Image

മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ `അനുസ്‌മരണം' (ലേഖനം: എ.സി. ജോര്‍ജ്‌)

Published on 13 October, 2015
മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ `അനുസ്‌മരണം' (ലേഖനം: എ.സി. ജോര്‍ജ്‌)
സംഗീത സംവിധായകനായ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചിട്ട്‌ 2 വര്‍ഷം. ഡിസമ്പര്‍ 2, 1919ല്‍ ജനിച്ച കെ. രാഘവന്‍ മാസ്റ്റര്‍ ഒക്‌ടോബര്‍ 19-ാംതീയതി 2013ല്‍ 99-ാം വയസ്സില്‍ നിര്യാതനായി.

മലയാള സിനിമാ-നാടകഗാന-കാവ്യങ്ങള്‍ക്ക്‌ സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കു ന്ന താളഭാവത്തിന്റെ കേരളത്തിലെ വലിയ പ്രതിഭാവിലാസമാണ്‌ കെ. രാഘവന്‍ മാസ്റ്റര്‍. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണദ്ദേഹത്തിന്റെ ഗാനങ്ങളെന്ന്‌ ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു. തലശ്ശേരി താലൂക്കില്‍ തലായി എന്ന പ്രദേശത്ത്‌ കുഞ്ഞിന്‍ വീട്ടില്‍ കൃഷ്‌ണന്റേയും പാര്‍വ്വതിയുടേയും മകനായ രാഘവന്‍, മലയാളഗാന കാവ്യങ്ങള്‍ക്ക്‌ താളരാഗങ്ങള്‍ മാത്രമെ ചിട്ടപ്പെടുത്താവൂ എന്ന വാശിക്കാരനാണ്‌ ആ സംഗീത സംവിധായ കന്‍. ഓടിനടന്നോ, അധികം ഒച്ചവെച്ചോ ഈണം നല്‍കുന്ന സ്വഭാവം രാഘവനില്ല. ഏതാണ്ട്‌ അറുപത്തിഅഞ്ചോളം സിനിമയ്‌ക്കും, ഏതാനും നാടകങ്ങള്‍ക്കുമാണ്‌ മാസ്റ്റര്‍ സംഗീതം നല്‍കിയിട്ടുള്ളത്‌. സ്വന്തം ജീവിതം പോലെ തന്നെ താന്‍ സ്വരപ്പെടുത്തുന്ന പാട്ടുകള്‍ക്കും സംഗീതോപകരണങ്ങളുടെ അതിരുകവിഞ്ഞ ആര്‍ഭാടം ആവശ്യമില്ലെന്നാ ണ്‌ അദ്ദേഹത്തിന്റെ വാദം. ഓര്‍ക്കസ്‌ട്രായുടെ ശബ്‌ദകോലോഹലം ഗാനസാഹിത്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്‌ കാവ്യഭംഗി നഷ്‌ടപ്പെടാന്‍ ഇടയാക്കുമെന്ന്‌ അദ്ദേഹം വിശ്വസിക്കു ന്നു. ഈ കാര്യത്തിലാണ്‌ പുതിയ സംവിധായകരേയും നിര്‍മ്മാതാക്കളേയും കുറിച്ച്‌ മാസ്റ്റര്‍ ക്കുള്ള പരാതി. ഇത്തരം ശബ്‌ദാധിക്യം അനിയന്ത്രിതമായി വരുന്നതില്‍ പാട്ടുസാഹിത്യ ത്തിന്റെ വര്‍ണ്ണങ്ങള്‍ക്കും, സന്ധിസമാസങ്ങള്‍ക്കുമൊക്കെ അകല്‍ച്ചയും, അതുമൂലം അഭംഗിയും സംഭവിക്കുന്നു എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്‌.

സാങ്കേതികമായി സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങള്‍ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാര്‍ക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായനാ ണ്‌ മണ്‍മറഞ്ഞ കെ. രാഘവന്‍ മാസ്റ്റര്‍ എന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ ജീവിത പശ്ചാത്തലത്തില്‍ ജീവിതഗന്ധിയായ, ശ്രവണമധുരമായ ഗാനങ്ങള്‍ ഈ സംഗീത മാന്ത്രികന്‍ സൃഷ്‌ടിച്ചെടുത്തു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളില്‍ കുളിര്‍മഴയായും തേന്‍മഴയായും തൊട്ടു തലോടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇടിവെട്ട്‌ തട്ടുപൊളിപ്പന്‍ ശബ്‌ദകോലാഹല സിനിമാ ഗാനങ്ങളില്‍ നിന്ന്‌ ഒരല്‌പനേരം അകന്നു ചിന്തിക്കാന്‍ കെ.രാഘവന്‍ മാസ്റ്റര്‍ മാതിരിയുള്ള പഴയ സിനിമാഗാന രചയിതാക്കളും സംഗീത സംവിധായകരും നമ്മെ സഹായിക്കുന്നു. പുതുമയുള്ള, എന്നാല്‍ ഇലക്‌ട്രോണിക്‌ സംഗീത ഉപകരണങ്ങള്‍ക്ക്‌ നൈസര്‍ഗീകമായ ഗായകാ-ഗായിക ശബ്‌ദസൗകുമാര്യത്തിനപ്പുറം വില കല്‍പ്പിക്കുന്ന ഇന്നത്തെ സംഗീതാസ്വാദകരെ വിമര്‍ശിക്കുകയാണെന്ന്‌ കരുതരുത്‌.

ഇലക്‌ട്രോണിക്‌ സംഗീതോപകരണങ്ങളുടെ അതിപ്രസരമോ അല്ലെങ്കില്‍ കടന്നുകയറ്റങ്ങള്‍ ഒക്കെകൊണ്ട്‌ ഇന്നത്തെ സിനിമാ ഗാനങ്ങളുടെ നൈസര്‍ക്ഷികമായ മാധുര്യം നഷ്‌ടപ്പെടുന്നു. സംഗീതാസ്വാദകന്റെ പ്രകൃതിദത്തമായ ആസ്വാദനത്തിന്റേയും രുചിഭേദങ്ങളുടേയും കടക്കല്‍ കത്തി വെക്കുന്നതുപോലുള്ള ഒരു കടന്നാക്രമണമാണ്‌ ഇവിടെ പലപ്പോഴും സംഗീത ഇലക്‌ട്രോണിക്‌ ടെക്‌നോളജി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ഇവിടെയാണ്‌ പഴയകാല സംഗീതസംവിധായകനായ കെ. രാഘവന്‍ മാസ്റ്ററുടെ പോലുള്ളവരുടെ പ്രാധാന്യം നിലനില്‍ക്കുന്നത്‌. ഇന്നത്തെ എത്ര ഗാനങ്ങള്‍ ഒരു കുറച്ചു മാസമെങ്കിലും സംഗീതാസ്വാദകരുടെ മനസ്സില്‍ തങ്ങിനില്‍ക്കും? കണക്കെടുത്താല്‍ എണ്ണത്തില്‍ വളരെ പരിമിതം മാത്രം. സംഗീതം, അത്‌ സിനിമാനൃത്തഗാനമായാലും ശരി നമുക്കെപ്പോഴും സ്വരരാഗസുധയും, ഗാനാമൃതവര്‍ഷവും, രാഗങ്ങളില്‍ നിന്ന്‌ കടഞ്ഞെടുത്ത മധുരാമൃതവും ഒക്കെയാണ്‌. സംഗീതോപകരണങ്ങളില്‍ നിന്നും ഗായികാഗായകരുടെ തൊണ്ടയില്‍ നിന്നും മുഴങ്ങുന്നത്‌ നാദബ്രഹ്മമാണ്‌.

സംഗീത കലയില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ രാഘവന്‍ മാസ്റ്റര്‍ താല്‍പ്പര്യം കാട്ടിയിരുന്നു. മാതാപിതാക്കളുടെ സങ്കല്‍പ്പത്തിനൊത്ത്‌ പഠിത്തകാര്യത്തില്‍ വലിയ ശ്രദ്ധ വെച്ചില്ല. പഠിത്തസമയത്ത്‌ നാടന്‍പാട്ടുകളില്‍ സംഗീതത്തിന്റെ കൊലുസുകെട്ടാന്‍ തക്കംപാര്‍ത്തു നടന്നു. അങ്ങനെ ഹാര്‍മോണിയം വശമാക്കി. കുറേക്കഴിഞ്ഞ്‌ നാടകത്തിലെ ഹാര്‍മോണിസ്റ്റായി. ഇടയ്‌ക്ക്‌ സംഗീതവിദ്വാന്‍ വി.എസ്‌. നാരായണഅയ്യര്‍ക്ക്‌ ഗുരുദക്ഷിണ കൊടുത്ത്‌ സപ്‌തസ്വരങ്ങള്‍ക്ക്‌ ദാസനായി. പുതിയതായി കിട്ടിയ സംഗീതജ്ഞാനവും, സങ്കല്‍പ്പവും മനസ്സിലൊളിപ്പിച്ചു കൊണ്ട്‌ ബോംബെയിലേക്ക്‌ ഒരു ദിവസം യാത്രയായി. അവിടെനിന്ന്‌ മദ്രാസിലേക്കും. നല്ല കാലം. മദ്രാസ്‌ റേഡിയോ നിലയത്തില്‍ പ്രോഗ്രാം കിട്ടി സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റായി. അങ്ങനെ മാസ്റ്റര്‍ ചിരകാലമായി ഉള്ളിന്റെ ഉള്ളില്‍ താരാട്ടുപാടിയുറക്കിയിരുന്ന സംഗീത സങ്കല്‍പ്പങ്ങള്‍ക്ക്‌ ചിറകു വെച്ചു.

കോഴിക്കോട്‌ നിലയവുമായി ബന്ധപ്പെട്ടു കഴിയവെയാണ്‌ മാസ്റ്റര്‍ക്ക്‌ തന്റെ ഉയര്‍ച്ചയുടെ ഏണിപ്പടി കിട്ടുന്നത്‌. നിലയത്തില്‍ പി. ഭാസ്‌ക്കരനുണ്ടായിരുന്നു. പി. ഭാസ്‌ക്കരന്‍ കവിത എഴുതും. മാസ്റ്റര്‍ സംഗീതമിട്ടുപാടും. കോഴിക്കോട്‌ റേഡിയോ നിലയത്തിലെ ഈ കൂട്ടു ബന്ധത്തില്‍ നിന്ന്‌ എത്രയൊ കാവ്യകുമാരികളാണ്‌ ഇങ്ങനെ കനകച്ചിലങ്ക കിലുക്കി പുറത്തേക്ക്‌ പാടിവന്നത്‌! ആയിടയ്‌ക്കാണ്‌ കതിരുകാണാക്കിളി എന്ന നാടകം സിനിമയാക്കാന്‍ ചിലര്‍ തീരുമാനിച്ചത്‌. പി. . ഭാസ്‌ക്കരനും, രാഘവന്‍ മാസ്റ്ററും ഈരടിയുടേയും, ഈണത്തിന്റേയും ചുമതല ഏറ്റു. പക്ഷെ പടം പുറത്തുവന്നില്ല. തുടര്‍ന്ന്‌ സഹകരിച്ച പുള്ളിമാനും ജനനത്തിലെ മരിച്ചു. സംഗീതമനസ്സിലെ ചിറകുവെയ്‌ക്കാതിരുന്ന സങ്കല്‍പ്പക്കിളിയുടെ തൂവല്‍ ഓരോന്നും കൊഴിയുന്നതായി തോന്നി. പക്ഷെ, ടി.കെ. പരീക്കുട്ടിയുടെ നീലക്കുയിലിന്റെ ഗാനരസം ഉറങ്ങിക്കിടന്ന നിരാശാബോധത്തെ അകറ്റി.

കായലരികത്തു വലയെറിഞ്ഞപ്പം...വളകിലുക്കിയ സുന്ദരീ പെണ്ണുകെട്ടിനു.... കുറിയെടുക്കുമ്പം ഒരു നറുക്കിനു ചേര്‍ക്കണെ..... മാസ്റ്റര്‍ ഗാനം ചിട്ടപ്പെടുത്തി പാടി. എല്ലാ വിധത്തിലും ഈ ഗാനം രാഘവന്റെ ഭാഗ്യമുദ്രയായിരുന്നു. പിന്നീട്‌ വയലാര്‍ സഖ്യം മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടം തന്നെ ആയിരുന്നു. കൂടപ്പിറപ്പിലൂടെയാണല്ലോ വയലാര്‍ സിനിമാരംഗത്തെ ഗാനരചയിതാവായി വരുന്നത്‌. അര്‍ത്ഥ സമ്പുഷ്‌ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുന്നു. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന പേരില്‍ അവയെല്ലാം വരും തലമുറകളുടെ പോലും ഹൃദയരാഗങ്ങളായി തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തുമ്പീ..തുമ്പീ...വാ...വാ.... ഒരു തുമ്പത്തണലില്‍ വാ.. വാ...എന്ന ഗാനത്തിനു രാഘവന്‍ മാസ്റ്ററാണ്‌ ഈണം കൊടുത്തത്‌. നിര്‍മ്മാല്യത്തിനും, പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ്‌ മികച്ച സംഗീതസംവിധായകനുള്ള സ്റ്റേറ്റ്‌ അവാര്‍ഡ്‌ രാഘവന്‌ കിട്ടിയത്‌. കേരളാ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹനായി. നിര്‍മ്മാല്യത്തിലെ `ശ്രീമഹാദേവന്‍ തന്റെ പുള്ളോര്‍ക്കുടംകൊണ്ട്‌'... എന്ന വരികള്‍ മലയാളത്തനിമയുടെ മഹനീയതയാണ്‌ വിളിച്ചറിയിക്കുന്നത്‌. `കണ്ണന്റെ കവിളിലെ സിന്ദൂരത്തിലകത്തിന്‍' എന്ന പൂജക്കെടുക്കാത്ത പൂക്കളിലെ ഗാനം സംഗീതംകൊണ്ടു മനസ്സിന്റെ ചുണ്ടില്‍ എന്നും നിര്‍മ്മലമായ നീര്‍ച്ചാലുകളെ സൃഷ്‌ടിക്കുന്നു. ജയചന്ദ്രനെ മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക്‌ പരിചയപ്പെടുത്തിയ `കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ'....എന്ന ഗാനം രാഘവന്‍ സ്വരപ്പെടുത്തിയതാണ്‌.

കെ. രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു ചിട്ടപ്പെടുത്തിയ ഏതാനും ചില സിനിമാഗാന വരികളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്താം. നാഴിയുരി പാലുകൊണ്ട്‌... നാടാകെ കല്ല്യാണം... (രാരിച്ചന്‍ എന്ന പൗരന്‍); കാത്തുസൂക്ഷിച്ചൊരു... കസ്‌തൂരി മാമ്പഴം കാക്ക കൊത്തി പോകും... (നായരു പിടിച്ച പുലിവാല്‍); നയാ പൈസയില്ല... കയ്യിലൊരു നയാപൈസയില്ല (നീലീ...സാലി); ദെവത്തിന്‍ പുത്രന്‍ ജനിച്ചു... ഒരു പാവന നക്ഷത്രം വാനിലുദിച്ചു... (നീലീ...സാലി)); അന്നു നിന്നെ കണ്ടതില്‍... പിന്നെ അനുരാഗ മെന്തെന്ന്‌ ഞാനറിഞ്ഞു... (ഉണ്ണിയാര്‍ച്ച); ഇക്കിളി പെണ്ണേ... ഉരുളിപെണ്ണേ... (ഉണ്ണിയാര്‍ച്ച); ഉണരുണരൂ ഉണ്ണിപൂവേ...കരിക്കൊടി തണലത്ത്‌ കാട്ടിലെ കിളിപെണ്ണിന്‍... (അമ്മയെ കാണാന്‍); മധുര പതിനേഴുകാരി... മധുരപതിനേഴുകാരി (അമ്മയെ കാണാന്‍); താലീ പീലീ കാടുകളില്‍... താളം തുള്ളിനടന്നപ്പോള്‍... (റബേക്ക); യരുശലേമിന്‍... നായകനെ എന്നുകാണും... (റബേക്ക); കിളിവാതിലില്‍ മുട്ടിവിളിച്ചത്‌... കിളിയോ കാറ്റോ... (റബേക്ക); ഭാരതമെന്നാല്‍... പാരിന്‍ നടുവില്‍...(ആദ്യകിരണങ്ങള്‍); നാളീകേരത്തിന്റെ ...നാട്ടിലെനി ക്കൊരു... നാഴിയിടങ്ങളി മണ്ണുണ്ട്‌... (തുറക്കാത്ത വാതില്‍)

കെ. രാഘവന്‍ മാസ്റ്ററുടെ മലയാളഗാനരംഗത്തുള്ള സംഭാവനകളെ മലയാള തലമുറ, തലമുറകളായി അനുസ്‌മരിക്കാതിരിക്കുകയില്ല.
മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ `അനുസ്‌മരണം' (ലേഖനം: എ.സി. ജോര്‍ജ്‌)മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ `അനുസ്‌മരണം' (ലേഖനം: എ.സി. ജോര്‍ജ്‌)മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ `അനുസ്‌മരണം' (ലേഖനം: എ.സി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക