Image

ക്രിയേറ്റീവ്‌ റൈറ്റിങ്‌; മൂലകഥ ഹിബ്രുവില്‍

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D. Published on 26 February, 2012
ക്രിയേറ്റീവ്‌ റൈറ്റിങ്‌; മൂലകഥ ഹിബ്രുവില്‍
(എട്‌ഗര്‍ കെരെറ്റ്‌)

/മൂലകഥ ഹിബ്രുവില്‍
/

സാധാരണ രീതിയിലുള്ള പ്രത്യുല്‍പ്പാദനക്രിയയ്‌ക്കു പകരം, ഓരോരുത്തരും രണ്ടായി പിളര്‍ന്ന്‌ സന്തതികളെ സൃഷ്‌ടിക്കുന്ന സങ്കല്‌പലോകത്തെക്കുറിച്ചാണ്‌ മായ ആദ്യകഥ എഴുതിയത്‌. അവിടെ, ഓരോരുത്തര്‍ക്കും ഏതു നിമിഷവും, ലിംഗഭേദമെന്യെ, പാതി പ്രായമുള്ള രണ്ടു വ്യക്തികളായി മാറാന്‍ കഴിയും. ചിലര്‍ ചെറുപ്പത്തില്‍ തന്നെ ഈ കഴിവ്‌ വിനിയോഗിച്ചു; ഉദാഹരണത്തിന്‌, ഒരു പതിനെട്ടുകാരനോ/കാരിക്കോ ഒമ്പതു വയസ്സുള്ള രണ്ടു കുട്ടികളായി മാറാന്‍ കഴിയും. ചിലര്‍, തൊഴില്‍പരമായും സാമ്പത്തികമായും ഉന്നതനില എത്താന്‍ കാത്തിരുന്നതിനാല്‍, മദ്ധ്യവയസ്സ്‌ കഴിഞ്ഞു മാത്രമേ ഈ വിഘടനക്രിയയില്‍ എര്‍പ്പെട്ടുള്ളു. എന്നാല്‍ മായയുടെ കഥാനായിക പിളരാന്‍ കൂട്ടാക്കിയില്ല. അങ്ങിനെ സാമൂഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങാതെ, സന്തതോല്‍പ്പാദനക്രിയയില്‍ പങ്കെടുക്കാതെ, എണ്‍പതു താണ്ടിയ നായിക, കഥാന്ത്യം വീരചരമം പ്രാപിക്കുന്നു.

കഥാവസാനം മാറ്റിനിറുത്തിയാല്‍ അതൊരു നല്ല കഥ തന്നെ. അതിന്‌ എന്തോ മ്ലാനഭാവമുണ്ടെന്ന്‌ അവിയഡിനു തോന്നി. ഉന്മേഷം കെടുത്തുന്ന, മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പര്യവസാനം. എന്നാല്‍ മായ ഈയിടെ ചേര്‍ന്ന ക്രിയേറ്റീവ്‌ റൈറ്റിങ്‌ കോഴ്‌സില്‍ ഈ കഥ വളരെ പ്രശംസ പിടിച്ചുപറ്റി. സാമാന്യം പ്രശസ്‌തനായ എഴുത്തുകാരന്‍ അദ്ധ്യാപകന്‍ (അവിയഡ്‌ അയാളെക്കുറിച്ച്‌ അത്ര കേട്ടിട്ടില്ലെങ്കിലും), ആത്മാവിനെ മഥിക്കുന്ന എന്തോ ഒരു സാര്‍വ്വത്രികതയോ മറ്റോ അതിലുണ്ടെന്ന്‌ അവളോട്‌ പറഞ്ഞു. ഈ പ്രശംസ മായയെ എത്ര സന്തോഷവതിയാക്കിയെന്ന്‌ അവിയഡ്‌ അറിഞ്ഞു. ഇക്കാര്യം അവിയഡിനേട്‌ പറഞ്ഞപ്പോള്‍ മായ ഊര്‍ജ്ജസ്വലയായിരുന്നു. എഴുത്തുകാരന്‍ അദ്ധ്യാപകന്‍ പറഞ്ഞതപ്പടി, ബൈബിള്‍വാക്യം ഉദ്ധരിക്കുന്നപോലെ, അവള്‍ പലരോടും ഉരുവിട്ടു. കഥയ്‌ക്ക്‌ മറ്റൊരു പരിണാമഗുപ്‌തി നേരത്തേ നിര്‍ദ്ദേശിച്ചിരുന്ന അവിയഡാകട്ടെ, ഇതെല്ലാം വ്യക്തിഗത ഇഷ്‌ടാനിഷ്‌ടങ്ങളാണെന്നും, ഈ വിഷയത്തില്‍ തന്റെ ധാരണ വേണ്ടത്ര ശക്തമല്ലെന്നും പറഞ്ഞ്‌ പിന്‍വാങ്ങുകയാണുണ്ടായത്‌.

ഒരു ക്രിയേറ്റീവ്‌ റൈറ്റിങ്‌ ശില്‌പശാലയില്‍ ചേരാന്‍ മായയെ പ്രേരിപ്പിച്ചത്‌ അമ്മയായിരുന്നു. സുഹൃത്തിന്റെ മകള്‍ ഇതുപോലെ ഒന്നില്‍ ചേര്‍ന്നുവെന്നും, അത്‌ അവള്‍ക്ക്‌ വളരെ ഇഷ്‌ടപ്പെട്ടുവെന്നും അമ്മ മായയോട്‌ പറഞ്ഞിരുന്നു. മായ പുറംലോകവുമായി ബന്ധപ്പെട്ട്‌ എന്തങ്കിലും ചെയ്യുന്നത്‌ നല്ലതായിരിക്കുമെന്ന്‌ അവിയഡിനും തോന്നി. അവന്‌ ജോലിയില്‍ മുഴുകി എത്ര വേണമെങ്കിലും സമയം പോക്കാം; എന്നാല്‍, മായ, ഈയിടെയുണ്ടായ ഗര്‍ഭലസലിനു ശേഷം വീടു വിടാറുണ്ടായിരുന്നില്ല. അവിയഡ്‌ എപ്പോള്‍ പുറത്തുനിന്നു വന്നാലും മായ സ്വീകരണമുറിയിലെ സോഫയില്‍ അലക്ഷ്യമായി ഇരിക്കുന്നുണ്ടാവും - വായനയില്ലാതെ; ടി.വി. കാണാതെ; ഒന്ന്‌ കരയാന്‍ പോലും കഴിയാതെ. ഈ കോഴ്‌സിനു ചേരാന്‍ മായ സംശയിച്ചു നിന്നപ്പോള്‍, പ്രേരകമായ അനുനയത്തോടെ അവിയഡ്‌ ഉപദേശിച്ചു, `ഒന്ന്‌ പോയി ശ്രമിച്ചു നോക്കു, കുട്ടികള്‍ കേമ്പിനു പോകുന്ന പോലെ.' കുട്ടികളുമായുള്ള താരതമ്യം (പ്രത്യേകിച്ചും, രണ്ടു മാസം മുമ്പു കഴിഞ്ഞ ആ സംഭവം ഓര്‍ത്ത്‌) അവളുടെ മനസ്സിനെ മുറിപ്പെടുത്തിയിരിക്കുമോ എന്ന്‌ അവിയഡിന്‌ പിന്നീട്‌ വിഷമം തോന്നിയെങ്കിലും, മായ, ചെറുമന്ദഹാസത്തോടെ, പകല്‍ കേമ്പിനു പോകുന്നതാണ്‌ ഇപ്പോള്‍ അവള്‍ക്ക്‌ ആവശ്യമെന്ന്‌ പറഞ്ഞു.

മായ എഴുതിയ രണ്ടാമത്തെ കഥയിലെ ലോകത്തെ വ്യക്തികള്‍ക്ക്‌, തങ്ങള്‍ ഇഷ്‌ടപ്പെട്ടിരുന്ന ആളുകളെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂയെന്ന പ്രത്യേകത ഉണ്ടായിരുന്നു. ഭാര്യയെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അതിലെ പ്രധാന കഥാപാത്രം. ഒരു ദിവസം, കയ്യില്‍ വെള്ളവുമായി ഇടനാഴികയിലൂടെ നടന്നുനീങ്ങിയിരുന്ന കഥാനായകനെ എതിരെ വന്നിരുന്ന ഭാര്യ കൂട്ടിയിടിച്ച്‌ തകര്‍ന്ന ഗ്ലാസ്സ്‌ തറയില്‍ ചിന്നിച്ചിതറി. മറ്റൊരു ദിവസം, ചാരുകസേരയില്‍ മയങ്ങിക്കിടന്നിരുന്ന അയാളുടെ മടിയില്‍ അവള്‍ അറിയാതെ ചെന്നിരുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും ക്ഷമാപണത്തോടെ ഒഴിയാന്‍ ശ്രമിച്ച അവള്‍, താന്‍ എന്തൊക്കെയോ ആലോചിച്ച്‌ നടക്കുകയായിരുന്നെന്നും, കസേരയില്‍ ഇരുന്ന സമയം സൂക്ഷ്‌മക്കുറവുണ്ടായിരുന്നെന്നും പറഞ്ഞു. അപ്പോഴേക്കും, അവള്‍ തന്നെ തീരെ സ്‌നേഹിക്കുന്നില്ലെന്ന തോന്നല്‍ ഭര്‍ത്താവില്‍ സംശയമായി പടര്‍ന്നു. തന്റെ ഈ സിദ്ധാന്തം പരീക്ഷിക്കാന്‍ അയാള്‍ തെല്ല്‌ കടുത്ത ഒരു പ്രയോഗം നടത്തി: ഇടതു വശത്തെ മീശ പാതി വടിച്ചുകളഞ്ഞ്‌ വീട്ടിലെത്തി. കാറ്റാടിപുഷ്‌പങ്ങളുടെ ഒരു ബൊക്കെ അവള്‍ക്ക്‌ നീട്ടി. നന്ദിയോടെ ബൊക്കെ സ്വീകരിച്ച്‌ അവള്‍ പുഞ്ചിരിച്ചു. തന്നെ ഉമ്മ വെക്കാന്‍ അവള്‍ തപ്പിത്തടയുന്നത്‌ അയാള്‍ അറിഞ്ഞു. ഈ കഥയ്‌ക്ക്‌ മായ, `പാതി വടിച്ച മീശ' എന്ന്‌ പേരിട്ടു. ക്ലാസ്സില്‍ ഈ കഥ ഉറക്കെ വായിച്ചപ്പോള്‍ ചിലരെങ്കിലും തേങ്ങിക്കരഞ്ഞുവെന്ന്‌ മായ പറഞ്ഞപ്പോള്‍, അവിയഡ്‌, ഹാവൂ എന്ന്‌ നിശ്വസിച്ച്‌, അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. ആ രാത്രി, താന്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്ന സന്ദേശമോ മറ്റോ മായ കൈമാറിയില്ല എന്നറിഞ്ഞപ്പോള്‍, അവിയഡ്‌ കുറച്ച്‌ ഒച്ചവെച്ചു. അല്‌പം കഴിഞ്ഞ്‌, തനിക്ക്‌ ഇന്ന്‌ ജോലിയില്‍ കടുത്ത സമ്മര്‍ദ്ധമായിരുന്നെന്ന്‌ പറഞ്ഞ്‌ മാപ്പപേക്ഷിച്ച അവിയഡ,്‌ അവളുടെ കാല്‍ തിരുമ്മി തന്റെ പൊട്ടിത്തെറിക്ക്‌ പരിഹാരം തേടി. മായയാകട്ടെ അനുകൂല ചലനത്തോടെ അയാള്‍ക്ക്‌ മാപ്പ്‌ കൊടുത്തു.

മായയുടെ വര്‍ക്ക്‌ഷോപ്പ്‌ അദ്ധ്യാപകന്‍ ഒരു നോവലും ഒരു ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. വന്‍ വിജയമൊന്നായിരുന്നില്ലെങ്കിലും രണ്ട്‌ പുസ്‌തകങ്ങള്‍ക്കും ചില നല്ല റിവ്യു ലഭിച്ചിരുന്നു - അവിയഡിന്റെ ഓഫീസിനടുത്തുള്ള പുസ്‌തക ഷോപ്പിലെ വില്‌പനക്കാരി പറഞ്ഞ അറിവ്‌. അറുനൂറിലധികം പേജുള്ള നോവലിനു പകരം, അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരം അവിയഡ്‌ വാങ്ങി. ഓഫീസിലെ ഡെസ്‌കില്‍ സൂക്ഷിച്ച ആ പുസ്‌തകം ഉച്ചയ്‌ക്കുള്ള ഇടവേളകളില്‍ കുറേശ്ശയായി വായിച്ചു. വിദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച കഥകള്‍. ഒരു തരം കൗശലമെന്നു തോന്നി. പുറഞ്ചട്ടയിലെ വിവരമനുസരിച്ച്‌ എഴുത്തുകാരന്‍ വളരെക്കാലം ക്യൂബയിലും ആഫ്രിക്കയിലും ടൂറിസ്റ്റ്‌ ഗൈഡായി ജോലി ചെയ്‌തിരുന്നെന്നും, അയാളുടെ യാത്രാനുഭവങ്ങള്‍ എഴുത്തില്‍ സ്വാധീനം ചെലുത്തിയിരുന്നെന്നും അവിയഡ്‌ മനസ്സിലാക്കി. പുറഞ്ചട്ടയില്‍ അയാളുടെ ഒരു ചെറിയ ബ്ലേക്ക്‌ ഏന്റ്‌ വൈറ്റ്‌ ചിത്രവും ഉണ്ടായിരുന്നു. തന്റെ അസ്‌തിത്വത്തില്‍ സന്തോഷിക്കുന്ന ഒരുവനേപ്പോലെ ആ ചിത്രം വിടര്‍ന്നു പുഞ്ചിരി തൂകി. വര്‍ക്ക്‌ഷോപ്പ്‌ കഴിഞ്ഞാല്‍ അവളുടെ കഥകള്‍ തന്റെ എഡിറ്റര്‍ക്ക്‌ അയയ്‌ക്കാമെന്ന്‌ അയാള്‍ പറഞ്ഞെന്ന്‌ മായ അവിയഡിനോട്‌ പറഞ്ഞു. ഒപ്പം, വളരെ പ്രതീക്ഷയൊന്നും വേണ്ടെന്നും; എന്നാല്‍ ഇക്കാലത്ത്‌ പ്രസാധകര്‍ വാസനാസമ്പന്നരായ നവാഗതരെ കിട്ടാതെ നട്ടം തിരിയുകയാണെന്നും അയാള്‍ പറഞ്ഞത്രെ!

അവളുടെ മൂന്നാമത്തെ കഥയുടെ തുടക്കം തമാശയ്‌ക്ക്‌ വക തരുന്നതായിരുന്നു. ഒരു പൂച്ചക്കുഞ്ഞിനു ജന്മം കൊടുത്ത സ്‌ത്രീയുടെ കഥ. ആ പൂച്ച തന്റെ കുഞ്ഞല്ലെന്ന്‌ സംശയിച്ച ഭര്‍ത്താവായിരുന്നു കഥാനായകന്‍. ആ തടിയന്‍ കാടന്‍പൂച്ച അവരുടെ കിടപ്പുമുറിയുടെ ജനലിനു താഴെയുള്ള എച്ചില്‍പാത്രത്തിന്റെ മൂടിയില്‍ കിടന്നുറങ്ങി. ഓരോ തവണയും ഗാര്‍ബേജ്‌ കളയാന്‍ പോകുമ്പോള്‍, ആ കാഴ്‌ച അയാളില്‍ നീരസം കലര്‍ന്ന ദയനീയഭാവം ഉണ്ടാക്കി. ഒരു ദിവസം അയാളും പൂച്ചയും തമ്മില്‍ ഭയങ്കര ഏറ്റുമുട്ടലുണ്ടായി. അയാളുടെ കല്ലേറേറ്റ പൂച്ച, കടിച്ചും മാന്തിയും പകരം വീട്ടി. പരിക്കേറ്റ ഭര്‍ത്താവും പൂച്ചക്കുഞ്ഞിനു മുലയൂട്ടി ഭാര്യയും, പേയിളകാതിരിക്കാന്‍ കുത്തിവെപ്പിനായി ക്ലിനിക്കിലേക്കു പോയി. അവര്‍ പുറത്ത്‌ കാത്തിരിക്കുമ്പോള്‍, വേദനയും അപമാനവും ഉള്ളിലൊതുക്കി അയാള്‍ കരയാതിരിക്കാന്‍ ശ്രമിച്ചു. അയാളുടെ സഹനം മണത്തറിഞ്ഞ ചൂച്ചക്കുഞ്ഞ്‌ അമ്മയുടെ ഒക്കില്‍ നിന്ന്‌ ചാടിയിറങ്ങി, അയാളുടെ ചാരത്തണഞ്ഞ്‌, മ്യാവൂ എന്ന്‌ ആശ്വസിപ്പിച്ച്‌, കവിളില്‍ മൃദുലമായി നക്കി. `നിങ്ങളത്‌ കേട്ടോ,' വികാരപരവശയായി അവള്‍ കൂട്ടിച്ചേര്‍ത്തു, `അവന്‍ ഡാഡിയെന്നാണ്‌ വിളിച്ചത്‌!' അന്നേരം അയാള്‍ക്ക്‌ കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അവിയഡിനും ആ ഭാഗം വായിച്ചപ്പോള്‍ കരയാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നു. അവള്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പു തന്നെ ഈ കഥ എഴുതിയിരുന്നുവെന്ന്‌ മായ അവിയഡിനോട്‌ പറഞ്ഞു. `ഇത്‌ വിചിത്രമല്ലേ? എന്റെ ബുദ്ധിയില്‍ ഉദിക്കാത്ത ചിന്ത, അബോധമനസ്സ്‌ എങ്ങിനെ അറിഞ്ഞു?' അവള്‍ ചോദിച്ചു.

അടുത്ത ചൊവ്വാഴ്‌ച്ച, അവളെ കൂട്ടിക്കൊണ്ടുവരാന്‍ പോയ അവിയഡ്‌, അര മണിക്കൂര്‍ നേരത്തേ സ്‌കൂളില്‍ എത്തിപ്പെട്ടു. കാറ്‌ പാര്‍ക്ക്‌ ചെയ്‌ത്‌ അവളെ നോക്കാന്‍ നേരെ ക്ലാസ്സിലേക്ക്‌ പോയി. അവിയഡിനെ ക്ലാസ്സുമുറിയില്‍ കണ്ടപ്പോള്‍ മായ അത്ഭുതത്തോടെ നോക്കി. അവിയഡ്‌ നിര്‍ബ്ബന്ധിച്ചപ്പോള്‍ മായ അയാളെ എഴുത്തുകാരന്‍ അദ്ധ്യാപകനെ പരിചയപ്പെടുത്തി. അയാള്‍ കൈ പിടിച്ച്‌ കുലുക്കിയപ്പോള്‍, അയാളുടെ ദേഹത്തു നിന്നും ലോഷന്റെ മനം മടുപ്പിക്കുന്ന മണം വരുന്നതായി അവിയഡിനു തോന്നി. മായ നിങ്ങളെ ഭര്‍ത്താവായി വരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒരു അസാധാരണ പുരുഷന്‍ തന്നെയാവണം എന്ന്‌ അയാള്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന്‌ ആഴ്‌ച കഴിഞ്ഞപ്പോള്‍ അവിയഡും ക്രിയേറ്റീവ്‌ റൈറ്റിങ്ങിന്റെ ഒരു പ്രാരംഭ ക്ലാസ്സില്‍ ചേര്‍ന്നു. അവിയഡ്‌ ഇതിനെപ്പറ്റി മായയോട്‌ ഒരക്ഷരം മിണ്ടിയില്ല; തന്നെയുമല്ല, വീട്ടില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ താന്‍ ഒരു പ്രധാന മീറ്റിങ്ങിലാണെന്നും, ഇപ്പോള്‍ ശല്യപ്പെടുത്താനാവില്ലെന്നും പറയാന്‍ ഏല്‌പിച്ചു. ക്ലാസ്സിലെ സഹപാഠികളെല്ലാം മദ്ധ്യവയസ്സു കഴിഞ്ഞ സ്‌ത്രീകളായിരുന്നു; അവര്‍ അവനെ ഹീനഭാവത്തോടെ നോക്കി. ശിരോവസ്‌ത്രമണിഞ്ഞ അവരുടെ മെലിഞ്ഞ അദ്ധ്യാപികയ്‌ക്ക്‌ കേന്‍സറുണ്ടെന്നും, അവള്‍ അധിനിവേശപ്രദേശത്തെ താമസക്കാരിയാണെന്നും അടക്കം പറഞ്ഞു. സര്‍ക്ഷഭാവനയെ സ്വയംപ്രേരണയാല്‍ ഉദ്ദീപിപ്പിച്ച്‌ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ അവള്‍ അവരോട്‌ ആവശ്യപ്പെട്ടു. `നിങ്ങളുടെ തലയില്‍ തോന്നുന്നതെന്തും എഴുതൂ' എന്ന്‌ അവള്‍ പറഞ്ഞു; `അധികം ചിന്തിക്കാതെ പെട്ടെന്ന്‌ എഴുതൂ.' അവിയഡ്‌ ചിന്തയ്‌ക്കു വിരാമമിട്ട്‌ എഴുതാന്‍ നോക്കിയപ്പോള്‍, അത്‌ എത്ര ശ്രമകരമെന്നറിഞ്ഞു. പേന താഴെ വെച്ച്‌ എഴുത്ത്‌ നിറുത്താന്‍ പരീക്ഷാന്ത്യത്തില്‍ അദ്ധ്യാപകന്‍ പറയുമ്പോള്‍ പരക്കംപായുന്ന കുട്ടിയുടെ തിടുക്കത്തോടെ എഴുതിക്കൊണ്ടിരുന്ന ഒരു പ്രായമായ സ്‌ത്രീ അവിയഡിന്റെ അരികത്തിരുന്നിരുന്നു. അല്‌പനേരത്തിനു ശേഷം അയാളും എഴുതാന്‍ തുടങ്ങി.

അവിയഡ്‌ ഒരു മത്സ്യത്തെക്കുറിച്ചാണ്‌ എഴുതിയത്‌. കടലില്‍ ആഹ്ലാദത്തോടെ നീന്തിയ മത്സ്യം. അതിനെ ഒരു ക്ഷുദ്രമന്ത്രവാദിനി മനുഷ്യനാക്കി മാറ്റി. ഈ രൂപാന്തരണവുമായി പൊരുത്തപ്പെടാന്‍ കഴിയാഞ്ഞ്‌, തന്നെ വീണ്ടും മത്സ്യമാക്കി മാറ്റാന്‍ അയാള്‍ ക്ഷുദ്രമന്ത്രവാദിനിയെ തിരഞ്ഞ്‌ നടന്നു. പൂര്‍വ്വജന്മത്തില്‍ സാഹസോദ്യമങ്ങളില്‍ എടുത്തുചാടുന്ന സ്വഭാവക്കാരനായിരുന്ന ആ മത്സ്യം, മന്ത്രവാദിനിയെ പിന്തുടരുന്നതിന്നിടയില്‍, ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു; കൂടാതെ, പ്ലാസ്‌റ്റിക്‌ ഉല്‌പന്നങ്ങള്‍ വിദൂരപൂര്‍വ്വദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു ചെറുകമ്പനിയും സ്ഥാപിച്ചു. മത്സ്യജീവിതകാലത്ത്‌ ഏഴാം കടലിനക്കരെ ഊളയിട്ടു പ്രയാണം ചെയ്‌തു നേടിയ അപാര അറിവിന്റെ വെളിച്ചത്തില്‍, അയാളുടെ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ച്‌ പബ്‌ളിക്‌ കമ്പനിയായി മാറി. ഇതിന്നിടയില്‍, കാലങ്ങളായുള്ള ക്ഷുദ്രപ്രവൃത്തികളില്‍ മനം മടുത്ത മന്ത്രവാദിനി, തന്റെ ആഭിചാരക്രിയയിലൂടെ രൂപാന്തരീകരണം സംഭവിച്ച എല്ലാവരേയും തേടിപ്പിടിച്ച്‌ മാപ്പിരക്കാനും, അവരെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഒരു സന്ദര്‍ഭത്തില്‍ ആ മന്ത്രവാദിനി, താന്‍ മനുഷ്യനാക്കി മാറ്റിയ മത്സ്യത്തെ അന്വേഷിച്ചു ചെന്നു. തൈവാനിലെ ബിസിനസ്സ്‌ പങ്കാളിയുമായുള്ള അയാളുടെ സാറ്റലേറ്റ്‌ മീറ്റിങ്‌ കഴിയുന്നതുവരെ കാത്തിരിക്കാന്‍ സെക്രട്ടറി അവളെ അറിയിച്ചു. ജീവിതത്തിലെ ഈ ഘട്ടത്തില്‍, താന്‍ വാസ്‌തവത്തില്‍ ഒരു മത്സ്യമായിരുന്നുവെന്നു പോലും അയാള്‍ മറന്നിരുന്നു. ഇതിനകം അയാളുടെ കമ്പനി ഒരര്‍ദ്ധലോകം മുഴുവന്‍ വ്യാപിച്ചു വളര്‍ന്നിരുന്നു. അയാളുടെ മീറ്റിങ്‌ എളുപ്പം തിരാന്‍ പോകുന്നില്ലെന്ന്‌ മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം തിരിച്ചറിഞ്ഞ മന്ത്രവാദിനി, തന്റെ മാന്ത്രികത്തളികയില്‍ കയറി പറന്നുപോയി. കച്ചവടത്തില്‍ കൂടുതല്‍ കൂടുതല്‍ പുരോഗതി പ്രാപിച്ച അയാള്‍ കാലാന്തരേണ വാര്‍ദ്ധക്യത്തിലെത്തി. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ ലാഭം കൊയ്‌ത കാലത്ത്‌ കടല്‍തീരത്ത്‌ വാങ്ങിയിരുന്ന ഡസന്‍ കണക്കിന്‌ വന്‍കെട്ടിടങ്ങളിലൊന്നിന്റെ ജനലിലൂടെ ഒരു ദിവസം അയാള്‍ സാഗരഗരിമ നോക്കിനില്‍ക്കുകയായിരുന്നു. താനൊരു മത്സ്യമായിരുന്നുവല്ലോയെന്ന്‌ അയാള്‍ക്ക്‌ പെട്ടന്ന്‌ ഓര്‍മ്മ വന്നു - ആഗോളതലത്തില്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ വ്യാപൃതനായിരിക്കുന്ന, പല കമ്പനികളേയും നിയന്ത്രിച്ചിരുന്ന, ഒരു ധനികനായ മത്സ്യം. എങ്കിലും താനൊരു വെറും മത്സ്യമായിരുന്നെന്ന്‌ അയാള്‍ ഓര്‍ത്തു - കടലിലെ ഉപ്പ്‌ വര്‍ഷങ്ങളായി രുചിച്ചിട്ടില്ലാത്ത മത്സ്യം.

എഴുത്തു നിര്‍ത്തി പേന അടച്ചുവെക്കുന്നതു കണ്ടപ്പോള്‍ അദ്ധ്യാപിക ചോദ്യഭാവത്തില്‍ അവിയഡിനെ നോക്കി. `എന്റെ കഥയ്‌ക്ക്‌ ഒരു അവസാനമില്ല,' അപ്പോഴും എഴുതിക്കൊണ്ടിരുന്ന മദ്ധ്യവയസ്‌കകളെ ശല്യപ്പെടുത്താതെ, ക്ഷമാപണത്തോടെ, സ്വരം താഴ്‌ത്തി അയാള്‍ മന്ത്രിച്ചു!

(മറുമൊഴി: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
ക്രിയേറ്റീവ്‌ റൈറ്റിങ്‌; മൂലകഥ ഹിബ്രുവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക