Image

ശിഥിലബന്ധം- (ചെറുകഥ:ഭാഗം: 2- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 06 July, 2017
ശിഥിലബന്ധം- (ചെറുകഥ:ഭാഗം: 2- ജോണ്‍ വേറ്റം)
വിനീതമായ ആ വാക്കുകളെ ശ്രദ്ധയോടുകൂടി ശ്രവിച്ചെങ്കിലും അതു കാര്യമായി കൃഷ്ണപിള്ള കരുതിയില്ല. 'നീ പേടിക്കണ്ടടീ' എന്നു മാത്രമേ പറഞ്ഞുള്ളൂ. ജീവിതത്തില്‍ ഇതൊക്കെ ആവശ്യവും സാധാരണവുമായ സംഗതികളാണെന്നു വിവരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തു. വിലക്ഷണമായ സര്‍ഗ്ഗവാസനയില്‍ നിന്നുംതന്നെ അതിനു തക്ക സൂത്രശാലിത്വവും അയാള്‍ക്കു കിട്ടി.

കൃഷ്ണപിള്ളയുടെ സ്‌നേഹാധിക്യത്തോടൂകൂടിയുള്ള സാമീപ്യം കമലമ്മയില്‍ തേനൂറുന്ന ആശകളെ അങ്കരിപ്പിച്ചിരിക്കാം. ഹൃദയത്തിന്റെ മണവറയില്‍ അയാള്‍ക്കുവേണ്ടി മാത്രം ഒരു പുഷ്പതലപവും ഒരുക്കീയിട്ടുണ്ടാവണം.

നനുനനുത്ത സങ്കല്പങ്ങളുമായി ഇമ്പങ്ങളുടെ നടുവില്‍ കഴിഞ്ഞുകൂടിയപ്പോള്‍ വീട്ടുകാര്‍ അവളുടെ വിവാഹം നിശ്ചയിച്ചു. അപ്പോള്‍മാത്രമായിരുന്നു, വേര്‍പെടാന്‍പോകുന്ന ഒരു ബന്ധത്തെപ്പറ്റിയും നേരീടേണ്ട ദുഃഖത്തെപ്പറ്റിയും ചിന്തയുണ്ടായത്. വൃവച്ഛേദിക്കുവാനാവാത്തൊരു വേദനയില്‍ ഹൃദയം മുങ്ങി. മനസ്സിന്റെ സമനില തെറ്റി. നിയന്ത്രണാതീതമായ കണ്ണീര്‍ച്ചോലകള്‍ കവിള്‍പ്പരപ്പിലൂടെ ഒഴുകി. അവളുടെ നിഷ്‌കളങ്കസ്‌നേഹം പൊട്ടിക്കരഞ്ഞു!

പ്രേമാശ്രുക്കളുമായി അവള്‍. കൃഷ്ണപിള്ളയുടെ മുമ്പില്‍ ചെന്നുനിന്നു. അയാളില്‍ അവകാശം സ്ഥാപിക്കുവാനോ പരാതി പറയുവാനോ അല്ലായിരുന്നു അവളുടെ ശ്രമം. അനുവാദത്തോടും അല്ലാതെയും തന്റെ എല്ലാ നല്ലതും നുകര്‍ന്ന അയാളുടെ ആഗ്രഹം എന്തെന്നറിഞ്ഞു പ്രവര്‍ത്തിക്കുവാനായിരുന്നു അവള്‍ ആഗ്രഹിച്ചത്. പക്ഷേ ചുറ്റുപാടുകളെ ഓര്‍ത്തു നടുങ്ങിയ കൃഷ്ണപിള്ള മൂകനായി നിന്നതേയുള്ളൂ. സ്‌നേഹവും സഹാനുഭൂതിയും ഉള്ളില്‍ പതഞ്ഞുപൊന്തി. സമാപിക്കുവാന്് പോകുന്ന ഒരു സമ്പര്‍ക്കത്തിന്റെ അന്തിമചുംബനമര്‍പ്പിച്ചുകൊണ്ട് അയാള്‍ ഇങ്ങനെമാത്രം പറഞ്ഞു: 'കമലേ, നിന്നെ സ്വീകരിക്കുവാന്‍ ചുറ്റുപാടുകള്‍ എന്നെ അനുവദിക്കുന്നില്ല. പക്ഷേ മരണം വരെ നിന്നോടുള്ള എന്റെ ആത്മാര്‍ത്ഥത നില നില്‍ക്കും. നിനക്ക് എപ്പോഴും ഏതു സഹായവും ചെയ്തുതരാന്‍ ഞാന്‍ സന്നദ്ധനാണ്. എങ്കിലും കഴിയുമെങ്കില്‍ എന്നെ മറക്കണം.'
കമല താണ ജാതിയില്‍പ്പെട്ടവളാണ്- അയാളുടെ നിലയ്ക്കും വിലയ്ക്കും ചേരാത്തവള്‍.
നോവുകള്‍ നിറഞ്ഞ സ്‌നേഹവുമായി കമലമ്മ തിരിഞ്ഞുനടന്നു. കരളിനു പുളകവും കണ്ണിനു പൂക്കണിയുമായിരുന്ന അവള്‍, ഇങ്ങിനി വരാതെ ഇരുളില്‍ മുങ്ങിയ ഇനിയ കിനാവുപോലെ, കണ്ണില്‍നിന്നു മറഞ്ഞു.

മലിനവും ശൂന്യവുമാക്കപ്പെട്ട സ്‌നേഹത്തിന്റെ പാനപാത്രവുമായി തനിക്കുവേണ്ടി നിശ്ചയിക്കപ്പെട്ട പുരുഷന്റെ ജീവിതത്തിലേയ്ക്ക് അവള്‍ കടന്നു ചെന്നു- ഉദരത്തില്‍ നാമ്പെടുത്ത ഒരു ജീവനുമായി.
വിഷാദാത്മകമായ ആ വിടപറയലിനുശേഷം നൊമ്പരങ്ങളും നൈരാശ്യവും ഇഴുകിച്ചേര്‍ന്ന് അസ്വസ്ഥമായ ഏകാന്തതയില്‍ കൃഷ്ണപിള്ള പരിക്ഷീണനായി കഴിഞ്ഞുകൂടുകയായിരുന്നു. അപരാധബോധവും മുള്ളുപോലെ ഉള്ളില്‍ തറഞ്ഞുനിന്നു.

എന്നും ഏകനായി ജീവിക്കുന്നത് അഭികാമ്യമായിരിക്കുമോ എന്നു കൃഷ്ണപിള്ള സ്വയം ചോദിച്ചു. അതു നിരര്‍ത്ഥകവും ബുദ്ധിശൂന്യവുമായ ഒരു പ്രവൃത്തിയായിരിക്കുമെന്ന് ഉള്ളവും ഉത്പതിഷ്ണുക്കളും ഉപദേശിച്ചു. അതനുസരിച്ചു ബന്ധുക്കളുടെ ഇഷ്ടത്തിനൊത്തു നിശ്ചയിച്ച ഒരു വിവാഹത്തിനു സമ്മതം മൂളി. ആഹ്ലാദം നിര്‍ഗ്ഗളിക്കുന്നതും സ്‌നേഹസമ്പന്നവുമായ ഒരു ഭാവി ഉണ്ടാകുമെന്നും പൊരുത്തം നിര്‍ണ്ണയിച്ച കണിയാന്‍ പ്രവചിച്ചതാണ്.

ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കുമൊത്ത്, അനുസരണത്തോടുകൂടി ഹൃദയത്തിലിണങ്ങിച്ചേര്‍ന്ന്, ജീവിതത്തിനു സുന്ദരമായ ഒരലങ്കാരമായിത്തീരുമെന്ന ശുഭാപ്തി വിശ്വാസത്തോടുകൂടി കൃഷ്ണപിള്ള വിലാസിയുടെ കഴുത്തില്‍ താലി കെട്ടി.

തന്റെ ഉള്ളില്‍ തുളുമ്പിനില്‍ക്കുന്ന കണ്ണുനീര്‍ അവളുടെ ശുശ്രൂഷകളാല്‍ വറ്റിപ്പോകുമെന്നു വിചാരിച്ചു. അവളുടെ സാന്ത്വനാര്‍ദ്രമായ സഹകരണത്തില്‍ ശാശ്വതമായി വഴിഞ്ഞൊഴുകുന്ന ഒരു ശീതളച്ഛായയില്‍ വിശ്രമിക്കാമെന്നും ആശ്വസിച്ചു. പക്ഷേ വിലാസിനിയില്‍ കാണുവാന്‍ കഴിഞ്ഞതു വിഭിന്നമായ ഒരു സ്വഭാവമായിരുന്നു.

കൃഷ്ണപിള്ളയുടെ അഭിപ്രായങ്ങളോടോ ആദര്‍ശങ്ങളോടോ അവള്‍ക്കു യോജിക്കുവാന്‍ കഴിഞ്ഞില്ല. വിനയവും പതിഭക്തിയും ഉണ്ടായില്ല. ഒരു ഭാര്യയുടെ കടമ എന്തെല്ലാമെന്ന് അറിഞ്ഞു പെരുമാറുവാന്‍ വിലാസിനി തയാറായില്ല. അരസികത മറച്ചുപിടിച്ചുകൊണ്ടുള്ള പ്രതിലോമപരമായ പ്രവൃത്തികള്‍മാത്രമേ അവളില്‍ നിന്നു കൃഷ്്ണപിള്ള കണ്ടുള്ളൂ. എങ്കിലും ഒരു യഥാര്‍ത്ഥ ഭര്‍ത്താവും ഗൃഹനാഥനുമാകുവാന്‍ കൃഷ്ണപിള്ള ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല.
താന്‍ അനുരൂപനായ ഒരു ഭര്‍ത്താവല്ലെന്നുള്ള ധാരണ വിലാസിനിക്കുണ്ടോ എന്ന ചിന്ത പലപ്പോഴും അയാള്‍ക്കുണ്ടായി. അവളും, തന്നെപ്പോലെ, സ്‌നേഹിക്കപ്പെട്ട ഒരു സ്‌നേഹത്തെ ഓര്‍ത്ത് മൗനമായി കേഴുന്നുണ്ടോ എന്നു സംശയിച്ചു. മനഃപൂര്‍വ്വം ശ്രദ്ധിക്കുകയും രഹസ്യമായി അന്വേഷിക്കുകയുമുണ്ടായി. ഒരു വിജാതീയന്റെ വെപ്പാട്ടിയായിരുന്നു വിലാസിനിയെന്നു മനസ്സിലായി. അതോടുകൂടി ഹൃദയം ഒരു പീഠഭൂമിയായി മാറി. മനസ്സിന്റെയും കുടുംബത്തിന്റെയും ശാന്തി വീണുടഞ്ഞു.

മാതൃകാപരമായ ഐക്യത്തിനുവേണ്ടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചിട്ടും സ്‌നിഗ്ദ്ധതയും മുഗ്ധതയുമില്ലാത്ത ഒരു ദാമ്പത്യജീവിതത്തിന്റെ അകന്ന രണ്ടു ഘടകങ്ങളായിട്ടു മാത്രമേ അവര്‍ക്കു കഴിഞ്ഞുകൂടാന്‍ സാധിച്ചുള്ളൂ.

യാന്ത്രികമായ ആ ബന്ധത്തിലും സന്താനങ്ങളുണ്ടായി. അവരെ വിലാസിനിയുടെ ചൊല്പടിക്കു വളര്‍ത്തി. അച്ഛനു നല്‍കേണ്ട സ്‌നേഹവും ബഹുമാനവും അവരില്‍ ഉണ്ടായില്ല. അതെല്ലാം കണ്ടു കോപവും താപവുമുണ്ടായെങ്കിലും ആത്മാഭിമാനത്തെ ഭയന്നു കൃഷ്ണപിള്ള ഒന്നും ചെയ്തില്ല. അനുദിനം അയാളുടെ ദുഃഖമൂകത വളര്‍ന്നുവന്നു.

ഒരു കാര്യദര്‍ശി എന്നതില്‍കവിഞ്ഞ് ഒരു സ്ഥാനവും തനിക്കു കല്‍പിക്കപ്പെടുന്നില്ല എന്നനുഭവപ്പെട്ടപ്പോള്‍ വിലാസിനിയെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നു തീരുമാനിച്ചു പരിശ്രമിച്ചു. എങ്കിലും അവള്‍ക്ക് അടിമപ്പെട്ടു വസിക്കുവാനേ കൃഷ്ണപിള്ളയ്ക്കു കഴിഞ്ഞുള്ളൂ.
എണ്ണ തീര്‍ന്ന വിളക്കിന്റെ നാളംപോലെ, അയാളുടെ മനസ്സിന്റെ പ്രകാശം മങ്ങി. ദിനരാത്രങ്ങള്‍ അസന്തുഷ്ടവും അരുന്തുദവുമായി. ക്ലിഷ്ടതനിറഞ്ഞ ആ ജീവിതത്തിന്റെ മുന്നില്‍ സംവത്സരങ്ങള്‍ കൊഴിഞ്ഞുവീണു.

ഈശ്വരകല്പിതമായിരിക്കാം, കൃഷ്ണപിള്ളയ്ക്കു ക്ഷയരോഗം പിടിപെട്ടു. ആ ദുരവസ്ഥ കഷ്ടാനുഭവങ്ങളിലേയ്ക്കുള്ള വഴിത്തിരിവായിരുന്നു. അയാള്‍ സയ്യാവലംബിയായതോടുകൂടി വിലാസിനിയുടെ മനോഭാവം രൂക്ഷമായി. പണം ചെലവുചെയ്തു ചികിത്സിക്കുവാനോ ശ്രദ്ധയോടുകൂടി ശുശ്രൂഷിക്കുവാനോ അവള്‍ തയ്യാറായില്ല. ഭര്‍ത്താവ് അകറ്റുവാനാവാത്ത ഒരസ്വസ്ഥതയായിട്ടും അവള്‍ക്കു തോന്നി. മക്കളും അയാളോടു കരുണകാണിച്ചില്ല. അവരുടെ നിന്ദാഗര്‍ഭമായ അവഗണന അസഹനീയമായി. വിലാസിനിയുടെ സ്ഥാനത്തു കമലമ്മയായിരുന്നു എങ്കില്‍ സ്വര്‍ഗ്ഗസമാനമായ ഒരു ജീവിതം നയിക്കുവാന്‍ സാധിച്ചേനേ എന്നോര്‍ത്തു കുണ്ഠിതപ്പെട്ടു. കമലമ്മയുടെ ആകര്‍ഷകമായ മുഖം ദുഃഖം തുടിക്കുന്ന മനസ്സില്‍ അപ്പോഴും തെളിഞ്ഞുനിന്നു. അവളെ കാണുവാനും കാര്യം പറയുവാനും കൊതിച്ചു.

അനുദിനം വേദന വികസിച്ചുവന്നു. അവയെ ഒതുക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇനി ആര്‍ക്കും ഒരു ഭാരമാകരുത് എന്നു കരുതി, ലോകം ഉറങ്ങിയ ഒരു നേരത്ത്, പിടയുന്ന കരളും ഇടറുന്ന പാദങ്ങളുമായി, പടിയിറങ്ങി നടന്നു. ആ യാത്രയ്ക്കു മറ്റൊരുദ്ദേശവും ലക്ഷ്യവുമില്ലായിരുന്നു. ആ വേര്‍പാടു വിലാസിനിക്ക് ആഹ്ലാദകരമായിരുന്നു. കൃഷ്ണപിള്ളയ്ക്കു ഭ്രാന്തായിരുന്നു എന്ന് അവര്‍ പറഞ്ഞുപരത്തി. അയാള്‍ തിരിച്ചുവരാതിരിക്കാന്‍ അവള്‍ അമ്പലത്തില്‍ നേര്‍ച്ച കഴിച്ചു.
വീടും നാടും വിട്ടകന്ന് ഒരു സര്‍വ്വസംഗപരിത്യാഗിപോലെ, കൃഷ്ണപിള്ള അലഞ്ഞു. നടക്കുവാന്‍ അല്പംപോലും ശേഷിയില്ലാതായപ്പോള്‍ അന്ത്യനിമിഷങ്ങളെയും പ്രതീക്ഷിച്ചുകൊണ്ട് ഒരു മരച്ചുവട്ടില്‍ കിടന്നു.

പട്ടിണികിടന്നു ചുമയ്ക്കുകയും ചോര തുപ്പുകയും ചെയ്യുന്നതു കണ്ടു മനസ്സലിഞ്ഞു മനുഷ്യത്വത്തെ മാനിക്കുന്ന ഒരു പുരുഷന്‍ അയാളെ ചികിത്സാലയത്തില്‍ എത്തിച്ചു. ഞാന്‍ ഇവിടെക്കിടന്നു മരിച്ചോളാം' എന്നു കൃഷ്ണപിള്ള വിലക്കിയതാണ്. പക്ഷേ അയാളതു വകവെച്ചില്ല.
ആശുപത്രി ഒരാശ്വാസകേന്ദ്രമായിട്ടു കൃഷ്ണപിള്ളയ്ക്കു തോന്നി. അറപ്പും വെറുപ്പും ഭാഗികമായ ചിന്തകളും കൂടാതെ സ്‌നേഹത്തോടും സഹാനുഭൂതിയോടും കൂടി ശുശ്രൂഷിക്കപ്പെട്ട ഒരു ലോകം. മനസ്സിനും ശരീരത്തിനും ജീവിതത്തിനും പരിവര്‍ത്തനങ്ങള്‍ പകരുന്ന ഒരാധ്യാത്മികവിദ്യാലയം. അവിടെ ആശ്വാസം കണ്ടു. എങ്കിലും അയാളുടെ മനസ്സിന്റെ മലിനാംബരം തെളിഞ്ഞില്ല.
ഓരോരോ രോഗികളുടെയും അടുത്ത് അവരവരുടെ ബന്ധുക്കളും മിത്രങ്ങളും നില്‍ക്കുന്നതു കണ്ടപ്പോള്‍ കൃഷ്ണപിള്ളയുടെ ഉള്ളില്‍ നൈരാശ്യം നിറഞ്ഞു. അയാളിങ്ങനെ പിറുപിറുത്തു:
'ഈശ്വരാ, ഭാര്യയും മക്കളും ബന്ധുക്കളുമുള്ള ഞാന്‍ അനാഥനായിത്തീര്‍ന്നല്ലോ!'
അയാള്‍ പൊട്ടിക്കരഞ്ഞു. കരളില്‍ കമലമ്മയുടെ മുഖം തെളിഞ്ഞു.

ആ രാത്രിയില്‍ കൃഷ്ണപിള്ള ഉറങ്ങിയില്ല. ഉറക്കംപോലും പിണങ്ങിപ്പിരിഞ്ഞിരിക്കുന്നു. അഥവാ ഉള്ളിലെ ഊഷ്മളവികാരങ്ങളെ ഭയന്നു മാറിനിന്നതായിരിക്കാം.
പിറ്റേന്നു സന്ധ്യാമേഘങ്ങളുടെ നിറം മങ്ങിടത്തൂങ്ങിയപ്പോള്‍ കൃഷ്ണപിള്ളയുടെ മൃതശരീരം സര്‍ക്കാര്‍വക ചുടുകാട്ടിലേയ്ക്കു കൊണ്ടുപോയി. ആ അന്ത്യയാത്രയില്‍ വ്യസനംകൊള്ളാന്‍ ആരും ഉണ്ടായില്ല.



ശിഥിലബന്ധം- (ചെറുകഥ:ഭാഗം: 2- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക