Image

ആടു ജീവിതത്തില്‍ പൃഥ്വിരാജ് നായകന്‍, ബ്ലസി സംവിധായകന്‍

Published on 01 November, 2015
ആടു ജീവിതത്തില്‍ പൃഥ്വിരാജ് നായകന്‍, ബ്ലസി സംവിധായകന്‍
ഡാളസ്: ബന്യാമിന്റെ നോവല്‍ 'ആടുജീവിത'ത്തിലെ കേന്ദ്ര കഥാപാത്രമായ നജീബിനെ സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കും.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം അഭ്രപാളികളിലെത്താന്‍ രണ്ടുവര്‍ഷമെങ്കിലുമെടുക്കുമെന്നു ബന്യാമിന്‍ പറഞ്ഞു. ഷൂട്ടിംഗിനു തന്നെ 15 മാസമെടുക്കും. കഥയോട് പൂര്‍ണ്ണ നീതി പുലര്‍ത്തുന്ന രീതിയിലുള്ള സിനിമ ലക്ഷ്യമിടുന്നതിനാല്‍ ലൊക്കേഷനുകളും മറ്റും നോവല്‍ ചിത്രീകരിച്ച പശ്ചാത്തലത്തില്‍തന്നെയായിരിക്കും. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയും ഒരുപക്ഷെ ആടുജീവിതമായിരിക്കും.

എന്നു നിന്റെ മൊയ്തീന്‍ എന്ന ജീവചരിത്രപരമായ കഥയിലെ നായകവേഷമിട്ട പൃഥ്വിക്ക് വീണ്ടും ജീവചരിത്രപരമായ (ബയോപിക്ക്) സിനിമയിലേക്കുള്ള വാതായനമാണ് ആടു ജീവിതം തുറക്കുന്നത്. മൊയ്തീന്റെ കഥ മലയാളി കേട്ടിരുന്നില്ലെങ്കില്‍ നജീബിന്റെ കഥ കേള്‍ക്കാത്ത മലയാളികളില്ലെന്ന പ്രത്യേകതയുമുണ്ട്.

ഗോട്ട് ഡേയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം വിവിധ രാജ്യങ്ങളില്‍ ഏറെ വായിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നു ബന്യാമിന്‍ പറഞ്ഞു. ഇംഗ്ലീഷിലെ ആടു ജീവിതത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലേയും പല കൃതികളും ഇംഗ്ലീളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ഇത്തരമൊരു ചലനത്തിന് ആടുജീവിതം തുടക്കം കുറിച്ചത് ചാരിതാര്‍ത്ഥ്യജനകമാണ്.

ബന്യാമിന്റെ പുതിയ കൃതി മഞ്ഞവെയില്‍ മരണങ്ങള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് അടുത്തയാഴ്ച ധാക്കയില്‍ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്യും. അതിനായി നോവലിസ്റ്റ് അമേരിക്കയില്‍ നിന്നു ധാക്കയിലേക്കാണ് പോകുന്നത്.

മൂന്നുവര്‍ഷമായി താന്‍ കഥകളൊന്നും എഴുതുന്നില്ലെന്ന് ബന്യാമിന്‍ പറഞ്ഞു. എഴുതാന്‍ വിഷയം ഉണ്ടെങ്കിലേ താന്‍ എഴുതൂ. എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കുന്നതിനോട് യോജിപ്പില്ല.

ആടുജീവിതം പറഞ്ഞ നജീബിന് എന്തുകൊടുത്തു എന്ന പ്രിന്‍സ് മാര്‍ക്കോസിന്റെ ചോദ്യത്തിനു അതു വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്നു ബന്യാമിന്‍ പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ നജീബിനു സഹായമെത്തിച്ചിട്ടുണ്ട്. പക്ഷെ എല്ലാറ്റിനേയും പണത്തിന്റെ മാനദണ്ഡങ്ങള്‍ വച്ചു അളക്കരുത്. നജീബിനു ലഭിച്ച പ്രശസ്തിയോ അംഗീകാരമോ ഒന്നും നിസാരമായി കാണേണ്ടതല്ല. 

പല സന്ദര്‍ഭങ്ങളിലും തനിക്ക് ലഭിക്കുന്ന അംഗീകാരം പണംകൊണ്ട് ലഭിക്കുന്നതല്ലെന്ന്  തോന്നിയിട്ടുണ്ട്. 

ആടുജീവിതത്തില്‍ പാമ്പിന്‍കൂട്ടങ്ങള്‍ വരുമ്പോള്‍ നജീബും കൂട്ടാളിയും മണലില്‍ പൂഴ്ന്നു കിടക്കുന്നത് യഥാര്‍ത്ഥ സംഭവമാണോ എന്നതിനു അത് സസ്‌പെന്‍സ് ആണെന്ന് ബന്യാമിന്‍ പറഞ്ഞു. യഥാര്‍ഥ്യമേത്   കഥയേത് എന്നു സംശയം  
തോന്നിപ്പിക്കുന്നതിലാണ് കഥാകാരന്റെ വിജയം. ബഹ്‌റിനില്‍ പാമ്പിന്‍കൂട്ടം കിടക്കുന്ന ചിത്രം താന്‍ കണ്ടതും ഈ ചിത്രീകരണത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആടു ജീവിതത്തില്‍ പൃഥ്വിരാജ് നായകന്‍, ബ്ലസി സംവിധായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക