. അവളുടെ കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷകമായി. വരാനിരിക്കുന്ന സന്തോഷം അവളെ സ്വര്‍ഗ്ഗത്തോളമുയര്‍ത്തി. വരണ്ടും ഉണങ്ങിയിരുന്ന ഹൃദയത്തില്‍ ഒരു നനവിന്റെ അനുഭവം. സൂര്യന്റെ പരിലാളനയോട്‌ വിരിയുന്ന പൂവുപോലെ ഹൃദയം വിരിഞ്ഞു. മനസ്സില്‍ സുഗന്ധം പരന്നു.

ഇതിനിടയില്‍ ജെസ്സിയുടെ വാക്കുകള്‍ പുറത്ത്‌ വന്നു.

`ഇങ്ങനെയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ചേട്ടനും ചേച്ചിക്കും യാത്രാക്ഷീണമുണ്ട്‌. വന്നേ ഞാന്‍ മുറി കാണിച്ചു തരാം.'

എല്ലാവരും പിരിഞ്ഞുപോയി.

ഓമന മുറ്റത്തേയ്‌ക്ക്‌ നോക്കി. അന്തരീക്ഷത്തില്‍ തിളങ്ങുന്ന മഞ്ഞു പൂക്കള്‍ പറവകളെപ്പോലെ ചിറകടിച്ച്‌ പറക്കുന്നു. അത്‌ അവര്‍ക്ക്‌ ഒരു പുതുമയുള്ള കാഴ്‌ചയായിരുന്നു.

മഴപോലെ മഞ്ഞ്‌ പെയ്‌തിറങ്ങുന്നു.

നേരം പുലര്‍ന്നിട്ടും വീടിനു മുകളില്‍ താവളമടിച്ച്‌ കിടന്ന മഞ്ഞ്‌ പോയിട്ടില്ല. എല്ലാം വീടുകളിലും മുകളിലും മരങ്ങളിലും റോഡുകളിലും മഞ്ഞ്‌ വെള്ള പുതപ്പായി മാറിയിരിക്കുന്നു. മനുഷ്യന്‍ ഉറങ്ങുമ്പോള്‍ ഇവര്‍ വീടിന്‌ മുകളില്‍ താവളമുറപ്പിക്കുന്നു. സൂര്യനെ കാണുമ്പോള്‍ ഭയന്ന്‌ ഉരുകിയൊലിച്ചുപോകുന്നു.

ജനാലയിലൂടെ മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ചു നിന്ന ആനന്ദിന്‌ അങ്ങനെയാണ്‌ തോന്നിയത്‌.

ഓമന മഞ്ഞ്‌ പൂക്കളെ പിടിക്കാനായി പുറത്ത്‌ ഓടുന്നതവന്‍ കണ്ടു.
അവളുടെ മുടിയിലും കമ്പിളികളിലും മഞ്ഞ്‌ പ്രകാശിച്ചു നിന്നു.
സിബിയും രംഗത്തുണ്ട്‌. രണ്ട്‌ പേരും ഓടികളിക്കുന്നു.

ആനന്ദ്‌ ജനാലയിലൂടെ നോക്കിനില്‍ക്കുന്നത്‌ താഴെ നിന്ന്‌ രാജീവ്‌ കണ്ടു. അവന്‍ അത്യുത്സാഹത്തോടെ ആനന്ദിനെ വിളിച്ചു. മഞ്ഞിനു പിന്നാലെ ഓടിക്കളിക്കാന്‍ ആനന്ദിനു താത്‌പര്യമുണ്ടായിരുന്നില്ലെങ്കിലും രാജീവിന്റെ ക്ഷണം നിരസിക്കാന്‍ കഴിഞ്ഞില്ല. ആനന്ദ്‌ അവര്‍ക്കൊപ്പം ചേര്‍ന്നു. ഓരോരുത്തരുടെയും കൈകയില്‍ മഞ്ഞുണ്ട്‌. ഒരാള്‍ മറ്റൊരാളെ അതെറിയുന്നു. തെല്ലും വേദനയേയില്ല. മഞ്ഞ്‌ ശരീരത്തില്‍ വീഴുമ്പോള്‍ തെറിച്ചു പോകുന്നു.

തണുത്ത കാറ്റും മഞ്ഞു പൂക്കളെ വര്‍ഷിച്ചുകൊണ്ടേയിരുന്നു. അടുത്തുള്ള റോഡില്‍ കുട്ടികള്‍ മഞ്ഞിലൂടെ രണ്ട്‌ വടികളില്‍ സവാരി നടത്തുന്നു. എല്ലാവരുടെയും കമ്പിളിയുടുപ്പുകളില്‍ മഞ്ഞ്‌ പൂക്കള്‍ വിശ്രമിച്ചു. ഓമന ആനന്ദിന്‌ നേരെയും സിബി രാജീവിന്‌ നേരെയും മഞ്ഞ്‌ വാരിയെറിഞ്ഞു. ഓമനയുടെ ചിരിക്കുന്ന മുഖം വെളുത്ത മഞ്ഞ്‌ പോലെ തിളങ്ങി. ആ ചിരിയില്‍ ഒരു സുന്ദരിപെണ്ണിന്റെ വശ്യതയും മനോഹാരിതയും നിറഞ്ഞിരുന്നു. ആ സൂര്യപ്രഭയില്‍ ആകാശത്ത്‌ നിന്നു സാരിയുടെ ഞൊറിവുകള്‍ പോലെ മഞ്ഞ്‌ പൂക്കള്‍ വന്നുകൊണ്ടിരുന്നു. അവളുടെ കവിളുകള്‍ മഞ്ഞില്‍ ചുവന്ന്‌ തുടുത്തിരുന്നു. വിരിഞ്ഞു നില്‌ക്കുന്ന പൂവുപോലൊരു മുഖം. മറക്കാനാവാത്ത ഒരനുഭവമായി മഞ്ഞുപൂക്കള്‍.

എല്ലാവരും ക്ഷീണതരായി. മഞ്ഞ്‌ മണ്ണില്‍ വെണ്‍ പുതപ്പണിഞ്ഞു. പെട്ടെന്ന്‌ കാലാവസ്ഥ മാറി. മഞ്ഞ്‌മഴ ചാറിതുടങ്ങി. അപ്രതീക്ഷിതമായെത്തിയ മഴ അവരെ വരാന്തയിലേക്ക്‌ ഓടിച്ചു. കമ്പിളിയുടുപ്പുകളില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞ്‌ ആനന്ദ്‌ തട്ടികളഞ്ഞു. മഞ്ഞ്‌ മഴക്കൊപ്പം അരുവികളായിയൊഴുകി. ആകാശത്തു പൂവിട്ടു നിന്ന മഞ്ഞ്‌ ചിറകടിച്ചു പറന്നു. അന്തരീക്ഷം മഞ്ഞിന്റെ മൂടല്‍പടങ്ങളാല്‍ നിറഞ്ഞു. മനസ്സിനുണ്ടായ ആനന്ദാനുഭൂതിക്കൊപ്പം ആനന്ദിന്റെയും ഓമനയുടെയും കൈവിരലുകളിലും മുഖങ്ങളിലും തണുപ്പു കയറി തുടങ്ങിയിരുന്നു. സൂര്യപ്രഭയില്‍ മഞ്ഞുരുകും പോലെ ആനന്ദിന്റെ കണ്ണില്‍ സ്‌നേഹസാഗരം അലയടിക്കുന്നത്‌ ഓമന തിരിച്ചറിഞ്ഞു.

(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-12: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക