Image

കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തു

Published on 16 October, 2015
കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തു
ലണ്ടന്‍: സാഹിത്യ ലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ മലബാര്‍ എ ഫ്‌ളേം (Malabar A Flame)ഒക്‌ടോബര്‍ 12ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഈസ്റ്റ്‌ ലണ്ടന്‍ എം.പിയും മുന്‍ വര്‍ക്ക്‌ ആന്റ്‌ പെന്‍ഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ റ്റിമ്മിനു നല്‌കികൊണ്ട്‌ കേരള സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ നിര്‍വഹിച്ചു.

ബ്രിട്ടണിലെ ഒരു പ്രിന്റഡ്‌ (Printed) ഇംഗ്ലീഷ്‌- മലയാളം പത്രമായ കേരള ലിങ്കിന്റെ 20-ാമത്‌ വാര്‍ഷിക പരിപാടിയിലാണ്‌ ഈ പ്രകാശന കര്‍മ്മം നടന്നത്‌. മനുഷ്യര്‍ ഏതു ജാതി-മതത്തിലുള്ളവരായാലും അതിന്റെ മഹിമയെക്കുറിച്ച്‌ വാഴ്‌ത്തിപ്പാടുന്നതിലുപരി ആത്മാവില്‍ ആനന്ദം കണ്ടെത്തുന്നവരാകണം. അധര്‍മ്മ പക്ഷത്തുനിന്ന്‌ ജയിക്കുന്നതിനേക്കാള്‍ നല്ലത്‌ ധര്‍മ്മ പക്ഷത്തുനിന്ന്‌ ത്യാഗങ്ങള്‍ സഹിക്കുന്നതും തോല്‍ക്കുന്നതുമാണ്‌. സംഭവബഹുലമായ ഈ കാലഘട്ടത്തില്‍ ആത്മാവും അക്ഷരവും അറിയുന്നവരായെങ്കില്‍ മാത്രമേ മതസൗഹാര്‍ദ്ദവും സാമൂഹികമൈത്രിയും കൈവരിക്കാന്‍ കഴിയൂ. അത്‌ വ്യക്തി പ്രഭാവവും സാമൂഹ്യ-സാംസ്‌കാരിക ബോധമുള്ളവരില്‍ കാണാനുണ്ട്‌. അടുത്ത തലമുറ ഈ പന്ഥാവിലൂടെ സഞ്ചരിക്കാനുള്ള വഴികള്‍ തുറന്നു കൊടുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ബ്രിട്ടനില്‍ പഠിച്ചതുകൊണ്ടാകാം, ജന്മംകൊണ്ടല്ല മറിച്ച്‌ കര്‍മ്മം കൊണ്ടാണ്‌ ജീവിതം അവസാനിക്കേണ്ടതെന്നു ഞാനറിഞ്ഞത്‌. വായനയുടെയും വിദ്യയുടെയും ഉന്നതിയില്‍ നില്‍ക്കുന്ന ബ്രിട്ടീഷുകാരെ നിശ്ചയമായും താന്‍ തെളിച്ചമുള്ള കണ്ണുകൊണ്ടാണ്‌ താന്‍ കാണുന്നതെന്ന്‌ ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു. എം. പിമാരായ സ്റ്റീഫന്‍ റ്റിം (Stepehn Timm), വീരേന്ദ്രശര്‍മ്മയും ഇന്‍ഡ്യന്‍ സമൂഹം രാജ്യത്തിനു നല്‌കിക്കൊണ്ടിരിക്കുന്ന ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. മലയാളി സമൂഹത്തിന്റെ സേവനനിരതമായ കൈകകളെ കര്‍മ്മരംഗങ്ങളില്‍ മാത്രമല്ല അറിവിലും അക്ഷരത്തിലും കേരളത്തിന്റെ പ്രകൃതിഭംഗിയിലും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ വീരേന്ദ്ര ശര്‍മ്മ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന കാരൂര്‍ സോമന്‍ `മലബാര്‍ എ ഫ്‌ളേമി'ലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്‌ പ്രഭുക്കന്മാരുടെ നാട്ടിലെത്തി ജീവിതത്തെ ഉന്നതവും ഉദാത്തവുമാക്കി തീര്‍ക്കുന്നവരുടെ അനുഭൂതി മാധുര്യത്തിന്റെ അന്തര്‍ഭാവങ്ങളാണ്‌ വെളിവാക്കുന്നത്‌. ഇവരുടെ മക്കളിലേക്ക്‌ മതതീവ്രവാദികള്‍ കടന്നുവരുന്നത്‌ ഏറെ കൗതുകത്തോടെയാണ്‌ വായിച്ചതെന്ന്‌ കേരള ലിങ്ക്‌ ചീഫ്‌ എഡിറ്ററും കൗണ്‍സിലറുമായ ഫിലിപ്പ്‌ അബ്രഹാം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജി.കെ.വി. റാവു IAS, ശാന്തിഗിരി സ്വാമി ഗുരിന്തനം, ഡോ. സിറിയക്‌, ഡോ. കെ. ജോണ്‍, അശ്വതി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ എ ഫ്‌ളേം നോവല്‍ amazon.in, flipkart.com, ucanindia.in, mediahouseonline.in ലഭ്യമാണ്‌.
Email: Danielsibin@yahoo.co.uk

കാരൂര്‍ സോമന്‍

മാവേലിക്കരയ്‌ക്കടുത്ത്‌ ചാരുംമൂട്‌ താമരക്കുളത്ത്‌ ജനനം. നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം, ശാസ്‌ത്ര സാങ്കേതികം, കായികം, ടൂറിസം എന്നീ സാഹിത്യമേഖലകളിലെ സജീവ സാന്നിധ്യം. ഇംഗ്ലീഷിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാലു പതിറ്റാണ്ടുകളിലായി പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാല്‍പ്പതിലധികം കൃതികള്‍. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്നു. സാഹിത്യ സാംസ്‌ക്കാരിക രംഗവുമായി ബന്ധപ്പെട്ട്‌ 35-ലധികം രാജ്യങ്ങളില്‍ പര്യടനം നടത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിവിധ സാംസ്‌ക്കാരിക സാമൂഹിക സാഹിത്യ നായകന്മാരില്‍ നിന്നും ഇരുപതിലേറെ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ബാലരമയില്‍ കവിതകളെഴുതി സാഹിത്യലോകത്ത്‌ പിച്ചവെച്ചു. 1972-73 കാലഘട്ടത്തില്‍ ആകാശവാണി തിരുവനന്തപുരം-തൃശൂര്‍ നിലയങ്ങള്‍ കര്‍ട്ടനിടു, കാര്‍മേഘം നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തു. 1970-73 വര്‍ഷങ്ങളില്‍ മലയാളമനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവജന സാഹിത്യസഖ്യത്തിന്റെ മാവേലിക്കരയില്‍ നിന്നുള്ള ഏക വ്യക്തി. 1972-ല്‍ ഇരുളടഞ്ഞ താഴ്‌വര എന്ന നാടകം വി.വി.എച്ച്‌.എസ്സില്‍ അവതരിപ്പിച്ചു. പോലീസിനെതിരേയുള്ള നാടകമായിരുന്നതിനാല്‍ അവരുടെ നോട്ടപ്പുള്ളിയായി. നാടകം നൂറനാട്‌ ലെപ്രസി സാനിട്ടോറിയത്തില്‍ അവതരിപ്പിക്കുമെന്ന്‌ അറിവ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ നക്‌സല്‍ ബന്ധം ആരോപിച്ച്‌ മാവേലിക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ലോക്കപ്പിലടച്ചു മര്‍ദ്ദിച്ചു. വീട്ടുകാര്‍ ഇടപെട്ട്‌ പുറത്തിറക്കി. പോലീസില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ഭീഷണിയെത്തുടര്‍ന്ന്‌ ജ്യേഷ്‌ഠന്‍ ജോലി ചെയ്‌തിരുന്ന റാഞ്ചിയിലേക്ക്‌ ഒളിച്ചോടി. ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം അവിടുത്തെ എയ്‌ഞ്ചല്‍ തീയറ്റേഴ്‌സിനു വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി. അവരുടെ സഹായത്താല്‍ ബൊക്കാറോ, ആഗ്ര, ഡല്‍ഫി, മുംബൈ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. റാഞ്ചി എക്‌സ്‌പ്രസ്‌ ദിനപത്രത്തിലായിരുന്നു ആദ്യ കാലത്ത്‌ ജോലി ചെയ്‌തിരുന്നത്‌. 1975-ല്‍ റാഞ്ചി മലയാളി അസോസിയേഷന്റെ മലയാളി മാസികയില്‍ കലയും കാലവും എന്ന ലേഖനം ആദ്യമായി വെളിച്ചം കണ്ടു. 1985-ല്‍ ആദ്യ സംഗീതനാടകം കടല്‍ക്കര, ശ്രീമൂലനഗരം വിജയന്റെ അവതാരികയോടെ വിദ്യാര്‍ത്ഥിമിത്രവും 1990-ല്‍ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കള്‍ തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരികയോടെ സാഹിത്യസഹകരണ സംഘവും ഗള്‍ഫില്‍ നിന്നുള്ള ആദ്യസംഗീത നാടകം കടലിനക്കരെ എംബസി സ്‌കൂള്‍ തോപ്പില്‍ ഭാസിയുടെ അവതാരികയോടെ അസ്സന്റ്‌ ബുക്‌സും പുറത്തിറക്കി. 2005-ല്‍ പ്രവാസി മലയാളി മാസിക ലണ്ടനില്‍ നിന്നും ആരംഭിച്ചു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ്‌ മാധ്യമം പത്രത്തിനു വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തു. 2015-ല്‍ ആദ്യ ഇംഗ്ലീഷ്‌ നോവല്‍ മലബാര്‍ എ ഫ്‌ളെയിം മീഡിയ ബുക്‌സ്‌ ന്യൂഡല്‍ഹി പുറത്തിറക്കി.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ ആഫ്രിക്കയുടെ കലാ സാംസ്‌ക്കാരിക വിഭാഗം ചെയര്‍മാനായും യുകെയിലെ പ്രമുഖ സംഘടനയായ യുഗ്മയുടെ സാഹിത്യവിഭാഗം കണ്‍വീനറായും ജ്വാല മാഗസിന്റെ ചീഫ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോഴും നിരവധി സ്വദേശി-വിദേശി മാസികകളുടെ അസോസിയേറ്റ്‌ എഡിറ്ററായും, എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമായും, പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭാര്യ ഓമന തീയാട്ടുക്കുന്നേല്‍, മക്കള്‍: രാജീവ്‌, സിമ്മി, സിബിന്‍.

വിലാസം:
Karoor Soman
113, Oakfield Road, London- E61LN
Tel: 00447940570677, 02084701533
E Mail: Karoorsoman@yahoo.com
Web: Karursoman.com
കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തുകാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തുകാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക