Image

'കാക്കക്കോടതി' - കഥ (ലൈലാ അലക്‌സ്)

ലൈലാ അലക്‌സ് Published on 30 October, 2015
'കാക്കക്കോടതി' - കഥ (ലൈലാ അലക്‌സ്)
രാവിലെ ജോഗിങിന് ഇറങ്ങിയതായിരുന്നു ഞാന്‍, എന്റെ മുമ്പിലേക്ക് ആ കാക്കക്കുഞ്ഞു വന്നു വീണപ്പോള്‍. വഴി അരികിലുള്ള മരത്തിന്റെ കൊമ്പത്തെ കൂട്ടില്‍ നിന്നും വീണു പോയതായിരിക്കണം. എന്റെ മുമ്പില്‍ കിടക്കുന്ന ആ കാക്കക്കുഞ്ഞിനെ ഞാന്‍ നോക്കി. എല്ലും തോലും മാത്രമുള്ള അശ്രീകരം. തൂവലുകള്‍ ഒന്നു പോലും കിളിര്‍ത്തിട്ടില്ല…നീണ്ടു വളഞ്ഞ, എന്തിനേയും കൊത്തിവലിക്കാന്‍ പോന്ന കൂന്താലിച്ചുണ്ടു മാത്രമുണ്ട് ലക്ഷണം തികഞ്ഞത് എന്നു പറയാന്‍. ആ വൃത്തികെട്ട ജീവി എന്നെ നോക്കി എന്തോ അപസ്വരം പുറപ്പെടുവിച്ചു. അപസ്വരമായിരുന്നെങ്കിലും, ആ നിലവിളിയിലെ 'രക്ഷിക്കൂ….' എന്ന ആത്മരക്ഷയ്ക്കായുള്ള പിടയച്ചില്‍ എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. 

ഞാന്‍ ചുറ്റും നോക്കി. ഒരു തടിച്ച പൂച്ച അടുത്തുള്ള കുറ്റിച്ചെടിക്കിടയില്‍ പതുങ്ങി നില്‍ക്കുന്നത് അപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്നെക്കണ്ടത് കൊണ്ടാണ് അത് അവിടെ പതുങ്ങിയത് എന്നെനിക്ക് മനസ്സിലായി. ഞാന്‍ അവിടെ നിന്നും പോകുന്ന ക്ഷണത്തില്‍ അത് ആ കാക്കക്കുഞ്ഞിന്റെ മേല്‍ ചാടിവീണ് അതിന്റെ കഥ കഴിക്കുമെന്ന് ഉറപ്പായിരുന്നു. എവിടെ നിന്നോ ഒരു കാക്ക, അതിന്റെ തള്ളയാവണം, കാറിക്കരഞ്ഞുകൊണ്ട് താഴ്ന്നുപറന്ന് വരുന്നതും എനിക്ക് കാണാമായിരുന്നു…ഞാന്‍ ഒരു കല്ലെടുത്ത് എറിയുകയേ വേണ്ടൂ, ആ പൂച്ച ഓടിപ്പൊയ്‌ക്കൊള്ളും. ആ ഒരു നിമിഷം മതിയാവും തള്ള കാക്കയ്ക്ക് അതിന്റെ കുഞ്ഞിനെ രക്ഷിക്കുവാന്‍… പക്ഷേ, അത്രയൊന്നും ഞാന്‍ ആലോചിച്ചില്ല. അതിനുതക്ക അനുകമ്പയൊന്നും എനിക്കു ആ ജീവിയോട് തോന്നിയില്ല എന്നതാണ് സത്യം. 

കാക്കക്കുഞ്ഞിനെ പൂച്ച പിടിക്കുന്നത്, നമുക്കു ചുറ്റും എന്നും കാണുന്ന സാധാരണ സംഭവങ്ങളില്‍ ഒന്ന് എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഇല്ലാത്ത ഒന്നായിരുന്നു എന്റെ മനസ്സില്‍… അനിഷേധ്യമായ പ്രകൃതിനിയമം… 

പ്രകൃതിയിലെ ഭക്ഷ്യശൃംഖലയുടെ ഒരു പടി…

ഞാന്‍ ജോഗിങ് തുടര്‍ന്നു.

ദിവസങ്ങള്‍ എന്റേതായ തിരക്കുകളില്‍ മുങ്ങി ഒന്നൊന്നായി കൊഴിയുമ്പോഴും രാവിലത്തെ ജോഗിങ് മുറതെറ്റാതെ തുടര്‍ന്നു. എന്നാല്‍, അന്നത്തെ ആ സംഭവം അത്ര നിസ്സാരം ആയി തള്ളിക്കളയാവുന്നതായിരുന്നില്ല എന്ന്് പിന്നെ ഉണ്ടായ സംഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. പലപ്രാവശ്യവും രാവിലെ ജോഗിങിനിടയില്‍ ആ കാക്കക്കുഞ്ഞു വീണയിടത്ത് എത്തുമ്പോള്‍, എന്തോ, ആരോ എന്നെ നിരീക്ഷിക്കുന്നതുപോലെ ഒരു തോന്നല്‍… ഞാന്‍ ഒന്നുരണ്ട് വട്ടം തിരിഞ്ഞുനോക്കി, ആരേയും, ഒന്നിനേയും കാണാനില്ല എന്ന് ഉറപ്പു വരുത്തിയിട്ട് ഓട്ടം തുടരും…
അടുത്ത ദിവസവും, അതിനടുത്ത ദിവസവും അതേ തോന്നല്‍… എന്നെ ആരോ സസൂക്ഷ്മം ശ്രദ്ധിക്കുന്നു...അസ്വാഭാവികമായ ഈ തോന്നല്‍ ദിവസേന ഉണ്ടായപ്പോള്‍ അത് തള്ളിക്കളയാവുന്നതല്ലാ എന്ന് എനിക്ക് മനസ്സിലായി. അന്ന്, ഞാന്‍ ഓട്ടം നിര്‍ത്തി അവിടമാകെ വിശദമായി പരിശോധിച്ചു. അടുത്തുള്ള മരക്കൊമ്പില്‍ ഒരു കാക്കയെ അല്ലാതെ ഒന്നിനേയും കണ്ടില്ല… അതാണെങ്കില്‍, ഉയരത്തിലുള്ള മരക്കൊമ്പത്ത് അനങ്ങാതെ ഇരിക്കയും… ഒരു കല്ലെടുത്ത് ഞാന്‍ അതിനു നേരെ എറിഞ്ഞു. അതു പറന്നുപോയി.

വീണ്ടും അടുത്ത ദിവസം ഞാന്‍ അവിടെ എത്തിയപ്പോള്‍ അതേ തോന്നല്‍… ഏതോ കണ്ണുകള്‍ എന്നെ പിന്‍തുടരുന്നു. ആ മരക്കൊമ്പത്തേക്ക് ഞാന്‍ വെറുതെ നോക്കി. ഇന്ന് ഒന്നല്ല, മൂന്നു, നാലു കാക്കകള്‍ അവിടെ  ഇരിക്കുന്നുണ്ട്. എന്നെ നിരീക്ഷിച്ചുകൊണ്ടെന്നപോലെ… കഴിഞ്ഞ ദിവസം എടുത്തതിലും വലിയ ഒരു കല്ലെടുത്ത് ഞാന്‍ അവയുടെ നേരെ എറിഞ്ഞു. അവ പറന്ന് പോയി. 
പിന്നെയുള്ള ഓരോ ദിവസവും കഴിയുമ്പോള്‍ കാക്കളുടെ എണ്ണം കൂടിക്കൂടി  വരുന്നത് ഞാന്‍ ശ്രദ്ധിച്ചു.  അവയുടെ എണ്ണം കൂടുന്തോറും ആ കാക്കകളുടെ സാന്നിദ്ധ്യം എനിക്ക് എന്തോ ഒരു തരം അസ്വസ്ഥത ഉണ്ടാക്കിതുടങ്ങി. കല്ലെറിഞ്ഞോ. വിരട്ടിയോ ഓടിക്കാവുന്നതിലും കൂടുതല്‍ കാക്കകള്‍ എന്നെ കാത്ത് ആ വഴിയോരത്ത് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ അസ്വസ്ഥത ഭയമായി മാറി. മരക്കൊമ്പില്‍  നിന്നും താഴേക്കും മുകളിലേക്കും എന്നു വേണ്ടാ, അവയുടെ ഈര്‍ക്കില്‍ കാലുകള്‍ ഉറപ്പിക്കാന്‍ ഇടയുള്ളിടത്തെല്ലാം കാക്കകള്‍….

ഈ കാക്കപ്പടയുടെ നിശബ്ദതയാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. സാധാരണ കാക്കകള്‍ കൂടുന്നയിടത്തെ കോലാഹലം ഒന്നുമില്ലാതെ, അതീവ ഗൗരവത്തോടെ എന്നെത്തന്നെ നോക്കി, ഇരിക്കുകയാണ് അവയെല്ലാം. ഉയരത്തില്‍ മരക്കൊമ്പ് ആണെങ്കിലും, അവയുടെ കണ്ണുകള്‍ മുള്ളുകള്‍ പോലെ എന്റെ മേല്‍ ആഴത്തില്‍ തറഞ്ഞിരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അവയുടെ ഘനമുള്ള ആ മൗനവും, ഗൗരവവും, കോടതി മുറിയിലെ, കറുത്ത ഗൗണ്‍ ധരിച്ച ന്യായാധിപസംഘത്തെയാണ് എന്റെ ഓര്‍മ്മയില്‍ കൊണ്ടുവന്നത്… ആ കോടതിയില്‍ വിസ്തരിക്കപ്പെടാന്‍ പോകുന്നത് ഞാനാണെന്ന് ആരും പറയാതെ തന്നെ എനിക്ക് മനസ്സിലായി… എനിക്ക് കഴുത്തിനു പിന്നിലായി നേരിയ ചൂട് അനുഭവപ്പെടുന്നത് പോലെ തോന്നി… പിന്നെ അത്, മെല്ലെ, ഒരുതരം വിറയലായി ദേഹമാസകലം പടരുന്നത് പോലെയും….

ഞാന്‍ രാവിലെ ജോഗിങിനു പോകുന്നത് നിര്‍ത്തി. അമ്മ ഒന്നു രണ്ടു പ്രാവശ്യം ചോദിച്ചു. “ങും..എന്തുപറ്റി…ജോഗിങ് കമ്പം കഴിഞ്ഞോ?” ഞാന്‍ ഒന്നും പറായന്‍ പോയില്ല. വഴിവക്കിലെ കാക്കകളെ പേടിച്ചാണ് രാവിലത്തെ ജോഗിങ് മതിയാക്കിയതെന്ന് എങ്ങനെയാണ് അമ്മയോടാണെങ്കിലും പറയുന്നത് ?

ഞാന്‍ കഴിയുന്നതും, വീട്ടിനുള്ളിലേക്കു തന്നെ ഒതുങ്ങി. പക്ഷേ, അതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല.

ജോഗിങ് നിര്‍ത്തിയതിന്റെ അടുത്ത ദിവസം മുതല്‍ ആ ന്യായാധിപസംഘം എന്റെ മുറ്റത്ത് ഹാജരായിത്തുടങ്ങി…കറുത്ത ഗൗണും, കഴുത്തില്‍ ചാരകോളറും ധരിച്ച വക്കീലന്മാര്‍, തല വെട്ടിച്ചും, ചെരിപ്പു പിടിച്ചും ഒക്കെ എനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിരത്തുന്നത് കേട്ടുകൊണ്ടായി ഓരോ പ്രഭാതവും പൊട്ടിവിരിയുന്നത്…

ഞാന്‍ ജനാലകളും കതകുകളും അടച്ചു നോക്കി. ഫലമുണ്ടായില്ല. കാക്കക്കോടതിയിലെ വാദപ്രതിവാദങ്ങല്‍ കതകുകളും ജനാലകളും ഭേദിച്ച് എന്റെ നേരെ വന്നുകൊണ്ടിരുന്നു.
ഈ ശല്യം സഹിക്കാവുന്നതിലും ഏറെയായപ്പോള്‍ ഞാന്‍ വീണ്ടും ജോഗിങ് തുടങ്ങി. അന്ന്, വേഷം മാറി, മുറിയില്‍ നിന്നിറങ്ങി ഞാന്‍ വരാന്തയിലേക്ക് ചെല്ലുമ്പോള്‍, അമ്മ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ പത്രത്താളില്‍ നിന്ന് തല ഉയര്‍ത്താതെ, അമ്മ പറഞ്ഞു. “ഹോ…എന്തൊരു അന്യായം…അപകടത്തില്‍ പെട്ടു കിടന്ന പിഞ്ചുപൈതലിനെ കണ്ടിട്ടും കാണാത്ത മട്ടില്‍ പോയിരിക്കുന്നു ഒരുവന്‍…”

ഞാന്‍, ഞെട്ടിത്തെറിച്ച് മുറ്റത്തുനോക്കി. അപ്പോഴേക്കും, കാക്കവക്കീലന്മാര്‍ അവരുടെ ഉച്ചത്തിലുള്ള ന്യായവിസ്താരം അവസാനിപ്പിച്ചിരുന്നു. മുറ്റത്തും അടുത്തുള്ള മരങ്ങളിലും ഒക്കെയായി. കാക്കകളുടെ ഒരു അക്ഷൗഹിണിപ്പട, കോടതി വിധി പ്രസ്താവിക്കുന്നതു കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. അവയുടെ ആകാംക്ഷ അന്തരീക്ഷത്തിന് ആകമാനം വന്യമായ ഒരു ഘനം പകര്‍ന്നിരുന്നു. അന്തരീക്ഷ വായുവിന് വല്ലാത്ത ഭാരം… ഉഛ്വസിക്കുവാന്‍ ഞാന്‍ നന്നെ വിഷമിച്ചു.
കാക്കകള്‍ ഒന്നുപോലും എന്റെ നേരെ നോക്കുന്നില്ല എന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു ജഡ്ജിയുടെ തികഞ്ഞ ഗൗരവത്തോടെ പത്രത്താളിലേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ മുഖത്തേക്കാണ് അവയെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

എന്റെ അപരാധം ഒരു മലയോളം വളര്‍ന്ന് എന്നെ വിഴുങ്ങാനായി വായ് പിളര്‍ത്തി നില്‍ക്കുകയാണ്. ഞാന്‍, അമ്മയുടെ, അല്ലാ, കണ്ണുകള്‍ മൂടിക്കെട്ടിയ ആ നീതിദേവതയുടെ മുഖത്തേക്കു നോക്കി. അവിടെ, മുഖം നോക്കാതെ നീതി നടപ്പാക്കാനുള്ള വ്യഗ്രത തെളിഞ്ഞു കത്തുന്നത് ഞാന്‍ വ്യക്തമായി കണ്ടു. ആ കോടതിയില്‍ നിന്നും യാതൊരു വിധത്തിലുള്ള ദാക്ഷണ്യവും എനിക്ക് ലഭിക്കുകയില്ലെന്ന് നിശ്ചയമായിരുന്നു. ശിക്ഷാവിധിയ്ക്കായി വീര്‍പ്പടക്കി നില്‍ക്കുമ്പോള്‍, ആ വിധി എന്റെ കാതില്‍ വീണു. “വിടരുത് അവനെ...”

കാക്കസദസിന് ആ വിധി നന്നെ ബോധിച്ചിരിക്കണം. കോടിതിമുറിയിലെ കനത്ത നിശബ്ദത മുറിഞ്ഞു… 'കാ…കാ…' ആരവത്തോടെ ആ ശിക്ഷ ശരിവെച്ചുകൊണ്ട് അവ കൂട്ടമായി പറന്നുയര്‍ന്നു. അതുവരെയും, അടക്കിപ്പിടിച്ചിരുന്ന വികാരവിക്ഷോഭങ്ങളുടെ വേലിയിറക്കങ്ങള്‍ ചിറകടിയുടെ മര്‍മ്മരമായി അവിടമെങ്ങും നിറഞ്ഞു.

പിന്നെ ഞാന്‍ അവിടെ നിന്നില്ല. പുറത്തേക്ക് ഓടുകയായിരുന്നു. എങ്കിലും, കറുകറുത്ത ഉടലും, കൂര്‍ത്ത കൂന്താലിച്ചുണ്ടുകളുമുള്ള ആരാച്ചാരന്മാര്‍ വിധി നടപ്പാക്കാനായി എന്റെ പിന്നാലെ പാഞ്ഞു വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞാന്‍ ഓട്ടത്തിന്റെ വേഗത കൂട്ടി. എവിടെ നിന്നോ ഒരു കാക്ക, കാറിക്കാഞ്ഞുകൊണ്ട് എന്റെ നേരെ താഴ്ന്നു പറന്ന് വരുന്നത് ഞാന്‍ കണ്ടു. അതിന്റെ കൂന്താലിച്ചുണ്ടുകള്‍ എന്റെ കണ്ണുകള്‍ക്കു നേരെ ആണെന്ന് കണ്ട് ഞാന്‍ അവ ഇറുകെ അടച്ചു. ആ ഒരു നിമിഷം മതിയായിരുന്നു പാഞ്ഞുവന്ന ആ ലോറിചക്രങ്ങള്‍ക്ക് ഇടയില്‍ ഞാന്‍ പെട്ടുപോകാന്‍…

അപസ്വരമെങ്കിലും, എന്റെ തൊണ്ടയില്‍ നിന്നും, ആത്മരക്ഷയ്ക്കായി ഒരു നിലവിളി ഉയര്‍ന്നിരിക്കണം…..


'കാക്കക്കോടതി' - കഥ (ലൈലാ അലക്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക