Image

മഴവില്ല് (കവിത- ഡോ. ഇ. എം. പൂമൊട്ടില്‍)

ഡോ. ഇ. എം. പൂമൊട്ടില്‍ Published on 22 February, 2017
മഴവില്ല് (കവിത- ഡോ. ഇ. എം. പൂമൊട്ടില്‍)
കോരിച്ചൊരിഞ്ഞൊരു മഴ തീര്‍ന്നു, വിണ്ണില്‍
സൂര്യന്‍ കിഴക്കു ദേശത്തുയര്‍ന്നു,
ദൂരെ പടിഞ്ഞാറു നില വിഹായസ്സില്‍
മാരിവില്ലൊന്നു തെളിഞ്ഞു വന്നു!

ഇന്ദ്രചാപം സപ്ത വര്‍ണ്ണങ്ങളില്‍ മിന്നി
നമ്രശിരസ്‌കയായ് നിന്നിടുമ്പോള്‍
ഇത്ര വര്‍ണ്ണങ്ങളീ സുന്ദരിക്കെങ്ങനെ
ലഭ്യമായെന്നാരോ ചോദിക്കവെ
പണ്ട് ഞാന്‍ വിദ്യാലയത്തില്‍ പഠിച്ചൊരാ
ഭൗതിക ശാസ്ത്ര തത്വങ്ങലോര്‍ത്തു:

ചെറു മഴത്തുള്ളികള്‍ ആകാശ വീഥിയില്‍
എണ്ണങ്ങളേറെ തെളിഞ്ഞു നില്‍ക്കെ
ആദിത്യ രശ്മികളായവയ്ക്കുള്ളിലായ്
ആഴത്തില്‍ ചെന്നു പതിച്ചിടുമ്പോള്‍
*അപഭംഗം എന്നൊരാ ശാസ്ത്രീയ സംഭവം
വേര്‍തിരിക്കും സപ്ത വര്‍ണ്ണങ്ങളെ;

വയലറ്റും, ഇന്‍ഡിഗോ, നീലയും, പച്ചയും
മഞ്ഞയും ഓറഞ്ചതും ചുവപ്പും
പൂര്‍ണ്ണമായ് ഉള്ളില്‍ **പ്രതിഫലിച്ചീടവെ
വര്‍ണ്ണമീ ദൃശ്യം തെളിഞ്ഞിടുന്നു!

ഏറെ നേരം മാരിവില്ലതിന്‍ ശോഭ ഞാന്‍
ഏകനായ് ആസ്വദിച്ചീടും നേരം
ആലസ്യമെല്ലാം അകന്നൊരെന്‍ മാനസം
ആത്മാര്‍ത്ഥ ഭാവമോടെ മെഴിഞ്ഞു;

മാരിവില്ലേ നിന്റെ ശാസ്ത്ര തത്വങ്ങളെ 
കണ്ടെത്തിയോരവര്‍ ശ്രേഷ്ഠരെങ്കില്‍
ആദിത്യനും, മഴയും മഴവില്ലതും
നിര്‍മ്മിച്ചൊരീശ്വരന്‍ എത്ര ശ്രേഷ്ഠന്‍!!


*അപഭംഗം- Refraction
**പ്രതിഫലനം-Reflection


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക