MediaAppUSA

വംശവൃക്ഷങ്ങളുടെ വടവേരുകള്‍ പടരട്ടെ, കുടുംബ ജനാധിപത്യം പന്തലിക്കട്ടെ.(ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 23 November, 2015
 വംശവൃക്ഷങ്ങളുടെ വടവേരുകള്‍ പടരട്ടെ, കുടുംബ ജനാധിപത്യം പന്തലിക്കട്ടെ.(ഡല്‍ഹികത്ത്: പി.വി.തോമസ്)
ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ വംശവൃക്ഷങ്ങളുടെ വടവേരുകള്‍ ആഴത്തില്‍ പടര്‍ന്നോടുകയാണ്. അവയുടെ ശാഖകള്‍ പടര്‍ന്ന് പന്തലിക്കുകയാണ്. നമ്മുടെ കുടുംബജനാധിപത്യം വികസിച്ച് ഉല്ലസിക്കുകയാണ്. എത്ര മഹത്തരം, മഹോന്നതം!
മതനിരപേക്ഷതയുടെയും അസഹിഷ്ണുതയുടെയും വിരുദ്ധതയുടെയും മറവിലാണ് കുടുംബരാഷ്ട്രീയത്തിന്റെ ഈ തേരോട്ടം നടക്കുന്നതെന്നതാണ് സങ്കടകരം. ഇത് ബീഹാറിലോ, ഉത്തര്‍പ്രദേശിലോ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസം അല്ല. ദേശവ്യാപകം ആണ്. ഇന്‍ഡ്യയിലെ ഒന്നാമത്തെ രാഷ്ട്രീയ വാഴ്ചാകുടുംബമായ നെഹ്‌റു-ഗാന്ധി പരമ്പര മാത്രമല്ല ഇതിന് കാരണക്കാര്‍.

ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ബീഹാറിലെ മഹാസഖ്യ ഗവണ്‍മെന്റിന്റെ രൂപീകരണം(നവംബര്‍ 20). ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യത്തിന്റെ- ജെ.സി(യു), ആര്‍.ജെ.ഡി കോണ്‍ഗ്രസ്- ഗവണ്‍മെന്റ് അധികാരത്തിലേറിയപ്പോള്‍ സന്തോഷം തോന്നി. നിതീഷ് കുമാര്‍ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. പത്തു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിന്റെ അംഗീകാരമായിരുന്നു അത്. കൂടാതെ മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെയുള്ള ഒരു വിധിയെഴുത്തും ആയിരുന്നു അത്. ജനാധിപത്യത്തില്‍ സമ്മതിദായകര്‍ വിയോജിപ്പ് പ്രകടിപ്പിക്കുക സ്വാഭാവികം ആണല്ലോ, 2014- ലെതുപോലെ. നിതീഷ്‌കുമാറിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമായും സല്‍ഭരണത്തിനും വികസനത്തിനുമുള്ള അംഗീകാരമായും ദേശീയ രാഷ്ട്രീയത്തിലെ ഒരു തുടക്കം ആയും രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടു.

പക്ഷേ, പാറ്റനയിലെ ആ സത്യപ്രതിജ്ഞ ചടങ്ങ് ടെലിവിഷനില്‍ വീക്ഷിക്കുമ്പോള്‍ ചില വിഷമ ചിന്തകളും മനസില്‍ ഉയരാതിരുന്നില്ല. അത് ആ സഖ്യത്തിന്റെ സ്ഥിരതയോ ശാശ്വതത്വമോ മാത്രം ആയിരുന്നില്ല. പകരം ലാലു പ്രസാദ് യാദവിന്റെ കുടുംബവാഴ്ചയുടെ കൊടിയേറ്റം ആയിരുന്നു. കുടുംബവാഴ്ചയും മക്കള്‍ രാഷ്ട്രീയവും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ പുതിയതൊന്നും അല്ല. എങ്കിലും അതുപോലുള്ള ഒരു ശുഭമുഹൂര്‍ത്തത്തില്‍ ലാലുവിന്റെ അപക്വമതികളായുള്ള രണ്ട് ആണ്‍മക്കളുടെ കിരീടധാരണം തീര്‍ച്ചയായും പുത്തരിയില്‍ കല്ലുകടിയായി മാറി. ലാലുവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതുമയല്ല. കാലിത്തീറ്റ കുംഭകോണത്തില്‍ ഉള്‍പ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുവാന്‍ നിര്‍ബന്ധിതനായ അദ്ദേഹം യാതൊരു രാഷ്ട്രീയ-ഭരണ പരിചയവും ഇല്ലാതിരുന്ന സ്വഭാര്യ റാബറി ദേവിയെ തല്‍സ്ഥാനത്ത് അവരോധിച്ചതാണ്. ഇപ്രവാശ്യം ലാലു രണ്ട് ആണ്‍മക്കളെയാണ് ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനാരോഹണം ചെയ്യിച്ചത്. കാരണം അദ്ദേഹത്തിന് സ്വയം മുഖ്യമന്ത്രിയോ മന്ത്രിയോ ആകുവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പോലുമോ യോഗ്യത ഇല്ല. കാരണം അദ്ദേഹം കാലിത്തീറ്റ കുംഭകോണ കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ പുറത്ത് വന്നിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ട ദിവസം മുതല്‍ പത്ത് വര്‍ത്തേക്ക് ലാലു മന്ത്രിയാകുവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ അയോഗ്യന്‍ ആണ്. അതുകൊണ്ടാണ് അദ്ദേഹം നിതീഷ് കുമാറിനായി സ്ഥാനത്യാഗം ചെയ്തത്. പകരം രണ്ട് മക്കളെയും മന്ത്രിമാര്‍ ആക്കിയത്. ഇളയ മകന്‍ തേജ്വസിയെ ഉപമുഖ്യമന്ത്രി ആക്കി. തേജ്വസിക്ക് 27 വയസാണ് പ്രായം. വയസല്ല പ്രശ്‌നം. അദ്ദേഹം ആദ്യമായിട്ടാണ് നിയമസഭാംഗം ആകുന്നത്. മാത്രവുമല്ല അദ്ദേഹം പത്താം ക്ലാസ് പോലും പാസായിട്ടും ഇല്ല. വിദ്യാഭ്യാസ യോഗ്യത ജനാധിപത്യത്തില്‍ ഒരു ഭരണാധികാരിയുടെ പ്രാപ്തിയുടെ മാനദണ്ഡം ആണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, പത്താം ക്ലാസ് പോലും ജയിക്കാത്ത ഒരു ആദ്യ വതവണ നിയമസഭാംഗം ബീഹാര്‍ പോലുള്ള ഒരു ബൃഹത്തായ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാവുകയെന്നത് അല്പം കടന്ന കൈ അല്ലേയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചിന്തിച്ചാല്‍ അതില്‍ അതിശയം ഉണ്ടോ? ലാലുവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് ആണ് മന്ത്രിസഭയിലെ മൂന്നാമന്‍-നിതീഷ് തേജ്വസിയും കഴിഞ്ഞാല്‍. അദ്ദേഹവും ആദ്യമായിട്ടാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും വളരെ പ്രധാനപ്പെട്ട വകുപ്പുകളും നല്‍കിയിട്ടുണ്ട്. ലാലുവിന്റെ മൂത്തമകള്‍ മിസയുടെ പേരും ഗവണ്‍മെന്റിലെ പ്രധാന സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ട്.

എന്തുകൊണ്ടാണ് ഈ കുടുംബവാഴ്ച ഒരു ജനാധിപത്യത്തില്‍ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഒരു ജനാധിപത്യത്തെ ചില കുടുംബങ്ങളും ചില വ്യക്തികളും ബലാല്‍ക്കാരമായി തട്ടിക്കൊണ്ട് പോകുന്നത്? നമുക്ക് നെഹ്‌റു-ഗാന്ധി കുടംബത്തിന്റെ കഥ വ്യക്തമായ ഉദാഹരണമായി നമ്മുടെ മുമ്പില്‍ ഉണ്ട്. മോട്ടിലാല്‍ നെഹ്‌റുവും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും രാജീവ്ഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട് എന്ന കാര്യം അവര്‍ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തിനും സ്വതന്ത്രാനന്തര ഭാരതത്തിന്റെ വികസനത്തിനും രൂപീകരണത്തിനും നല്‍കിയ സംഭാവന മറക്കാതെ ഇവിടെ ഓര്‍മ്മിക്കാം. രാജീവ് ഗാന്ധിയുടെ പത്‌നി സോണിയ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ. മകന്‍ രാഹുല്‍ഗാന്ധി ഉപാദ്ധ്യക്ഷനും. സോണിയയുടെ മകള്‍ പ്രിയങ്ക ഗാന്ധി ഏത് നിമിഷവും രാഷ്ട്രീയത്തില്‍ സമുന്നത സ്ഥാനത്തോടെ പ്രവേശിക്കാം.

ഇത് കുടാതെ നെഹ്‌റുവും ഇന്ദിരയും രാജീവും ഇന്‍ഡ്യയുടെ പ്രധാനമന്ത്രിമാരായി ഏറെക്കാലം രാജ്യം ഭരിച്ചിട്ടുണ്ട്. സോണിയ 2004-ല്‍ പ്രധാനമന്ത്രി സ്ഥാനം ഒരു ഉള്‍വിളിയുടെ ഭാഗമായി ത്യജിച്ചുവെങ്കിലും രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. കുടുംബവാഴ്ചയുടെ അതിപ്രസരം അല്ലാതെ ഇത് എന്താണ്?
കേരളം തൊട്ട് കാശ്മീര്‍ വരെ നിറഭേദം ഇല്ലാതെ എല്ലാ ദേശീയ-പ്രാദേശീക പാര്‍ട്ടികളും കുടുംബവാഴ്ചയുടെ പ്രചാരകര്‍ ആണ്. ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ ആണ് കുടുംബവാഴ്ചയില്‍ അധികമായി വിശ്വസിക്കാത്തത്. കേരളത്തില്‍ കാര്യമായി കുടുംബവാഴ്ചയുടെ സ്വാധാനം ഇല്ല. കാരണം ജനങ്ങള്‍ ഇതിനെ കാര്യമായി അംഗീകരിക്കുന്നില്ല. കരുണാകരനും മക്കളും(മുരളീധരന്‍, പത്മജ) ഇതിന് കോപ്പ് കൂട്ടിയെങ്കിലും കാര്യമായി വിജയിച്ചില്ല. കേരള കോണ്‍ഗ്രസില്‍ മാണിയും മകന്‍ ജോസ്. കെ.മാണിയും ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും ആര്‍.എസ്.പി.യിലെ ബേബി ജോണും(അന്തരിച്ചു) ഷിബു ബേബിജോണും മുസ്ലീം ലീഗിലെ മുഹമ്മദ് കോയയും മകന്‍ മുനീറും ഈ പ്രതിഭാസത്തിന്റെ ചില ഉദാഹരണങ്ങള്‍ ആണ്.

തമിഴ്‌നാട് ആണ് കുടുംബരാഷ്ട്രീയത്തിന്റെ തെക്കെ ഇന്‍ഡ്യയിലെ കൂത്തരങ്ങ്. എം.ജി. രാമചന്ദ്രന്റെയും എം.കരുണാനിധിയുടെയും കുടുംബങ്ങള്‍ ഇതിന്റെ പ്രഥമോദാഹരണങ്ങള്‍ ആണ്. എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ ജാനകിയും സഖി ജയലളിതയും തമ്മില്‍ നടത്തിയ അധികാര യുദ്ധം ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ തുടിക്കുന്ന ഏടുകള്‍ ആണ്. കരുണാനിധിയും അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരും അവരിലുള്ള മക്കളും ഡി.എം.കെ. രാഷ്ട്രീയത്തിന്റെ വിഭിന്ന മുഖങ്ങള്‍ ആണ്. സ്റ്റാലിനും, അഴഗിരിയും, കനിമൊഴിയും തമ്മിലുള്ള അധികാര മത്സരവും ചേരിതിരിവും ആണ് ഇന്ന് ഡി.എം.കെ. നയിക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം. കര്‍ണ്ണാടകത്തില്‍ പ്രധാനമായും ദേവഗൗഡയും മകനും ആണ് കുടുംബരാഷ്ട്രീയത്തിന്റെ വക്താക്കള്‍.

ആന്ധ്രപ്രദേശില്‍ എന്‍.റ്റി.രാമറാവു എന്ന സിനിമനടന്‍ വിജയകരമായി സിനിമയിലൂടെ രാഷ്ട്രീയത്തില്‍ അവതരിച്ചുവെങ്കിലും അദ്ദേഹത്തിന് ശക്തമായ ഒരു കുടുംബവാഴ്ച സ്ഥാപിക്കുവാനായില്ല. കുടുംബത്തിനുള്ളില്‍ നിന്നും അദ്ദേഹത്തിന് പിന്‍കുത്ത് ഏല്‍ക്കേണ്ടതായി വന്നു, മരുമകന്‍ ചന്ദ്രബാബു നായിഡുവില്‍ നിന്നും. ആണ്‍മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അദ്ദേഹം ഉദ്ദേശിച്ച കിരീടാവകാശിയായ മകന്‍ ബാലകൃഷ്ണക്ക് സിനിമ തന്നെയായിരുന്നു താല്പര്യം. ഒരു മകള്‍ പുരന്ദേശ്വരി-കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ യു.പി.എ.യില്‍ കേന്ദ്രമന്ത്രിയായെങ്കിലും 2014-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. എന്‍.റ്റി. ആറിന്റെ ഭാര്യ(രണ്ടാം ഭാര്യം) അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ ശ്രമിച്ചെങ്കിലും ജനം അംഗീകരിച്ചില്ല. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയിരുന്ന വൈ.എസ്.രാജശേഖരറെഡ്ഡി(അന്തരിച്ചു) മകന്‍ ജഗന്‍ റെഡ്ഡിയിലുടെ കുടുംബവാഴ്ചക്ക് ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. തൊട്ടടുത്ത തെലുങ്കാനയിലും തെലുങ്കാന രാഷ്ട്രസമതിയുടെ നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവുവും മകന്‍ കെ. ത്രിവിക്രമറാവു(മന്ത്രി) കുടുംബ ജനാധിപത്യത്തിന്റെ ഉദ്ദാഹരണങ്ങള്‍ ആണ്.

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും(സിന്ധ്യ-പൈലറ്റ്-പവാര്‍)ഏറെ ഉദാഹരണങ്ങള്‍ കാണാമെങ്കിലും ഉത്തര്‍ പ്രദേശും ബീഹാറും ആണ് മക്കള്‍ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലുകള്‍. സമാജ് വാദി പാര്‍ട്ടിയുടെ മുലയം സിംങ്ങ് യാദവിന്റെ വീട്ടില്‍ നാലഞ്ച് എം.പി.മാരും ഒരു മുഖ്യമന്ത്രിയും ആണ് ഉള്ളത്. ബീഹാറില്‍ ലാലുവിന്റെ കുടുംബവാഴ്ച ആദ്യമേതന്നെ പരാമര്‍ശിച്ചു കഴിഞ്ഞു. രാം വിലാസ് പസ്വാനും മകന്‍ ചിരാഗ് പസ്വാനും(എം.പി)ബീഹാറിലെ മറ്റൊരു കുടുംബവാഴ്ചയുടെ കഥയാണ്. കാശ്മീരില്‍ അത് മുഫ്തി മൊഹമ്മദ് സെയ്തിന്റെയും മകള്‍ മെഹബൂബ സെയ്തിന്റെയും ഫറൂക്ക് അബ്ദുള്ളയുടെ മകന്‍ ഒമാര്‍ അബ്ദുള്ളയുടെയും കഥയാണ്. ഹരിയാനയില്‍ ആകട്ടെ അത് ഓം പ്രകാശ് ചൗത്താലയുടെ മകന്‍ അജയ് ചൗത്താലയുടെയും കഥ. പഞ്ചാബില്‍ ബാദല്‍മാരുടെയും കഥ.
ബി.ജെ.പി. വ്യത്യസ്തമായ ഒരു പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുടുംബ വാഴ്ചക്ക് അതിലും കുറവില്ല. യശവന്ത് സിന്‍ഹയും അദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹയും(കേന്ദ്രമന്ത്രി) ഒരു ഉദാഹരണം മാത്രം. യശവന്ത് സിന്‍ഹ ഇപ്പോള്‍ വിമതനും മോഡി വിരുദ്ധനും ആണ്.

ഈ കുടുംബ വാഴ്ചക്കാര്‍ ജനാധിപത്യത്തെ തട്ടികൊണ്ട്‌പോകുന്നുവെന്ന് മാത്രം അല്ല വന്‍ അഴിമതിക്കാരും ആണ്. കാരണം അവര്‍ക്ക് ആരേയും കണക്ക് ബോധിപ്പിക്കേണ്ടതായിട്ടില്ല. തന്നിഷ്ടം ഭരിക്കുക. യഥേഷ്ടം കണ്ടുമുടിക്കുക. ജയലളിതയും, കരുണാനിധിയും മക്കളും, ലാലു പ്രസാദ് യാദവും, ഹേമന്ത് സോരനും(ഷിബു സോരനും ഹേമന്ത് സോരനും ആണ് ഝാര്‍ഖണ്ഡിലെ കുടുംബവാഴ്ചയുടെ മുഖം), ഓം പ്രകാശ് ചൗത്താലയും മകന്‍ അജയ് ചൗത്താലയും എല്ലാം അഴിമതിക്കേസില്‍ കുടുങ്ങികിടക്കുന്നവരാണ്. അതും നൂറുകണക്കിന് കോടികളുടെ പ്രത്യേകിച്ചും വരവില്‍കൂടുതലുള്ള ധനസമ്പാദനകേസുകൡ. ചിലരൊക്കെ ജയിലില്‍ ആണ്. ഉദാഹരണത്തിന് ചൗത്താലമാര്‍. ചിലരൊക്കെ ജാമ്യത്തില്‍ ആണ്. ഉദാഹരണത്തിന് ലാലു. ചിലരൊക്കെ കോടതിയുടെ അന്തിമ വിധി കാത്തിരിക്കുന്നു. ഉദാഹരണത്തിന് മുലയവും ജയലളിതയും.

ഈ വക കുടുംബ വാഴ്ചകളിലൂടെ അവയുടെ ധൂര്‍ത്തടിയിലൂടെ അവയുടെ ഏകാധിപത്യപരമായ കുടുംബാധിപത്യത്തിലൂടെ എങ്ങനെ ഇന്‍ഡ്യന്‍ ജനാധിപത്യം നിലനില്‍ക്കും? ബീഹാറില്‍ നിന്നും ലാലുവും മക്കളും നല്‍കുന്ന സന്ദേശം എന്താണ്?

 വംശവൃക്ഷങ്ങളുടെ വടവേരുകള്‍ പടരട്ടെ, കുടുംബ ജനാധിപത്യം പന്തലിക്കട്ടെ.(ഡല്‍ഹികത്ത്: പി.വി.തോമസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക