Image

എഴുത്തുകാര്‍ക്ക് കേരളത്തില്‍ താരമൂല്യം: ബന്യാമിന്‍

Published on 01 November, 2015
എഴുത്തുകാര്‍ക്ക് കേരളത്തില്‍ താരമൂല്യം: ബന്യാമിന്‍
ഡാളസ്: ഭാഷയേയും എഴുത്തുകാരേയും മലയാളികളെപ്പോലെ ഇത്രയേറെ സ്‌നേഹിക്കുന്ന മറ്റൊരു സമൂഹവുമില്ലെന്ന് ലാന കണ്‍വന്‍ഷന്‍ സമാപന യോഗത്തില്‍ ബന്യാമിന്‍ അനുഭവങ്ങളിലൂടെ ചൂണ്ടിക്കാട്ടി. സിനിമാനടന്മാരേക്കാള്‍ വലിയ ആദരവ് സഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നു.

ചവറയില്‍ ഒരു യോഗത്തിനു ചെന്നപ്പോള്‍ ഗ്രാമത്തിലെ വീടുകള്‍ക്കു മുന്നില്‍ നിലവിളക്ക് കൊളുത്തി വെച്ചിരിക്കുന്നതു കണ്ടു. ഏതോ ഉത്സവം പ്രമാണിച്ചായിരിക്കാമെന്നു കരുതി അന്വേഷിച്ചപ്പോള്‍ പറഞ്ഞത് സമ്മേളനത്തിനെത്തുന്ന എഴുത്തുകാരെ ആദരിക്കാനായി ഗ്രാമവാസികളെല്ലാം നിലവിളക്ക് കത്തിച്ചുവെച്ചതാണെന്ന്.

ദൈവതുല്യമാണ് എഴുത്തുകാരെ മലയാളി കാണുന്നത്. കണ്ണൂരില്‍ ഒരു ഗ്രാമത്തിലെ ലൈബ്രറി സന്ദര്‍ശിക്കാനെത്തിയത് രാത്രിയിലാണ്. പോകുംവഴി ആളുകള്‍ ചൂട്ടുകറ്റയും വീശി പോകുന്നു. എന്തോ അപകടം സംഭവിച്ചിട്ട് ആളുകള്‍ പോകുകയാണെന്നാണ് കരുതിയത്. വണ്ടി നിര്‍ത്തി വിവരം ചോദിച്ചപ്പോള്‍ ബന്യാമിന്‍ ലൈബ്രറിയില്‍ വരുന്നുണ്ടെന്നും കാണാന്‍ പോകുകയാണെന്നും പറഞ്ഞത് അപൂര്‍വ്വാനുഭവമായി. മറ്റൊരു അവസരത്തില്‍ ട്രെയിന്‍ പാളംതെറ്റി സമ്മേളനത്തിനെത്താന്‍ പ്രയാസമാണെന്നറിയിച്ചപ്പോള്‍ എത്ര വൈകിയാലും എത്തണമെന്നായിരുന്നു അഭ്യര്‍ത്ഥന. അങ്ങനെ രാത്രി രണ്ടുമണിക്ക് ചെല്ലുമ്പോള്‍ ഗ്രാമം മുഴുവന്‍ ഉറക്കമിളച്ച് കാത്തിരിക്കുന്നു.

ഇത് ബന്യാമിനെ കാണാനല്ല എന്നറിയാം. ബന്യാമിന്‍ എന്ന എഴുത്തുകാരനെ കാണാനാണ്. ലാനാ സമ്മേളനത്തിലേക്ക് ക്ഷണിച്ചതും ഈ സ്‌നേഹ ബഹുമാനങ്ങള്‍ ചൊരിഞ്ഞതും അതുകൊണ്ടുതന്നെ- അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാന സമ്മേളനത്തില്‍ ആള്‍ക്കൂട്ടത്തെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം ചൂണ്ടിക്കാട്ടി. ആയിരം അരസികന്മാരേക്കാള്‍ അഞ്ച് രസികരെയാണ് ലാന ആഗ്രഹിക്കുന്നത്.

ലാന എന്തു കൂന എന്ന് ആദ്യകാലത്ത് ചിന്തിച്ചവരുണ്ട്. എന്നാല്‍ രണ്ടു പതിറ്റാണ്ട് ആകുമ്പോള്‍ ലാന ശക്തിപൂര്‍വ്വം മുന്നോട്ടുപോകുകയാണ്. 

അംഗീകരത്തിനോ പണത്തിനോ വേണ്ടിയല്ല എഴുതേണ്ടതെന്ന് ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി. മികച്ച എഴുത്തുകാരൊക്കെ നിരന്തരം എഴുതി ക്രമേണ പ്രശസ്തിയിലേക്കുയര്‍ന്നതാണ്. എഴുതാനുള്ള ഉല്‍ക്കടമായ അഭിവാഞ്ചയാണ് അവരെ നയിച്ചത്.

ഇന്ത്യന്‍ ഭക്ഷണക്രമങ്ങള്‍ ഇപ്പോള്‍ അമേരിക്കന്‍ മുഖ്യധാരാ സമൂഹത്തിലും പ്രചാരത്തിലാകുന്നു. ഇതുപോലെ നമ്മുടെ സാഹിത്യവും ഇതിഹാസങ്ങളുമൊക്കെ മുഖ്യധാരയില്‍ എത്തിക്കാവുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്യാമിന്റെ ആടുജീവിതം രണ്ട് രാജ്യങ്ങളില്‍ നിരോധിച്ചതില്‍ ഒന്ന് ഭാരതമാകാതെയിരിക്കട്ടെ എന്ന് എം.എസ്.ടി നമ്പൂതിരി പറഞ്ഞു. ഇന്ത്യയില്‍ നിന്നു വരുന്ന പല വാര്‍ത്തകളും അത്ര സുഖകരമല്ലാത്തത് ആയതില്‍ അദ്ദേഹം ഖിന്നത പ്രകടിപ്പിക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റുമാരായ ജോസഫ് നമ്പിമഠം, മനോഹര്‍ തോമസ്, ഏബ്രഹാം തെക്കേമുറി, ഏബ്രഹാം തോമസ്, കേരള എക്‌സ്പ്രസ് എഡിറ്റര്‍ ജോസ് കണിയാലി, ഇ-മലയാളിയുടെ ജോര്‍ജ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജെ. മാത്യൂസ് സ്വാഗതം പറഞ്ഞു. ജയിന്‍ ജോസഫ് ആയിരുന്നു എം.സി.

ലാന സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ചടങ്ങില്‍ ഷാജന്‍ പ്രഖ്യാപിച്ചു. നോവല്‍- ജോണ്‍ ഇളമത (സോക്രട്ടീസ്), കവിത- ഡോ. ജോയി കുഞ്ഞാപ്പു, കഥ -സാംസി കൊടുമണ്‍.

ലാനയുടെ പ്രസിദ്ധീകരണമായ ലാനേയത്തിന്റെ കോപ്പി ഡോ. എം.വി. പിള്ളയ്ക്ക് കൈമാറി ബന്യാമിന്‍ പ്രകാശനം നിര്‍വഹിച്ചു.

മാലിനിയുടെ 'നീയും ഞാനുംപിന്നെ നമ്മളും'  എന്ന പുസ്തകം മനോഹര്‍ തോമസിനു കോപ്പി നല്‍കി ബന്യാമിന്‍ പ്രകാശനം ചെയ്തു.

ഗീതാരാജന്റെ കവിതാ സമാഹാരം 'മഴയനക്കങ്ങള്‍' ളും അദ്ദേഹം പ്രകാശനം ചെയ്തു. 

നൈനാന്‍ മാത്തുളയുടെ രണ്ടു പുസ്തകങ്ങള്‍, ഉപാസന: ദൈവം പ്രവര്‍ത്തിക്കുമ്പോള്‍, ഒരു നിരീശ്വരവാദിയുടെ പ്രയാണം എന്നിവ എം.എസ്.ടി നമ്പൂതിരിക്ക് കോപ്പി നല്‍കി ബന്യാമിന്‍ പ്രകാശനം ചെയ്തു.

പുതിയ പ്രസിഡന്റ് ജോസ് ഓച്ചാലില്‍ നന്ദി പറഞ്ഞു. സമ്മേളനത്തിനുശേഷം വിവിധ സംഘടനകളോട് ചേര്‍ന്ന് കേരളപ്പിറവി ആഘോഷങ്ങള്‍ അരങ്ങേറി.
എഴുത്തുകാര്‍ക്ക് കേരളത്തില്‍ താരമൂല്യം: ബന്യാമിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക