Image

രാജനുണ്ട് ന്യൂയോര്‍ക്കില്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 12 July, 2017
രാജനുണ്ട് ന്യൂയോര്‍ക്കില്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
മുമിയാ (1)
നീയെന്റെ രാജന്‍;
അന്യായത്തിന്റെ ചൂടിലക്ഷമം
തിളച്ചുപൊന്തിയ യുവരക്തം.
അസമയമെന്നവര്‍ക്കു തോന്നിയിടത്തൊക്കെ
അഭിമാനം തലപൊക്കിനിന്ന
ലൂമിയാ (2)
നീയും.

നാല്‍പ്പത്തൊന്നു
ലോഹമുള്ളുകളാല്‍ ക്രൂശിത
നിര്‍ദോഷ താരുണ്യം
അമഡ (3)
നീയും.

കൊച്ചുപെങ്ങള്‍ വിളമ്പിയൊരത്താഴം
കഴിച്ചുല്ലസിച്ചുവരുംവഴി
ഇരുണ്ടനിറം കെട്ടിവലിച്ചിഴച്ച
ജയിംസ് (4)
നീയും.
വെളുപ്പിന്റെ ഹുങ്ക്
തെരുവിലുരിഞ്ഞരച്ച മനസ്സാക്ഷി
റോഡ്‌നി (5)
നീയും.

നീയും നീയും നീയും....
നീയുമെന്‍ രാജന്‍.
അധികാരം
കാമം തീര്‍ക്കാന്‍
കുത്തിക്കീറിയ നിറധമിനി നീ.
ധാര്‍ഷ്ട്യം കുലച്ച ലിംഗത്തിന്റെ
പ്രഹരമേറ്റു മുറിപ്പെട്ടവന്‍
വീശിയടിച്ചു, മുരുട്ടിയും
വലിച്ചകറ്റിക്കിടത്തിയും ചതച്ച
പച്ചമാംസത്തുടുപ്പു നീ.

രാജന്‍,
എന്റെ പൊന്നേ
ലോഹത്തണുപ്പ്
കാണാമറയത്തടച്ച
നീയെവിടെ? എവിടെ?
വേട്ടപ്പുക മണക്കുമീ
നഗരകാന്താരത്തില്‍
തേട്ടിത്തളര്‍ന്നൊരീ ഏട്ടനെ
ചുമലില്‍ താങ്ങേണ്ട നിന്നെ
കാണാതെങ്ങനെ മടങ്ങേണ്ടു ഞാന്‍?
നിന്റെ പേരു ജപിച്ചിരുട്ടില്‍പ്പരതി
നാവു വരണ്ടിരിക്കുമാ
വൃദ്ധദമ്പതികളോടിനിയു-
മെന്താശ്വാസവാക്കു
പറയേണ്ടു ഞാന്‍?

*******
(1) മുമിയ അബു ജമാല്‍- ബ്ലാക്ക് പന്തര്‍ പ്രവര്‍ത്തകന്‍, കലാകാരന്‍
(2) അബ്‌നര്‍ ലൂമിയ- കറുത്തവനായതുകൊണ്ടു മാത്രം കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു
(3) അമഡു ഡിയാലോ- വാതില്‍ മുട്ടിത്തുറന്ന് പോലീസുകാര്‍ വെടിവെച്ചു കൊന്നു. 41 വെടികളുതിര്‍ത്തു.ആളു മാറിയെന്നായിരുന്നു പിന്നീട് പോലീസ് ഭാഷ്യം.,
(4) ജയിംസ് ബിര്‍ഡ് - വെളുത്തവര്‍ഗ്ഗക്കാര്‍ പിക്കപ് വാനില്‍ക്കെട്ടി വലിച്ചിഴച്ചു കൊന്നു.
(5) റോഡ്‌നി കിംഗ്- വെള്ളപ്പോലീസ് പൊതുമധ്യത്തില്‍ വച്ചു മര്‍ദ്ദിച്ച് തൊലിയുരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക