ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ മലയാളം ബി.എ. (കഥ: തമ്പി ആന്റണി)

തമ്പി ആന്റണി Published on 01 March, 2016
ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ മലയാളം ബി.എ. (കഥ: തമ്പി ആന്റണി)
ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ ബി.എ. മലയാളം .എഴുത്തുകാരന്‍മാത്രമല്ല  ,പ്രസഗ കലയില്‍  വെടിക്കെട്ട്, ആരെയും ചീത്ത പറയാന്‍ ഒരു മടിയുമില്ല. അതുകൊണ്ടുതന്നെ   പല പ്രസ്ഥാനങ്ങളിലും പെട്ടുപോയിട്ടുണ്ട് . ശത്രുക്കളു  പറയുന്നു നെക്‌സലൈയിറ്റാണെന്ന്. നാട്ടിലുള്ള  കൂട്ടുകാര്‍  പറയുന്നു  കമ്മ്യുനിസ്റ്റാണെന്നു. അതൊക്കെ കേട്ടുകേള്‍വി മാത്രം. അതെന്തുമാകെട്ടെ ഇത്താക്ക്  കള്ളുകുടിക്കും  ,കഞ്ചാവ് വലിക്കും , കുളിക്കുമോന്നു ചോദിച്ചാല്‍ വല്ലപ്പോഴും വൈകുന്നേരങ്ങളില്‍ ആ പൂമരതോട്ടില്‍ ഒന്നു മുങ്ങിപ്പോങ്ങുന്നതുകാണാം.  കണ്ടാല്‍  ഒരു പഞ്ച  പാവം. മുടിനീട്ടി നല്ല  നീളത്തില്‍  കളറുള്ള  ജുബയും പാന്‍സും  ഇട്ടിട്ട് ഒരുമാതിരി  അപ്പിഹിപ്പി സ്റ്റയില്‍ . എന്നിട്ടും നല്ലപ്രായത്തില്‍ ഒരു പെണ്ണുകേസില്‍പോലും  പെട്ടിട്ടില്ല . അതുമാത്രമാണ് ഒരു പ്ലസ്സ്‌പോയിന്റെ.  കൂട്ടുകാരെ അടുത്തുകിട്ടിയാല്‍ വാതോരാതെ സംസാരിക്കും . സാഹിത്യത്തിലാണ് താല്‍പ്പര്യം .വായിക്കാത്ത പുസ്തകങ്ങള്‍ ഈ ഭൂലോകത്ത് വളെരെ ചുരുക്കമാണെന്നു പറയാം .ഖഉ സാലിങ്ങരിന്റെ ഒന്‍പതു കഥകളും ഏതൊരുറക്കത്തില്‍ ചോദിച്ചാലും പുഷ്പ്പംപോലെ പറയും . മാര്‍ക്കൊസ്സിന്റെ  ഏകാന്തതയുടെ നൂറുവര്‍ഷം മാത്രം മലയാളത്തിലാണ് വായിച്ചത് . തര്‍ജിമ വായിക്കുന്നെങ്കില്‍ സ്വന്തം ഭാഷയില്‍ അല്ലെങ്കില്‍ ഒര്‍ജിനല്‍ എന്നാണ് മൂപ്പരുടെ മുദ്രാവാക്ക്യം .അമേരിക്കക്ക് പോകാന്‍ നാടുവിട്ടകാലത്ത്  ഓ.വി. വിജയന്റെ കസാക്കിന്റെ ഇതിഹാസവും,  കൊണ്ടാണ് പോയതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
 
  പെണ്ണും പെടക്കൊഴിയുമില്ലല്ലോ. അതുകൊണ്ട് മിക്കവാറും ഫ്രീ ബേര്‍ഡ് ആണ് . ഇടെക്ക് ഏതോ അച്ചന്മാരുടെ പത്രമാഫീസില്‍ ജോലിയുണ്ടായിരുന്നു . ഒരു ദിവസം എന്തോ  ആശയതര്‍ക്കത്തില്‍ അവരുമായി ഒന്നിടഞ്ഞു .പിറ്റേ  ദിവസം രാവിലെ  നല്ല പൂക്കുറ്റിയായി ചെന്ന്  പത്രാധിപരായ അച്ഛന്റെ ലോഹ    വലിച്ചുകീറി. ബട്ടന്‍സുകള്‍ നാലുപാടും തെറിച്ചുവീണു. അതോടുകൂടി സ്വയം പടിയിറങ്ങി. കവി  പി. കുഞ്ഞുരാമന്‍ നായരെപോലെ ഒരവധൂധനായി  തെണ്ടിനടക്കാന്‍ തുടങ്ങി. ആരെങ്കിലും അതെപ്പറ്റി ചോദിച്ചാല്‍ ലോകമേ തറവാട് എന്നുപറയും. കുഞ്ഞിരാമന്റെ  'കവിയുടെ കാല്പാടുകള്‍'തന്നെയാണ് ഇത്താക്കിന്റെ ബൈബിള്‍ എന്നു വേണമെങ്കില്‍ പറയാം.  ഒന്നുരണ്ടു പുസ്തകങ്ങള്‍ നല്ലപ്രായത്തില്‍തന്നെ പ്രസിദ്ധീകരിച്ചതുകൊണ്ട് അത് വെളിച്ചം കണ്ടു. ആ കാലങ്ങളില്‍ പൂമരക്കാട് എന്ന തൂലികാനാമത്തില്‍ എഴുതിയ ഒരു കവിതയാണ് താഴെകുറിക്കുന്നത് .

പാവം ഞാന്‍ 
അന്ന് ഞാനൊരു
പാവമായിരുന്നു 
പള്ളിയില്‍ പോകുന്ന 
വേതപുസ്തകം വായിക്കുന്ന  
കുബസ്സാരിക്കുന്ന 
പാവം പരിശുദ്ധത്മാവ്
 
വളര്‍ന്നു വളര്‍ന്നു
വലിയ മനുഷ്യനായി 
പള്ളിയില്‍ പോകാതെ 
കള്ളുഷാപ്പിലും പട്ടക്കടയിലും 
കിറുങ്ങി കിറുങ്ങി നടന്നു 
കൊച്ചു കൊച്ചു തെറ്റുകള്‍ ചെയ്യുന്ന
സാധാരണ മനുഷ്യനായി 
 
 ക്യാപ്റ്റന്‍ ഇത്താക്ക് ഒറ്റയാനായി അങ്ങെനെ യുവത്വത്തിന്റെ  പകുതിയോളം  അടിച്ചുപൊളിച്ചു  .അപ്പോഴാണ് പെട്ടന്നൊരു ട്ടേണിപോയിന്റില്‍ എത്തുന്നത്.  ഒന്നു കല്ല്യാണം കഴുപ്പിച്ചാല്‍ എല്ലാം നേരെയാകും എന്ന് അമ്മ ക്ലാരാച്ചേട്ടത്തിയാണ് ആദ്യം പ്രസ്താവിച്ചത്. അപ്പന്‍ ചാക്കോ ചാത്തുണ്ണി  അതേറ്റുപാടി. പിന്നെ പൊതുജനം എന്തിനെതിര്‍ക്കണം . എല്ലാവരുംകൂടി അങ്ങു തീരുമാനിച്ചു . ഒറ്റപുത്രനായ  ഇത്താക്കിന് കല്യാണപ്രായം കഴിഞ്ഞെങ്കിലും കാഴ്ച്ചയില്‍ സുമുഖനാണ്. അതുകൊണ്ട്  കല്ല്യാണം കഴിപ്പിക്കല്‍ അത്ര ബുദ്ധിമുട്ടുള്ള ഒരേര്‍പ്പാടായിരുന്നില്ല. അങ്ങെനെ പല തീരുമാനങ്ങളുടെയും  ആശയകുഴപ്പങ്ങളുടെ നടുവിലാണ് ഒരു അമേരിക്കന്‍  കല്ല്യാണം ഒത്തുവന്നത് .
 
 പ്രതി ഒരു രണ്ടാം കേട്ടുകാരി പൂര്‍ണിമാ പോള്‍ പൂമംഗലം . പോള്‍ പൂമംഗലം എന്നത് ആദ്യ ഭര്‍ത്താവിന്റെ പേരാണ്. ഭര്‍ത്താവ് പല കാരണങ്ങള്‍ പറഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് മുങ്ങിയെങ്കിലും  പൂമംഗലം എന്ന വിളിപ്പേരുമാത്രം  വിട്ടുകൊടുത്തില്ല. പൂമംഗലം എന്നുപറഞാലെ അമേരിക്കയില്‍ നാലുപരറിയുകയുള്ളൂ എന്നതുകൊണ്ട് തല്‍ക്കാലം ആ വാല് കളയുന്നില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പൂര്‍ണിമ.  വര്‍ഷങ്ങളായി അമേരിക്കയില്‍ ഒക്കല്‍ഹോമായില്‍ ഫാര്‍മസിസ്റ്റ് ആയി  ജോലി ചെയുന്നു. അങ്ങെനെ ഒരു സ്ഥലം അവിടെയുണ്ടെന്ന് ആനാട്ടുകാര്‍ക്കു കേട്ടുകേള്‍വിപോലുമില്ലായിരുന്നു. ഒക്കല്‍ഹോമയെങ്കില്‍ ഒക്കല്‍ഹോമ ഇത്താക്ക് സമ്മതം മൂളി ഒന്നുവല്ലേലും അമേരിക്കയല്ലേ . നാട്ടില്‍കൂടെ തെണ്ടിയതുമതി ഇനിയിപ്പം ഒരു ലോകസഞ്ചാരതിനുള്ള സമയമായി എന്നൊരു തോന്നല്‍ അത്രയേയുള്ളൂഇത്താക്കിനതൊക്കെ . എല്ലാവരുടെയും തീരുമാനം കണക്കിലെടുത്ത്  ആ  രണ്ടാകെട്ടുകാരി പൂമങ്ങലത്തെകൊണ്ട്  നാട്ടുകാരൂടെ  ഇടപെട്ടാണ്    കെട്ടിച്ചത്. കല്യാണത്തോടുകൂടിയെങ്കിലും  അയാളുടെ ഇമ്മോറല്‍ ട്രാഫിക്കിന് ഒരറുതി വരുമെന്നുള്ള ഒരു ധാരണയൊക്കെ അവര്‍ക്കും ഉണ്ടായിരുന്നിരിക്കണം .
 
പ്രതിസൂധ വധു പൂമങ്ങലത്തിന്  ആദ്യത്തെ കെട്ടില്‍ മൂന്നുവയസുള്ള ഒരു പെണ്‍കുട്ടിയുണ്ട് പേരു പൂത്തുബി . ആ  കാര്യമൊക്കെ  അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്താക്ക് സമ്മതിച്ചതും . അതില്‍ പൂര്‍ണിമക്കൊരു  ചെറിയ  ത്രില്‍ ഒക്കെ തോന്നി. കാരണം അല്‍പ്പസ്വല്‍പ്പമൊക്കെ കുടിക്കുമെന്നറിയാമെങ്കിലും ഇന്നത്തെ  കാലത്ത് അങ്ങെനെ സന്മനസുള്ളവരെ കണ്ടെത്തുക അത്ര എളുപ്പമുള്ള  കാര്യമല്ലെന്ന്  അറിയാമായിരുന്നു. അല്ലെങ്കില്‍ത്തന്നെ കുടിക്കാത്ത ആണുങ്ങളെ എന്തിനുകൊള്ളാം. കുടിക്കുന്നവരാകുബോള്‍ കുടിക്കുബോഴെങ്കിലം സത്ത്യം പറയുമെല്ലോ. കാണാനും യോഗ്യന്‍ അമേരിക്കയിലുള്ള പരദൂഷണക്കാരാരും ഒറ്റ നോട്ടത്തില്‍ ഒരുകുറ്റവും പറയില്ല . എന്നാലും ആ ആഭരണം ഭാനുമതി  എന്തെങ്കിലും കുറ്റം കാണാതിരിക്കില്ല . അതുപിന്നെ പരദൂഷണം കമ്മറ്റിയുടെ പ്രെസിഡെന്ണ്ടാ . അവളൊക്കെ അസോസിയേഷന്‍ പരിപാടികള്‍ക്കു   വരുന്നതുപോലും ആടയാഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനല്ലേ . ചുമ്മാതല്ലല്ലോ ആഭരണം ഭാനുമതി  എന്ന പേരു വീണത്. അവളുടെ ഒരു വരവും പത്രാസും ഒക്കെ ഒന്ന് കാണണ്ടതുതന്നെയാ . ഏതും പോരാഞ്ഞിട്ട് അച്ഛന് പാലക്കാട്ട് ഒരു സ്വര്‍ണ്ണക്കടയുമുണ്ടെന്നാണ് വീബടിക്കുന്നത്  .  രണ്ടാകെട്ടാനെങ്കിലും അവളുടെ കൃഷ്ണനെക്കാലും എന്തുകൊണ്ടും യോഗ്യന്‍ ഇത്താക്ക് ചേട്ടനാണെന്ന്  ഏതു പൊട്ടക്കണ്ണനും പറയും. അല്ലെങ്കിലും അസുയക്ക് കയ്യും കാലുംവെച്ച കുറെയെണ്ണംമുണ്ടവിടെ . പ്രിയാ ഷാജി, ഷിജാ തോമസ്, പ്രീതി സജി, അസോസിയേഷന്‍ സെക്ക്രട്ടറി  അച്ചാമ്മ വര്‍ഗീസ് ,  അവളുമാരുടെയൊക്കെ വായടപ്പിക്കണം . ഇത്താക്കിനെ കണ്ടപ്പോള്‍ അച്ചാമ്മക്ക് പെട്ടന്നുനായ ചില ചിന്തകളാണ് ഇതൊക്കെ. 

ഇങ്ങനെയുള്ള ഊഹാപോഹങ്ങളിലേക്ക് എത്തുവാന്‍ മതിയായ കാരണവുമുണ്ട് . പൂമങ്ങലത്തിന്റെ   സാന്നിദ്ധ്യത്തില്‍ ഇത്താക്ക് ചാക്കോ ഒരു പുണ്‌ന്യാളന്‍തന്നെയായിരുന്നു .വീണ്ടും  പള്ളിയില്‍ പോകുന്ന കുബസാരിക്കുന്ന പാവം മനുഷ്യന്‍. നാട്ടിലുള്ള അലവലാതി കൂട്ടുകാര്‍ക്കുപൊലും അതൊരു ഷോക്കിംഗ് ന്യൂസായിരുന്നു അത് . പക്ഷെ നവവധു  പോയിക്കഴിഞ്ഞപ്പോള്‍ ഇത്താക്കിന്റെ  മധുവിതു ഒറ്റെക്കായിരുന്നു .'പിന്നേം ചങ്കരന്‍ തെങ്ങേലായി'. ഒരിക്കല്‍ കൂട്ടുകാരുമായി പട്ടച്ചാരയമാടിച്ച് റബ്ബര്‍തോട്ടത്തിലിരുന്നു മുച്ചീട്ടു  കളിച്ചുകൊണ്ടിരുന്നപ്പോള്‍  പച്ചക്ക് തെളിച്ചു പറയുകയും ചെയിതു . അതും സുരേഷ് ഗോപി ശൈലിയില്‍ .
 
' അതൊക്കെ ഈ ക്യാപ്റ്റന്റെ ഒരു നബരല്ലായിരുന്നോ. ഈ പൂമങ്ങലവും ഓക്കല്‍ഹൊമായുമൊക്കെ   ഇത്താക്കിനു  വെറും പുല്ലാ. പോടീ ഫുല്ലേ പൂമങ്ങലമെ   ' എന്നിട്ട് ഫൂ...എന്ന് നീട്ടിയൊരു തുപ്പും .
 
പൂര്‍ണിമയുടെ അമേരിക്കയിലേക്കുള്ള തിരോധാനത്തിനു ശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു.  ഇത്താക്ക് സകല കലാപരിപാടികളും പൂര്‍വാധികം ശക്തിയായി തുടര്‍ന്നുകൊണ്ടിരുന്നു. അമേരിക്കയില്‍നിന്ന് സ്‌നേഹപൂര്‍വ്വം അയച്ചുകൊടുക്കുന്ന  ഡോളറിന്റെ വരവൂടെ ആയപ്പോള്‍ സംഗതി കുശാല്‍. ഇത്താക്കിന്റെ ഈ പോക്കിനെപ്പറ്റി  പൂമരക്കാട് പഞ്ചായത്തിലുള്ള  അസൂയക്കാര്‍ ഒക്കല്‍ഹോമക്ക്  കത്തുമുഖാന്തിരം സമയാസമയങ്ങളില്‍ അറിയിക്കുകയും ചെയിതിരുന്നു. അതൊന്നും പൂമങ്ങലമോ   ഇത്താക്കോ  അത്ര കാര്യമായി കരുതിയില്ല .പതിവുപോലെ  ഷാപ്പായ ഷാപ്പൊക്കെ കയറി ഇറങ്ങി പഞ്ചായത്തിലെ  കുറ്റംപറയുന്ന കൂട്ടുകാരായ പൂവാലന്‍മ്മാരെയൊക്കെ  പൂത്ത തെറിവിളിച്ചു. അങ്ങെനെ പലതും കേട്ടെങ്കിലും അമേരിക്കയില്‍ ചെല്ലുബോള്‍ എല്ലാം ശെരിയാകും എന്നൊരു നേരിയ പ്രതീഷ മാത്രം നവവധുവായ  പൂര്‍ണിമക്ക്  ബാക്കിയായി . അതുകൊണ്ട് മാത്രമാണ് അവള്‍ ഇത്താക്കിനെ അമേരിക്കയിലേക്ക്    അധികം  താസിയാതെ കെട്ടിയെടുത്തതും. 

വിസ കിട്ടിയതിന്റെ  മൂന്നാം പൊക്കം ക്യാപ്റ്റന്‍ ഇത്താക്ക് അമേരിക്കയില്‍ ലാന്‍ഡ് ചെയിതു .അവിടെചെന്നിട്ടു ഒരാഴ്ച്ച തികച്ച് ഒന്നിച്ചു താമസിച്ചില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉറക്കഷീണം മാറിയപ്പോഴേ ഇത്താക്ക് ചാടിയെഴുനേറ്റു  പന്തംകണ്ട പെരുച്ചാഴിയെപ്പോലെ ഒക്കല്‍ഹോമാ എന്ന  എന്ന നഗരത്തിലൂടെ പരക്കം പാഞ്ഞു. കുറെ കറങ്ങിയെങ്കിലും അവസാനം തേടിയ വള്ളി കാലേച്ചുറ്റി .  ബൈസ്‌മെന്റില്‍ ബാറുള്ള കുറെ പണിയില്ലാത്ത മലയാളികളെ കണ്ടുമുട്ടി .ഏതോ മലയാളം പടം ഓടുന്ന തീയറ്ററില്‍വെച്ചായിരുന്നു സംഗമം . താമസിയാതെതന്നെ അവരെ സംഘടിപ്പിച്ചു ആദ്യം ചീട്ടുകളി തുടങ്ങി. അതും കാശുവെച്ചുള്ള കീച്ച്. അതില്‍ അഗ്രഗെന്ണ്യനാണ് ഇത്താക്ക് . ആ കെയറോഫില്‍ വെള്ളമടിക്കാനുള്ള വകുപ്പും ഒത്തുവന്നു. രണ്ടു ജോലിചെയിതു മക്കളേയും നോക്കുന്ന പൂര്‍ണിമക്ക്  ഇത്താക്കിന്റെ പൊടിപോലും കിട്ടാതെയായി . ഇത്താക്ക് ആടുകിടന്നിടത്ത് പൂടപോലുമില്ല എന്നുപറഞ്ഞതുപോലെയായി. ഒന്നു മുങ്ങിയാല്‍ പിന്നെ ഒന്നുരണ്ടുദിവസം  കഴിഞ്ഞേ പൊങ്ങൂ . ഏതെങ്കിലും വീടിന്റെ  ബയിസ്‌മെന്റില്‍  കിടന്നുറങ്ങും .'ചാത്തതിനൊക്കമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ എത്രനാളാ സഹിക്കുന്നത്. അവസാനം നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍  ആഭരണം  ഭാനുമാതിയോടും അച്ചാമ്മ വര്‍ഗീസിനോടും കൂട്ടുകാരോടുംതന്നെ  ആലോചിച്ച്. അവര്‍ക്കാണെങ്കില്‍ പുതിയ ഒരു ഇരയെ കിട്ടിയ ത്രില്ലില്‍ ആയിരുന്നു. അതുകൊണ്ട് പെട്ടന്ന്  ഒരു തീരുമാനത്തിലെത്തി . എന്തിനുപറയുന്നു  ഒരാഴ്ച്ചകൊണ്ട് പൂമംഗലം  ക്യാപ്റ്റന്‍ ഇത്താക്കിനെ പടിയടച്ചു പിണ്ഡംവെച്ചു. ഒക്കല്‍ഹോമായിലുള്ള പരദൂഷണം വനിതാ കമ്മറ്റിക്ക്  അതൊരു പൊടിപ്പും തൊങ്ങലും വെച്ച ഒരു  ന്യുസ്തന്നെയായിരുന്നു അത്.
 
  പാവം പൊന്നുമകള്‍ പൂത്തുബി ഒന്നുമാറിയാതെ ഓടിച്ചാടി നടന്നു. അല്ലെങ്കിലും അവള്‍ക്ക് പുതിയ ടാടിയെ കണ്ട ഓര്‍മ്മ പോലുമില്ല .
 
ഇത്താക്ക് അങ്ങെനെ വഴിയാധാരമായി .ജീവിക്കാന്‍  നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍  സ്വയം ഒരു മാറ്റത്തിനു സമയമായി എന്നു തോന്നി.  തീപ്പൊരിപ്രസംഗത്തിന്റെ  ടൂണ്‍ ഒന്നു മാറ്റിപ്പിടിച്ചു ഒന്നാന്തരം പള്ളിപ്രസഗമാക്കി. പള്ളികളായ പള്ളികളൊക്കെ സഭ നോക്കാതെ പ്രസംഗം തുടങ്ങി. ഇതുകെട്ടറിഞ്ഞ അസോസിയേഷന്‍കരുണ്ടോ വിടുന്നു. ഏതു മലയാളി സമ്മേളനത്തിനും ഇത്താക്കിന്റെ സന്ദേശം ഒരു പ്രധാന സംഭവമായി മാറി .അബലക്കമ്മറ്റിക്കാര്‍ പോലും ഇത്താക്കിനെ കൈവിട്ടില്ല . കാരണം ഇത്താക്കിന് മതമില്ല ജാതിയില്ല എന്നൊരു ഇമേജ് ചീട്ടുകളി സംഘത്തില്‍ പെട്ട അഭ്യുതകാംഷികള്‍ നേരത്തെ പറഞ്ഞു പരത്തിയിരുന്നു . എല്ലാ പരിപാടികള്‍ക്കും വണ്ടിചിലവും ഭാഷണവും. പിന്നെ  പരമ രഹസ്യമായി പലതരം മദ്യവും  കിട്ടും . അമേരിക്കാ മഹാരാജ്യത്ത്   ' ആനന്ദ ലെബ്ദിക്കിനിയെന്തുവേണം' 
 
ഞാനാരാ മോന്‍ എന്ന ഭാവത്തില്‍  ക്യാപ്റ്റന്‍ ഇത്താക്ക് കഷ്ടപ്പെട്ട് രണ്ടു ജോലിയും ഓവര്‍ടൈമും ചെയിതു നടക്കുന്ന അമേരിക്കാന്‍ മലയാളി മണ്ടശിരോമാണികളെ  പുശ്ചിച്ചു തള്ളി .
 
 അങ്ങെനെ സുഭിഷമായി അമേരിക്കയില്‍ ജീവിച്ച കാലങ്ങളുടെ ദേശാബ്ദം  പൂര്‍ത്തിയാകുന്ന ഒരു  ദുഃഖള്ളിയാഴ്ച്ച ദിവസമാണ് ആ ബ്രിക്കിംഗ് ന്യുസ് കേട്ടത്.
 
 കേരളത്തില്‍ പോയിവന്ന ക്യാപ്റ്റന്‍  ഇത്താക്ക് കുടി നിര്‍ത്തി എന്ന് . ആ ഞെട്ടിക്കുന്ന വാര്‍ത്ത! അമേരിക്കാന്‍മലയാളി കുടിയന്മാരുടെ ഇടയില്‍ കാട്ടുതീപോലെ പടര്‍ന്നു.  ചീട്ടുകളിയെങ്കിലും തുടരുമെന്നു ആദ്യമൊക്കെ  പ്രതീഷിച്ചെങ്കിലും അതും അസ്ഥാനത്തായി.    ഒരു തുള്ളിപോലും കള്ളുകുടിച്ചിട്ടില്ലാത്ത അപ്പന്‍  ചാക്കോ ചാത്തുണ്ണിയുടെ മരണത്തോടെ ആയിരുന്നു എന്നാണ് പറയുന്നത്. അപ്പന്റെ  മരണക്കിടക്കയില്‍വെച്ച് ഇത്താക്ക് വാക്കു കൊടുത്തിരുന്നുപോലും. പൂമരക്കാട് സിറ്റിയില്‍ നിന്ന് ആദ്യമായി അമേരിക്കക്കു പോയതും വന്നതും സാഷാല്‍ ഇത്താക്ക് ആയിരുന്നു. അപ്പന്‍ ചാത്തുണ്ണിയുടെ  വേര്‍പാട്  ഇത്താക്കിനെ ആകെ ഒന്നുലച്ചു  . എന്നിട്ടും   അപ്പന്‍  മരിക്കുമെന്ന് ഉറപ്പായ ശേഷമാണ് പോകാന്‍ തീരുമാനിച്ചത് . അല്ലെങ്കില്‍ ഉണ്ടാകുന്ന ധനനഷ്ടത്തെപ്പറ്റി ഇത്താക്കിന് ഒരു സാമ്മാന്ന്യബോധമൊക്കെ ഉണ്ടായിരുന്നു. പല മലയാളികള്‍ക്കും അങ്ങെനെ അബദ്ധങ്ങള്‍ പറ്റിയിട്ടിണ്ടുതാനും . ഇല്ലാത്ത ഡോളര്‍ ഉണ്ടാക്കി പ്ലൈനും പിടിച്ചു നാട്ടില്‍ചെല്ലുബോള്‍ 'വടി ഓടിയുകയുമില്ല പാബു ചവുകയുമില്ല' എന്ന അവസ്ഥ . പിന്നെ മരണം കത്തൊരു കുത്തിയിരിപ്പാണ്. ആ പണിക്ക് ഇത്താക്കിനെ കിട്ടില്ല.
 
ഓക്കല്‍ഹോമയിലെ ഒരു ഒരകന്ന ബന്ധുവായ മലയാളി ഫാദര്‍ ചിറ്റാട്ടുകളം ആണ്  ടിക്കെറ്റ് എടുത്ത് അപ്പന്റെ അടുത്ത് പോകാന്‍ നിര്‍ബന്ധിച്ചത് .  
 
 ചാക്കോ ചാത്തുണ്ണി മരിക്കാന്‍ നേരം ഇത്താക്കിന്റെ  കൈയേല്‍ പിടിച്ചു ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു . ശിഷ്ട്ടകാലം കള്ളുകുടിയും ചീട്ടുകളിയും നിര്‍ത്തി നല്ല മനുഷ്യനായി ജീവിക്കുക.  അതെന്തായാലും സംഗതി ഏറ്റു  പിന്നെയുള്ള പ്രവാസകാലം  അമേരിക്കന്‍ മലയാളികളുടെ ഇടെയില്‍ മദ്യവര്‍ജനത്തിനുള്ള തീവ്ര ശ്രമമായിരുന്നു. അതിനുവേണ്ടി മാത്രം ഒരസ്സോസിയെഷനുണ്ടാക്കി അതിന്റെ പ്രസിഡണ്ടുമായി . ആ പെരുംപറഞ്ഞു കൂലിപ്രസഗവുമായി  തട്ടിയും മുട്ടിയും മുന്നൂട്ടുപോയി. അങ്ങെനെ ഏതാണ്ട് നാലഞ്ചു വര്‍ഷംകൂടി ഇഴഞ്ഞുനീങ്ങി . അതില്‍ എന്തോ പന്തികേട് തോന്നിയിട്ടാവാം  ഒരു ഉയര്‍പ്പ് ഞായറാഴ്ച്ച ദിവസം ഒക്കല്‍ഹോമാ മലയാളം പള്ളിയിലെ വികാരിയച്ചന്‍ ഫാദര്‍ ചിറ്റാട്ടുകളം പുതിയ ഒരു നിര്‍ദേശം വെച്ചത്. അങ്ങെനെ അദ്ദേഹത്തിന്റെ  ഉപദേശപ്രകാരം  കേരളത്തിലേക്ക് തിരിച്ചു പറന്നു. ഇതാണ് ക്യാപ്റ്റന്‍ ഇത്താക്കു ചാക്കോയുടെ  പതിനഞ്ചോളം വര്‍ഷത്തെ അമേരിക്കാന്‍ ജീവചരിത്രം ചുരുക്കിപ്പറഞ്ഞാല്‍. 

 ചാത്തുണ്ണിയും കുടുബവും  ത്രിസ്സൂരില്‍നിന്നു മൂന്നാര്‍ വഴിക്കുള്ള മലയോര ഗ്രാമമായ പൂമരക്കാട്ടിലേക്ക് ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍  കൃഷിചെയാന്‍ കുടിയേറിയതാണ് . അന്നൊക്കെ മാങ്കുളം വഴി അഞ്ചു മൈല്‍ നടക്കണമായിരുന്നു പൂമരക്കാട്ടിലെത്താന്‍. ആദ്യം ജീപ്പ് റോഡാണ് നാട്ടുകാര്‍ ചേര്‍ന്നു വെട്ടിയത്. പിന്നെ ചായക്കട , കള്ളുഷാപ്പ്, പലചരക്കുകട ,പോലീസ് സ്‌റ്റേഷന്‍ ,പള്ളി,പള്ളിക്കുടം, അവസാനും ബസ്സ്സ്റ്റാന്റും. ഇന്നിപ്പം ഇപ്പം  പൂമരക്കാട് സിറ്റി വരെ െ്രെപവെറ്റ് ബസ്സുണ്ട്. പുതുതായിട്ട് വന്നത് മുക്കാടാന്‍ കമ്പനിയുടെ ഒരു ബാര്‍ ഹോട്ടലാണ് . അതുകൊണ്ടുതന്നെ അന്തിമയങ്ങുബോള്‍ താമരക്കാട് ചന്തക്കൊരു ഉണര്‍വോക്കെയുണ്ടുകെട്ടോ .

ഇത്താക്കിന് ഈ ക്യാപ്റ്റന്‍ പതവി ആരും കൊടുത്തതല്ല. സ്വയം സ്വീകരിച്ചതാണ് . പാലാ സെന്റ് തോമസ് കോളേജില്‍ മലയാളം ബി.യെയിക്ക് പഠിക്കുന്ന കാലത്ത് ഫുട്‌ബോള്‍ ടീമിന്റെ ക്യപ്റ്റനായിരുന്നു എന്നും പറഞ്ഞുപരത്തിയതും ഇത്താക്ക് തന്നെ. അമേരിക്കയില്‍ ആയിരുന്ന കാലങ്ങളില്‍  പ്രേത്യകിച്ചൊരു പണിയും ചെയ്തതായി ആര്‍ക്കും കേട്ടു കേള്‍വിപോലുമില്ല. ആദ്യത്തെ വര്‍ഷങ്ങളില്‍ നല്ല പൂക്കുറ്റിയായിരുന്നു. ആകെ കയിലുള്ളത്  ചീട്ടുകളിയും തീപ്പൊരി പ്രസഗവുമായിരുന്നെല്ലോ . അതും നാട്ടിലായിരുന്നപ്പോള്‍ കിട്ടിയതാണ് കോളേജില്‍ പഠിക്കുന്ന കാലത്ത് അല്പ്പസ്വല്പ്പം  നെക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ ഒക്കെ സജീവമായിരുന്നു എന്നും ഒരു കിമ്പതന്തിയുണ്ട് . ജയിലില്‍ കിടന്നിട്ടുണ്ടെന്നുള്ള കാര്യം മാത്രം ആരും അറിഞ്ഞിട്ടില്ല . ശാസ്ത്രസാഹിത്ത്യപരിഷത്തുള്‍പ്പെടെ  പല പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു അപ്പോള്‍പ്പിന്നെ  അല്‍പ്പം തീപ്പോരിയാകാതെ പറ്റില്ലല്ലോ.മലയാളം ബി. എ.ക്കാരനായിട്ടു ഒരിടത്തും ഒരു വാദ്ധ്യാരുപണിപോലും കിട്ടിയില്ല. എന്നാലും  പ്രസഗകലക്ക് ഒരു ചാരുതയോക്കെ ഉണ്ടായിരുന്നു കേട്ടോ.

ഇനിയത്തെ ചരിത്രം  ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 
 
 അതൊക്കെ പഴെയകഥ . ഇന്നിപ്പോള്‍ അമേരിക്കാന്‍ റിട്ടേണ്‍ ഇത്താക്ക് ആണ് . അമ്മ ക്ലാരച്ചേട്ടത്തി ജീവിചിരിക്കുന്നതുകൊണ്ട് തല്‍ക്കാലം 'റൊട്ടി കപ്പടാ മാക്കാന്‍' എല്ലാം ഒക്കെ. കുടിയെട്റ്റക്കാരാണെങ്കിലും തൃശ്ശൂര്‍ വലിയമറ്റകാര്  കുടുബക്കാരാന്നുകേട്ടോ   എന്നാലും അയാളു പറയുന്ന പുതിയ കഥയാണ് കേള്‍ക്കേണ്ടത് . അതുകൂടി പറയാതിരുന്നാള്‍ ചിലപ്പോള്‍ ഇത്താക്ക് പോലും സഹിക്കില്ല . അതും അമേരിക്കാന്‍ പ്രവാസിമലയാളികളെ ചുറ്റിപറ്റി ഇത്താക്കുതന്നെ പൊടിപ്പും തൊങ്ങലും വെച്ച് മെനെഞ്ഞെടുക്കുന്നതാണ്.
 
  'ഒരു കറപ്പിച്ച കട്ടി മീശയും കുടവയറും കയില്‍ ഒരു പെഗ്ഗ് സ്‌കോച്ച് വിസ്‌ക്കിയുമില്ലെങ്കില്‍ എന്തോന്ന് പ്രവാസി മലയാളി. വിസ്‌കി രണ്ടെണ്ണം അകത്തു ചെന്നുകഴിഞ്ഞാല്‍  പരദൂഷണം മാത്രമല്ല ലോകത്തിലുള്ള സകല പ്രസ്ഥാനങ്ങളെയും കണ്ണുമടച്ചു വിമര്‍ശിക്കുകയും കൂടി ചെയും . ഏതെങ്കിലും ഒരു അസോസിയേഷന്‍ ഉണ്ടാക്കി അതിന്റെ  പ്രസിഡന്റും കൂടി ആയാല്‍ പിന്നെ ഒബാമയെക്കളും തിരക്കാണ്. കുറഞ്ഞപഷം രണ്ടു സെല്‍ഫോണ്‍ എങ്കിലും ഉണ്ടാകും . വൈഫ് കൂടെയില്ലെങ്കിലും വൈഫൈ ഇല്ലാതെ അവന്മാര്‍ക്കൊന്നും ജീവിക്കാന്‍മേലപോലുംമേല  . രണ്ടെണ്ണം അടിച്ചാല്‍പിന്നെ  വായീന്നു വിളബുന്നതോ  പരമ വിഡ്ഢിത്തരം മാത്രം .

പത്തു പതിനഞ്ചു വര്‍ഷം  നാടും കൂടും വിട്ട് അമേരിക്കയില്‍ പോയി ഒറ്റയാനായി  സുഖജീവിതവും കഴിഞ്ഞ് തിരിച്ചുവന്ന ക്യപ്റ്റന്‍ ഇത്താക്കാണ്  ഇങ്ങെനെ ഒരു പ്രസ്താവന ഇറക്കിയത്. അതും നാട്ടില്‍ വെച്ചു നടന്ന ഒരു മദ്യനിരോധന സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍  പറഞ്ഞ ഒരു തീപ്പൊരിപ്രസഗതിലുമാണ്.  ഇത്താക്ക് അമേരിക്കയില്‍വെച്ചുപോലും പിടിച്ചുനിന്നത് തന്റെ വാക്ക്ചാതുര്യത്തിലാണ.  
 
ഉള്ളതുപറയാമെല്ലോ  അവിടെവെച്ച് പ്രവാസികളെ പ്രത്യകിച്ചു മലയാളികളെ  വാനോളം പുകഴ്ത്തി മാത്രമേ പ്രസംഗിക്കാറുള്ളൂ. ഇനിയിപ്പം മേലുകീഴു നോക്കേണ്ട ആവശ്യമില്ലല്ലോ .മാത്രമല്ല  അവെരെല്ലാരുംകൂടി  പടിയടച്ചു പിണ്ഡം വെച്ചതല്ലേ . അല്ലെങ്കില്‍ത്തന്നെ  ആനപ്പുറത്തിരിക്കുബം എന്തിനു പട്ടിയെ പേടിക്കണം. എന്ന കാഴ്ചപ്പാടിലാണ് അസ്സലു മലയാളം എം.എ. ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ  . 
 
എഴുത്തുകാരന്‍ മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍  ജീവിതത്തിന്റെ 'പ്രേമ സുരഭിലവും  യവ്വനതീഷ്ണവുമായ കാലഘട്ടങ്ങളില്‍ '  അടിച്ചു ഫിറ്റായി നാലുകാലേല്‍  കീച്ചും കളിച്ചു നടന്ന ക്യാപ്റ്റന്‍ ഇത്താക്ക്  നാട്ടുകാരെ നന്നാക്കണമെന്നുള്ള തീരുമാനത്തില്‍തന്നെ ഉറച്ചുനിന്നു. കേരളത്തില്‍ കള്ളുകുടിച്ചു വഴിതെറ്റിപോയ കുഞ്ഞാടുകളെ നേര്‍വഴിക്ക് നടത്താനായി ദൈവത്തിന്റസ്വന്തംനാട്ടിലെ  'മ ദ്യ' തിരുവിതാംകൂറിലേക്ക്  സ്ഥിരതാമസമാക്കി.. തന്റെ  എഴുത്തിലും പ്രവര്‍ത്തിയിലും ഒക്കെ മദ്യം വിഷമാണ് വിഷമാണ് എന്നു  സ്ഥാപിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു. പക്ഷെ കള്ളുകുടിക്കുന്ന കാര്യത്തില്‍ മാത്രം ദൈവരാജ്യത്തെ തോല്‍പ്പിക്കാന്‍ അമേരിക്കയ്ക്കുപോലും സാധിച്ചില്ല . അത് ഇത്താക്കിനെ ഏറ്റവും അധികം സങ്കടപ്പെടുത്തിയിരുന്നു . എന്നാലും താന്‍ ആളിക്കത്തുന്ന കാട്ടുതീ കെടുത്താന്‍ ശ്രെമിക്കുന്ന ഒരു കുരുവിക്കുഞാണെന്നാണ് എല്ലാ പ്രസഗങ്ങകളിലും പ്രസ്ഥാപിച്ചുകൊണ്ടിരുന്നു . ഒരുകണക്കിന് അതും ശെരിയാണ് പാവം കുരുവിക്കുഞ്ഞിനറിയില്ലല്ലോ കാട്ടുതീയുടെ  കൊടും കെടുതികള്‍ .
 ഇത്താക്കിന്റെ മറ്റൊരു വീക്ക്‌നെസ്സ് പുസ്തകങ്ങളായിരുന്നു. ലോകത്തിലെവിടെ താമസിച്ചാലും  കിട്ടവുന്നിടത്തുനിന്നെല്ലാം മേടിച്ചുകൂട്ടും .അയാളുടെ വാസതസ്ഥലങ്ങള്‍  കണ്ടിട്ടുള്ളവര്‍ക്ക് അതറിയാം. കഷ്ടിച്ച് കിടക്കാനൊരിടം മെത്തയില്‍ കാണും. ബാക്കിയുള്ള സ്ഥലം മുഴുവനും പുസ്തകങ്ങളും കയ്യഴുത്ത് പ്രതികളും  ചിന്നിച്ചിതറി കിടക്കുന്നുണ്ടാവും . ആരെങ്കിലും ചോദിച്ചാല്‍ എല്ലാം രറഫെറെനസിനാണെന്നാണ് ഇത്താക്ക് പറയുന്നത് . നാട്ടിലായിരുന്നപ്പോള്‍ പൂമരക്കാട് ഇത്താക്ക് എന്ന പേരില്‍ കഥകളും ലേഖനങ്ങളും പല പത്ര മാസ്സികകളിലും പ്രസ്സിധീകരിച്ചിരുന്നു . അമേരിക്കയിലും കേരളത്തിലും എവിടെയൊക്കെ താമസ്സിച്ചിട്ടുണ്ടോ അവിടെയൊക്കെ ഈ പുസ്തക കൂബാരങ്ങള്‍ ഉണ്ട്. സ്ഥലം മാറുബോള്‍ ആരുടെയെങ്കിലും കൈയും കാലുംപിടിച്ച് അവരുടെ ഗെരാജിലോ ബൈസ്‌മെന്റിലോ ഫിക്‌സ്ഡ ഡിപ്പോസിറ്റ് ചെയും . അതൊക്കെ പിന്നീട് ഒരിക്കെലും കണ്ടില്ലെങ്കിലും ഒരു കുഴപ്പോമില്ല അവിടെ സുരഷിതമായി ഇരിക്കുന്നുണ്ടോ എന്നുമാത്രം അറിഞ്ഞാല്‍ മതി . ഒരെണ്ണമെങ്കിലും നഷട്ടപെട്ടന്നറിഞ്ഞാല്‍  വല്ലാതെ പാനിക്കാകും .അതുകൊണ്ട് അവരൊക്കെ വീടുമാറുബോള്‍  എടുത്തെറിയുന്ന പുസ്തകങ്ങളുടെ കണക്കുകള്‍ ആരെയും  അറിയിക്കാറില്ല.

അമേരിക്കയില്‍ വന്നിട്ട് ഇതുവരെ ഒരു പ്രവാസിയും  കണ്ടുപിടിക്കാത്ത ഒരു കാര്യവും  ഇത്താക്ക് കണ്ടുപിടിച്ചിരുന്നു  . കാര്യം വളെരെ നിസാരം. തിരക്കുള്ള വഴികളിലൂടെ നടക്കുബോള്‍ നിലത്തുനോക്കി നടക്കണംപോലും. സായിപ്പിന്റെ കയില്‍നിന്നു താഴെപ്പോകുന്ന ചില്ലറകള്‍ കിട്ടും. ദിവസം കുറഞ്ഞത് മൂന്നു ഡോളര്‍ വരെ കിട്ടുമെന്നാണ് ഇത്താക്കിന്റെ മഹത്തായ കണ്ടെത്തല്‍. ഒരു ദിവസം ഏതോ പള്ളിമുറ്റത്തെ പാര്‍ക്കിഗ് ലോട്ടില്‍നിന്നു നൂറിന്റെ ഡോളര്‍  വരെ കീട്ടിയെന്നാണ് അവകാശപ്പെടുന്നത്. അതില്‍പിന്നെ ഞായറാഴ്ചകളില്‍ പതിവ് തെറ്റിക്കാതെ പള്ളിയില്‍ പോയിരുന്നു. ഇതൊക്കെ ക്യാപ്റ്റന്‍ ഇത്താക്കിന്റെ ചില ചെപ്പടിവിദ്യകളായി കരുതിയാല്‍ മതി.
 
ഇത്താക്ക് എന്തിനാണ് ഇപ്പോഴും കള്ളന്റെ  മാതിരി കുനിഞ്ഞു നടക്കുന്നെതെന്നു ആരോ ചോദിച്ചപ്പോഴാണ് സംഗതി പുറത്തായത്. 
 
ഇനി പറയുന്നത്  പരമ രെഹസ്യം  
 
 ക്യാപ്റ്റന്‍ ഇത്താക്ക് ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചിട്ടുണ്ട് എന്ന കാര്യം പരസ്യമായ രെഹസ്യമാണ് . അതും പൂമരക്കാട് പള്ളിസകൂളില്‍ പത്താം ക്ലാസ്സില്‍ പഠിച്ചപ്പോളായിരുന്നു . അന്നക്കുട്ടി എന്ന സുന്ദരിക്കുട്ടി. അവള്‍ അന്ന് ആറാം തരത്തിലായിരുന്നു  . പക്ഷെ കോളേജില്‍ കയറിയപ്പോഴേക്കും അവള്‍ക്ക് ദൈവവിളി കിട്ടിയെന്നാണ് കേട്ടുകേള്‍വി . ആ ദൈവവിളിയാണ് ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോയെ സ്ഥലത്തെ കുപ്രസിദ്ധ കള്ളൂകുടിയനും ദുര്‍നടപ്പുകാരനും ആക്കിയെതെന്ന് അമ്മ ക്ലാരച്ചേട്ടത്തി വരെ അന്ന് കര്‍ത്താവില്‍ ആണയിട്ടു പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.
 
അതൊക്കെ വെറും പുളുവാണെന്നും ഇത്താക്കിന്റെ വഴിവിട്ട ജീവിതമാണ് ആ ദൈവവിളിക്ക് കാരണമെന്നും ഒക്കെ നാട്ടുകാര്‍ അടക്കത്തില്‍ പറയുന്നുമുണ്ട് . പൂമരക്കാട്ടിലെ കൊച്ചു കുട്ടികള്‍ക്കുപോലും അന്നതറിയാമായിരുന്നു  ഇനി അതുപറഞ്ഞിട്ടെന്തുകാര്യം. 
സിസ്റ്റര്‍ അന്നാ അല്‍ഫോന്‍സാ ഇപ്പോള്‍ പൂമരക്കുന്നു സേക്രഡ് ഹാര്‍ട്ട് സ്‌കൂളിന്റെ ഹെഡ്മിസ്റ്ററസ്സാണ് . ഇത്താക്ക് അമേരിക്കയില്‍ ഒരുപണിയുമില്ലാതെ നടന്നകാലത്തുപോലും  ഇത്താക്കിനോട്  സംഭാവന ചോദിച്ച് നീല നിറത്തിലുള്ള ഇന്‍ലാന്റില്‍ അന്നക്കുട്ടി കത്തെഴുതാറുണ്ടായിരുന്നു.  അതൊക്കെ തന്നോടുള്ള  കലശലായ പ്രെമമായിരിക്കുമെന്നു കരുതി ഇല്ലാത്ത ഡോളറുണ്ടാക്കി ഇത്താക്ക്  മണിയോടറായി അയച്ചുകൊടുക്കുകയും ചെയിതു. അത് ഒരു ആനമണ്ടത്തരമായിരുന്നു എന്ന് നാട്ടില്‍ വന്നോപ്പോഴാണ് മനസിലായത് . വരവേല്‍പ്പിലെ  മോഹന്‍ലാല്‍ പറഞ്ഞതുപോലെ  'ഇനിയും ഞാന്‍ തിരിച്ചുപോകുന്നില്ല'  എന്നു ആ അല്‍ഫോന്‍സാമ്മയോട്  സൂചിപ്പിച്ചത്  അതിലും വലിയ അമളിയായിപ്പോയി. സിസ്റ്റര്‍ അന്നക്കുട്ടി അല്‍ഫൊന്‍സാ ഇപ്പോള്‍ ആലുവാ മണപ്പുറത്തുവെച്ചു കണ്ട പരിചയംപോലും കാണിക്കുന്നില്ല. എല്ലാം സഹിക്കാം അവളുടെ ഒരുമാതിരി ആക്കിയുള്ള ഒരു ചിരിയുണ്ട് . അതിത്തിരി കാട്ടിയാ . കര്‍ത്താവുപോലും സഹിക്കില്ല.
 
പുണ്യാളത്തിയാണേലും പെണ്ണെന്ന വര്‍ഗ്ഗത്തെ ഉറക്കത്തില്‍പോലും വിസ്വസ്സിക്കരുത് എന്നു പറയുന്നത് പരമ സത്യമാണെന്നു ആ കാലങ്ങളിലാണ് ഇത്താക്കിന് ആദ്യമായിട്ട് തോന്നിത്തുടങ്ങിയതും .  എന്നാലും പതിവായി മഠത്തില്‍പോയി ആ അല്‍ഫൊന്‍സാ പുണ്ണ്യവതിയോടു  വെറുതെ സംസാരിച്ച് ആനന്ദ  നിര്‍വൃതി അടയാറുണ്ടായിരുന്നു. ഇപ്പോള്‍ പണ്ട് മധു ചെമ്മീനിലെ പരീക്കുട്ടിയായി കടപ്പുറത്തൂടെ പാടിനടന്ന പാട്ട് ആരും കേള്‍ക്കാതെ അറിയാതെ ഒന്നു മൂളിപ്പോയി .
' കടലിലെ ഓളവും 

,കരയിലെ മോഹവും 

.അടങ്ങുകില്ലോമനെ

അടങ്ങുകില്ലാ ........'  

ഒരു ദിവസം കന്ന്യാസ്ത്രിമഠത്തിന്റെ മുറ്റത്തുവെച്ച്  ഇത്താക്ക് രണ്ടുംകല്‍പ്പിച്ച് ഒരിടയലേഖനം അല്‍ഫോന്‍സാമ്മയുടെ കയ്യില്‍ കൊടുത്തു. അതില്‍ ഇപ്രകാരം എഴുതപ്പെട്ടിരുന്നു .

എന്റെ സ്വന്തം അന്നക്കുട്ടി അറിയുവാന്‍ ,

നിനക്കറിയാമെല്ലൊ  നമ്മുടെ ചെറുപ്പകാലത്ത് നീ എന്നെ സ്‌നേഹിച്ചതിനെക്കാളും കൂടുതലായി നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു . ആ സ്‌നേഹത്തിനു ഇന്നേ ദിവസംവരെ ഒരു കടുകുമണിയോളംപോലും കുറവുവന്നിട്ടില്ല . നിന്റെ ദൈവവിളിക്കുള്ള യെധാര്‍ത്ഥ കാരണം ഞാനെന്ന ആഭാസനും കള്ളുകുടിയനും ഒക്കെ ആയിരുന്നെന്ന് ഞാനിന്ന് തിരിച്ചറിയുന്നു . ഈ ദിവസംവരെ നീയല്ലാതെ മറ്റൊരു പെണ്ണിന്റെ നിഴലുപോലും എന്റെ മനസ്സില്‍ കടന്നുകൂടിയിട്ടില്ല . എന്റെ അന്നക്കുട്ടി നീ  ഇങ്ങെനെ ഒരു മാലാഖയെപ്പോലെ തിരുവസ്ത്രമിട്ടോണ്ട് പൂമരക്കാട്ടിലെ പള്ളിമുറ്റത്തൂടെ നടക്കുന്നതു കണ്ടിട്ട് എനിക്കങ്ങു സഹിക്കാന്‍ മേലായിരുന്നു. അതുകൊണ്ടുമാത്രമാണ് ഞാനാ ഒക്കല്‍ഹോമാക്കാരി പൂമങ്ങലത്തിനെ  കെട്ടി അമേരിക്കയിലേക്ക് പറന്നത് . ഒരുദിവസം രണ്ടെണ്ണം അടിച്ചിട്ട് അവളോട് നിന്റെ കാര്യം പറഞ്ഞുകുബസ്സാരിച്ചു . അതോടുകൂടി എന്റെ ജീവിതം ഏതാണ്ട് കട്ടപുകയായി . ഇനിയുള്ള കാര്യങ്ങള്‍ നിനക്കറിയാമെല്ലൊ . ഞാനിപ്പമിതാ പരിശുദ്ധനായി നിന്റെ കാല്‍പ്പാദങ്ങളില്‍ ചുബനങ്ങല്‍ അര്‍പ്പിക്കാനായി തിരിച്ചെത്തിയിരിക്കുന്നു . ഇനിയെങ്കിലും ഈ തിരുവസ്ത്രം എനിക്കുവേണ്ടി ഉപഷിക്കാന്‍ നീ തയ്യാറാവണമെന്ന് ഞാന്‍ താണുകെണപേഷിക്കുന്നു .

എന്ന് സസ്‌നേഹം 

ക്യാപ്റ്റന്‍  ഇത്താക്ക് 

അധികം താമസിയാതെ തന്നെ നീല നിറത്തിലുള്ള ഇന്‍ലാന്‍ഡില്‍ മറുപടി വന്നു.

പ്രിയ മിസ്റ്റര്‍ ഇത്താക്ക് അറിയുവാന്‍ 

ഇതാക്കുചേട്ടന്റെ മാനസാന്തരത്തില്‍ എനിക്കതിയാ സന്തോഷമുണ്ട് ചെട്ടനറിയാമെല്ലോ ഞാനിപ്പോള്‍ ദൈവത്തിന്റെ കുഞ്ഞാടാണ് . കര്‍ത്താവിനെതന്നെ പ്രതിസൂധവരനായി സ്വീകരിച്ചുകഴിഞ്ഞു .ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല . എന്നാലും ഞാനിപ്പഴും ആ പഴെയ പരിശുദ്ധനായ  പാവം ഇത്താക്കിനെ സ്‌നേഹിക്കുന്നു . നമ്മള്‍ ഇപ്പോള്‍ പരിശുദ്ധിയുടെ ലോകത്താണ് .  ആ നിഷ്‌ക്കളങ്കമായ  ഓര്‍മ്മയില്‍ ജീവിക്കാനനുവദിക്കൂ . നിന്റെ തെറ്റുകള്‍ നിന്നോട് ഷമിച്ചതുപോലെ  എന്റെ തെറ്റുകളും  നീ എന്നോടും  ക്ഷെമിക്കൂ .എന്നെ പൊകാനനുവദിക്കു  ഞാന്‍ യാത്ര ചോദിക്കുന്നു . നമുക്ക് തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ വെച്ചുകാണാം .

ക്യാപറ്റന്‍ ഇത്താക്ക് കത്തുമായി ആരുംകാണാതെ  എന്നും മുങ്ങിക്കുളിക്കാറുണ്ടായിരുന്ന പൂമരത്തോട്ടിലെ ഒരു പാറപ്പുറത്തിരുന്നു. എഴുത്ത് മുഴുവന്‍ ഒന്നുകൂടി ശ്രെദ്ധയോടെ വായിച്ചു. തല്‍ക്കാലം  ആരും കണ്ടില്ലെന്നു മനസിലായി . മനസില്ലാമനസോടെ ആണെങ്കിലും  ആ നീല ഇന്‍ലെന്റ്  ചിന്നം ഭിന്നം കീറി  പൂമരത്തോട്ടിലേക്ക് വിതറിയിട്ടു  . അങ്ങെനെ സിസ്റ്റര്‍ അല്‍ഫോന്‍സായുടെ വെളിപാടുകള്‍  വെളുത്ത പോട്ടുകളായി പൂമരത്തോട്ടിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ   പൊങ്ങിയും താണും അങ്ങു ദൂരത്തേക്കു ഒഴുകിപോകുന്നതും നോക്കി ഇത്താക്ക് പോട്ടിചിരുച്ചു. എന്നിട്ട് നീട്ടി ഒരു തുപ്പും. ഫൂ.... പുല്ലേ ..നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴി. അന്തരം ഇത്താക്ക് വിശാലമായ് ആകാശംനോക്കി മലര്‍ന്നുകിടന്നു. അപ്പോള്‍ ആ പഴെയ തമിള്‍ പാട്ട് വീണ്ടും ഒര്‍മ്മയില്‍നിന്നു ഒന്നു മൂളിപ്പോയി .

'പോനാല്‍ പോകെട്ടും പോടാ '
 
...എന്നാലും ഉള്ളിന്റെ ഉള്ളില്‍ ഒരു വിരഹനൊബരം .
അനന്തരം  പുഴയോരത്തൂടെ നടന്നു നടന്ന് ആ പഴെയ ഉപഷാപ്പിലെക്കു കയറി നല്ല പൂശു പൂശി . പൂമരക്കാട്ടിലെ സഹാകുടിയന്മാര്‍ അന്തംവിട്ടു നോക്കിയിരുന്നു. ആര്‍ക്കും  ഒന്നും മനസിലായില്ല. എന്നാലും ഈ മനംമാറ്റം കണ്ട് ഉള്ളുകൊണ്ട് ഒന്നു സന്തോഷിച്ചു . 

ചാക്കോ ആവിടെക്കിടന്ന ഒടിഞ്ഞു വീഴാറായ ആ  ചാരുബഞ്ചില്‍ ഇരുന്ന് യേശുദാസിന്റെ ഒരു വിരഹഗാനം നാലുപേരു കേള്‍ക്കെ അങ്ങു പാടി. 

മറക്കുവാന്‍ പറയുവാനെന്തെളുപ്പം 

മണ്ണില്‍ പിറക്കാതിരിക്കലാനാതിലെളുപ്പം 

കരയുന്നോ പുഴ ചിരിക്കുന്നോ ....


ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ മലയാളം ബി.എ. (കഥ: തമ്പി ആന്റണി)
Antony Thekkek 2016-03-15 23:31:03
Thank you..e malayali for publishing 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക