Image

പെരുവണ്ണാമൂഴി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 86: ജോര്‍ജ്‌ തുമ്പയില്‍)

Published on 18 October, 2015
പെരുവണ്ണാമൂഴി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 86: ജോര്‍ജ്‌ തുമ്പയില്‍)
``ആശാനെ, മുന്‍പൊക്കെ ആനയെ മാത്രം പേടിച്ചാല്‍ മതിയാരൂന്നു, ഇപ്പോ മാവോയിസ്‌റ്റുകളും ഉണ്ടത്രേ.. നല്ല തോക്കുമൊക്കെ പിടിച്ച്‌ എപ്പഴാ മുന്നില്‍ പെടുകാന്നു പറയാനാവില്ല. ഉള്ളതെല്ലാം അവര്‌ കൊണ്ടു പോകും. കൊല്ലത്തൊന്നുമില്ല. നല്ല ഇടി തരും, ഇടി. പിന്നെ അവരെ കണ്ടൂന്നെങ്ങാനും പുറത്തറിഞ്ഞാല്‍ പോലീസിന്റെ വക തേര്‍വാഴ്‌ചയുടെ കാര്യം പറയാനുമില്ല. ഇതാണ്‌ ഞങ്ങള്‍ പെരുവണ്ണാമൂഴിക്കാരുടെ കാര്യം. ''

കോഴിക്കോട്‌ വച്ച്‌ പരിചയപ്പെട്ട പെരുവണ്ണാമൂഴിക്കാരന്‍ കുഞ്ഞുമോന്‍ തന്റെ നാടിനെക്കുറിച്ച്‌ വരച്ചിട്ട ചിത്രം ഇങ്ങനെ. കോടമഞ്ഞിന്റെയും കാടിന്റെയും സൗന്ദര്യം ആസ്വദിച്ചറിയാന്‍ പെരുവണ്ണാമൂഴി വരെ ഒരു യാത്ര പോയാലോ എന്ന ആലോചിച്ചപ്പോഴാണ്‌ ഇങ്ങനെയൊരു ഫീഡ്‌ ബാക്ക്‌ കിട്ടിയത്‌. കാട്ടാനയെ റോഡിന്റെ നടുവില്‍ കണ്ട യാത്രാചരിത്രം ഉണ്ടെങ്കിലും മാവോയിസ്‌റ്റുകളെ ഇതുവരെ കണ്ടിട്ടില്ല. അവരെങ്ങാനും ഇനി തട്ടിക്കൊണ്ടു പോകുമോ. പിന്നെ വെടിവെയ്‌പ്പ്‌, ഒളിച്ചോട്ടം. അയ്യോ. അതോര്‍ത്തപ്പോ പെരുവണ്ണാമൂഴി യാത്ര വേണ്ടാന്നു വച്ചാലോ എന്ന്‌ ആലോചിച്ചെങ്കിലും ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. വേണ്ടാന്നു വയ്‌ക്കാന്‍ ആര്‍ക്കും കഴിയും- ചെയ്യുന്നില്‍, ചെയ്‌തു കാണിക്കുന്നതിലാണല്ലോ മിടുക്ക്‌. അങ്ങനെ ഒരു പുലരിവെളുത്തു തുടങ്ങിയ ദിവസം നേരെ പെരുവണ്ണാമൂഴിക്ക്‌ വണ്ടി പിടിച്ചു.

കോഴിക്കോട്‌ മഹാറാണി ഹോട്ടലില്‍ നിന്ന്‌ നല്ല ഇഡലിയും ചമ്മന്തിയും കൂട്ടിക്കുഴച്ച ബ്രേക്ക്‌ ഫാസ്റ്റ്‌ ആസ്വദിച്ചതിനു ശേഷമായിരുന്നു യാത്ര. പോകും മുന്‍പ്‌ പെരുവണ്ണാമൂഴിക്കാണ്‌ പോകുന്നതെന്നും സന്ധ്യയോടെ തിരിച്ചു വരുമെന്നും റിസപ്‌ഷനില്‍ പറഞ്ഞേല്‍പ്പിച്ചു. അടുത്തയൊരു ബന്ധുവിന്റെയും കോഴിക്കോടുള്ള പരിചയക്കാരന്റെയും നമ്പര്‍ കൂടി കൊടുത്തപ്പോ റിസപ്‌ഷനിസ്റ്റ്‌ വാ പൊളിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ ചിരി വന്നു. അയാള്‍ തമിഴ്‌നാട്ടുകാരന്‍ ട്രെയിനിയാണെന്നു പിന്നെ മനസ്സിലായി. അവന്‌ പെരുവണ്ണാമൂഴിയേതാന്നോ, ചെയ്യുന്ന യാത്രയുടെ റിസ്‌ക്ക്‌ എന്താണെന്നോ അറിയില്ലല്ലോ. അതോര്‍ത്തപ്പോള്‍ ചിരി വന്നു.

വയനാട്ടില്‍ മാവോവാദി സാന്നിധ്യവും ഏറ്റുമുട്ടലും ഉണ്ടായ സാഹചര്യത്തില്‍ പെരുവണ്ണാമൂഴി, കക്കയം വനമേഖലയില്‍പെട്ട തലയാട്‌, 30-ാം മൈല്‍, ചുരത്തോട്‌, ഏലക്കാനം ഭാഗങ്ങളില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നിരീക്ഷണം ശക്തമാക്കിയ പത്രവാര്‍ത്തയുടെ കട്ടിങ്‌ എന്റെ കൈയിലുണ്ട്‌. തലയാട്‌ ചീടിക്കുഴി ഭാഗത്തുനിന്ന്‌ വനത്തിലൂടെ മൂന്ന്‌ കി.മീറ്റര്‍ ദൂരമുള്ള പ്രദേശമാണ്‌ ടൂറിസം മേഖലയായ കക്കയം. ഈ പ്രദേശങ്ങളില്‍ നേരത്തേ നക്‌സല്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നവത്രേ. എന്തായാലും സഞ്ചാരികള്‍ക്കൊന്നും പ്രശ്‌നമുണ്ടായിതായി കേട്ടിട്ടില്ലെന്ന്‌ ഡ്രൈവര്‍ പറഞ്ഞു. ആ റൂട്ടില്‍ വണ്ടിയോടിക്കാന്‍ ഭയമില്ലെന്ന്‌ ഹോട്ടലുകാര്‍ ഏര്‍പ്പാടാക്കി തന്നെ ഡ്രൈവര്‍ വ്യക്തമാക്കി. കക്കയം ടൂറിസ്‌റ്റ്‌ മേഖലയിലേക്ക്‌ എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാല്‍ വനപ്രദേശത്തുകൂടെ വാഹനങ്ങള്‍ കടന്നുപോവാറുണ്ട്‌. തന്ത്രപ്രധാന മേഖലയായതിനാല്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ടത്രേ. ഞങ്ങള്‍ കക്കയത്തേക്ക്‌ തിരിയുന്നില്ല. നേരെ പെരുവണ്ണാമൂഴിയിലേക്കാണ്‌ യാത്ര.

രണ്ടു മണിക്കൂറിലേറെ ദൂരമുണ്ട്‌ കോഴിക്കോട്‌ നിന്ന്‌. ബൈപാസ്‌ കയറിയതോടെ, ട്രാഫിക്ക്‌ കുരുക്കായി. ഡ്രൈവറുടെ പേര്‌ വാസു എന്നായിരുന്നു. ഞാന്‍ പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോഴേയ്‌ക്കും അദ്ദേഹം നല്ല ഉച്ചത്തില്‍ എഫ്‌എം വച്ചു കഴിഞ്ഞു. എന്നെ തൃപ്‌തിപ്പെടുത്താനായിരുന്നു അത്‌. എന്നാല്‍ അത്‌ അരോചകമായാണ്‌ എനിക്ക്‌ തോന്നിയത്‌. ഒടുവില്‍ സഹികെട്ട്‌ നിര്‍ത്തി വയ്‌ക്കാന്‍ അപേക്ഷിച്ചപ്പോള്‍ വാസുവിന്റെ വക ചോദ്യം- സാറിന്‌ ഈ ജാതി മലയാളം പാട്ടൊന്നും ഇഷ്ടമല്ല അല്ലേ? ഞാനൊന്നും മിണ്ടിയില്ല. റേഡിയോയിലൂടെ കേട്ടത്‌- വട്ടായി പോയി അമ്മായിക്ക്‌ വട്ടായി പോയി എന്ന പാട്ടായിരുന്നു. അത്‌ കേട്ടാല്‍ എനിക്കും വട്ടാകുമെന്ന്‌ ഉറപ്പായിരുന്നു.

ഞങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട്‌ നൊച്ചാട്‌ പിന്നിട്ട്‌ പേരാമ്പ്രയിലെത്തി. ഇനിയും ഒരു മണിക്കൂര്‍ ദൂരമുണ്ട്‌. വഴി അത്ര നല്ലതല്ല. നീണ്ടു പരന്നങ്ങനെ കിടക്കുകയാണ്‌ പെരുവണ്ണാമൂഴി അണക്കെട്ടിലെ ജലം. ഒരു വശം കക്കയം അണക്കെട്ടാണ്‌. വനമേഖല തന്നെ. റോഡില്‍ ആന കാണുമോയെന്നായിരുന്നു എന്റെ പേടി. എന്നാല്‍, ആനയല്ല സാക്ഷാല്‍ ദിനോസര്‍ വന്നാലും തനിക്കു പേടിയില്ലെന്ന മട്ടിലായിരുന്നു വാസു ഡ്രൈവറുടെ വണ്ടിയോടിക്കല്‍. അയാള്‍ റോഡുകളെ പോലും വകവയ്‌ക്കുന്നില്ലെന്നു തോന്നി. എന്നാല്‍ സഞ്ചാരം അത്രയ്‌ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയതുമില്ല.

അങ്ങനെ ഞങ്ങള്‍ പെരുവണ്ണാമുഴി അണക്കെട്ടിനു മുന്നിലെത്തി. കോഴിക്കോട്‌ നഗരത്തില്‍ നിന്നും ഏതാണ്ട്‌ 55 കി.മി. ദൂരം സഞ്ചരിച്ചു കഴിഞ്ഞു. മണി പതിനൊന്ന്‌ കഴിഞ്ഞിരിക്കുന്നു. യാത്രയുടെ ആലസ്യമകറ്റാന്‍ ആദ്യം കണ്ട ചായകടയില്‍ കയറി നല്ല സ്‌ട്രോങ്‌ കോഫി ഒരെണ്ണം അകത്താക്കി. കുറ്റിയാടി പുഴയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ ഇതെന്ന്‌ ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നത്‌ വായിച്ചു. പ്രാഥമികമായും ജലസേചന ആവശ്യത്തിനു വേണ്ടിയാണത്രേ ഈ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌.

ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്‌ പഞ്ചായത്തുകളിലായാണ്‌ അണക്കെട്ടിന്റെ ജലസംഭരണി. ഇവിടെ സ്‌പീഡ്‌ ബോട്ട്‌, തുഴ ബോട്ട്‌ സൗകര്യങ്ങള്‍ ഉണ്ട്‌. ഒരു വിനോദസഞ്ചാരപ്രദേശം കൂടിയാണത്രേ ഇത്‌. ഇവിടെ മുതലവളര്‍ത്തല്‍ കേന്ദ്രമുണ്ടെന്നും ഇല്ലെന്നു പറയുന്നു. എന്തായാലും ബോര്‍ഡ്‌ വച്ചിട്ടുണ്ട്‌. 1977-ല്‍ സ്ഥാപിച്ച സര്‍ക്കാര്‍ മുതല വളര്‍ത്തു കേന്ദ്രമാണിത്‌. ആകെ മുതലകള്‍ അഞ്ചെണ്ണം. ആണ്‍ മുതല്‍ മൂന്ന്‌. പെണ്ണുങ്ങള്‍ ഒരെണ്ണം. ഒരു കുട്ടി മുതലയും. അതു കൊള്ളാമല്ലോ എന്ന്‌ ബോര്‍ഡ്‌ വായിച്ചപ്പോ തോന്നി. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ മാത്രം കണ്ടു വരുന്ന മഗ്ഗര്‍ വര്‍ഗ്ഗത്തിലുള്ള മുതലയാണിത്‌. ഇരുണ്ട ചാരനിറം. ചതുപ്പു നിലങ്ങളിലും തടാകങ്ങളിലും മാത്രം കണ്ടു വരുന്ന ഇവ ഏകദേശം 100 വര്‍ഷം വരെ ജീവിക്കുമത്രേ. നല്ല ആക്രമണ സ്വഭാവം ഉള്ളത്‌ കൊണ്ട്‌ അടുത്തേക്ക്‌ പോകേണ്ടതില്ലെന്ന മുന്നറിയിപ്പ്‌. അതിലും വലിയ മുന്നറിയിപ്പായി കണ്ടത്‌ മുതലകളെ ഉപദ്രവിക്കുന്നത്‌ വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നതായിരുന്നു. മുതലകള്‍ക്കു പുറമെ സമീപപ്രദേശങ്ങളില്‍ നിന്നു പിടിക്കുന്ന പാമ്പുകള്‍ അപൂര്‍വയിനം പക്ഷികള്‍ എന്നിവയെയും ഇവിടെ താത്‌കാലികമായി സൂക്ഷിക്കാറുണ്ട്‌.

പക്ഷിത്തുരുത്ത്‌ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്നുണ്ട്‌. അങ്ങോട്ട്‌ വേണമെങ്കില്‍ ബോട്ടില്‍ കയറി പോകാം. പ്രത്യേക അനുമതി വേണം. ഡാമിന്റെ അടുത്തേക്ക്‌ കയറുമ്പോള്‍ ആദ്യം കണ്ടത്‌, സ്വാതന്ത്ര്യസമരസേനാനികളുടെ ഓര്‍മ്മക്കായ്‌ നിര്‍മ്മിച്ച സ്‌മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടമായിരുന്നു. നല്ല ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്‌. മലമ്പുഴയുടെ അത്രയും വരികയില്ലെങ്കിലും കാഴ്‌ചയ്‌ക്ക്‌ ഹൃദ്രമായി തോന്നി. സ്‌കൂളില്‍ നിന്നു വന്ന കുറച്ച്‌ കുട്ടികള്‍ അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.

എത്തിച്ചേരാനുള്ള വഴി :

ബസ്‌ മാര്‍ഗ്ഗം : കോഴിക്കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പൂഴിത്തോട്‌/പെരുവണ്ണാമൂഴിയിലേക്ക്‌ ഉള്ള ബസില്‍ കയറുക. (55 കി.മി. ദൂരം)

റെയില്‍ മാര്‍ഗ്ഗം : കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ബസ്‌ സര്‍വീസ്‌ ഉണ്ട്‌ (58 കി.മി. ദൂരം)

കോഴിക്കോട്‌ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഫോ: 04952720012

(തുടരും)
പെരുവണ്ണാമൂഴി (പ്രകൃതിയുടെ നിഴലുകള്‍ തേടി- 86: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക