Image

കേരള സോഷ്യല്‍ സെന്ററില്‍ യുവജനോല്‍സവം തുടങ്ങി

Published on 21 January, 2012
കേരള സോഷ്യല്‍ സെന്ററില്‍ യുവജനോല്‍സവം തുടങ്ങി
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുവജനോല്‍സവത്തില്‍ നിന്ന്‌ അബുദാബി: കേരള സോഷ്യല്‍ സെന്ററില്‍ വിവിധ കലാ മല്‍സരങ്ങളോടെ യുവജനോല്‍സവം തുടങ്ങി. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന്‌ ഒട്ടേറെ പേര്‍ മല്‍സരിക്കുന്ന യുവജനോല്‍സവം ജമിനി ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഗണേഷ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു. സെന്റര്‍ പ്രസിഡന്റ്‌ കെ.ബി. മുരളി അധ്യക്ഷത വഹിച്ചു. കെഎസ്‌സി സെക്രട്ടറി സൈനുദ്ദീന്‍ അന്‍സാരി, കലാ വിഭാഗം സെക്രട്ടറി എ. മോഹന്‍ദാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഭരതനാട്യ മല്‍സരത്തോടെ വിവിധ വേദികളിലായി വൈകിട്ട്‌ അഞ്ചു മുതല്‍ നടന്ന മല്‍സരം പുലര്‍ച്ചെ വരെ തുടര്‍ന്നു. മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്‌, ചലച്ചിത്രഗാനം, ആംഗ്യപ്പാട്ട്‌, ഉപകരണ സംഗീതം, പ്രച്‌ഛന്നവേഷം, മോണോ ആക്‌ട്‌, കളറിങ്‌, പെയിന്റിങ്‌, ചിത്രരചന എന്നീ ഇനങ്ങളിലാണു മല്‍സരം നടക്കുന്നത്‌.

പ്രായാടിസ്‌ഥാനത്തില്‍ ആറു ഗ്രൂപ്പുകളിലായി നടക്കുന്ന മല്‍സരങ്ങളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണു മല്‍സരാര്‍ഥികള്‍. കൊല്ലം നാട്യകലാ കേന്ദ്രത്തിലെ നൃത്താധ്യാപിക ശ്രീകലയുടെ നേതൃത്വത്തിലാണു വിധി നിര്‍ണയം. ഈ മാസം 29ന്‌ നടക്കുന്ന ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ 252 പേരാണു റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.
കേരള സോഷ്യല്‍ സെന്ററില്‍ യുവജനോല്‍സവം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക