Image

ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കൊയ്‌ത്തുത്സവം ജനുവരി 20ന്‌

Published on 19 January, 2012
ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കൊയ്‌ത്തുത്സവം ജനുവരി 20ന്‌
ദുബായ്‌: ദുബായ്‌ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ കൊയ്‌ത്ത്‌ മഹോത്സവത്തിന്‌ ജനുവരി 20ന്‌ (വെള്ളി) വൈകുന്നേരം അഞ്ചിന്‌ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ മോഹന്‍ വല്‍റാണി ഉദ്‌ഘാടനം ചെയ്യും. ഇടവക വികാരി റവ. ഫാ. ടി.ജെ. ജോണ്‍സണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഖാലിജ്‌ ടൈംസ്‌ ബിസിനസ്‌ കറസ്‌പോണ്‌ടന്റ്‌ ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പിലിനെ ആദരിക്കും. ഇടവക സഹവികാരി റവ. ഫാ. ബിജു ഡാനിയേല്‍, ഐഎംഎഫ്‌ യുഎഇ പ്രസിഡന്റ്‌ ഇ. സതീഷ്‌ എന്നിവര്‍ പ്രസംഗിക്കും.

ഇടവകാംഗങ്ങള്‍ വീടുകളില്‍ തയാറാക്കുന്ന കേരളീയ വിഭവ സ്റ്റാളുകള്‍, തട്ടുകടകള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, കുട്ടികള്‍ക്കുള്ള ഗെയിംസ്‌ സ്റ്റാളുകള്‍ എന്നിവ പ്രദര്‍ശനത്തിന്‌ തുറന്നു കൊടുക്കപ്പെടും. ഐഡിയ സ്റ്റാര്‍ സിംഗര്‍ അരുണ്‍ ഗോപന്‍ നയിക്കുന്ന ഗാനമേള, കോമഡി സ്‌കിറ്റുകള്‍, മോഹിനിയാട്ടം, ഭരത നാട്യം, ശിങ്കാരിമേളം എന്നിവയും മേളയോടനുബന്ധിച്ച്‌ നടക്കും. പ്രവേശനം സൗജന്യമാണ്‌.

സകലത്തിന്റെയും നിര്‍മിതാവും പരിപാലകനുമായ ദൈവത്തിന്‌ തനിക്ക്‌ ലഭിക്കുന്ന വിളവിന്റെ ഒരു വിഹിതം നല്‍കുകയും നന്ദി പറയുകയും ചെയ്യുവാനുള്ള അവസരമാണ്‌ കൊയ്‌ത്ത്‌ പെരുന്നാളെന്ന്‌ റവ. ഫാ. ടി.ജെ. ജോണ്‍സണ്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ്‌, ജോയിന്റ്‌ കണ്‍വീനര്‍ പി.ജി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക