കേരളത്തിന്റെ കുറ്റകൃത്യ ചരിത്രത്തില്‍ ഇന്നുവരെ അടയാളപ്പെടുത്താത്ത സംഭവമാണ് ചെങ്ങന്നൂരിലെ അമേരിക്കന്‍ മലയാളി ജോയി വി. ജോണ്‍ വധം. ഒരു മകന്‍ സ്വന്തം പിതാവിനെ വെടിവെച്ചുകൊന്നതിനു ശേഷം മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി പലയിടങ്ങളില്‍ കൊണ്ടുപോയി ഇട്ട സംഭവം ഇതിനു മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലാണ് മൃതദേഹം കഷണങ്ങളാക്കി വിതറുന്നതില്‍ കലാശിച്ചത്.
കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് അനിയന്ത്രിതമായി ഉയരുന്നുവെന്ന് ജിഷവധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഈയിടെ പുറത്തുവിട്ട കണക്കില്‍ പറയുന്നുണ്ട്. ഇരുപത് വര്‍ഷം മുമ്പ് ഡോ. ഓമനയെന്ന ഒഫ്താല്‍മോളജിസ്റ്റ് തന്റെ കാമുകനെ കൊന്ന് വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി കൊണ്ടുപോയതും തെളിവ് നശിപ്പിക്കാനായിരുന്നു. 1996 ജൂലൈ 11ന് ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍, രാത്രിയുടെ അന്ത്യയാമങ്ങളിലാണ് ഡോ. ഓമന എടാടന്‍ ആരോരുമറിയാതെ കാമുകന്‍ മുരളീധരനെ വിഷം കുത്തിവച്ച് കൊന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിനിയാണ് ഡോ. ഓമന.
മൃതദേഹം സ്യൂട്ട് കേസില്‍ കഷണങ്ങളാക്കി കുത്തിനിറച്ചെങ്കിലും ആരും അറിയാതെ അത് ഉപേക്ഷിക്കാന്‍ സാഹചര്യം ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ കൊടൈക്കനാലിലേക്ക് ടാക്‌സി വിളിച്ചു. അവിടെയെത്തും മുമ്പ് ഡോ. ഓമനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ തന്ത്രപൂര്‍വം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആ രാത്രിയില്‍ കൊടൈക്കനാല്‍ പോലീസെത്തി ഡോ. ഓമനയെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്യൂട്ട് കേസില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. കൊടൈക്കനാല്‍ പോലീസ് സംഭവസ്ഥലമായ ഊട്ടിയിലെ പോലീസിന് കേസ് കൈമാറി. ഊട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 1998 ജൂണില്‍ കുറ്റ പത്രം സമര്‍പ്പിച്ചു. ഇതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ ഓമനയെ വിചാരണ ചെയ്തു. എന്നാല്‍ 2001 ജനുവരി 21 മുതല്‍ ഇവരെ കാണാതായി. ഇന്റര്‍ പോളിന്റെ 'വാണ്ടഡ്' ലിസ്റ്റില്‍ പെടുത്തിയ ഓമന കോലാലംപൂരിലേക്ക് മുങ്ങിയെന്നാണ് കരുതുന്നത്.
സമാനമായ മറ്റൊരു കേസ് 2011ല്‍ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിനെ കൊന്ന് വെട്ടി നുറുക്കി വേവിച്ച ഭീതിജനകമായ സംഭവമാണത്. സൈനബ് ബീബി എന്ന 42കാരി ഭര്‍ത്താവ് അഹമ്മദ് അബ്ബാസിനെ കൊന്ന് വലിയ കലത്തിലിട്ടു തിളപ്പിച്ചതും തെളിവ് നശിപ്പിക്കാനാണ്. സൈനബിന്റെ ആദ്യ വിവാഹത്തിലുണ്ടായ 17 വയസുള്ള മകള്‍ സോണിയയെ അബ്ബാസ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നു ഈ ക്രൂര കൃത്യം. അബ്ബാസ് സോണിയയുടെ സ്‌കൂള്‍ അധ്യാപകനായിരുന്നു. കൊലപാതകത്തിന് അഞ്ചു വര്‍ഷം മുമ്പാണ് ഇയാള്‍ സൈനബിനെ വിവാഹം ചെയ്തത്. പതിവില്ലാതെ സൈനബിന്റെ വീട്ടില്‍ നിന്ന് വല്ലാത്ത ഗന്ധം പരന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും സൈനബിനെയും കൊലപാതകത്തിന് കൂട്ടു നിന്ന അവരുടെ സഹോദരപുത്രന്‍ 22കാരനായ സഹീര്‍ അഹമ്മദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അബ്ബാസിന്റെ കൈയും കാലും കൊത്തിയരിഞ്ഞ് കുറുമയുടെ മസാല ചേര്‍ത്ത് സ്റ്റൗവില്‍ പാചകം ചെയ്യുമ്പോഴാണ് അവര്‍ പിടിക്കപ്പെടുന്നത്. മൃതദേഹം നശിപ്പിച്ചു കളയാന്‍ ഇതാണ് എളുപ്പമാര്‍ഗമെന്ന് സൈനബ് ബീബി കരുതി. പച്ച മനുഷ്യ മാംസം വേവിക്കുമ്പോഴുണ്ടാകുന്ന രൂക്ഷഗന്ധം അകറ്റാനായി സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. തന്റെ മകളെ പീഡിപ്പിക്കുവാന്‍ അബ്ബാസ് ശ്രമിക്കുമ്പോഴൊക്കെ സൈനബ് തടയാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോഴായിരുന്നു കൊലപാതകം. മദ്യാപാനിയായ അബ്ബാസിന്റെ മറ്റ് ശരീര ഭാഗങ്ങള്‍ അടുക്കളയിലെ അലുമിനിയം ട്രങ്കില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഇവിടെ ചെങ്ങന്നൂരില്‍ പാതിരാത്രി ജോയ് വി. ജോണിന്റെ മൃതദേഹം വെട്ടിയരിയുമ്പോള്‍ മകന്‍ ഷെറിന് യാതൊരു കൂസലും മനസാക്ഷിക്കുത്തും ഇല്ലായിരുന്നുവെന്ന് തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചപ്പോള്‍ ഇയാളുടെ ശരീരഭാഷയില്‍ നിന്ന് മനസിലായി. മാത്രമല്ല ഇയാള്‍ ആ ദൃശ്യങ്ങള്‍ തന്റെ മെബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഡോ. ഓമനയ്ക്കും സൈനബിനും തങ്ങള്‍ ചെയ്ത കൊലപാതകത്തില്‍ ഒരുതരത്തിലുമുള്ള കുറ്റബോധമോ കൂസലോ ഉണ്ടായിരുന്നില്ല. ചെങ്ങന്നൂര്‍ സംഭവത്തെ പറ്റി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പി. അശോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിങ്ങനെ...മെയ് 25-ാം തീയതി രാവിലെ ~ഒന്‍പതു മണിയോടെ ചെങ്ങന്നൂര്‍ വാഴാര്‍മംഗലത്തെ വീട്ടില്‍ നിന്ന് കാറിന്റെ എ.സി ശരിയാക്കാനായി തിരുവനന്തപുരത്തുള്ള ഷോറൂമിലേക്ക് ജോയിയും ഷെറിനും പുറപ്പെട്ടു. സമയമെടുക്കുമെന്നറിഞ്ഞ് കാര്‍ ഷോറൂമില്‍ കൊടുക്കാതെ മടങ്ങി. വഴിയിലുടനീളം അച്ഛനും മകനും തമ്മില്‍ സ്വത്തിനെ ചൊല്ലി കടുത്ത വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം പരിധി വിട്ടതോടെ ഷെറിന്‍ തോക്കെടുത്ത് മുന്‍സീറ്റിലിരുന്ന ജോയിയുടെ തലയിലേക്ക് നാല് റൗണ്ട് വെടിയുതിര്‍ത്തു.
ജോയി മരിച്ചെന്ന് ഉറപ്പാക്കിയ ഷെറിന്‍ താന്‍ താമസിച്ചിരുന്ന തിരുവല്ലയിലെ ക്ലബ് സെവന്‍ കെട്ടിടത്തിലുള്ള ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് തൊട്ടടുത്ത പമ്പില്‍ നിന്ന് വലിയ കന്നാസില്‍ പെട്രോള്‍ വാങ്ങി ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള ജോയിയുടെ ബഹുനില മന്ദിരത്തിന്റെ മുന്നിലെത്തി. എതിര്‍ വശത്തെ സ്ഥാപനത്തിന്റെ സെക്യൂരിറ്റിയോട് ഹായ് പറഞ്ഞ് ഷെറിന്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് കാര്‍ കയറ്റിയിട്ടു. വാതില്‍ക്കലെ ഷട്ടര്‍ ഇട്ട ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചു. എന്നാല്‍ താന്‍ ഉദ്ദേശിച്ചതിലധികം ഉയരത്തില്‍ തീ ജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ അവിടെ കിടന്നിരുന്ന എംസാന്‍ഡ് വാരിയിട്ട് തീ കെടുത്തി. പിന്നീട് മൂര്‍ച്ചയേറിയ വെട്ടികത്തിയുപയോഗിച്ച് ജോയിയുടെ കൈയും കാലും തലയും വെട്ടിമുറിച്ചു മാറ്റി. അവ പല ചാക്കുകളിലായി ഇട്ടു. പരന്നൊഴുകിയ രക്തം ഓസിട്ട് പൂര്‍ണമായി കഴുകിക്കളഞ്ഞു. ശരീരാവശിഷ്ടങ്ങളുമായി സ്‌കോഡ കാറില്‍ അവിടെ നിന്നും തിരിച്ച ഷെറിന്‍ പലയിടങ്ങളിലായി അത് വലിച്ചെറിഞ്ഞു. പുലര്‍ച്ചയോടെയാണ് അയാള്‍ ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. മെയ് 26-ാം തീയതി രാവിലെ അമ്മ മറിയാമ്മയെ വിളിച്ച് തനിക്ക് ഒരു കൈയബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. തിരുവല്ലയില്‍ നിന്നും ഷെറിന്‍ പോയത് കോട്ടയത്തേക്കാണ്. അവിടെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് പിടിയിലായത്. കാറ് സര്‍വീസ് ചെയ്യാന്‍ കൊടുത്തിരുന്നു.
ഷെറിന്‍ എന്തു കൊണ്ടാണ് പിതാവിനെ കൊന്നത് എന്നതു സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നു. ധൂര്‍ത്തനായ ഷെറിന് ജോയിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശമില്ലായിരുന്നു. കെട്ടിടത്തിന്റെ വാടക പിരിക്കുന്നതും മറ്റും ജോയി നിയോഗിച്ച മാനേജരായിരുന്നു. ഷെറിന് പണം വേണമെങ്കില്‍ മാനേജര്‍ക്ക് വൗച്ചര്‍ ഒപ്പിട്ടു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കെട്ടിടത്തിനു വേണ്ടി എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റ പണിയോ ഒക്കെ ഷെറിന്‍ നടത്തുമായിരുന്നു. അതിന്റെ ബില്ല് മാനേജര്‍ മുഖേന ജോയി ജോണ്‍ യഥാസമയം ആവശ്യപ്പെടുമായിരുന്നു. ഇന്‍ഫോസിസിലെ ഐ.ടി കണ്‍സള്‍ട്ടന്റായ ഷെറിന് കനത്ത ശമ്പളമുണ്ടായിരുന്നു. എന്നാല്‍ ആര്‍ഭാട ജീവിതം നയിക്കുന്ന ഇയാള്‍ക്ക് ആ പണം ഒന്നിനും തികയുമായിരുന്നില്ല. ഇതിനിടെ തങ്ങളുടെ സ്വന്തം കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍ സ്റ്റോര്‍ ആരംഭിക്കാന്‍ വേണ്ടി ഒരാള്‍ ഷെറിനെ സമീപിച്ചു. അയാളില്‍ നിന്ന് സെക്യൂരിറ്റിയായി ഷെറിന്‍ ഒന്നര ലക്ഷം രൂപ വാങ്ങി. ഇത് തന്റെ അക്കൗണ്ടില്‍ ഇടണമെന്ന് ജോയി ആവശ്യപ്പെട്ടെങ്കിലും ഷെറിന്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 19-ാം തീയതി ഭാര്യയും മറ്റ് രണ്ട് മക്കളുമായി നാട്ടിലെത്തിയ ജോയ് പണം ആവശ്യപ്പെട്ടെങ്കിലും ഷെറിന്‍ നല്‍കിയില്ല. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഹോദരങ്ങളായ ഡോ. ഷെര്‍ലിനും, ഡോ. ഷെറിലിനും ഷെറിനുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ല. ഇരു സഹോദരങ്ങളും വല്ലപ്പോഴുമേ നാട്ടിലെത്തുമായിരുന്നുള്ളു. അങ്ങനെ വരുമ്പോള്‍ ഇവരുമായി ഷെറിന്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുമായിരുന്നു. അതൊഴിവാക്കാനായി തങ്ങള്‍ നാട്ടിലെത്തുമ്പോള്‍ ഷെറിന്‍ വീട്ടില്‍ നിന്നും മാറി താമസിക്കുവാന്‍ പിതാവ് ജോയി പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കുറി ജോയിയും ഭാര്യ മറിയാമ്മ എന്ന കുഞ്ഞുമോളും രണ്ട് മക്കളും വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടിലെത്തും മുമ്പ് തന്നെ ഷെറിന്‍ തിരുവല്ലയിലെ ഹോട്ടലിലേക്ക് മാറിത്താമസിച്ചിരുന്നു. ജോയി നാട്ടിലേക്ക് എത്തുന്നു എന്നറിഞ്ഞ ഷെറിന്‍ പിതാവിനെ കൊല്ലാനുള്ള പ്ലാന്‍ വിശദമായി തയ്യാറാക്കി. വീട്ടിലെ അലമാര കുത്തിത്തുറന്ന് അമേരിക്കന്‍ നിര്‍മിത തോക്ക് എടുത്തു. പിന്നീട് എവിടെ വച്ച് കൊല്ലണം എന്നായിരുന്നു ആലോചന. ഇതിനിടെ ജോയിയും കുടുംബവും നാട്ടിലെത്തി. അപ്പോഴാണ് കാറിന്റെ എ.സി നന്നാക്കാന്‍ തിരുവനന്തപുരത്തേക്ക് ജോയി പോകുന്നു എന്ന വിവരം ഷെറിന്‍ അറിഞ്ഞത്. ഡ്രൈവറെ വിളിക്കാന്‍ ജോയി ശ്രമിച്ചെങ്കിലും താന്‍ ഡ്രൈവ് ചെയ്‌തോളാമെന്ന് ഷെറിന്‍ പറഞ്ഞു. ജോയ് ആദ്യം അത് എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ജോയി കടയ്ക്ക് സെക്യൂരിറ്റിയായി കിട്ടിയ ഒന്നര ലക്ഷം രൂപ ഷെറിനോട് ആവശ്യപ്പെട്ടു. ഷെറിന്‍ കൊടുക്കില്ലെന്ന് പറഞ്ഞു. അത് വലിയ തര്‍ക്കത്തിലേയ്ക്ക് നയിച്ചു. അങ്ങനെ ആ യാത്ര ജോയിയുടെ അന്ത്യയാത്രയായി.
പമ്പയാറ്റിലും ചിങ്ങവനത്തും ചങ്ങനാശേരിയിലും ജോയിയുടെ അഴുകിത്തുടങ്ങിയ വികൃതമായ ശരീരഭാഗങ്ങള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചെങ്കിലും അവയെല്ലാം പൊലീസിന് കാട്ടിക്കൊടുക്കുമ്പോള്‍ ഷെറിന് യാതൊരു ഭാവഭേദങ്ങളുമില്ലായിരുന്നു. പിതാവിന്റെ അംഗഭംഗം വന്ന ഉടല്‍ കണ്ട ഡോ. ഷെര്‍ലിനും ഡോ. ഷെറിലിനും വിങ്ങിപ്പൊട്ടുമ്പോള്‍ ഷെറിന്റെ മുഖത്ത് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല, ക്രൗര്യം തളംകെട്ടിനിന്നു. ചിങ്ങവനത്തെ കാട്ടില്‍ നിന്ന് ഇയാള്‍ തന്നെയാണ് പ്ലാസ്റ്റിക് കവറിലാക്കിയ തല എടുത്തുകൊണ്ടു വന്നത്. ഷെറിന് കുറ്റവാളിയുടെ മനസ്സാണെന്ന് മാനസിക ആരോഗ്യ വിദഗ്ധര്‍ ഈ കൊലാപാതകത്തെ അപഗ്രഥിച്ച് വ്യക്തമാക്കുന്നു. തന്നെ പല കാര്യത്തിലും ഒഴിവാക്കുകയും തൊട്ടതിനും പിടിച്ചതിനും ശാസിക്കുകയും ചെയ്യുന്ന പിതാവ് ജോയിയോട് ഷെറിന് വര്‍ഷങ്ങളായി അടങ്ങാത്ത പകയുണ്ടായിരുന്നു. ഈ പക വളരാനുള്ള പെരുമാറ്റം ജോയിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു. ഷെറിന്റെ ചെയ്തികളാണ് അതിന് കാരണമായതും.
വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ കരഞ്ഞു തളര്‍ന്ന് ജീവശ്ചവമായിരിക്കുകയാണ് ജോയിയുടെ ഭാര്യ മറിയാമ്മ. സ്വന്തം മകന്‍ കൊലയാളിയായ സത്യം അംഗീകരിച്ച് ആരോടും സംസാരിക്കാതെ വീട്ടില്‍ കഴിയുകയാണ് അവര്‍. ഇക്കുറി നാട്ടിലേക്കെത്തുമ്പോള്‍ അതൊരു മഹാദുരന്തത്തിലേക്കുള്ള യാത്രയാണെന്ന് അവര്‍ നിനച്ചിരുന്നില്ല. നാല്‍പത് വര്‍ഷം മുമ്പാണ് സെക്കന്താരബാദില്‍ നേഴ്‌സായി ജോലി ചെയ്യുമ്പോള്‍ അവിടെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ജോയിയുമായുള്ള മറിയാമ്മയുടെ വിവാഹം. ആര്‍.എന്‍ ആയി മറിയാമ്മയാണ് ആദ്യം അമേരിക്കയിലെത്തിയത്. തൊട്ടു പിന്നാലെ ജോയിയും. മൂന്നു മക്കള്‍ ജനിച്ച് പഠിച്ച് വളര്‍ന്നതും അമേരിക്കയില്‍ തന്നെ.
ഇക്കഴിഞ്ഞ ദിവസം, ജോയി ജോണിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി ആറാട്ട് പുഴയ്ക്കു സമീപം പമ്പയാറ്റില്‍ തിരച്ചില്‍ നടത്തുന്ന സമയത്താണ് ഇ-മലയാളി ടീം ജോയിയുടെ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടിലെത്തിയത്. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്ന് മംഗലം പാലം കടന്ന് മൂന്നു കിലോമീറ്റര്‍ കിഴക്കോട്ട് ചെല്ലുമ്പോഴാണ് ഈ വലിയ വീട്. വിസ്തൃതമായ പറമ്പില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ വീടിനെ ഒരുപാട് ദുരൂഹതകള്‍ ചൂഴ്ന്ന് നില്‍ക്കുന്നതായി പ്രഥമദൃഷ്ട്യാ തോന്നി. ഒരുപക്ഷേ അതൊരു തോന്നല്‍ മാത്രമായിരുന്നിരിക്കാം. വലിയ മതില്‍ക്കെട്ടുള്ള പുരയിടം. ഭയപ്പെടുത്തുന്ന നിശബ്ദമായ അന്തരീക്ഷം. വീടിന് ചുറ്റും റബറും മറ്റ് മരങ്ങളും ഇടതിങ്ങി വളരുന്നു. മരണപ്പിറ്റേന്ന് ഒട്ടും 'ലൈവ'ല്ലാത്ത ഈ വീട് സൂചിപ്പിക്കും പോലെ അവിടെ ഇപ്പോള്‍ ക്രൂരവും പൈശാചികവുമായ കൊലപാതകത്തിന്റെ ഭീകരത മാറാതെ മുറ്റി നില്‍ക്കുന്നുവോ...