Image

മൂല്യമാലിക

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 25 February, 2012
മൂല്യമാലിക
പത്രാധിപക്കുറിപ്പ്‌;:

ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അമേരിക്കന്‍ മലയാളി സമൂഹത്തിലെ സുപ്രസിദ്ധ കവയിത്രിയും സാഹിത്യകാരിയുമായ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എട്ടു കവിതാസമാഹാരങ്ങള്‍, ഒരു ലേഖനസമാഹാരം, ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പല തവണ `ഫൊക്കാന' സാഹിത്യ അവാര്‍ഡു്‌, `ഫോമാ', `മാമന്‍മാപ്പിള മെമ്മോറിയല്‍' `സങ്കീര്‍ത്തനം, മിലനിയം അവാര്‍ഡ്‌ മുതലായി അമേരിക്കയിലും കേരളത്തിലും വിവിധ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. കൂനൂര്‍ നീലഗിരി സ്റ്റെയിന്‍സ്‌ ഹൈ്‌സക്കൂള്‍, കടമ്പനാട്‌ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ഹൈസ്‌ക്കൂള്‍ അദ്ധാപികയായിരുന്നു. 1970 ല്‍ അമേരിക്കയിലെത്തി. അദ്ധ്യാപനത്തിലും എന്‍ജിനീയറിങിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. നാസാ കൗണ്ടി പബ്ലിക്കു്‌ വര്‍ക്ക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറായി 34 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ഭര്‍ത്താവ്‌ വെരി. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, മക്കള്‍: മാത്യു യോഹന്നാന്‍ (ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കര്‍), തോമസ്‌ യോഹന്നാന്‍ (അറ്റോണി), കഴിഞ്ഞ 41 ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമായിട്ടും മലയാളഭാഷയെ മറോടണച്ചു താലോലിക്കുന്ന ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ 110 കവിതകളുടെ സമാഹാരമായ മൂല്യമാലിക' "ഇ മലയാളി'യില്‍ ക്കൂടി ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ഈ പുസ്‌തകത്തെക്കുറിച്ച്‌ പ്രശസ്‌തരായവരുടെ അഭിപ്രായങ്ങള്‍ താഴെ ചേര്‍ക്കുന്നു. വായനക്കാരുടെ അഭിപ്രായങ്ങളും അറിയിക്കുക.

കവയിത്രിക്കു്‌്‌ അഭിനന്ദനങ്ങള്‍!!

"അമേരിക്കയിലെവിടെയും അറിയപ്പെടുന്ന എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതിയ `മൂല്യമാലിക' ആധുനിക കാലഘട്ടത്തിന്റെ നീതിസാരമാണ്‌. മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളെയും സ്‌പര്‍ശിക്കുന്ന ഈ നീതിസാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നു. എതോ ദിവ്യമായ ചോദനകളാല്‍, അദൃശ്യമായി ലഭിക്കുന്ന നിര്‍ദ്ദേശങ്ങളാല്‍, ജീവിതാനുഭവങ്ങള്‍ കവിതയായി വാര്‍ന്നുവീഴുകയാണു്‌ ചെയ്യുന്നത്‌. ഉദ്‌ബോധനാത്മക കവിതകളില്‍ പ്രധാനമാണു്‌ നീതിസാരകവിതകള്‍. മൂല്യാധിഷ്‌ഠിതമായ ജീവിതസങ്കല്‌പമാണു്‌ നീതിസാരകവിതകള്‍ ലക്ഷ്യമാക്കുന്നത്‌. സത്യം, ധര്‍മ്മം, നീതി, സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണു്‌ ഇത്തരം കവിതകള്‍ ഉണ്ടാകുന്നത്‌. സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങളില്‍ കുമാരനാശാന്‍ എവിടെയാണോ നിലയുറപ്പിച്ചത്‌ അവിടെത്തന്നെയാണു്‌ ശ്രീമതി ശങ്കരത്തിലും പദമൂന്നുന്നത്‌'... ഡോ. എം. എം. ബഷീര്‍

പേരു സൂചിപ്പിക്കുന്നതുപോലെ മൂല്യങ്ങളാണു്‌ ഇവയിലെ നിറവും മണവും മധുവും സ്വരവും പൊരുളും. ദൈനംദിന ജീവിതസന്ദര്‍ഭങ്ങളിലെ മൂല്യച്യുതികളെ മുറിവുകളായനുഭവിക്കുന്ന ഒരു മനസ്സാണു്‌ ഈ കവിതകളിലെ വക്താവ്‌. മൂല്യബോധത്തെ ശക്തിയും ശുദ്ധിയും സുഖവും ശാന്തിയുമായി ഈ കവയിത്രി ഉപാസിണ്ടക്കുന്നു. അതിവേഗം മൂല്യങ്ങള്‍ മറന്നും മറഞ്ഞും പോകുന്ന പുതിയ ലോകത്തില്‍ മൂല്യബോധനം കവിധര്‍മ്മമാണെന്ന ഈ കൃതിയെ ഒരപൂര്‍വ്വ സച്ചര്യാപാഠശാലയാക്കുന്നു. വായനക്കാരനെ ആത്മനിരീക്ഷണത്തിനു്‌ പ്രേരിപ്പിക്കുന്നവയാണു്‌ മൂല്യമാലികയിലെ ദളങ്ങള്‍  കെ.ജി. ശങ്കരപ്പിള്ള.

 നൂറ്റിപ്പത്തു സുഭാഷിതങ്ങളുടെ സമാഹാരമാണു്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ മൂല്യമാലിക. മൂല്യമെന്ന വാക്കിന്റെ അര്‍ത്ഥവും അതുണര്‍ത്തിവിടുന്ന ആശയപ്രപഞ്ചവും ആര്‍ക്കും ആവശ്യമില്ലാത്ത ഒരു നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ `മൂല്യ'മെന്ന വാക്കിനെ മുറുകെപ്പിടിക്കുന്ന കവയിത്രിയെ അറിഞ്ഞാദരിക്കേണ്ടിയിരിക്കുന്നു. കടമ്പനാട്‌ എന്ന ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്കു ജീവിതം പറിച്ചു നട്ടപ്പോഴും ചുവടു മറക്കാത്ത വീക്ഷണം വച്ചു പുലര്‍ത്താന്‍ കവയിത്രിക്കു കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണു്‌ കവിതയിലെമ്പാടും കാണുന്ന ഗ്രാമീണ പദങ്ങള്‍. കൈയില്‍ക്കിട്ടിയ പളുങ്കുപാത്രസമാനമായ ജീവിതം `ഇന്നു കണ്ടു നാളെ വാടും പൂക്കളെ പ്പോലാണെന്നു്‌ സ്വയം മനസ്സിലാക്കുക മാത്രമല്ല, മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കയും ചെയ്യുന്ന ചല കവിതാഭാഗങ്ങള്‍ :

 ആരും കാണാത്ത സ്ഥലസമയങ്ങളില്‍
ഏതുമേ കാണുന്ന കണ്ണുമായി
എല്ലാമറിയുന്ന ഒരുവനുണ്ടെന്നത
ങ്ങെപ്പോഴുമെപ്പോഴുമോര്‍മ്മവേണം.

കാലേയെണീറ്റു ദൈവത്തെ
ചേലേയൊന്നു വിളിക്കുകില്‍
മേലേ മേലേ വരും ദുഃഖം
മാലേറ്റാതെയൊഴിഞ്ഞുപോം.

അഹങ്കാരത്തോടൊപ്പമായ്‌
അനുഗ്രഹം വാഴാറില്ല
അഹംഭാവമത്രേ സര്‍വ്വ
അബദ്ധങ്ങള്‍ക്കും ഹേതുകം.

കടുത്ത സാമൂഹ്യ വിമര്‍ശനത്തിന്റെ വാക്കുകള്‍ അമ്പുകളാക്കി വിടാന്‍ കവയിത്രിക്കു കഴിഞ്ഞിട്ടുണ്ട്‌. അവരുടെ ജീവിത വീക്ഷണം പ്രതിഫലിപ്പിക്കുന്ന വരികള്‍ കൂടി നോക്കുക,

`ശത്രുക്കളില്ലാത്തൊരു ലോകമാണെന്റെ സ്വപ്‌നമെന്നും
ശത്രുവായ്‌ത്തീരാത്തൊരു രാഗമാണെന്റെ ഗാനമെന്നും
ശാന്തമായൊരു ജീവിതം മാത്രം കൊതിക്കുന്നു ഞാനെന്‍
ശാന്തിക്കു സര്‍വ്വേശ്വരനോടര്‍ത്ഥിപ്പൂ കൃപയ്‌ക്കുനിത്യം.
ഡോ. സാമുവല്‍ ചന്ദനപ്പള്ളി

മൂല്യമാലിക ഒരു മന്ത്രധ്വനിപോലെയാണു്‌. ഒരു സൂപ്പര്‍ഫാസ്റ്റ്‌ സംസ്‌ക്കാരം ഓരത്തുകൂടി ഒഴുകിപ്പോകുന്നതു കാണുന്ന കവയിത്രി, ആ കുത്തൊഴുക്കില്‍ കൈമോശം വരുന്ന ആദര്‍ശങ്ങളെക്കുറിച്ച്‌ ആകുലപ്പെടുന്ന ഒരു മനസ്സിന്റെ ധ്യാനോചിത ചിന്തകള്‍ കൊരുത്തതാണു്‌ `മൂല്യമാലിക' എന്ന കാവ്യം. പുതിയ സഹസ്രാബ്‌ദത്തിലേക്കുള്ള രക്ഷാമന്ത്രത്തിന്റെ വിദൂരമായൊരു ധ്വനി ഞാന്‍ കേള്‍ക്കുന്നു.. ജോസ്‌ പനച്ചിപ്പുറം

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(yohannan.elcy@gmail.com)
മൂല്യമാലിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക