Image

കാലം കൈവിട്ട തഴപ്പായകള്‍ (മോഹന്‍ദാസ് വെച്ചൂര്‍, വൈക്കം)

Published on 15 January, 2017
കാലം കൈവിട്ട തഴപ്പായകള്‍ (മോഹന്‍ദാസ് വെച്ചൂര്‍, വൈക്കം)
ബാല്യത്തില്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍
ഒക്കെയും ഓലമേഞ്ഞ കുടിലിലെ
ചാണകം മെഴുകിയ തറയില്‍ വിരിച്ചിട്ട
തഴപ്പായ കളില്‍ കിടന്നായിരുന്നു.
എടുത്താല്‍ പൊങ്ങാത്ത ജീവിതഭാരം
ഏല്പിച്ച് കാലയവനികയ്ക്കുള്ളില്‍
മറഞ്ഞ അച്ഛനെയോര്‍ത്തും ഒട്ടിയ
വയറുമായി തളര്‍ന്നുറങ്ങുന്ന മക്കളെ
മാറോടു ചേര്‍ത്തു കിടത്തി നാളത്തെ
അന്നത്തെ കുറിച്ചോര്‍ത്തും അമ്മ
ഒഴുക്കിയ കണ്ണീരുപ്പു വീണു കുതിര്‍ന്ന
തഴപ്പായകള്‍ !.
പണ്ട് ഒരു ജനതയുടെ അന്നമായിരുന്നു
കാലം കൈവിട്ട ഈ തഴപ്പായകള്‍.
നാട്ടിലാകെ ക്ഷാമമുള്ള കാലം.
തോട്ടിറമ്പിലും തൊടികളിലും വളര്‍ന്നു
നില്‍ക്കുന്ന കൈതക്കാടുകള്‍ .
ഇരുവശങ്ങളിലും നടുവിലും കൂര്‍ത്ത
മുള്ളുകളുള്ള കൈതയോലകള്‍
മുറിച്ചെടുക്കും.പിന്നെ ,അവയുടെ
മുള്ളുകള്‍ കോതി മാറ്റി വൃത്താകൃതി
യില്‍ ചുറ്റിമടിഞ്ഞ് വെയിലത്തിട്ട്
ഉണക്കിയെടുക്കും.ഉണങ്ങിയ തഴകള്‍
പിച്ചാത്തി കൊണ്ട് കോതി' ചെറുതായി
കീറിയെടുക്കും. ആ ചെറുതഴകള്‍
ഉപയോഗിച്ച് ഹൃദയതാളം മുഴക്കി
തഴപ്പായകള്‍ നെയ്‌തെടുക്കും.
ഒരു പെണ്ണാള്‍ രാവും പകലും നെയ്താ
ലാ ണ് ഒരു തഴപ്പായ തീരുക .
നെയ്തു തീര്‍ത്ത തഴപ്പായകള്‍ തെറുത്ത് കുടിലിന്റെ മൂലയില്‍ വെച്ച്
അടുത്ത പായ നെയ്യും.
ആഴ്ചയില്‍ നാലോ അഞ്ചോ പായകള്‍ .പിന്നെ ,ചന്തയില്‍ കൊണ്ടു
പോയി വിറ്റ് വീട്ടു സാധനങ്ങള്‍ വാങ്ങും
പിന്നെയും പട്ടിണിയെ പടിയകറ്റാനുള്ള
പെടാപ്പാട് !അദ്ധ്വാനത്തിനനുസരിച്ച്
കൂലിയില്ലെങ്കിലും തഴപ്പായകള്‍
പട്ടിണിപ്പാവങ്ങള്‍ക്ക് ഒരാശ്വാസം
തന്നെയായിരുന്നു.
കിടന്നുറങ്ങാന്‍ തഴപ്പായയും നെല്ലുണ
ക്കാന്‍ ഉന്നക്കപ്പായയും
കുംഭം മീനമാസത്തിലെ കൊടും ചൂടു
ള്ള രാത്രികളില്‍ മുറ്റത്ത് ഉന്നക്കപ്പായ
വിരിച്ച് അതില്‍ കിടന്നുറങ്ങും.
നിലാവും നക്ഷത്രങ്ങളും കാവലിരിക്കും
പണ്ടൊക്കെ ഉത്സവപ്പറമ്പില്‍ അമ്മച്ചി
മാര്‍ പായും തലയിണയുമായി
നേരത്തെ എത്തി സ്‌റ്റേജിനു മുന്നില്‍
കിടന്നുറങ്ങുമായിരുന്നു.
രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം
പായും തലയിണയും തെറുത്തു
വെയ്ക്കണം എന്നു കാരണവന്മാര്‍ക്കു
നിര്‍ബന്ധമായിരുന്നു!
ഇന്നു കാലം മാറി.
ശീതീകരിച്ച മുറിയും ഫാനും ഫോം
ബെഡ്ഡും വന്നതോടെ
തഴപ്പായകള്‍ തഴയപ്പെട്ടു.
തെറുത്തപായ കള്‍ കക്ഷത്തിലിറുക്കി
പിടിച്ച് ചന്തയിലേയ്ക്കു പോകുന്ന
സ്ത്രീകള്‍ എവിടയോ പോയ് മറഞ്ഞു.
കൈതകള്‍ കാണാനില്ല.
കാറ്റിന്റെ തേരിലേറിയെത്തുന്ന
കൈതപ്പൂവന്റെ മാദക സുഗന്ധവും
അന്യമായിരിക്കുന്നു!
എങ്കിലും ,ബാല്യകൗമാരങ്ങളില്‍
എന്റെ ഹൃദയത്തോടു ചേര്‍ന്നിരുന്ന്
ഞാന്‍ കണ്ട സ്വപ്നങ്ങള്‍ക്കു ചൂടു
പകര്‍ന്ന തഴപ്പായകളെ
വിസ്മരിക്കാനാവുന്നതെങ്ങനെ?
കാലം കൈവിട്ട തഴപ്പായകള്‍ (മോഹന്‍ദാസ് വെച്ചൂര്‍, വൈക്കം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക