Image

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്-ഭാഗം രണ്ട്-കയ്യാമവും കാരഗൃഹവും ഇല്ല, ജാമ്യം ലഭിച്ചു. ഇനി എന്ത്?(ഡല്‍ഹികത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 22 December, 2015
നാഷ്ണല്‍ ഹെറാള്‍ഡ് കേസ്-ഭാഗം രണ്ട്-കയ്യാമവും കാരഗൃഹവും ഇല്ല, ജാമ്യം ലഭിച്ചു. ഇനി എന്ത്?(ഡല്‍ഹികത്ത്: പി.വി. തോമസ്)
നാഷ്ണല്‍ ഹെറാള്‍ഡ് കേസും കോണ്‍ഗ്രസ് അത് കൈകാര്യം ചെയ്തരീതിയും വലിയ ഒരു രാഷ്ട്രീയ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തന്ത്രം പാളിപ്പോയോ? കേസും പാര്‍ലിമെന്റ് സ്തംഭിപ്പിക്കലും ജാമ്യവും, കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ? അതോ വന്‍ തിരിച്ചടി ആകുമോ?
കേസിലെ പ്രതികളായ സോണിയഗാന്ധിയോടും രാഹുല്‍ഗാന്ധിയോടും മറ്റ് നാല് പ്രതികളോടും വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുവാന്‍ ഹൈക്കോടതി ആജ്ഞാപിച്ചതിനോട് കോണ്‍ഗ്രസും സോണിയയും രാഹുലും വളരെ തീവ്രമായിട്ടാണ് പ്രതികരിച്ചത്. അത് സ്വാഭാവികം. എന്നാല്‍ അത് അത്ര ജനാധിപത്യപരവും ആയിരുന്നില്ല. സോണിയ പറഞ്ഞു താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകള്‍ ആണ് എന്ന്. ഒന്നിനെയും കൂസുകയില്ലെന്നും. ഇത് ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. എന്താണ് ഇതിന്റെ അര്‍ത്ഥം? സോണിയ നിയമത്തെയും കോടതിയെയും ഭയക്കുന്നില്ലെന്ന് ആണോ? അതോ ജയിലും കോടതിയും കേറാന്‍ ഇന്ദിരയെപ്പോലെ മടിയില്ലെന്നാണോ? എന്തായാലും നിയമത്തെയും കോടതിയെയും മാനിക്കുന്നില്ലെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത്് തെറ്റായിപ്പോയി. അതാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നില്ല. എങ്കില്‍ നന്ന്. പകരം സോണിയ പ്രതികരിച്ചത് താന്‍ കോടതിവിധിയെ മാനിക്കുന്നുവെന്നും വിചാരണകോടതിയില്‍ ഹാജരായി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞായിരുന്നെങ്കില്‍ അത് എത്രയോ നന്നായിരുന്നു. അത് തികച്ചും ജനാധിപത്യപരം ആയിരുന്നേനെ. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം മറ്റൊന്നായിരുന്നു. നാഷ്ണല്‍ ഹെറാള്‍ഡ് കേസ് ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്ന് അദ്ദേഹം ആരോപിച്ചു. ഈ പ്രത്യാക്രമണം വിലപ്പോയില്ല. അദ്ദേഹം കേസിലെ പ്രതികാര രാഷ്ട്രീയമോ, രാഷ്ട്രീയ പ്രേരണയോ, കേസില്‍ ഗാന്ധിമാര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള നിരപരാധിത്വമോ അക്കമിട്ട് നിരത്തിയില്ല. എന്ത് കൊണ്ട്. പ്രതികാര രാഷ്ട്രീയം എന്നത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞാല്‍ അത് ഒരുതരം രാഷ്ട്രീയ അടവ് നയം ആയിട്ടേ നിരീക്ഷകരും ജനവും കാണുകയുള്ളൂ.

കോണ്‍ഗ്രസിന്റെ പാളിപ്പോയ തന്ത്രങ്ങളില്‍ ഒന്നാണ് പാര്‍ലിമെന്റ് സ്തംഭിപ്പിക്കല്‍. ഡിസംബര്‍ 19ന് വിധി വന്ന ദിവസം മുതല്‍ കോണ്‍ഗ്രസ് പാര്‍ലിമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിക്കുവാന്‍ തുടങ്ങി. എന്ത് നേടി? ഒന്നും നേടിയില്ല. കഴിഞ്ഞ വര്‍ഷകാല സമ്മേളനം ഒന്നാകെ വ്യാപം- ലളിത് മോഡി കുംഭകോണങ്ങളില്‍ ഇല്ലാതാക്കിയതാണ് കോണ്‍ഗ്രസ്. എന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയാണ് ശീതകാലസമ്മേളനത്തില്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ സഭാസ്തംഭനം നടത്തിയത്. ഉത്തരവാദിത്വപരമായ പാര്‍ലിമെന്ററി പ്രവര്‍ത്തനം ആയിരുന്നോ ഇത്? കോണ്‍ഗ്രസ് ആലോചിക്കണം. അവസാനം ഹെറാള്‍ഡ് കേസിന്റെ പേരില്‍ മാത്രം അല്ല സഭാ സ്തംഭനം എന്ന് വരുത്തി തീര്‍ക്കുവാനിയിട്ട് മറ്റ് ചില വിഷയങ്ങളും ഉയര്‍ത്തി കാണിച്ചു. ഇതൊക്കെ വില കുറഞ്ഞ രാഷ്ട്രീയം ആണെന്ന് ഇന്‍ഡ്യയിലെ ഏറ്റവും പുരാണമായ ഈ രാഷ്ട്രീയകക്ഷി മനസിലാക്കിയില്ല. പക്ഷേ ജനങ്ങള്‍ മനസിലാക്കുന്നുവെന്നതാണ് സത്യം.

നാഷ്ണല്‍ ഹെറാള്‍ഡ് കേസിലെ കോണ്‍ഗ്രസിന്റെ മറ്റൊരു പാളിച്ച ജാമ്യം സംബന്ധിച്ചതാണ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യം തീരുമാനിച്ചത് സോണിയ ഗാന്ധിയും മോട്ടിലാല്‍ മോറയും മാത്രം ജാമ്യം തേടും. രാഹുല്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ ജയിലില്‍ പോകും എന്നതായിരുന്നു. അവസാനം സോണിയയുടെ ഇടപെടല്‍ മൂലം ജയില്‍വാസം വേണ്ടെന്ന് വച്ചു. രാഷ്ട്രീയമായി ഈ തീരുമാനം കോണ്‍ഗ്രസിന് ക്ഷീണം നല്‍കി. മറിച്ചായിരുന്നെങ്കില്‍ വലിയൊരു രാഷ്ട്രീയനേട്ടം ഇവര്‍ കൊയ്്‌തേനെ. സോണിയയുടെ രാഷ്ട്രീയ അപക്വതയാണ് ഇത് ചൂണ്ടികാട്ടുന്നത്. ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ മരുമകള്‍ എന്ന് പറയുവാനുള്ള യോഗ്യതയൊന്നും സോണിയയ്ക്കില്ല. ഇതിന് മറ്റൊരു ഉദാഹരണം ആണ് 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സോണിയ ഉയര്‍ത്തി കാണിക്കാതിരുന്നത്്. അവര്‍ക്ക് പരാജയഭയം ആയിരുന്നു. ആത്മവിശ്വാസം ഇല്ലായ്മ ആയിരുന്നു. അത് ജനം മനസിലാക്കി. അത് കൊണ്ടാണ് നരേന്ദ്രമോഡി കളിയാക്കിയത്. ഒരു അമ്മയും സ്വമകനെ ബലികഴിക്കുവാന്‍ തയ്യാറാവുകയില്ലെന്ന്. സോണിയഗാന്ധിയും കോണ്‍ഗ്രസും മനസ്സിലാക്കാതെ പോയത് തെരഞ്ഞെടുപ്പ് എന്നത് ഒരു മനസിന്റെ പോരാട്ടം ആണ് എന്നുള്ളതാണ്. അത് ആത്മവിശ്വാസത്തിന്റെ വിളംബരം ആണ്. ഫലം എന്തുതന്നെ ആയാലും.

നാഷ്ണല്‍ ഹെറാള്‍ഡ് കേസിന് രാഷ്ട്രീയവും നിയമപരവും മനുഷ്യത്വപരവും ആയ വശങ്ങള്‍ ഉണ്ട്. രാഷ്ട്രീയ വശം നമുക്ക് അറിയാം. നിയമപരമായ കാര്യം കോടതിയില്‍ കിടക്കുന്നു. മനുഷ്യത്വവശം മറ്റൊന്നാണ്. ഏകദേശം ജീവനക്കാര്‍ ആണ് 2008- ല്‍ നാഷ്ണല്‍ ഹെറാള്‍ഡും സഹോദര പ്രസിദ്ധീകരണങ്ങളും അടച്ചിട്ടതിനെ തുടര്‍ന്ന് തൊഴില്‍ രഹിതര്‍ ആയത്. അതായത് കുടുംബങ്ങള്‍ വഴിയാധാരമായി. ആ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ ്‌സോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് നല്‍കിയ 90 കോടിരൂപയുടെ പലിശയില്ലാ കടം സഹായിച്ചുവെന്നത് വാസ്തവം ആണ്. 10 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഒരു ഗോള്‍ഡന്‍ ഷേക്ക് ഹാന്റിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്തുകൊണ്ട് നാഷ്ണല്‍ ഹെറാള്‍ഡും സഹപ്രസിദ്ധീകരണങ്ങളും ഇങ്ങനെ ഒരു അവസ്ഥയിലായി എന്നത് മറ്റൊരു ചോദ്യം. അതിലേക്കോ ഹെറാള്‍ഡ് കേസിന്റെ മെറിറ്റ്‌സിലേക്കോ ഞാന്‍ ഈ അവസരത്തില്‍ പ്രവേശിക്കുന്നില്ല.
അങ്ങനെ ഇന്‍ഡ്യയിലെ ആദ്യ രാഷ്ട്രീയ കുടുംബവും പ്രതികൂട്ടിലെത്തി ഹെറാള്‍ഡ് കേസിലൂടെ ഡിസംബര്‍ 19 ന് നെഹ്‌റു-ഗാന്ധി കുടുംബത്തിന് കേസും ജയിലും പുത്തരിയല്ല. മോട്ടിലാല്‍ നെഹ്‌റുവും മകന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ജയിലില്‍ പോയിട്ടുണ്ട്. അത് സ്വാതന്ത്ര്യസമരകാലത്ത്. പിന്നീട് ഇന്ദിരഗാന്ധിയും മകന്‍ സജ്ഞയ് ഗാന്ധിയും ജയിലില്‍ പോയിട്ട്. അത് സ്വാതന്ത്ര്യസമരാനന്തരം. ഇന്ദിര ജയിലില്‍ പോയത് അടിയന്തിരാവസ്ഥക്ക് ശേഷം ആണ്. ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്ക് മറക്കുവാന്‍ സാധിക്കും? അടിയന്തിരാവസ്ഥ കാലത്തെ അതിക്രമങ്ങള്‍ 1977-78 കളില്‍ വലിയ വാര്‍ത്തയും വിവാദവും ആയിരുന്നു. ജനത പാര്‍ട്ടിയുടെ ഭരണം. മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. ചൗധരി ചരണ്‍ സിംങ്ങ് ഗൃഹമന്ത്രി. 1978 ഡിസംബര്‍ 19-ന്, അതായത് സോണിയയും രാഹുലും കോടതിയില്‍ ഹാജരായി ജാമ്യം നേടിയതിന് കൃത്യം 37 വര്‍ഷങ്ങള്‍ക്ക് മുമ്പ്- പാര്‍ലിമെന്റ് ഇന്ദിരയെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ അടക്കുവാനും ലോക്‌സഭയില്‍ നിന്നും പുറത്താക്കുവാനും തീരുമാനിച്ചു. ജിയില്‍ ശിക്ഷ സഭയുടെ സെഷന്‍ തീരുന്നത് വരെയാണ്. അങ്ങനെ ഇന്ദിര തീഹാര്‍ ജയിലില്‍ തടവുകാരിയായി. മകന്‍ സജ്ഞയ് ഗാന്ധി ജയിലില്‍ ആയത്, ഒരു ദിവസത്തേക്ക്, ഒ.എന്‍.ജി.സി.- മാരുതി റോഡ് റോളര്‍ കേസില്‍ ആണ്. അത് ദെറാഡൂണില്‍ വച്ചായിരുന്നു. ഞാന്‍ അന്ന്(1979) ആ കേസ് ഒരു പത്രലേഖകന്‍ എന്ന നിലയില്‍ കവര്‍ ചെയ്യുന്നുണ്ടായിരുന്നു. പോലീസിന്റെ അടിയും കിട്ടി എനിക്ക്. അത് വേറൊരു കഥ. ഏതായാലും കോടതിയും കേസും ജയിലും നെഹ്‌റു-ഗാന്ധിമാര്‍ക്ക് ഒരു പുതുമയൊന്നും അല്ല. പക്ഷേ സാമ്പത്തീക ക്രമക്കേടിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും പേരില്‍ നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങള്‍ സജ്ഞയനുശേഷം ആദ്യമായിട്ടാണ് പ്രതികൂട്ടില്‍ നില്‍ക്കേണ്ടി വന്നത്.

തല്‍ക്കാലത്തേക്ക് കയ്യാമവും കാരാഗൃഹവും സോണിയക്കും രാഹുലിനും ഇല്ല. ജാമ്യവും ലഭിച്ചു. ഇനി എന്ത് എന്നുള്ളതാണ് ചോദ്യം. ഫെബ്രുവരി 20ന് ആണ് കേസിന്റെ അടുത്ത അവധി. അന്നും അവര്‍ വ്യക്തിപരമായി കോടതിയില്‍ ഹാജരാകണം. അപേക്ഷിച്ചാല്‍ വ്യക്തിപരമായ ഹാജരാക്കലില്‍ നിന്നും വിടുതല്‍ ലഭിച്ചേക്കാം. പക്ഷേ, അത് വേണ്ട എന്നാണ് സോണിയയുടെ തീരുമാനം. നല്ലത്.

നാഷ്ണല്‍ ഹെറാള്‍ഡ് കേസ് അങ്ങനെ നിയമത്തിന്റെ വഴിക്ക് പോവുകയാണ്. അത് ഇനി പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയില്ല. ത്ല്‍ക്കാലത്തേക്കെങ്കിലും. കോടതിയില്‍ എന്ത് സംഭവിക്കും എന്നത് കാത്തിരുന്നു കാണാം. എത്രകാലം എന്നത് അറിയില്ല. പരാതിക്കാരനായ സുബ്രമണിയന്‍ സ്വാമി പറയുന്നത് 2016- ല്‍ സോണിയയയെയും രാഹുലിനെയും ജയിലില്‍ അടപ്പിക്കും എന്നാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് ഭാവുകങ്ങള്‍. പക്ഷേ, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥിതിയുടെ കെട്ടുംമട്ടും അറിയാവുന്ന ഒരാള്‍ക്ക് ഈ കേസിന്റെ അന്ത്യം അടുത്തെങ്ങും കാണുവാന്‍ സാധിക്കുകയില്ല. ഒരുപക്ഷേ അത് 2019-ലെ ലോകസഭതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരിക്കും. അത് വളരെ രസകരവും ആയിരിക്കും.

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്-ഭാഗം രണ്ട്-കയ്യാമവും കാരഗൃഹവും ഇല്ല, ജാമ്യം ലഭിച്ചു. ഇനി എന്ത്?(ഡല്‍ഹികത്ത്: പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക