Image

തുഷാരബിന്ദുക്കള്‍ തേടി... (പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ്‌ തുമ്പയില്‍)

Published on 03 October, 2015
തുഷാരബിന്ദുക്കള്‍ തേടി... (പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ്‌ തുമ്പയില്‍)
ഗിരിമുകളില്‍ നിന്നും തുഷാരബിന്ദുക്കള്‍ അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്ന കാഴ്‌ചകള്‍ എത്ര മനോഹരമായിരിക്കും. ഞാനത്‌ ഓര്‍മ്മിച്ചു നോക്കി. അതേ മനോഹരാരിത മനോമുകളങ്ങില്‍ പീലിവിടര്‍ത്തിയത്‌ നേരിട്ടു കണ്ടപ്പോള്‍.. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അനര്‍വചനീയം എന്നൊക്കെ പറയില്ലേ.. ഏതാണ്ട്‌, അതേ പോലെ തന്നെ. തുഷാരഗിരി കണ്ടപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌ തോന്നിയത്‌. എത്ര മോഹനം, എത്ര മനോജ്ഞം, എത്ര ചേതോഹരം. ആരുമൊരു കവിതയെഴുതി പോകുന്നു പ്രകൃതിലാവണ്യം. മഞ്ഞ്‌ ഒഴുകുകയാണ്‌. മുകളില്‍ നിന്നും താഴെ നിന്നുമൊക്കെ, അതിനിടയിലേക്ക്‌ കുളിര്‍മ്മയുടെ ജലകണങ്ങള്‍ അന്തരീക്ഷത്തിലേക്ക്‌ ചുറ്റിപ്പിണഞ്ഞു കൊണ്ട്‌ ജലക്രീഡ നടത്തുന്നു. തുഷാരഗിരി ആദ്യമായി കണ്ടപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌ തോന്നിയത്‌.

കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരിയിലാണ്‌ തുഷാരഗിരി വെള്ളച്ചാട്ടം. എന്നാല്‍, ഒരു ഭാഗം ജീരകപ്പാറ വനമേഖലയില്‍ ഉള്‍പ്പെട്ടതാണ്‌. ഏകദേശം 300 ഏക്കര്‍ സ്ഥലത്ത്‌ ആദിവാസി കുടികളുമുണ്ട്‌. സഹ്യനും മഞ്ഞുകോടയും അനുരാഗികളായി ആലിംഗനം ചെയ്‌തുനില്‍ക്കുന്ന കാഴ്‌ചയാണ്‌ ഒരുപക്ഷേ, പ്രാദേശികമായി തുഷാരഗിരി എന്ന പേരിനാധാരം. മാത്രവുമല്ല, വനഗര്‍ഭത്തില്‍നിന്ന്‌ വെള്ളച്ചാട്ടത്തിന്റെ കുതിച്ചുള്ള പതനം വിദൂര കാഴ്‌ചയില്‍ ഹിമമലയില്‍നിന്ന്‌ ഹിമപാളി അടര്‍ന്നുവീഴും പോലെയാണ്‌. മഞ്ഞണിഞ്ഞ മലകള്‍ എന്ന്‌ അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ ഏതാണ്ട്‌ താഴ്‌വരയിലാണ്‌. ഒരു ഓണക്കാലത്താണ്‌ മലബാര്‍ കാണാന്‍ പാമ്പാടിയില്‍ നിന്നും കോഴിക്കോട്‌ എത്തിയപ്പോഴാണ്‌ തുഷാരഗിരിയെ നോട്ടമിട്ടത്‌. ഒടുവില്‍ ആ പ്രകൃതി സൗന്ദര്യത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മതിമറന്നു പോയി. വെള്ളച്ചാട്ടങ്ങളുടെ സുതാര്യസൗന്ദര്യം എത്രമാത്രം ഉദാത്തമാണെന്ന്‌ അറിയാതെ ഓര്‍ത്തു പോയി. അതിരപ്പള്ളിയും വാഴച്ചാലുമൊക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്‌. എന്നാല്‍, അന്നൊക്കെയും പറഞ്ഞതു പോലെ, ജീവിതത്തിന്‌ ഓരോ ഭാവമുണ്ടെന്നതു പോലെ തന്നെയാണ്‌ വെള്ളച്ചാട്ടങ്ങള്‍ക്കും. ഓരോന്നിനും ഓരോ ഭാവമാണ്‌. നവരസങ്ങളാണ്‌. തുഷാരഗിര കണ്ടപ്പോള്‍ ഈ ദാര്‍ശനികതത്ത്വം ഒന്നു കൂടി ഉറപ്പിച്ചു.

സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ്‌ തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന്‌ എനിക്കു തോന്നുന്നു. കാരണം, മഞ്ഞിന്റെ അശ്വമേധം ഇല്ലാത്ത സമയമാണിത്‌. ഇല്ലെങ്കില്‍ ഒരു കാഴ്‌ചയും കണ്ണിലേക്ക്‌ കയറാതെ മാറി നിന്നു പോകും. തന്നെയുമല്ല, മഴയൊക്കെ പെയ്‌ത്‌, പ്രകൃതിയൊന്നു പച്ചപിടിച്ചു കുളിര്‍ന്നു നില്‍ക്കുമ്പോഴാണ്‌ ഈ ഭാഗത്ത്‌ ജലസാന്നിധ്യം കൂടുതലുണ്ടാവുകയെന്ന്‌ അവിടെ വച്ച്‌ പരിചയപ്പെട്ട ഒരാള്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിന്‌ ഏറ്റവും ശക്തിയുള്ളത്‌ ഈ കാലയളവിലാണ്‌. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തിലൂടെ ശക്തിനിറഞ്ഞ്‌ താഴേയ്‌ക്ക്‌ വീഴുന്നു. ഈറനണിഞ്ഞ പ്രകൃതി, പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷം, പച്ചിലകളില്‍ ചാറിവീഴുന്ന മഴത്തുള്ളികള്‍ ഉതിര്‍ക്കുന്ന സംഗീതം, അവ മണ്ണിനെ ചുംബിക്കുമ്പോള്‍ ചുറ്റും പരക്കുന്ന പ്രകൃതിയുടെ മദഗന്ധം, മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന്‌ മഴയുടെ താളത്തിന്‌ ശ്രുതിമീട്ടുന്ന പക്ഷികള്‍. ഓരോ നേരത്തും ഇവിടെ ഓരോരോ ഭാവങ്ങളും നിറങ്ങളുമാണ്‌. പ്രകൃതിയെ ഉല്ലാസവതിയായ ഒരു ഋതുമതിയാക്കുന്നതു പോലെയാണ്‌ സഞ്ചാരികളെ തുഷാരിഗിരി വരവേല്‍ക്കുന്നത്‌.

പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉല്‍ഭവിക്കുന്ന രണ്ട്‌ അരുവികള്‍ ഇവിടെ കൂടിച്ചേര്‍ന്ന്‌ ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ്‌ മൂന്ന്‌ വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതില്‍ നിന്നാണ്‌ തുഷാരഗിരി ഉണ്ടാവുന്നത്‌. കോഴിക്കോട്‌ നിന്ന്‌ അമ്പത്‌ കിലോമീറ്റര്‍ അകലെ വൈത്തിരിക്ക്‌ സമീപമാണ്‌ തുഷാരഗിരി. ഞങ്ങള്‍ കോഴിക്കോട്‌ നിന്നു പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഏതാണ്ട്‌ രണ്ടു മണിക്കൂര്‍ കൊണ്ട്‌ ഇവിടെയെത്തി. ദൂരെനിന്നുതന്നെ കേള്‍ക്കാമായിരുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിന്‌ ചുവടുപിടിച്ചായിരുന്നു നടത്തം. ആ മാസ്‌മരിക ശബ്ദം അങ്ങോട്ട്‌ നയിക്കുകയായിരുന്നു. കാടിനുള്ളില്‍നിന്ന്‌ പുറത്തേക്ക്‌ മുഴങ്ങിക്കൊണ്ടിരുന്ന ഇരമ്പല്‍ ഒരു ആര്‍ദ്രനാദം പോലെയായിരുന്നു. കാലാവസ്ഥ അല്‍പ്പം ഈര്‍പ്പം നിറഞ്ഞതായിരുന്നു. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ്‌ തുഷാരഗിരിക്ക്‌ ആ പേര്‌ ലഭിച്ചത്‌. പേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ തുഷാരമായ ഒരു ഗിരിശൃംഖം തന്നെയാണിവിടം. ഇവിടെ നിനിന്ന്‌ കാടിന്റെ വന്യതയിലേക്ക്‌ വേണമെങ്കില്‍ ട്രക്കിങ്‌ പോകാം. കാടിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി, ഇവിടെ നിന്ന്‌ അതിനു വേണ്ട സൗകര്യങ്ങള്‍ ലഭിക്കും. അഡ്വച്ചര്‍ ട്രക്കിങ്‌ സംഘടിപ്പിക്കാന്‍ സ്വകാര്യ സംഘങ്ങളും റെഡിയായി നില്‍പ്പുണ്ട്‌. ഞങ്ങളെ വട്ടമിട്ടും ഒരു സംഘമെത്തി. എന്നാല്‍, അതിനുള്ള തയ്യാറെടുപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ ഒഴിഞ്ഞു മാറി. ഇവിടെ നിന്നു കയറിയാല്‍ വയനാട്ടിലെ വൈത്തിരിയിലാണ്‌ എത്തുക. റബ്ബര്‍, ജാതിക്ക, കുരുമുളക്‌, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക്‌ പ്രിയങ്കരമാണ്‌. സാഹസിക മലകയറ്റക്കാര്‍ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തില്‍ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട്‌ വയനാട്‌ ജില്ലയിലെ വൈത്തിരിയില്‍ എത്തുന്നു. അത്രയും ദൂരം കാട്ടിലൂടെ കാടിന്റെ ശബ്ദവും മണവുമൊക്കെ ആസ്വദിച്ച്‌ സഞ്ചരിക്കുക എന്നത്‌ എത്രമാത്രം ത്രില്ലായിരിക്കുമെന്ന്‌ ഓര്‍ത്തു നോക്കി. ഞാന്‍ നിരവധി കാനനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും തുഷാരഗിരി ശൃംഖം കയറി ഒരിക്കല്‍ വൈത്തിരിയിലെത്തണമെന്ന്‌ മനസ്സില്‍ ഉറപ്പിച്ചു. അതിനുള്ള കാര്യങ്ങള്‍ എല്ലാം തന്നെ ചോദിച്ചു ഉറപ്പിക്കുകയും ചെയ്‌തു.

തുഷാരഗിരി വെള്ളച്ചാട്ടങ്ങില്‍ ഏറ്റവും ഉയരം കൂടിയത്‌ തേന്‍പാറ വെള്ളച്ചാട്ടം ആണ്‌. 75 മീറ്റര്‍ ആണ്‌ ഇതിന്റെ പൊക്കം. തുഷാരഗിരി പല പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്‌. ഇവിടെ അടുത്തായി രണ്ട്‌ അണക്കെട്ടുകളും ഉണ്ട്‌. നാല്‌ പ്രധാന വെള്ളച്ചാട്ടങ്ങളാണ്‌ തുഷാരഗിരിയിലുള്ളത്‌. ഈരാറ്റുമുക്ക്‌ വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം (അവിഞ്ഞിതോട്‌). പശ്ചിമഘട്ടത്തില്‍നിന്ന്‌ ഉദ്‌ഭവിക്കുന്ന രണ്ട്‌ കൈവഴികളിലാണ്‌ ഈ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. ഈരാറ്റുമുക്ക്‌, മഴവില്‍ വെള്ളച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിവ ഒരു കൈവഴിയിലാണ്‌. മറ്റൊരു കൈവഴിയിലാണ്‌ തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ്‌ ഏറ്റവും ഉയരം കൂടുതല്‍ ഏകദേശം 240 അടി. മറ്റുള്ളവക്ക്‌ ശരാശരി 100125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച്‌ കി.മീ. കാടിനുള്ളിലേക്ക്‌ പോകണം തേന്‍പാറ (അവിഞ്ഞിതോട്‌) വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത്‌ അങ്ങോട്ടുള്ള പോക്ക്‌ അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക്‌ എന്ന സ്ഥലത്ത്‌ സംഗമിക്കുന്നു. അവിടന്നങ്ങോട്ട്‌ ഇത്‌ ചാലിപ്പുഴ എന്ന പേരിലാണ്‌ ഒഴുകുന്നത്‌.

തുഷാരഗിരി വനമേഖലയില്‍ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടത്രേ. 60 വര്‍ഷം മുമ്പ്‌ അന്യം നിന്ന്‌ പോയെന്ന്‌ കരുതപ്പെട്ടിരുന്ന ട്രാവന്‍കൂര്‍ ഈവനിംഗ്‌ ബ്രൗണ്‍ എന്ന ചിത്രശലഭം ഈ ചിത്രശലഭ വര്‍ഗ്ഗത്തിലെ പ്രധാന ഇനമാണ്‌. ആന, കാട്ടുപോത്ത്‌, മാന്‍, കേഴ, കരിങ്കുരങ്ങ്‌, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും മലമ്പ്രാവ്‌, ചെമ്പോത്ത്‌, കരിന്തലച്ചികിളി, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളുംകൊണ്ട്‌ സമ്പന്നമാണ്‌ ഇവിടത്തെ വനമേഖല.

വള്ളികളില്‍ തൂങ്ങിനിന്ന വനപുഷ്‌പങ്ങളിലെ വാസനയും മഴ നനഞ്ഞ്‌ കുതിര്‍ന്ന ചാമ്പ്രാണി മരത്തിന്റെയും വയണ മരത്തിന്റെയും മറ്റും മരപ്പട്ട (തൊലി) യില്‍നിന്ന്‌ പരന്ന മണവും കൂടിക്കലര്‍ന്ന പ്രത്യേക സുഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍പുണ്ടായിരുന്നു. പാറകള്‍ക്ക്‌ മുകളിലൂടെ പതഞ്ഞൊഴുകുന്ന കാഴ്‌ച അങ്ങേയറ്റം ഹരം പകരുന്നതാണ്‌. വഴുക്കില്ലാത്ത ഒരു പാറമേല്‍ പിടിച്ചുകൊണ്ട്‌ മുട്ടോളം വെള്ളത്തിലിറങ്ങിനിന്നു. അവിശ്വസനീയമായിരുന്നു ആ തണുപ്പ്‌. തുഷാരഗിരി എന്ന പേരിന്‌ പകരംവെക്കാനാകാത്ത മഞ്ഞിന്റെ തണുപ്പായിരുന്നു വെള്ളത്തിന്‌. വെള്ളത്തില്‍നിന്ന്‌ ഒരു പ്രത്യേക ഉന്മേഷം ശരീരത്തില്‍ ഇരച്ചുകയറുന്നതുപോലെ അനുഭവപ്പെട്ടു. പലതരം ഔഷധഗുണങ്ങളുള്ള വേരുകളുടെയും സസ്യങ്ങളുടെയും ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാകും വെള്ളത്തിനിത്രയും ഊര്‍ജം പകരാന്‍ കഴിയുന്നത്‌.

വലിയൊരു മഴ വരുന്നതു കണ്ടതോടെ, ഞങ്ങള്‍ തിരിച്ചിറക്കത്തിനു കോപ്പ്‌ കൂട്ടി. മടങ്ങാനുള്ള ഒരുക്കത്തില്‍ ഒരിക്കല്‍ കൂടി തുഷാരഗിരിയുടെ മാദകത്തണുപ്പിനെ തൊട്ടു നിന്നു. പിന്നെ, ഉള്ളില്‍ നന്ദി പറഞ്ഞ്‌ കൊണ്ട്‌ കാലടികള്‍ നീട്ടിവച്ചു.

(തുടരും)
തുഷാരബിന്ദുക്കള്‍ തേടി... (പ്രകൃതിയുടെ നിഴലുകള്‍ തേടി: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക