Image

എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക ലാനയുടെ ലക്ഷ്യം

വാസുദേവ്‌ പുളിക്കല്‍ (പ്രസിഡന്റ്‌, ലാന) Published on 11 March, 2012
എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക ലാനയുടെ  ലക്ഷ്യം
`അമേരിക്കന്‍ മലയാള സാഹിത്യം' എന്ന പേരില്‍ ഒരു ലഘു ലേഖനം സമര്‍പ്പിച്ചു കൊണ്ടാണ്‌ സാഹിത്യ ചര്‍ച്ചകളിലേക്കുള്ള എന്റെ പ്രവേശനം. അന്നു വരെ ആരും അങ്ങനെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുകയോ എഴുതുകയോ ഉണ്ടായിട്ടില്ല. ഇവിടത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ആ കാലത്ത്‌ നല്ല നല്ല കവിതകളും കഥകളും ലേഖനകളും വന്നിരുന്നു. എന്തുകൊണ്ട്‌ അമേരിക്കന്‍ മലയാള സാഹിത്യ ശാഖ വളര്‍ത്തി വലുതാക്കിക്കുട എന്ന്‌ എന്റെ മനസ്സില്‍ തോന്നുകയുണ്ടായി. പിന്നെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം `വിചാരവേദി'യുടെ പ്രസിഡന്റായി. വിചാരവേദിയിലെ എല്ലാവരും തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വളര്‍ച്ചയും പ്രശസ്‌തിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭാരവാഹികളോട്‌ സഹകരിക്കുന്നതില്‍ ഔത്സുക്യമുള്ളവരാണ്‌.

വ്യക്‌തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നേട്ടങ്ങള്‍ കൊയെ്‌തടുക്കുന്നതിനും വേണ്ടിയുള്ള മത്സരം മനുഷ്യന്റെ ഉല്‍പ്പത്തി മുതലെ ഉണ്ടെന്നു പറയാം. പരസ്‌പരം മത്സരിച്ച്‌ ജയിക്കാന്‍ വ്യക്‌തികള്‍ കാണിക്കുന്ന ആവേശം അവര്‍ ഉള്‍പ്പെടുന്ന സംഘടനകളേയും ബാധിക്കുന്നു. അതുകൊണ്ട്‌ സംഘടനകള്‍ തമ്മിലും മത്സരങ്ങളുണ്ടാകുന്നു. എന്നാല്‍ വിചാരവേദി എന്ന സംഘടനയുടെ നിലപാട്‌ തികച്ചും വ്യത്യസ്‌തമാണ്‌. വാദപ്രതിവാദങ്ങളേക്കാള്‍ പരസ്‌പര സൗഹൃദത്തിന്റേയും, അറിവുകള്‍ പങ്കു വയ്‌ക്കുന്നതിന്റേയും ഒരു കൂട്ടായ്‌മയാണ്‌ വിചാരവേദിയുടെ അന്തര്‍ധാര. അത്‌ ശക്‌തവുമാണ്‌. അങ്ങനെയുള്ള വിചാരവേദിയുടെ പ്രസിഡന്റാകാന്‍ സാധിച്ചതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. വിവിധ വിഷയങ്ങള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാഹിത്യ ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്‌ വിചാരവേദി പ്രാധാന്യം നല്‍കുന്നത്‌.

വിചാരവേദി ജോയന്‍ കുമരകം, സരോജ വര്‍ഗീസ്‌, ജോണ്‍ വേറ്റം, എല്‍സി യോഹാന്നാന്‍ ശങ്കരത്തില്‍, തോമസ്‌ ഫിലിപ്‌ പാറക്കമണ്ണില്‍, അശോകന്‍ വേങ്ങശ്ശേരി, നീന പാനക്കല്‍, മാര്‍ഗരറ്റ്‌ ജോസഫ്‌, ജോണ്‍ പണിക്കര്‍, രാജു മൈലപ്ര, ജയന്‍ വര്‍ഗീസ്‌, ജയന്‍ കാമിച്ചേരി, പനമ്പില്‍ ദിവാകരന്‍, സി.എം.സി. ജോസഫ്‌ നമ്പിമഠം, ചാക്കൊ ഇട്ടിച്ചെറിയ, ജോസ്‌ ചെരിപുറം, ജോണ്‍ ഇളമത, പീറ്റര്‍ നീണ്ടൂര്‍ എന്നീ എഴുത്തുകാരെ അവര്‍ മലയാള സാഹിത്യ മണ്ഡലത്തിലേക്ക്‌ നല്‍കിയിട്ടുള്ള സംഭാവന കണക്കിലെടുത്തു കൊണ്ട്‌ കഴിഞ്ഞ വര്‍ഷം മുമ്പ്‌ ആദരിക്കുകയുണ്ടായി. അമേരിക്കന്‍ മലയാളി എഴുത്തുകാരെ മലയാള സാഹിത്യ രംഗത്ത്‌ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വിചാരവേദി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ (കഥ, കവിത, ലേഖനം, നര്‍മ്മഭാവന) ശേഖരിച്ച്‌ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച വിവരം പത്രങ്ങളുലൂടെ അറിയിച്ചുകൊണ്ട്‌ രചനകള്‍ അയച്ചു തരാന്‍ എഴുത്തുകാരോട്‌ ആവശ്യപ്പെട്ടെങ്കിലും വിരലില്‍ എണ്ണാവുന്ന എഴുത്തുകാരില്‍ നിന്നു മാത്രമെ രചനകള്‍ ലഭിച്ചുള്ളു. എഴുത്തുകാരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന സംഘടനകളോട്‌ എഴുത്തുകാരുടെ സഹകരണം കുടി ഉണ്ടെങ്കില്‍ മാത്രമെ ആ സംരംഭം വിജയിക്കുകയുള്ളു. ചിലപ്പോള്‍ അറിയിപ്പ്‌ വായിക്കാന്‍ സാധിക്കാഞ്ഞതായിരിക്കാം സഹകരണക്കുറവിന്റെ കാരണം. സംഘടനകളോടൊപ്പം എഴുത്തുകാരും യോജിച്ചു നില്‍ക്കുന്ന പക്ഷം നല്ലൊരു സാഹിത്യപ്രസ്‌ഥാനം ഇവിടെ സംജാതമാകും.

പ്രശസ്‌ത അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കല്‍ എഴുതിയത്‌ ശരിയാണ്‌. `എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക' എന്ന്‌ അദ്ദേഹം എഴുതിയതിന്റെ ആവശ്യകത ഒരിക്കല്‍ ശ്രീ മധു നായര്‍ പറഞ്ഞതിന്റെ നര്‍മ്മോക്‌തി ഓര്‍ത്താല്‍ മനസ്സിലാകും - ഇവിടെ വായനക്കാരേക്കാള്‍ അധികം എഴുത്തുകാരാണ്‌. ഇവിടെ വല്ലപ്പോഴും എഴുതുന്നവര്‍, ഇടക്കിടക്ക്‌ എഴുതുന്നവര്‍, നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗത്തില്‍ പെടുന്ന എഴുത്തുകാരുണ്ട്‌. വല്ലപ്പോഴുമൊക്കെ അത്രക്കൊന്നും സാഹിത്യമൂല്യമില്ലാത്ത രചനകള്‍ നടത്തുന്നവര്‍ പരിഗണിക്കപ്പെടുന്നില്ല എന്ന അവരുടെ ആക്രോശം അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത്‌ അസ്വസ്‌ഥതകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. സ്വന്തം പരിമിതിയും എഴുത്തുകാരില്‍ കാണുന്ന സര്‍ഗ്ഗശക്‌തിയുടെ ഏറ്റക്കുറച്ചിലും എല്ലാ എഴുത്തുകാരും മനസ്സിലാക്കുന്ന പക്ഷം അര്‍ഹതയുള്ള എഴുത്തുകാരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

നിലവാരം കുറഞ്ഞ എഴുത്തുകാര്‍ എപ്പോഴും അപകര്‍ഷത ബോധമുള്ളവരായിരിക്കും. അവരുടെ എഴുത്തിലെ പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ വളരെ മോശമായി പെരുമാറിയെന്നു വരാം. അത്‌ അവരുടെ വ്യക്‌തിത്വത്തിന്റെ പ്രതിഫലനമാണ്‌. മലയാളത്തിലെ നിരൂപക ശ്രേഷ്‌ഠനായ എം. കൃഷ്‌ണന്‍ നായരുടെ മകള്‍ വാഹനാപകടത്തില്‍ പെട്ട്‌ ആശുപത്രിയിലാണെന്നു കള്ളഫോണ്‍ ചെയ്‌ത ഒരു എഴുത്തുകാരനെപറ്റി അദ്ദേഹം എഴുതിയിരുന്നു. ശ്രീ കൃഷ്‌ണന്‍ നായര്‍ ആ എഴുത്തുകാരനെ വിമര്‍ശിച്ചിരുന്നു. ഇവിടേയും പലര്‍ക്കും അവരുടെ സൃഷ്‌ടികളെ കുറിച്ച്‌ ശരിയായ അഭിപ്രായം പറയുമ്പോള്‍ ഇഷ്‌ടമാകാത്തത്‌ എഴുതാനുള്ള അവരുടെ കഴിവു കുറവിനെ കാണിക്കുന്നു. അര്‍ഹിക്കുന്നവര്‍ക്ക്‌ അംഗീകാരവും പുന്തുണയുമുണ്ടാകും. അതില്‍ അസൂയപ്പെട്ടിട്ട്‌ കാര്യമില്ല. എഴുതാനുള്ള വാസന ജന്മസിദ്ധമാണെങ്കിലും അതിനെ വളര്‍ത്തിയെടുക്കണം. നിരന്തരമായ വായനയും പ്രയത്‌നവും അതിന്‌ അനിവാര്യമാണ്‌.

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടത്തെ സാഹിത്യ സംഘടനകള്‍ പല കാര്യങ്ങളും ചെയ്യുന്നതായി സൂചിപ്പിച്ചുവല്ലൊ. ഇപ്പോള്‍ ഈ ലേഖകന്‍ ലാനയുടെ പ്രസിഡന്റ്‌ പദവി വഹിക്കുന്നു. അതുകൊണ്ട്‌ എഴുത്തുകാര്‍ക്കു വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മറ്റു സാഹിത്യ സംഘടനകള്‍ ആസൂത്രണം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും ലാനയുടെ പിന്തുണയുണ്ടാകും. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ മികച്ച എഴുത്തുകാരെ കണ്ടെത്തി അവരെ ആദരിക്കാനുള്ള പദ്ധതി ലാന അസൂത്രണം ചെയ്‌തിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നല്ലൊ. അതിനോടനുബന്ധിച്ച്‌ കുറച്ച്‌ എഴുത്തുകാര്‍ ഞാനുമായി ബന്ധപ്പെട്ടു എന്നതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌. എഴുത്തുകാര്‍ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ അയക്കുന്ന രചനകള്‍ ലാനക്കും അയച്ചു തരാന്‍ വീണ്ടും താല്‍പര്യപ്പെടുന്നു. വായനക്കാര്‍ മേല്‍ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ട രചനകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ലാനയെ അറിയിച്ചാല്‍ രചനകളുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ ലാനക്ക്‌ സഹായകമാകും.

നിങ്ങള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കാതിരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലവത്താക്കും. ലാന എപ്പോഴും എഴുത്തുകാരുടെ നന്മക്കു വേണ്ടി നില കൊള്ളുന്നതാണ്‌. ഓരോ സംരംഭവും എഴുത്തുകാരുടെ ഗുണത്തിനു വേണ്ടിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്നു. എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക എന്നതായിരിക്കും ഞങ്ങളുടെ യത്‌നം.
എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക ലാനയുടെ  ലക്ഷ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക