Image

തുറന്നിട്ട ജാലകം: കഥ-ഡോ.സി.എന്‍.എന്‍.നായര്‍

ഡോ.സി.എന്‍.എന്‍.നായര്‍ Published on 28 September, 2015
തുറന്നിട്ട ജാലകം: കഥ-ഡോ.സി.എന്‍.എന്‍.നായര്‍
തുറന്നിട്ട ജാലകം {H.H.Saki യുടെ 'The Open Window' എന്ന കഥയുടെ സ്വതന്ത്രവിവര്‍ത്തനം}
 
“മി.നട്ടെല്‍, എന്റെ ചിറ്റ ഏറെ തമാസിയാതെ ഇവിടെയെത്തും,” അതിസമര്‍ത്ഥയെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന ആ പതിനഞ്ചു വയസ്സുകാരി ആത്മവിശ്വാസം സ്ഫുരിക്കുന്ന സ്വരത്തില്‍ അയാളോടു പറഞ്ഞു; “അതിനിടയ്ക്ക് നമുക്കെന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം.” 

ആ പെണ്‍കുട്ടിയെ പ്രീതിപ്പെടുത്താനും 'ചിറ്റ'വന്നെത്തുന്നതുവരെയുള്ള സമയം അങ്ങനെ ചെലവഴിക്കാനും മി.ഫ്രാംടണ്‍ നട്ടെല്‍ തീരുമാനിച്ചു. വിദൂരമായ ഈ സുഖവാസസ്ഥലത്ത് അയാള്‍ വന്നെത്തിയത് തന്റ മാനസികാസ്വസ്ഥതയ്ക്ക് ഒരു പരിഹാരമെന്ന നിലയിലാണ്. അങ്ങനെയിരിക്കെ, തീര്‍ത്തും അപരിചിതരായ വ്യക്തികളുമായി ആവര്‍ത്തിച്ചിടപഴകുന്നത് ആ ഉദ്ദേശ്യത്തിനെത്ര കണ്ട് ഉപയുക്തമാകുമെന്നയാള്‍ സംശയിക്കാതിരുന്നില്ല.

ഈ ഗ്രാമപ്രദേശത്തുള്ള 'റിസോര്‍ട്ടി'ലേക്ക് മാറിത്താമസിച്ച് മനഃസുഖം വീണ്ടെടുക്കാമെന്ന പദ്ധതി കേട്ടപ്പോഴേ അയാളുടെ സഹോദരി പറഞ്ഞു: “ഇതെങ്ങിനെയായിത്തീരുമെന്ന് എനിക്കറിയാം. നീ അവിടെ ഒറ്റയ്ക്ക് - തനിച്ചിരുന്ന്, ജീവനുള്ള ഒരു മനുഷ്യരുമായി സംസാരിക്കപോലും ചെയ്യാതെ ബോറടിക്കും. നിന്റെ മനസ്സിന് ഉത്തേജകമായോ ഉന്മേഷകരമായോ ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല. ഏതായാലും അവിടെ എനിക്കറിയാവുന്ന ചിലരുടെ പേരില്‍ ഞാന്‍ നിന്നെ പരിചയപ്പെടുത്തുന്ന ചില കത്തുകള്‍ തരാം. അവരില്‍ ചിലരെങ്കിലും തീര്‍ച്ചയായും നല്ലവരാണ്. നിനക്ക് ഉപകാരമായേക്കും.”

അതില്‍ ഒരു കത്തുമായി താന്‍ ഇപ്പോള്‍ കാണാന്‍ വന്നിരിക്കുന്ന മിസ്സിസ്സ് സാപ്പിള്‍ട്ടണ്‍. ആ 'നല്ലവരി'ല്‍പ്പെടുമോ എന്ന് നട്ടെല്‍ ആലോചിച്ചുപോയി.

“ താങ്കള്‍ക്ക് ഇവിടെയുള്ളവരെയൊക്കെ പരിചയമുണ്ടോ?” തങ്ങളുടെയിടയിലെ നിശ്ശബ്ദതയുടെ ദൈര്‍ഘ്യം ഏറിയെന്നു തോന്നിയതുപോലെ ആ പെണ്‍കുട്ടി ചോദിച്ചു.

“ ഇവിടെ ഒരൊറ്റയാളെപ്പോലും എനിക്കു പരിചയമില്ല;” അയാള്‍ പറഞ്ഞു. ഏതാണ്ട് നാലുവര്‍ഷം മുമ്പ് എന്റെ സഹോദരി ഈ ഇടവകയിലാണ് താമസിച്ചിരുന്നത്, അവരാണ് എന്നെ പരിചയപ്പെടുത്തുവാന്‍ കത്തു തന്നയച്ചിരിക്കുന്നത്.” അതു പറഞ്ഞപ്പോള്‍ അയാളുടെ സ്വരത്തില്‍ അസ്പഷ്ടമായ ഒരു വിഷാദഛായ ഉണ്ടായിരുന്നതുപോലെ.

“അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് എന്റെ ചിറ്റയെപ്പറ്റി യാതൊന്നുമറിയില്ല എന്നാണ്, അല്ലേ ?” ആ കുട്ടി, ഏറെ പ്രസരിപ്പോടെ തറപ്പിച്ച് ചോദിച്ചു.

“ അവരുടെ പേരും മേ.വി.വും മാത്രം!”, അയാള്‍ പറഞ്ഞു, മിസ്സസ്സ് സാപ്പിള്‍ട്ടണ്‍ ഇപ്പോള്‍ ഭര്‍തൃമതിയാണോ വിധവയാണോ എന്നയാള്‍ ആലോചിച്ചു. ഏതായാലും ആ മുറിയില്‍ ഒരു അദൃശ്യപുരുഷസാന്നിദ്ധ്യം അയാള്‍ക്കനുഭവപ്പെട്ടു.

“ചിറ്റയുടെ ജീവിതത്തിലെ ഏറ്റവും ദയനീയമായ ആ ദുരന്തം സംഭവിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം മൂന്നുവര്‍ഷമാകുന്നു. നിങ്ങളുടെ സഹോദരി ഇവിടെനിന്നും പോയതില്‍ പിന്നീടാണത് നടന്നത്” ആ പെണ്‍കുട്ടി പറയാന്‍ തുടങ്ങി.

“ അവര്‍ക്ക് ദുരന്തം സംഭവിച്ചെന്നോ?,” അവിശ്വസനീയമായ, സ്വരത്തിലയാള്‍ ചോദിച്ചു. പ്രശാന്തസുന്ദരമായ, സ്വച്ഛശീതളമായ, ഇവിടെ ദുഃഖത്തിനു പ്രവേശനമോ? അയാള്‍ അതിശയിച്ചുപോയി!

' ഇതാ, ഈ ഒക്‌ടോബര്‍ സായാഹ്നത്തില്‍പോലും ഇക്കാണുന്ന ജനാല മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചു കാണും, ഇല്ലേ? അവള്‍ മുറിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിശാലമായ ഫ്രഞ്ചുജനാല : വാതില്‍പോലെ തറപറ്റിയുള്ള വാതായനം ചൂണ്ടിക്കാട്ടി അയാളോടു പറഞ്ഞു.

'ഒരു പക്ഷേ, ഈ സമയത്ത് നല്ല ചൂടായതിനാലാവുമോ?' അയാള്‍ ചോദിച്ചു:” അതിരിയ്ക്കട്ടെ, , ഈ ജനാലയ്ക്കും അവരുടെ ദുരന്തത്തിനും തമ്മിലെന്തു ബന്ധം?”

“മൂന്നു വര്‍ഷം മുമ്പ്, ഇതേ ദിവസം എന്റെ ചിറ്റയുടെ ഭര്‍ത്താവും ചിറ്റയുടെ രണ്ടു സഹോദരന്മാരും കൂടി ഈ ജനാല വഴിയാണ് കടല്‍പുള്ളുകളെ വേട്ടയാടാനായി പോയത്. വേട്ടയാടാന്‍ പോകുമ്പോളുപയോഗിക്കുന്ന കാലുറകളില്‍ നിന്നും ചെളിപുരണ്ട് പ്രധാനമുറിയിലെ കാര്‍പ്പെറ്റും മറ്റും വൃത്തികേടാക്കുന്നതൊഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. അവര്‍ മടങ്ങി വന്നില്ല. സാധാരണ ഒരു ചതുപ്പുനിലം കഴിഞ്ഞാണ് അവര്‍ക്കു വേട്ടയ്ക്കു പോകേണ്ടിയിരുന്നത്, ഇവിടെ ചില സമയങ്ങളില്‍ നല്ല ദൃഢതയുള്ള നിലംപോലും അപ്രതീക്ഷിതമായി ചതുപ്പായി മാറാറുണ്ട്. അങ്ങിനെ, പോയവഴി, അവരെ ചതുപ്പ് വിഴുങ്ങിയതാവണം. അവരുടെ ശരീരംപോലും കിട്ടിയില്ല എന്നതാണ് ഏറ്റവും ദുസ്സഹമായത്.”- ആ പെണ്‍കുട്ടിയുടെ സ്വരം ഇപ്പോള്‍ അതിന്റെ സ്വച്ഛത വെടിഞ്ഞ് വികാരനിര്‍ഭരമായി മാറി. ഒരു ഗദ്ഗദത്തോടെ അവള്‍ തുടര്‍ന്നു. “എന്റെ പാവം ചിറ്റയുടെ വിചാരം അവര്‍ എന്നെങ്കിലും മടങ്ങിവരുമെന്നു തന്നെയാണ്. അവരും അവരുടെ കൂടെപ്പോയ ഒരു സ്പാനിയല്‍ വേട്ടനായും…എല്ലാവരും കൂടി അവര്‍ വെളിയിലേയ്ക്കുപോയ ഇതാ, ഇതേ ജനാലവഴി പതിവുപോലെ കയറിവരും. അതുകൊണ്ടാണ് ഈ ജനാല അടയ്ക്കാതെ, നല്ല ഇരുട്ടാവുന്നതുവരെ തുറന്നിട്ടു കൊണ്ടായിരിക്കുന്നത്. പാവം ചിറ്റ! അവര്‍ പുറത്തുപോയ കാര്യം പറയുമ്പോള്‍ പോലും ചിറ്റയുടെ സ്വരം ഇടറും. അവരുടെ ഭര്‍ത്താവിന്റെ കയ്യില്‍ ഒരു വെളുത്ത ഓവര്‍ക്കോട്ടും തൂക്കിയിട്ടിട്ടുണ്ടായിരുന്നത്രേ! ചിറ്റയുടെ ഇളയ അനിയന്‍ ചേച്ചിയെ കളിയാക്കാന്‍ കാണുമ്പോളൊക്കെ:” ബെര്‍ട്ടീ- നീയെന്തിനാണ്….” എന്ന മൂളിപ്പാട്ടു പാടുമായിരുന്നു. ഇതുപോലെ പ്രശാന്തമായ ചില സന്ധ്യകളില്‍ എനിക്ക് രോമാഞ്ചമുണ്ടാക്കുന്ന ചില ഭയാനകചിന്തകള്‍ കത്തിപ്പടര്‍ന്നു കയറുന്നതുപോലെ തോന്നും- അവരെല്ലാം അതാ, ആ ജനാലവഴി ഇപ്പോള്‍ കയറിവരുമെന്ന്!”

പെട്ടെന്ന് ഞെട്ടിയിട്ടെന്നപോലെ അവള്‍ സംസാരം നിര്‍ത്തി. കാത്തിരുന്ന മിസ്സിസ് സാപ്പിള്‍ട്ടണ്‍ -ന്റെ വരവ് അയാള്‍ക്ക് ആശ്വസജനകമായിരുന്നു. അവരാകട്ടെ, താന്‍ താമസിച്ചു പോയതിനു ക്ഷമാപണം നിരത്തിവെച്ചു. എന്നിരുന്നാലും മിടുക്കിയായ തന്റെ 'വേര'- ആ പെണ്‍കുട്ടിയുടെ പേര്‍ അതായിരുന്നു- അയാളെ മുഷിപ്പിക്കാതെ വേണ്ടവിധം ശ്രദ്ധിച്ചുകാണുമോ എന്ന് അവര്‍ സ്വയം സമാശ്വസിച്ചു.

“ആ കുട്ടി വേണ്ട മര്യാദകളെല്ലാം ചെയ്തു,” അയാള്‍ പ്രതിവചിച്ചു.

“ ഈ വലിയ ജനാല ഇങ്ങിനെ തുറന്നിട്ടിരിക്കുന്നതില്‍ താങ്കള്‍ക്കുവിഷമമൊന്നുമില്ലെന്നു കരുതട്ടെ?” 
മുഖവുരയൊന്നുമില്ലാതെ അവര്‍ തുടങ്ങി.” എന്റെ രണ്ടു സഹോദരന്മാര്‍ ഭര്‍ത്താവുമൊത്ത് കടല്‍പ്പുള്ളിനെ വേട്ടായാടാന്‍ ഇന്നു രാവിലെ പോയതാണ്. അവര്‍ ഇപ്പോള്‍ മടങ്ങിവരും, ചതുപ്പു നിലത്തിനപ്പുറമാണവര്‍ വേട്ടയ്ക്കുപോയത്. തിരികെവരുമ്പോള്‍ ഈ ജനാലയിലൂടെ മാത്രമേ അകത്തേയ്ക്കു കയറാവൂ എന്നു ഞാന്‍ നിഷ്‌ക്കര്‍ഷിച്ചത് എന്റെ നല്ല കാര്‍പ്പെറ്റൊന്നും വൃത്തികേടാക്കാതിരിക്കാനാണ്. അതുകൊണ്ടാണ് ഈ ജനാല ഇങ്ങിനെ തുറിന്നിട്ടിരിക്കുന്നത്.”

ഇക്കാലത്ത് പഴയതുപോലെ കടല്‍പ്പുള്ളുകളെ കിട്ടാത്തതിന്റെ വൈഷമ്യത്തെപ്പറ്റിയും, ശരത്കാലത്ത് കാട്ടുതാറാവുകളെ കിട്ടാനുള്ള സൗകര്യത്തെപ്പറ്റിയും മറ്റും അവര്‍ വിവരിച്ചുകൊണ്ടേയിരുന്നു. ഫ്രാംടണെ സംബന്ധിച്ചിടത്തോളം ഇതൊരു ഭീകരപ്രശ്‌നമായി മാറി. സംഭാഷണം കുറേക്കൂടി സൗമ്യമായ വിഷയങ്ങളിലേക്കു തിരിച്ചുവിടാനുള്ള അയാളുടെ ശ്രമം നിഷ്ഫലമായി. തന്റെ ആതിഥേയയുടെ ശ്രദ്ധയുടെ ഒരംശം പോലും തനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ ലഭിക്കുന്നില്ലെന്നയാള്‍ക്കു മനസ്സിലായി. മിസ്സിസ്സ് സാപ്പിള്‍ട്ടണ്‍-ന്റെ ദൃഷ്ടികള്‍ നിരന്തരം ആ ജനാലയിലൂടെ വെളിമ്പ്രദേശത്തേക്കു മാത്രം ഊന്നിയിരിക്കയായിരുന്നു. തീര്‍ച്ചയായും ആ ദുരന്തത്തിന്റെ വാര്‍ഷികദിനമായ ഇന്നു തന്നെ താന്‍ ഇവിടെ വന്നെത്തിയത് അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി എന്നയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

എന്തായാലും അയാള്‍ പറഞ്ഞു.

“മാനസികമായോ ശാരീരികമായോ യാതൊരുവിധത്തിലും അധികം ആയാസപ്പെടരുതെന്നാണ് എല്ലാ ഡോക്ടര്‍മാരുടെയും ഐക്യകണ്ഠമായ നിര്‍ദ്ദേശം. ഒരിക്കലും അതിരു കടന്ന ആവേശത്തിനടിമയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ നിഷ്‌ക്കര്‍ഷിച്ചു,” തീര്‍ത്തും അപരിചിതരായാലും, വഴിക്കു വെച്ചു പരിചയപ്പെട്ടവരായാലും തങ്ങളുടെ രോഗവിവരങ്ങളെപ്പറ്റിയും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളെപ്പറ്റിയും അവരെല്ലാം ഏറെ തല്പരരായിരിക്കുമെന്നു എല്ലാ രോഗികള്‍ക്കുമുള്ള വിചാരം ഫ്രാംടണും ഉണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു:” പക്ഷേ, ആഹാരക്രമീകരണത്തിന്റെ കാര്യത്തില്‍ മാത്രം അവര്‍ക്ക് അഭിപ്രായഐക്യം ഉണ്ടായിരുന്നില്ലെന്നു മാത്രം!”

“ഇല്ലേ?' എന്ന മിസ്സിസ്സ് സാപ്പിള്‍ട്ടണ്‍-ന്റെ പ്രതികരണം അവര്‍ ഒരു കോട്ടുവായിട്ടതുപോലെ നിരുദ്ദേശപരമായിരുന്നു. പെട്ടെന്ന് അവരുടെ കണ്ണുകള്‍ വിടര്‍ന്നു. മുഖം പ്രസന്നമായി. ശ്രദ്ധകൂടുതല്‍ കേന്ദ്രീകൃതമായി. പക്ഷേ, അത് ഫ്രോംടണ്‍-ന്റെ സംസാരത്തിന്റെ പ്രതികരണമോ പ്രതിഫലനമോ ആയിരുന്നില്ല.

“ദാ, അവസാനം അവരെത്തിക്കഴിഞ്ഞു!” – അവര്‍ അത്യാഹ്ലാദമപുരസ്സരം വിളിച്ചുപറഞ്ഞു.” ചായയ്ക്കു സമയത്തിനുതന്നെ ഇങ്ങെത്തി. നോക്കൂ-അവരുടെ കാല്‍ മുതല്‍ മുടിവരെ ചേറില്‍ പൊതിഞ്ഞാണിരിക്കുന്നത്!”

ഫ്രാംടണ്‍ ചെറുതായൊന്നു വിറച്ചു. അനുകമ്പാപൂര്‍ണ്ണമായ ഒരു നോട്ടം അയാള്‍ ആ പെണ്‍കുട്ടി- 'വേര'-യുടെ നേര്‍ക്കയച്ചു. അവളാകട്ടെ ആ ജനാലയ്ക്കപ്പുറത്തേക്കു വിദൂരതയിലേക്ക് ഉല്‍ക്കണ്ഠാപൂര്‍വ്വം നോക്കുകയായിരുന്നു. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചു കണ്ടു. ആ ഒരു നിശ്ചേഷ്ട നിമിഷത്തില്‍, പ്രകടിപ്പിക്കാനാവാത്ത ഭയത്തോടെ ഫ്രാംടണും, നേരേ തിരിഞ്ഞ്, ജനാലയ്ക്കു വേളിയിലേയ്ക്ക്, അവരുടെ ദൃഷ്ടിപഥത്തിലേക്കു തന്നെ നോക്കി.

സന്ധ്യയുടെ അരണ്ട വെളിച്ചത്തില്‍ ദൂരെ നിന്നും മൂന്നു മനുഷ്യസ്വരൂപങ്ങള്‍ ആ ജനാലയെ ലക്ഷ്യമാക്കി നടന്നടുക്കുന്നതയാള്‍ കണ്ടു! അവരുടെ കൈകളില്‍ തോക്കുണ്ടായിരുന്നു. ഒരാളുടെ കയ്യിലൂടെ ഒരു വെളുത്ത ഓവര്‍ക്കോട്ട് ഊര്‍ന്നു കിടന്നിരുന്നു. അവരുടെ തൊട്ടുപിന്നാലെ ചുറ്റിപ്പറ്റി ഒരു ചെറിയ സ്പാനിയല്‍ വേട്ടനായും നടക്കുന്നു! ഏതാണ്ട് നിശ്ശബ്ദരായി അവര്‍ ജനാലയെ സമീപിക്കുന്നതു കണ്ട് സ്തബ്ധനായി നിന്നുപോയ ഫ്രാംടണ്‍, അതിലൊരാള്‍ പരുപരുത്തസ്വരത്തില്‍ ഒരു മൂളിപ്പാട്ടു തുടങ്ങിയത് കേട്ടു-”ബെര്‍ട്ടീ…നീയെന്തിനാണ്….!”

നിമിഷങ്ങള്‍ക്കുള്ളില്‍, തന്റെ വാക്കിംഗ്‌സ്‌ററിക്കും ഹാറ്റും തപ്പിയെടുത്ത്, വാതില്‍ തള്ളിത്തുറന്നു പ്രാണവേദനയോടെ മുറ്റത്തേയ്‌ക്കെടുത്തുചാടി എങ്ങിനെയോ ഫ്രാംടണ്‍ ഗെയിറ്റിനു വെളിയിലെത്തി. ആ ബഹളത്തിനിടയ്ക്ക്, അയാള്‍ക്കെതിരേ വന്ന ഒരു സൈക്കിള്‍ സവാരിക്കാരന്‍ ഓടയിലേക്കു മുറിഞ്ഞു വീണില്ലായിരുന്നുവെങ്കില്‍ വലിയ അപകടമായിരുന്നേനേ!
ഫ്രാംടണെ അന്ധകാരം മിഴുങ്ങി.

“ദാ, ഞങ്ങള്‍ പറഞ്ഞ സമയത്തു തന്നെ എത്തിയല്ലോ,” വെളുത്ത കോട്ട് കയ്യില്‍ നിന്നും ഊരിയെറിഞ്ഞയാള്‍ മിസ്സിസ്സ് സാപ്പിള്‍ട്ടണോട് പറഞ്ഞു.” ചെളി കണ്ടമാനം ഉണ്ട് - മിക്കവാറും ഉണങ്ങി…..ങാ! ആരാ ഒരാള്‍ ഇവിടുന്ന് ഇപ്പോള്‍ മിന്നല്‍പോലെ ഓടി മറഞ്ഞത്?”
“തീര്‍ത്തും അസാധാരാണനായ ഒരു മനുഷ്യന്‍---ഒരു മി.നട്ടെല്‍,” മിസ്സിസ്സ് സാപ്പിള്‍ട്ടണ്‍ പറഞ്ഞു. “അയാളുടെ അസുഖത്തെപ്പറ്റി മാത്രമേ സംസാരിച്ചുള്ളൂ. ഉടനേ തന്നേ, ഒരു കാരണവുമില്ലാതെ, ക്ഷമചോദിക്കുന്ന മര്യാദപോലും കാട്ടാതെ ഓടിച്ചാടി മറയുകയും ചെയ്തു. വല്ല ഭൂതമോ മറ്റോ ആണെന്നു തോന്നിപ്പോകും!”

“എനിക്കു തോന്നുന്നത് അയാളെ ഭയപ്പെടുത്തിയത് നമ്മുടെ സ്പാനിയല്‍ വേട്ടനായയാണെന്നാണ്, 'വേര' എന്ന ആ മിടുക്കി പെണ്‍കുട്ടി പറഞ്ഞു. അയാള്‍ക്ക് പട്ടികളെ വളരെ ഭയമാണത്രേ! പണ്ടെന്നോ ഗംഗാനദീതീരത്തുള്ള ഒരു ശ്മശാനത്തില്‍വെച്ച് അയാളെ ഒരു കൂട്ടം പട്ടികള്‍ ആക്രമിച്ചു. 

രക്ഷപ്പെടാനായി ഒരു ശവക്കുഴിയില്‍ ചാടിയ അയാള്‍ക്ക് രാത്രി മുഴുവന്‍ അതില്‍ കഴിച്ചു കൂട്ടേണ്ടിവന്നുപോലും, പേപ്പട്ടികള്‍ അയാളുടെ നേരേ കുരച്ചും നാക്കു നീട്ടിയും ആക്രമിക്കാന്‍ ശ്രമിച്ചു. തീര്‍ച്ചയായും ആരും ഭയന്നുപോകും: ഇല്ലേ?”
സ്വകപോലകല്പിതകഥകള്‍ സന്ദര്‍ഭോചിതം മെനഞ്ഞെടുത്ത് അഭിനയിച്ചവതരിപ്പിക്കുന്നതില്‍ 'വേര'യ്ക്കു അനിതര സാധാരണമായ പ്രാവീണ്യമുണ്ടായിരുന്നു.

The Open Window Of H.H.Saki  Tr.by.Dr.C.N.N.Nair

[HECTOR HUGH MUNRO(SAKI) [18.12.1870 to 13.11.1916] British Author & Playwright. Born in Burma; Died in France. Mischievous, Witty and altimes macabre stories. Masters story teller, like O.Henry, “The Open Window” is his best known characteristically brief vignette.]

തുറന്നിട്ട ജാലകം: കഥ-ഡോ.സി.എന്‍.എന്‍.നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക