പ്രകടനവും സമരവുമൊക്കെകൊണ്ട് മൊത്തം സമൂഹം
അപഹാസ്യരാകുമെന്നല്ലാതെ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ചിക്കാഗോ സീറോ
മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇ-മലയാളിയോട്
പറഞ്ഞു.അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ ദുഖമുണ്ട്. അതില്‍
നിന്നു പിന്തിരിയണമെന്നാണു തന്റെ അഭ്യര്‍ഥന. ആവേശം കൊണ്ട് ചെയ്യുന്നത്
ഭാവിയില്‍ ദോഷം ചെയ്യുമോ എന്നവര്‍ ആലോചിക്കുന്നില്ല.
വൈദീകന് താമസിക്കുന്ന സ്ഥലത്ത് പ്ലാക്കാര്‍ഡുമായി ചെന്നാല്‍ വൈദീകനോ
സഭയ്ക്കോ ഒന്നും വരാനില്ല. എന്നാല്‍ അതുകാണുന്ന അമേരിക്കക്കാര്‍
എന്തുവിചാരിക്കും? അവര്‍ക്ക് സഭയിലെ ഉള്‍പിരിവൊന്നുമറിയില്ല. ഇന്ത്യക്കാര്‍
എന്നു മാത്രമായിരിക്കും അവര്‍ കണക്കാക്കുക. അതു മോശമായ പ്രതിഛായ
സൃഷ്ടിക്കും.
ഏതാനും പേരുടെ കടുംപിടുത്തമാണ് പ്രശ്നം ഉണ്ടാക്കുന്നത്. അവര്‍
ആരുപറഞ്ഞാലും കേള്‍ക്കില്ല. പ്രാര്‍ത്ഥനയിലൂടെ നേടേണ്ട കാര്യങ്ങളാണിതൊക്കെ.
അല്ലാതെ സമരം ചെയ്തല്ല.
സമുദായത്തിനെതിരേ വൈദീകനോ രൂപതയോ ഒന്നും ചെയ്തിട്ടില്ല. കുര്‍ബാന ചൊല്ലാന്‍
പറ്റാത്ത സ്ഥിതി വന്നപ്പോള്‍ കുര്‍ബാന കമ്യൂണിറ്റി സെന്ററില്‍ നിന്നു
പള്ളിയിലേക്ക് മാറ്റിയെന്നേയുള്ളൂ. ഇനി സെന്ററിലേക്ക് കുര്‍ബാന
തിരിച്ചുകൊണ്ടുവരുന്ന പ്രശ്നമില്ല. അക്കാര്യത്തില്‍ ഒരു മാറ്റവും
ഉണ്ടാവില്ല. താത്പര്യമുള്ളവര്‍ക്ക് മരിയന്‍ െ്രെഷനിലെ പള്ളിയില്‍ വരാം.
ആളുകള്‍ വരാതെ അവിടെ കുര്‍ബാന നിര്‍ത്തലാക്കുന്ന സ്ഥിതി വന്നാല്‍
അങ്ങനെയാവട്ടെ. പറ്റുന്നവര്‍ കുര്‍ബാനയ്ക്ക് പോകട്ടെ. അല്ലാത്തവര്‍
പോകേണ്ടതില്ല.
പ്രകടനമൊക്കെ സഭയ്ക്കും എനിക്കും വൈദീകനും ക്ഷീണം തന്നെയാണ്. പക്ഷെ
വൈദീകനും ഞാനുമൊക്കെ ഇന്നല്ലെങ്കില്‍ നാളെ മാറിപ്പോകും. നന്മയ്ക്കായുള്ള
കാര്യങ്ങള്‍ മാത്രമാണ് വൈദീകന് പറഞ്ഞുകൊടുക്കുന്നത്.
ക്നാനായ സമുദായത്തിനു സഹായ മെത്രാനും രൂപതയുമൊക്കെ വേണമെന്നു പറയുമ്പോള്‍
തന്നെയാണ് സമരവും മറ്റും. അതു കാണുന്ന അമേരിക്കന്‍ മെത്രാന്മാര്
സമുദായത്തെപ്പറ്റി എന്തു ചിന്തിക്കും.? അവരോട് പിന്നീട് പിന്തുണ
ആവശ്യപ്പെടാനാകുമോ?
പള്ളിയും സംഘടനയും രണ്ടും രണ്ടാണ്. പള്ളിക്കാര്യങ്ങള് അച്ചനും സഭയും പറയും
പോലെ പോകണം. അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് സമ്മിതിക്കില്ല.
നാളെയും തമ്മില്‍ കാണേണ്ടവാരാണ് എന്നുള്ളത് മറക്കുന്നു. ഒരാവശ്യം വന്നാല്‍
പള്ളിയും സഭയുമൊക്കെ വേണം. അതില്ലാതെ പറ്റില്ല. വൈദീകനും ബിഷപ്പും എന്ത്
ഏകാധിപത്യമാണ് നടത്തുന്നത്? ഞങ്ങള്‍ ശുശ്രൂഷകള്‍ മാത്രമാണ് ചെയ്യുന്നത്.
ഒരുകാര്യത്തിലും ഇടപെടാറുമില്ല. പക്ഷെ സഭയുടെ നിലപാടുകള്‍ക്കപ്പുറത്ത്
പോകാന്‍ ബിഷപ്പിനോ വൈദീകനോ പറ്റില്ല. പള്ളിക്കാര്യത്തില്‍ ഞങ്ങള്‍ക്ക്
ഉത്തരവാദിത്വവും കടമയുമുണ്ട്. തമ്പുരാന്റെ മുന്നിലും ജനത്തിന്റെ മുന്നിലും
അതു നിര്‍വഹിച്ചതായി ബോധ്യമാകണം.
പ്രതിക്ഷേധിച്ചതുകൊണ്ട് എന്താണ് നേടുക? കുര്‍ബാന ചൊല്ലാന്‍ പറ്റാത്ത
സാഹചര്യം വന്നപ്പോഴാണ് കുര്‍ബാന സ്ഥലം മാറ്റിയത്. വൈദീകനും
ക്നാനായക്കാരന് തന്നെയാണ്. കുര്‍ബാന എവിടെ നടത്തണമെന്ന് തീരുമാനിക്കാന്‍
സഭയ്ക്ക അധികാരമുണ്ട്.
സമുദായത്തിന്റെ പ്രശ്നങ്ങള്‍ അറിയം. അതു സഭാ നേതൃത്വം ഗൗരവമായി
കണക്കിലെടുക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആ
അവസരത്തില്‍ ഇത്തരം പ്രതിക്ഷേധങ്ങളൊന്നും നന്നല്ല.
പൊതുയോഗം കൂടുന്നുന്നില്ലെന്നു പറയുന്നു. വൈദീകന് വന്നിട്ട് ഏതാനും
ആഴ്ചകളേ ആയുള്ളൂ. പൊതു യോഗംബഹളത്തില്‍ കലാശിക്കുകയേയുള്ളു. പോലീസിനെ
വിളിച്ചാല്‍ അതു നാണക്കേടാകും.
നാട്ടില്‍ നല്ല സാഹചര്യത്തില്‍ കഴിയുന്ന വൈദീകരെയാണ് ഇവിടെ കൊണ്ടുവരുന്നത്.
ഇവിടെ വന്ന് തണുപ്പും സഹിച്ച് ആളുകളുമായി ഗുസ്തിപിടിക്കേണ്ട
സാഹചര്യമൊന്നും അവര്‍ക്കില്ല.
ഇത്തരം ബഹളങ്ങളും മറ്റും കണ്ട് കുട്ടികള്‍ വളരുന്നതില്‍ ദുഖമുണ്ട്. അത് അവരുടെ ചിന്താഗതിയെ എങ്ങനെ ബാധിക്കും?
വൈദീകനും ബിഷപ്പുമൊന്നും സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവരല്ല. തങ്ങള്‍ക്കും
കുറവുകളുണ്ട്. അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനും മടിക്കാറില്ല. പക്ഷെ
അന്യായമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്ക്കാനാവില്ല.
സ്വന്തം സഭയ്ക്കും സ്വസമുദായാംഗമായ വൈദീകനുമൊക്കെ എതിരാണ് സമരമെന്നത്
മറക്കരുത്. നാളെ ഒരാവശ്യം വന്നാല്‍ എവിടെപ്പോകും? സഭ വിടുമെന്നൊക്കെ ചിലര്‍
പറയുന്നു. അവര്‍ക്ക് സഭയില്‍ അത്രയേ ഉള്ളൂ വിശ്വാസമെങ്കില്‍ അവരെപ്പറ്റി
ഒന്നും പറയാനില്ല.
ചിക്കാഗോയിലും ഇതേപോലെ പ്രശ്നങ്ങള്‍ ഉണ്ടായതാണ്. അവിടെ ഇപ്പോള്‍ കമ്യൂണിറ്റി സെന്ററും രണ്ട് പള്ളികളുമുണ്ട്.
എന്തായാലും ഇത് ഏറെ മാനസീക വിഷമം സൃഷ്ടിക്കുന്നതാണ്. പ്രത്യേക മാധ്യസ്ഥ
ചര്‍ച്ചകളോ ഒന്നും ഇല്ല. എങ്കിലും ഈ നീക്കങ്ങളില്‍ നിന്നു
പിന്തിരിയണമെന്നാണ് തന്റെ അഭ്യര്‍ത്ഥന.
ക്നാനായ സെന്റര്‍ സ്വന്തമാക്കണമെന്നു രൂപത ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
ഒരു അവകാശവാദവും ഉന്നയിച്ചിട്ടുമില്ല. അതിന്റെ ആവശ്യവുമില്ല- അദ്ദേഹം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല