Image

ഒരു പ്രേമം മൊട്ടിടുന്നു (എന്റെ പുസ്തകം-സണ്ണി മാളിയേക്കല്‍-2)

Published on 01 July, 2017
ഒരു പ്രേമം മൊട്ടിടുന്നു (എന്റെ പുസ്തകം-സണ്ണി മാളിയേക്കല്‍-2)
ഞാനും, അഗസ്റ്റിനും, രമണനും കൂടി കാട്ടിക്കൂട്ടാത്ത വികൃതികള്‍ ഇല്ല. തിരിഞ്ഞുനോക്കുമ്പോള്‍ ചെയ്തുകൂട്ടിയ രസകരമായ വികൃതികള്‍ ഒന്നിനു പുറകേ ഒന്നായി തെളിഞ്ഞുവരുന്നു.

മാവിനു കല്ലെറിയാന്‍ മിടുക്കന്‍ രമണനാണ്. ഉന്നംനോക്കി എറിയും. പക്ഷേ മാങ്ങയല്ല വീഴുന്നത് തൊട്ടടുത്ത പുരയിലെ ഓടായിരിക്കും പൊട്ടി താഴേ വീഴുന്നത്. ഒരിക്കല്‍ കൈയ്യോടെ പിടികൂടി. വൈകുന്നേര സമയം. അവനേയും തൂക്കിയെടുത്തു വീട്ടുടമസ്ഥന്‍ രമണന്റെ വീട്ടിലേക്കു ചെന്നു. അവിടെ പോലീസ് വണ്ടി കിടക്കുന്നത് കണ്ട് വീട്ടുടമസ്ഥന്‍ ചോദിച്ചു:-

''ഇതെന്താ ഇവിടെ പോലീസ്....?''

''ഡി വൈ എസ്പിയാ എന്റച്ചന്‍''

പിന്നെ അയാളുടെ പൊടിപോലും അവിടെ കണ്ടില്ല.

എട്ടാം ക്ലാസ്സിലേക്കു ജയിച്ചു ചെന്നപ്പോള്‍ എന്നെ ക്ലാസ്സ് ലീഡറാക്കി. അന്നു ക്ലാസ്സ് ലീഡര്‍ എന്നു പറഞ്ഞാല്‍ ഒരു ഗമ തന്നെയാണ്. ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യും. അങ്ങിനെ ഒരു ദിവസം ക്ലാസ്സ് തുടങ്ങി രണ്ടാമത്തെ പിരീഡ് നടന്നുകൊണ്ടിരുന്നപ്പോള്‍ വാതിലിന്നരുകില്‍ വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. മുട്ടിറക്കം പാവാട. ഗോള്‍ഡന്‍ കളര്‍ ബ്ലൗസ്. മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പുസ്തകം. മറുകയ്യില്‍ ചോറ്റുപാത്രം. മുഖത്തൊരു വിഷാദ ഭാവം. താഴത്തെ ചുണ്ട് അല്പം ഉള്ളിലോട്ടു കയറിയ ഒരു കൊച്ചു സുന്ദരി. ഞാന്‍ ആ കുട്ടിയെ വളരെ ശ്രദ്ധയോടെ കണ്ണെടുക്കാതെ നോക്കി നിന്നു. ടീച്ചര്‍ തിരിഞ്ഞുനിന്ന് ബോര്‍ഡില്‍ എഴുതുന്നു. കുട്ടികളെല്ലാം ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി എഴുതുന്ന തിരക്കിലും.

ഞാന്‍ എഴുന്നേറ്റു നിന്ന് ടീച്ചറോടു പറഞ്ഞു:-

''ദേ.... ടീച്ചര്‍ ഒരു കുട്ടി.''

ടീച്ചര്‍ തിരിഞ്ഞുവന്നപ്പോള്‍ ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ടു.

''ങ്ഹും... എന്താ?''

പേടിച്ചരണ്ട് ആ കുട്ടി പറഞ്ഞു:-

''ക്ലാസ്സില്‍ ചേരാന്‍ വന്നതാ.... വരാന്‍ വൈകിപ്പോയി.''

ഓ... പുതിയ അഡ്മിഷന്‍?

''ങ്ഹും.... ശരി ശരി... കയറിയിരിക്കൂ.''

പൊന്നമ്മ ടീച്ചര്‍ എന്നെ വിളിച്ചു. ആ പുതിയ കുട്ടിയുടെ പേര് അറ്റന്റന്‍സ് രജിസ്റ്ററില്‍ ചേര്‍ത്തേക്കൂ എന്നു പറഞ്ഞ് രജിസ്റ്ററ് ബുക്ക് എടുത്തു തന്നു. ഞാന്‍ ആ കുട്ടി ഇരുന്ന ബഞ്ചിന്റെ അരുകില്‍ ചെന്ന് പേരു ചോദിച്ചു രജിസ്റ്റര്‍ ബുക്കില്‍ എഴുതി. ആ പേര് സത്യത്തില്‍ ബുക്കിലല്ല എഴുതിയത്. എന്റെ ഹൃദയത്തിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് മനസ്സില്‍ കുറിച്ചിട്ട ആ പേരും, സൗഹൃദവും ഇപ്പോഴും ഞാന്‍ കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ വരികള്‍ ഞാനിവിടെ കുറിച്ചിട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ ഭാര്യ എന്നോടു ചോദിച്ചത്:-

''ബ്ലൗസിന്റെ നിറം വരെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു അല്ലേ...?''

ഭാര്യയോടു പറയാത്ത ഒരു കാര്യവും എന്റെ ജീവിതത്തില്‍ ഇല്ല. എന്നിട്ട് ഭാര്യ ഒരു ചോദ്യം.

''നിങ്ങള്‍ ത്രിമൂര്‍ത്തികള്‍ കൂടി സാറ്റുകളി ഉണ്ടായിരുന്നല്ലോ? ആ കൂട്ടത്തില്‍ ഇവളും ഉണ്ടോ?''

''ഉണ്ടെങ്കില്‍.....?''

''അല്ല..... ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടുപിടിക്കുമ്പോള്‍ ഓടിച്ചെന്ന് ഒരു കെട്ടിപ്പിടുത്തം ഉണ്ടല്ലോ?'' ഞാന്‍ പറഞ്ഞു:-

''ഉണ്ട്....! അതിനെന്താ?''

''എന്നാ അതുപോലെ ഇപ്പോ എന്നെയൊന്നു കെട്ടിപ്പിടിച്ചേ....!''

ഞാനൊരു ചിരിയില്‍ ഒതുക്കി. എനിക്കല്ലേ അറിയൂ അതൊരു ദിവ്യമായ പ്രേമമായിരുന്നുവെന്ന്, പടര്‍ന്നു പന്തലിച്ച് വഷളാകാതെ കാത്തുസൂക്ഷിച്ച പ്രേമം. പ്രേമത്തിനു പല അര്‍ത്ഥങ്ങളുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്ന കാലം.

നമുക്ക് വിഷയത്തിലേക്കു വരാം. രജിസ്റ്ററില്‍ പേരു ചേര്‍ത്ത് ക്ലാസ് ടീച്ചര്‍ക്ക് കൊടുക്കാന്‍ കൊണ്ടുപോകുന്ന കൂട്ടത്തില്‍, ഡസ്‌കില്‍ ഇരുന്ന ആ കുട്ടിയുടെ ചോറ്റുപാത്രവും എടുത്ത് എല്ലാവരുടേയും ചോറ്റുപാത്രം വയ്ക്കുന്ന കൂട്ടത്തില്‍ കൊണ്ടുപോയി വച്ചു. ഉച്ചയ്ക്ക് ടീച്ചേഴ്‌സ് റൂമില്‍ പോയി വന്നു ഭക്ഷണം കഴിക്കാനായി ഞാനെന്റെ ചോറ്റുപാത്രം എടുക്കാനായി തുനിഞ്ഞപ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഓടിവന്ന് എന്നോടു പറഞ്ഞു:-

''ദേ... ആ പുതിയ കുട്ടി അവിടെയിരുന്നു കരയുന്നു. ഒരുപോലെയുള്ള പാത്രമായിരുന്നതിനാല്‍ അറിയാതെ തന്റെ പാത്രത്തിലെ ചോറെടുത്തു കഴിച്ചു.''

ഞാന്‍ വളരെ ഗമയോടെ അടുത്തേക്കു ചെന്നു സമാധാനിപ്പിച്ചു. തമാശ പറഞ്ഞു കരച്ചില്‍ മാറ്റിയിട്ടു പറഞ്ഞു:-

''ഇനി മുതല്‍ താന്‍ കഴിക്കുന്ന ഭക്ഷണമെല്ലാം ഞാന്‍ തരുന്നതാണെന്നു കരുതിയാല്‍ മതി.''

ഒരു കൂട്ടച്ചിരി ഉയര്‍ന്നു. കാട്ടുതീപോലെ എല്ലാവരും ഇതറിഞ്ഞു. ''സണ്ണിക്ക് പ്രേമത്തിന്റെ ആരംഭം ആയെന്ന്.''

ഞങ്ങളുടെ മലയാളം അദ്ധ്യാപകന്‍ ഗോപിസാര്‍ നല്ല രസികനാണ്. ജ്യോതിഷത്തില്‍ പ്രഗല്‍ഭന്‍. ഞാനും, അഗസ്റ്റിനും, രമണനും കൂടി ഗ്രൗണ്ടിലേക്കു നടന്നുപോകുമ്പോള്‍ എതിരേ വന്നു ഗോപിസാര്‍. എന്നിട്ടു പറഞ്ഞു.

''എനിക്കു സണ്ണിയോടു ഒരു കാര്യം പറയാനുണ്ട്. എടാ.. ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പ്രേമിക്കരുത്. കാരണം പഠനം കഴിഞ്ഞാല്‍ അവളെ അപ്പന്‍ കെട്ടിച്ചുവിടും. നീ വടക്കോട്ടും നോക്കി ഇരിക്കേണ്ടിയും വരും. അതുകൊണ്ട് താഴ്ന്ന ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പ്രേമിക്കണം. എന്നാലാണ് കാര്യം സാധിക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോപിസാര്‍ പറഞ്ഞത് ഈയിടെ ''പ്രേമം'' എന്ന സിനിമയില്‍ കണ്ടു. പ്രേമത്തെക്കുറിച്ച് വാചാലമായി സംസാരിക്കും ഈ ഗോപിസാര്‍. പ്രേമത്തിന്റെ ആദ്യപാഠം ഞങ്ങളെ പഠിപ്പിച്ചത് ഗോപിസാറാണ്.''

എന്റെ വീട്ടിലൊന്നും അന്നു കാറില്ല. വീട്ടിലെന്നല്ല നാട്ടില്‍ തന്നെ കാറുള്ളവര്‍ വളരെ കുറവാണ്. പക്ഷേ എന്റെ സുഹൃത്ത് അഗസ്റ്റിന്റെ വീട്ടില്‍ കാറുണ്ട്. ഒന്നല്ല. മൂന്നെണ്ണം. അത്യാവശ്യക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കും. അതിന്റെ ഗമയിലാണ് എപ്പോഴും അവന്റെ നടപ്പ്.

ആലുവായിലെ ഞങ്ങളുടെ സുഹൃത്തുക്കളായ പ്രേമന്‍, പാറായി ബാബു, എന്നിവര്‍ മുഖേന അന്നു ഞങ്ങള്‍ക്കു കൊച്ചു പുസ്തകം കിട്ടും. അന്നു കൊച്ചു പുസ്തകം എന്നു പറഞ്ഞാല്‍ കൗമാരക്കാരുടെ ഇടയില്‍ ഒരു സംഭവം തന്നെയാണ്. ഈ പ്രേമന്റെ കൈയ്യില്‍ കൊച്ചു പുസ്തകങ്ങളുടെ ഒരു ലൈബ്രറി തന്നെയുണ്ട്. രമണനാണ് പുസ്തകത്തിന്റെ ഇടയില്‍ ഒളിപ്പിച്ചു വച്ചുകൊണ്ടുവരുന്നത്. ഞങ്ങള്‍ മൂന്നുപേരും കൂടി വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് ഇന്റര്‍വെല്‍ കൂടുതലുള്ള സമയത്ത് ആരും കാണാതെ ഗ്രൗണ്ടിന്റെ വടക്കുവശത്തുള്ള റബര്‍ തോട്ടത്തില്‍ ഇരുന്നു വായിക്കും. അഗസ്റ്റിനാണ് വായിച്ചു കേള്‍പ്പിക്കുന്നത്. വെറുതെയൊരു വായനയല്ല. എല്ലാ ഭാവങ്ങളും ചേര്‍ന്ന് വികാരങ്ങളെ ഉണര്‍ത്തുന്ന വിധത്തിലുള്ള വായന. എന്റെ തലയ്ക്കകത്ത് ഒരു തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത മരവിപ്പ് അനുഭവപ്പെടും. വായനയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ഞാനും രമണനും ഇട്ടിരിക്കുന്ന നിക്കറിന്റെ നടുവില്‍ കൈപ്പത്തികൊണ്ട് അമര്‍ത്തും. കുറെ കഴിയുമ്പോള്‍ ആ മരവിപ്പും പോകും.

ഇനിയാണ് എന്റെ ഭാര്യ പറഞ്ഞപോലെ സാറ്റുകളി. അതു അഗസ്റ്റിന്‍ കണ്ടുപിടിച്ച സൂത്രമാണ്. മാസങ്ങളോളം ചിന്തിച്ചപ്പോള്‍ കിട്ടിയതാണെന്നാണു അന്നു അഗസ്റ്റിന്‍ ഞങ്ങളോടു പറഞ്ഞത്. വെള്ളിയാഴ്ചയാണല്ലോ ഇങ്ങനെയുള്ള പരിപാടികളുടെ അരങ്ങേറ്റം. അങ്ങിനെ ഒരു വെള്ളിയാഴ്ച പതിവുപോലെ സാറ്റുകളി തുടങ്ങി. ഒരാള്‍ കണ്ണുപൊത്തി പത്തുവരെ എണ്ണും. ആ സമയം കളിയില്‍ ചേര്‍ന്നവര്‍ ഓടി ഒളിക്കും. അഗസ്റ്റിന്‍ കളിയില്‍ പെണ്‍കുട്ടികളേയും ചേര്‍ക്കും. പത്തുവരെ എണ്ണും. കണ്ടുപിടിക്കുന്ന പെണ്‍കുട്ടിയെ ഓടിച്ചെന്നു കെട്ടിപ്പിടിക്കും. അതില്‍ അവന്‍ കണ്ട സൂത്രം കെട്ടിപ്പിടിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അവിടെയിവിടെയൊക്കെ തൊടാമല്ലോ. പിന്നെ ഞങ്ങളെല്ലാം പതിവുള്ള പുസ്തകവായനയും കഴിഞ്ഞ് സാറ്റുകളിയില്‍ ഏര്‍പ്പെടും. ഒരു ആശ്വാസം. ചിലവില്ലാതെ കിട്ടുന്നതല്ലേ? പിന്നീടാണ് ഒരു കാര്യം എനിക്കു മനസ്സിലായത് കളിയില്‍ അങ്ങിനെ കെട്ടിപ്പിടിക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്കും എതിര്‍പ്പില്ലെന്ന്.

അങ്ങിനെ ഒരു ദിവസം ഞാനും അമ്മയും കൂടി പള്ളി കഴിഞ്ഞ് വീട്ടിലേക്കു വരുന്നു. പീറ്ററു ചേട്ടന്റെ കടയുടെ മുന്നിലെത്തിയപ്പോള്‍ ത്രേസ്യാമ്മച്ചേടത്തിയും, ഏലമ്മചേടത്തിയും കൂടി ഗൗരവമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോള്‍ ശബ്ദം താഴ്ത്തി ഏലമ്മ ചേടത്തി പറഞ്ഞു:

''ഏതായാലും സണ്ണിക്കുട്ടി ആ ചെയ്തത് ഒട്ടും ശരിയായില്ല. ഒന്നൂല്ലെങ്കി പഠിച്ചുനടക്കുന്ന കുട്ടിയല്ലേ? ആ പെങ്കൊച്ചിന്റെ ജീവിതം നശിച്ചില്ലേ? അവളെ നശിപ്പിക്കാന്‍ നോക്കിയത് തെറ്റുതന്നെ. ഇതറിഞ്ഞാല്‍ അവളുടെ അപ്പന്‍ ആ തോമാസുചേട്ടന്‍ വെറുതെയിരിക്കുമെന്നു കരുതുന്നുണ്ടോ? വെട്ടൊന്നു മുറി രണ്ട് എന്ന സ്വഭാവക്കാരനാ അയാള്‍. എന്തൊക്കെ സംഭവിക്കുമോ ആവോ. ഏതായാലും ഈയാഴ്ച അറിയാം രണ്ടിലൊന്ന്.''

ഇതുകേട്ട അമ്മച്ചി എന്റെ മുഖത്തേക്കു കണ്ണെടുക്കാതെ നോക്കിനിന്നിട്ടു അവരോടു ചോദിച്ചു:-

''എന്താ ഏലമ്മേ കാര്യം? ഇവന്‍ എന്തു കാട്ടീന്നാ ഈ പറഞ്ഞു വരുന്നത്?''

''അയ്യോ ചേടത്തി.... ഇവന്റെ കാര്യമല്ല ഞങ്ങളു പറഞ്ഞത്. മംഗളം വാരികേലെ ആറ്റക്കിളി കഥയിലെ സണ്ണിക്കുട്ടീടെ കാര്യമാ ഞങ്ങളു പറഞ്ഞത്. പതിനൊന്നു മണിയാകും വാരിക വരാന്‍. ഞങ്ങള്‍ അതിനുവേണ്ടി കാത്തിരിക്വാ.''

സത്യത്തില്‍ എന്റെ ശ്വാസം നേരെ വീണത് അപ്പോഴാണ്. ഞാനും ഒന്നു പേടിച്ചുപോയി. കാരണം ആ സമയത്തൊക്കെ സാറ്റുകളിയും കെട്ടിപ്പിടുത്തവും തകൃതിയായി നടക്കുകയല്ലേ? ഇതെങ്ങാനും ഇവര്‍ അറിഞ്ഞോ എന്ന ഭയമായിരുന്നു ആദ്യമെനിക്ക് വെറുതെയാണെങ്കിലും ഒരു നിമിഷം എന്റെ മനസ്സു വിഷമിപ്പിക്കാന്‍ കാരണക്കാരനായ മുട്ടത്തുവര്‍ക്കിയെ മനസ്സാല്‍ ശപിച്ചുകൊണ്ടു ഞാന്‍ നടന്നു നീങ്ങി.

തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക