Image

ഭദ്രാസന അസംബ്ലി ബെന്‍സേലത്ത് നടന്നു

ജോര്‍ജ് തുമ്പയില്‍ Published on 04 June, 2017
ഭദ്രാസന അസംബ്ലി ബെന്‍സേലത്ത് നടന്നു
ബെന്‍സേലം (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂണ്‍ 3 ശനിയാഴ്ച കൂടി. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വൈദികര്‍, തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി അംഗങ്ങള്‍, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ ബാഡ്ജുകളുമായി എല്ലാവരും പള്ളിക്കുള്ളില്‍ പ്രവേശിച്ചയുടനെ അസംബ്ലിക്കായി പ്രത്യേകം തയ്യാറാക്കിയ പ്രാര്‍ത്ഥന ക്രമമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് പ്രാര്‍ത്ഥനകള്‍ നയിച്ചു. ഫാ. എബി ജോര്‍ജ് സന്ദര്‍ഭാനുയോജ്യമായ ധ്യാനപ്രസംഗം നടത്തി. അസംബ്ലി കല്‍പ്പന ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് വായിച്ചു. തുടര്‍ന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞ നാലു വര്‍ഷക്കാലം ഭദ്രാസനത്തിന്റെ അഭിവൃദ്ധി മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച കൗണ്‍സില്‍ അംഗങ്ങളോടുള്ള നന്ദിയും കടപ്പാടും നിറഞ്ഞു നിന്ന പ്രസംഗത്തില്‍ അടുത്തിടെ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റി സെന്ററിനെക്കുറിച്ചുള്ള അഭിമാനകരമായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. ദൈവസാന്നിധ്യം നിറഞ്ഞു നിന്ന നാലു വര്‍ഷങ്ങളാണ് കടന്നു പോയത്. മലങ്കര സഭയ്ക്ക് ആകമാനം സന്തോഷിക്കാനും അഭിമാനം തോന്നാനുമുള്ള ചരിത്രപരമായ നേട്ടമാണിത്. നടക്കുവാന്‍ പോകുന്ന കൗണ്‍സില്‍ ഇലക്ഷനെക്കുറിച്ച് പരാമര്‍ശിക്കവേ സമയമുള്ളവരും ചെറുപ്പക്കാരും ഭദ്രാസന ലീഡര്‍ഷിപ്പിലേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകതയും മാര്‍ നിക്കോളോവോസ് സൂചിപ്പിച്ചു.

തുടര്‍ന്ന് ഭദ്രാസന സെക്രട്ടറി മുന്‍ യോഗ മിനിറ്റ്‌സ് അവതരിപ്പിക്കുകയും അസംബ്ലി പാസാക്കുകയും ചെയ്തു. പിന്നീട് അടുത്ത നാലു വര്‍ഷത്തേക്കുള്ള ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു. ഇലക്ഷന്‍ ഓഫീസര്‍ റെജി മാത്യൂസ് (ബ്രോങ്ക്‌സ് സെന്റ് മേരീസ്) തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പ്രതിപാദിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട താഴെ പറയുന്നവരുടെ പേരു വിവരങ്ങള്‍ അറിയിക്കുകയും അവരെ നിയമിക്കുകയും ചെയ്തതായി മാര്‍ നിക്കോളോവോസ് പ്രഖ്യാപിച്ചു. 

ഭദ്രാസന സെക്രട്ടറി: ഫാ. മാത്യു (സുജിത്) തോമസ് (റോച്ചസ്റ്റര്‍ സെന്റ് തോമസ്). വൈദികരായ കൗണ്‍സില്‍ അംഗങ്ങള്‍: ഫാ. മാത്യു തോമസ് (വാലി കോട്ടേജ് റോക്ക്‌ലാന്‍ഡ് സെന്റ്‌മേരീസ്), ഫാ. ബാബു കെ. മാത്യു (മിഡ്‌ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്). ഓഡിറ്റര്‍: തമ്പി നൈനാന്‍ (ബ്രോങ്ക്‌സ് സെന്റ് മേരീസ്). 

തുടര്‍ന്നു കൗണ്‍സിലിലേക്ക് മത്സരിക്കുന്ന എട്ടു പേര്‍ക്കും സംസാരിക്കാനുള്ള സമയമായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന ഡോ. ഫിലിപ്പ് ജോര്‍ജ് (പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, നൈനാന്‍ മത്തായി (ഫിലഡല്‍ഫിയ സെന്റ് തോമസ്), സന്തോഷ് മത്തായി (ക്യൂന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ്), സാജന്‍ മാത്യു (യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ്), മാത്യു എം. പണിക്കര്‍ (ഗ്രെയ്റ്റര്‍ വാഷിങ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്), സജി എം. പോത്തന്‍ (സഫേണ്‍  സെന്റ് മേരീസ്), ജോര്‍ജ് എം. വറുഗീസ് (ബോസ്റ്റണ്‍ സെന്റ് മേരീസ്), മാത്യു വറുഗീസ് (എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ്) എന്നിവര്‍ എന്തു കൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് ഹ്രസ്വമായി സംസാരിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പു പ്രക്രിയ 20 മിനിറ്റുകള്‍ കൊണ്ട് സമാപിച്ചു.

വോട്ടെണ്ണല്‍ നടന്ന സമയത്ത് ബിസിനിസ്സ് മീറ്റിംഗ് നടന്നു. മാര്‍ നിക്കോളോവോസിനേടൊപ്പം ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ്, ഫാ. ഷിബു ഡാനിയല്‍, ഫാ. ലീസണ്‍ ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, അജിത് വട്ടശ്ശേരില്‍, ഡോ. സാക്ക് സഖറിയ, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാട് എന്നിവര്‍ വേദിയില്‍ ഉപവിഷ്ടരായിരുന്നു.
റിപ്പോര്‍ട്ട്, വരവു ചെലവു കണക്കുകള്‍ എന്നിവ അവതരിപ്പിച്ച് പാസ്സാക്കി. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.

തുടര്‍ന്ന് ഡോ. സാക്ക് സഖറിയയും മാനേജിങ് കമ്മിറ്റിയംഗം ജോസഫ് എബ്രഹാമും ചേര്‍ന്ന് ഭദ്രാസനം വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിന്റെ നാള്‍ വഴികളിലൂടെയുള്ള യാത്രയുടെ റിപ്പോര്‍ട്ട് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. 16 മില്യണ്‍ മതിപ്പ് വിലയുള്ള റിട്രീറ്റ് സെന്റര്‍ 2.95 മില്യണ്‍ ഡോളറിന് കരസ്ഥമാക്കാന്‍ സാധിച്ചത് ദൈവത്തിന്റെ മഹ കരുണ മൂലം മാത്രമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. 

പിന്നീട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഏറ്റവും മികച്ച ഭദ്രാസനം എന്നു മാര്‍ നിക്കോളോവോസ് വിശേഷിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഭൗതികമായ നേട്ടങ്ങളും മാര്‍ നിക്കോളോവോസ് എടുത്തു പറഞ്ഞു. 

എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ മാര്‍ നിക്കോളോവോസ് ഈ പ്രോജക്ട് മാനേജ്‌മെന്റ് ഏറ്റെടുത്തു നടത്തിയ ജോസഫ് എബ്രഹാമിനു മേല്‍ അഭിനന്ദനം ചൊരിഞ്ഞു. ഒരു ലക്ഷം ഡോളറിന്റെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി നടത്തിയ ജോസഫ് എബ്രഹാം ഒരു ഡോളറിന്റെ ഇന്‍വോയിസ് ആണ് നല്‍കിയതെന്നും മാര്‍ നിക്കോളോവോസ് പറഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി അംഗങ്ങള്‍ റിട്രീറ്റ് സെന്ററിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാ.എം. കെ. കുറിയാക്കോസ്, ഭദ്രാസന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചാന്‍സിലര്‍ ഫാ. തോമസ് പോള്‍, മെത്രാപ്പോലീത്തയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡീക്കന്‍ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. എബി ജോര്‍ജ്, ചാന്‍സറി അക്കൗണ്ടന്റ് ബാബു പാറയ്ക്കല്‍ എന്നിവര്‍ക്കും നിയമോപദേശം നല്‍കുന്ന ജോണ്‍ തോമസിനും (ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ്) മാര്‍ നിക്കോളോവോസ് നന്ദി രേഖപ്പെടുത്തി. 

വൈദികരുടെ അലവന്‍സ് പ്രതിമാസം കുറഞ്ഞത് 2000 ഡോളറായി നിജപ്പെടുത്താനും അസംബ്ലി തീരുമാനിച്ചു. 

ബാലറ്റ് പേപ്പറുകള്‍ എണ്ണി തിട്ടപ്പെടുത്തി തിരികെയെത്തിയ ഇലക്ഷന്‍ ഓഫീസര്‍ റെജി മാത്യൂസ് വിജയികളുടെ ലിസ്റ്റ് മാര്‍ നിക്കോളോവോസിനു കൈമാറുകയും മാര്‍ നിക്കോളോവോസ് റിസല്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരാണ് വിജയികളായത്. അസംബ്ലി അംഗങ്ങളായ 104 പേര്‍ വോട്ട് ചെയ്തു. ഒരു വോട്ട് പോലും അസാധുവായില്ല. ടൊറന്റോ മുതല്‍ കരളീന വരെയുള്ള അസംബ്ലി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. വി.എം. ഷിബുവിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അസംബ്ലിക്കായി ഒരുക്കിയിരുന്നത്. ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ എന്നിവരും ഇടവക ജനങ്ങളും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക