Image

അക്ഷരക്കൊയ്ത്ത് (കവിതാ സമാഹാരം)- (രചന: സുധീര്‍ പണിക്കവീട്ടില്‍ ; ഒരാസ്വാദനം: ജി പുത്തന്‍കുരിശ്)

Published on 15 February, 2018
അക്ഷരക്കൊയ്ത്ത്  (കവിതാ സമാഹാരം)- (രചന: സുധീര്‍ പണിക്കവീട്ടില്‍ ; ഒരാസ്വാദനം: ജി പുത്തന്‍കുരിശ്)
ഏകാന്തതയെന്ന വിഷത്തെ അമൃതാക്കാനും പാഴും ശൂന്യവുമായ ആകാശത്ത് അലര്‍വാടി രചിക്കാന്‍ കാവ്യകലക്ക് കഴിയുമെന്ന് കണ്ടെത്തിയ കുമാരാശാനും, പരമാനന്ദത്തിന്റെ കൊടുമുടികളില്‍ നിന്നോ ദുഃഖത്തിന്റെ അഗാധതലങ്ങളില്‍ നിന്നോ കവിതയുടെ ശ്രവം ഉണ്ടാകമെന്നു പറഞ്ഞ അബുദല്‍ കലാമും, ശുദ്ധമായ ഗണിതശാസ്ത്രത്തില്‍ കവിത കണ്ടെത്തിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനും,  അധികാരം ഔദ്ധത്യത്തിലേക്ക് നയിക്കുമ്പോള്‍ കവിത അതിന്റെ അതിരുകളെ കാട്ടികൊടുക്കാറുണ്ട്, അധികാരം ദുഷിപ്പിക്കപ്പെടുമ്പോള്‍ കവിത അതിനെ വെടിപ്പാക്കുമെന്നു പറഞ്ഞ ജോണ്‍ എഫ് കെന്നഡിയും, ജീവിതാനുഭവങ്ങള്‍ കണ്ണീരില്‍ മുക്കിയപ്പോഴും മന്ദഹാസങ്ങള്‍ ധൂമികയാല്‍ പൊതിഞ്ഞപ്പോഴും കവിതയുടെ ദ്യവ്യവെളിച്ചം കാണാന്‍ കഴിഞ്ഞ   ചങ്ങമ്പുഴയും   ജീവിതത്തിലെ  എല്ലാ രസഭാവങ്ങളില്‍ നിന്നും   'ജീവാതു ജീവിതസുഖത്തെ' പ്രദാനം ചെയ്യുന്ന   കവിത ജനിപ്പിക്കാം എന്ന് കണ്ടെത്തിയവരാണ്. 
 സ്‌നേഹവും മരണവുമായി ബന്ധമുണ്ടെന്നും സ്‌നേഹവ്യാഹതിയാണ് അല്ലെങ്കില്‍ സ്‌ഹേത്തിനുണ്ടാവുന്ന പ്രതിബന്ധമാണ് മരണം' എന്ന്  കുമാരനാശാന്‍ പറഞ്ഞതുപോലെ കവിത ജീവിതത്തിലെ നവരസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ നവരസങ്ങളില്‍ നിന്ന് അന്യമായ കവിത വിരസമായി ഭവിക്കുകയും കാലകൃമേണ മൃതമായി തീരുന്നു. ജീവിതരസങ്ങളുടെ ശ്രോതസ്സ് വറ്റുമ്പോള്‍ കവിതയുടെ സ്പന്ദനം നിലയ്ക്കുന്നു.  ശ്രീ. സുധീര്‍ പണിക്കവീട്ടിലിന്റെ എല്ലാ കവിതകളും ജീവിത രസങ്ങളില്‍ ചാലിച്ചെഴുതിയവയാണ്. അതുകൊണ്ട് അത് മൃതമാകാതെ 'മരിച്ചാലും ജീവിക്കുന്നവയാണ്. കവി രസാനുഭൂതിയില്‍ മുഴുകിയിരുന്നു കവിത കോറുമ്പോള്‍ കാവ്യാംഗന ചാരത്ത് ചേര്‍ന്ന് നിന്ന് അനുചിതമായ വാക്കുകളെ കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുന്നു.  

സുധീര്‍ പണിക്കവീട്ടിലിന്റെ കവിതയിലൂടെ കടന്നുപോകുന്ന സഹൃദയരായ വായനക്കാര്‍ക്ക്,  മനുഷ്യ ജീവിതത്തിലെ വികാര വിചാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം ബീഭത്സം, അത്ഭതം, ശാന്തം എന്നീ നവരസങ്ങളില്‍    മുക്കിയെഴുതിയ എഴുപത്തിയഞ്ചു കവിതകളുടെ ഒരു സമാഹാരമാണ് അക്ഷരകൊയ്ത്ത് എന്ന് മനസ്സിലാക്കാന്‍ കഴിയും. വേഡസ് വര്‍ത്ത് പറഞ്ഞതുപോലെ 'കവിത എന്നു പറയുന്നത് ശക്തമായ വികാരവിചാരങ്ങളുടെ നൈസര്‍ഗ്ഗികമായ കരകവിഞ്ഞൊഴുകലാണെങ്കില്‍' ആ ഒഴുക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്നില്ല     കവിതയുടെ ഉറവ പൊട്ടുമ്പോള്‍ കവി,  ഒരു കര്‍ഷകന്‍ തന്റെ വിളഞ്ഞു നില്ക്കുന്ന വിളവ് ആവേശത്തോടെ കൊയ്‌തെടുക്കുന്നതുപോലെ കവിത കോറുകയാണ്. വളരെ ഉചിതമായ ഒരു ശീര്‍ഷകം തിരഞ്ഞെടുക്കുന്നതിലും കവിയുടെ വൈഭവം പ്രകടമാണ്. 
കവിതയെ കാമിനിയാക്കുക മാത്രമല്ല ഉപാസിക്കകൂടി ചെയ്യുകയാണ് സുധീര്‍. രതിയെന്ന സ്ഥായിഭാവം വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. ഇതിനെ രസരാജന്‍ എന്നും വിളിക്കാറുണ്ട്. കവിക്ക് കവിതയോടുള്ള ശൃംഗാരപരമായ അടുപ്പം മനസ്സിലാക്കി ആയിരിക്കും 'കവിതാ പ്രിയര്‍'ചോദിച്ചത് എന്താണ് കവിതയോട് ഇത്ര അകല്‍ച്ച എന്ന്.   കവിയുടെ മൗനത്തെ അവര്‍ തെറ്റുധരിച്ചതവാം അല്ലെങ്കില്‍ കവിയുടെ ഉള്ളിലിരിപ്പറിയാന്‍ വിപരീത മനശാസ്ത്ര സമീപനം നടത്തിയതുമായിരിക്കാം എന്തായാലും തന്ത്രം ഫലിച്ചു.   കവി വാചാലനായി
'മാണ്‍പെഴും ആണ്‍കുയില്‍ പാടുന്ന പാട്ടിലും 
മാമ്പു (കാമദേവന്റെ പഞ്ചശരങ്ങളിലൊന്ന്) മണമുള്ള കാറ്റിനീണത്തിലും
തെങ്ങോല ചായുന്ന കായല്‍ വിരിപ്പിലും 
പുഞ്ചിരിക്കുന്നോരു പെണ്ണിന്റെ കണ്ണിലും …' 
എന്ന് കവി ആലപിക്കുമ്പോള്‍ കവിതയെന്ന കാമിനിയെ കവി എവിടെയൊക്കെയാണ് ദര്‍ശിക്കുന്നതെന്നും അതെത്ര ആഴമുള്ളതാണെന്നും മനസ്സിലാക്കിയ കവിതാ പ്രിയര്‍ ഒരു  പുഞ്ചിരിയോടെ കവിയെ തന്റെ കാമിനിയെ അനുധാവനം ചെയ്യാന്‍ വിട്ടു കാണും.  
 വിഷാദവും മാനസ്സിക സംഘര്‍ഷങ്ങളും പലരോഗങ്ങളുടെയും അടിസ്ഥാന കാരണങ്ങളായി തീരാറുണ്ട്.  പ്രത്യേകിച്ച് ഹൃദ്‌രോഗങ്ങള്‍  എന്നാല്‍ രോഗ ചിക്ത്സകന്‍മാര്‍ രോഗ നിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയില്ലയെങ്കില്‍ അത് ആവശ്യമുള്ളതും ഇല്ലാത്തതുമായ ടെസ്റ്റുകളിലൂടെ  അനാവശ്യമായ രോഗ ചികത്സയില്‍ ചെന്ന് കലാശിക്കും.  സുധീര്‍ പണിക്ക വിട്ടിലിന്റെ 'ഒരു നെഞ്ചുവേദനയുടെ കഥ' ഈ ഒരു സത്യത്തിലേക്കാണ് വിരല്‍ ചുണ്ടുന്നത്. ഇന്ന് ലോകത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മബന്ധങ്ങള്‍. ആത്മബന്ധങ്ങളുടെ തകര്‍ച്ച മനുഷ്യരെ രോഗികളാക്കുകയും അതുപോലെ ആയുസ്സിനെ കുറച്ചു കളയുകയും ചെയ്യുന്നു. ഇവിടെ രോഗിക്ക് ലഭിക്കുന്ന ചികത്സ ഹൃദ് രോഗത്തിനാണ്. ഈ സങ്കീര്‍ണ്ണമായ വിഷയം കവി ശോകം സ്ഥായിഭാവമായതും മനസ്സിനെ ആര്‍ദ്രമാക്കുന്നതുമായ കരുണരസത്തില്‍ ചാലിച്ചെഴുതുന്നതിനോടൊപ്പം ഗൗരവമായ ഒരു വിഷയത്തെക്കുറിച്ച് വായനക്കരേ  അവബോധമുള്ളവരാക്കുകയും ചെയ്യുന്നു.
 
കുഞ്ഞികൈകൊണ്ടവള്‍ തൊട്ടനേരം
ഹൃദയം തുടിച്ചുപോയി നിര്‍വൃതിയാല്‍
ആ നല്ല നിമിഷത്തില്‍ നെഞ്ചിലെങ്ങോ
അനുഭൂതി താളം പിടിച്ചുപോയി
അപ്പോത്തിക്കരിമാര്‍ക്ക് നിര്‍ണ്ണയിക്കാന്‍
ആ താളം രോഗമല്ലായിരുന്നു
വൈദ്യശാസ്ത്രത്തിന് ആത്മബന്ധം
അളക്കാന്‍ അളവു കോലൊന്നുമില്ല
രക്ത ബന്ധത്തിനദ്യശ്യ ശക്തി
ഔഷധങ്ങള്‍ക്കൊട്ടുമില്ലതാനും. 

ഒരുത്തന്‍ അവന്റെ ജീവിതത്തിലെ അഭിനിവേശത്തിനുവേണ്ടി സര്‍വ്വതും സമര്‍പ്പിക്കുമ്പോള്‍ വിജയം അവനെ ആശ്ലേഷിക്കും. പക്ഷെ വിജയം വരിയ്ക്കണമെങ്കില്‍ വിനയം ആവശ്യമാണ് അതുപോലെ,  പ്രശസ്തിയും ധനവും നമ്മുളുടെ ബുദ്ധിയെ ഭരിക്കാതിരിക്കണം എന്ന എ. ആര്‍ റഹമാന്റെ വാക്കുകള്‍ സുധീറിന്റെ 'കവിയുടെ ഘാതകര്‍' എന്ന കവിത വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നു.  
കാവ്യാനുരാഗ വിവശനായി കൈരളി
ദേവിക്കനുദിനം പൂജ ചെയ്തിടിലും 
ആരുമറിയാതൊരജ്ഞാത കോണിലൊതു
ങ്ങി കഴിയാന്‍ കൊതിച്ചവനി കവി.   
എന്നു പറയുമ്പോള്‍ വിനയാധീനായ കവിയെ നമ്മള്‍ക്ക് കാണാന്‍ കഴിയും. കവിയുടെ മനസ്സിനെ പ്രശസ്തിയോ സമൂഹം നല്‍കുന്ന അംഗീകാരങ്ങളോ ഭരിക്കുന്നില്ല എന്നതിന്റെ തെളിവാണ് നാം,
 
എങ്കിലും ഏതോ നിയോഗമോ കര്‍മ്മമോ
എന്റെ കവിതകള്‍ പത്രത്തില്‍ വന്നുപോയ് – 

എന്ന വരികളില്‍ ദര്‍ശിക്കുന്നത്. ഇവിടെ കവി പ്രശസ്തിക്കുവേണ്ടി ആരേയും സ്വാധീനിക്കുന്നില്ല ഏതോ നിയോഗമോ കര്‍മ്മമോ കൊണ്ട് കവിത പത്രത്തില്‍ വന്നതാണ്.   എഴുത്തുകാരിലും അസൂയ വളരെ കലശലാണ്.   പേരുപെരുമയ്ക്കും വേണ്ടിയുള്ള മത്‌സരം ചില്ലറയല്ല. നല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലുപരി അവരെ എങ്ങനെ ഇടിച്ചു താഴ്ത്താം എന്നാണ് നോട്ടം.  ഇന്ന് സാഹിത്യം മാഫിയാ സംഘങ്ങളാല്‍ ഭരിക്കപ്പെടുന്നു. ഇത്തരം മാഫിയാ സാഹ്യത്യകാര•ാരെ  സഹായിക്കാനും     ഇവര്‍ക്ക് അവാര്‍ഡുകളും അംഗീകാരങ്ങളും കൊടുക്കാനും പറ്റിയ കോക്കസുകളും ഇല്ലാതില്ല. ഇവരുടെ പ്രതിനിധികളാണ് ഈ കവിതയിലെ 'കിഴവ•ാര്‍' അവര്‍ ക്രോധം, അക്രമണ വാസന, വാക്കുകള്‍കൊണ്ടുള്ള അക്രമണം തുടങ്ങിയവ സ്ഥായിയായുള്ള രൗദ്രഭാവം പൂണ്ട്   മുഖത്ത് നിന്ദയും പുച്ഛഭാവവും പ്രകടിപ്പിക്കുന്നു. 'കാകനെപോലവര്‍ ചുറ്റുമിരിക്കുന്ന കൂട്ടരെ നോക്കി കുശു കുശുത്തിടുന്നു. 
നവരസങ്ങളില്‍ ഒന്നാണ് ഹാസ്യം. അതിന്റെ അസ്ഥിരഭാവങ്ങളാവട്ടെ  നര്‍മ്മം, പരിഹാസം, നിന്ദ എന്നിവയാണ്. 'പ്രിയസഖി ലാനെ കേള്‍ക്കു' എന്ന കവിത വായിച്ചപ്പോള്‍ മനസ്സിലേക്ക് കയറി വന്നത് 'ആ പൂമാല' എന്ന ചങ്ങമ്പുഴയുടെ മനോഹരമായ കവിതയാണ്. 
'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ
  ആാരാമത്തിലെ രോമാഞ്ചം?...' 
'പ്രിയ സഖി ലാനേ കേള്‍ക്കൂ' എന്ന കവിതയിലെ
ആരു വായിക്കും ആരു വായിക്കും 
കേള്‍വി കേള്‍ക്കാത്തോര്‍ എഴുതുമ്പോള്‍', 
എന്ന കവിത വായിച്ചപ്പോള്‍ ഇന്ന് നല്ല കവിതകള്‍ക്കും ആത്മാര്‍ത്ഥതയോടെ എഴുതുന്ന എഴുത്തുകാര്‍ക്കും സംഭവിച്ചിരിക്കുന്ന ദുര്‍ഗതിയോര്‍ത്ത് തപിക്കാനെ കഴിയു.  ആരാമത്തിലെ രോമാഞ്ചമായതുകൊണ്ട് അത് വിപണിയില്‍ വില്‍ക്കണമെന്നില്ല. നല്ല കവിതകള്‍ എഴുതിയാലും സംഘടനകളെ സ്വാധീനിക്കാനും അവരുടെ അനുഗ്രഹാശിസ്സുകളോടെ അതിനെ   വിപണിയില്‍ വിറ്റഴിക്കാനുള്ള തന്ത്രങ്ങളും അറിഞ്ഞിരിക്കണം. സാഹിത്യത്തെ അമേരിക്കയില്‍ വളര്‍ത്താനും അതുപോലെ എഴുത്തുകാര്‍ക്ക് വേദിയൊരുക്കാനും കഴിയുന്ന ലാനപോലെയുള്ള സംഘടനകള്‍ ആത്മാര്‍ത്ഥമായി അതിന് ശ്രമിക്കണെയെന്ന ഒരു അര്‍ത്ഥനയും അതില്‍ ഇല്ലാതില്ല. നര്‍മ്മവും പരിഹാസവും ഇടകലര്‍ത്തി സുധീര്‍ രചിച്ചിരിക്കുന്ന ഒരു നല്ല കവിതയാണ് . 'പ്രിയസഖി ലാനെ കേള്‍ക്കു'

മുറ്റത്തെ മുല്ലയില്‍ പൂക്കള്‍
മേലെ ആകാശമുറ്റത്തും പൂക്കള്‍
തുള്ളക്കളിച്ചുകൊണ്ടോമല്‍
ബാലിക വിസ്മയം പൂണ്ടു

കുട്ടികള്‍ നിഷ്‌കളങ്കതയുടെ പരിയായമാണ്. അവര്‍ സൃഷ്ടിയുടെ സങ്കീര്‍ണ്ണതകളെ കുറിച്ചോര്‍ത്ത് സമയം കളയാറില്ല. എന്നാല്‍ അവര്‍ കവികളെപ്പോലെയാണ് അവരുടെ നോട്ടത്തില്‍ മുറ്റത്തെ മുല്ലയും ആകാശത്തിലെ നക്ഷത്രങ്ങളും പൂക്കളാണ.്  വല്ലിയില്‍ നിന്ന് ചിത്രശലഭം പറന്നുപോകുമ്പോള്‍ പൂക്കളാണ് പറന്നുപോകുന്നതെന്നാണ് അവരുടെ തോന്നല്‍. വിസ്മയം സ്ഥായിഭാവമായുള്ള അത്ഭുതരസത്തില്‍ ചാലിച്ചെഴുതിയ സുധീറിന്റെ മനോഹരമായ ഒരു കവിതയാണ് കുട്ടിയും നക്ഷത്രവും. 


ജാതിയുടേയും മതത്തിന്റേയും അതിര്‍ വരുമ്പുകളെ ഭേദിച്ച ഒരു ഗുരുവാണ് ക്രിസ്തു. ദാവിദ് പുത്രാ എന്നോട് കരുണ ഉണ്ടാകണെ എന്ന് യാചിച്ച ശമരിയക്കാരിക്ക് അനുഗ്രാഹശ്ശിസ് ചൊരിഞ്ഞപ്പോഴും,  സുഖാര്‍ എന്ന ശമരിയാ പട്ടണത്തില്‍ വച്ച് യാക്കോബിന്റെ ഉറവയില്‍ നിന്ന് വെള്ളം എടുക്കാന്‍ വന്ന  ശമരിയക്കാരി സ്ത്രീയോട്, ജാതി ചോദിക്കാതെ 'എനിക്ക് കുടിപ്പാന്‍ തരുമോ' എന്ന് ചോദിച്ചപ്പോഴും  യഹൂദിയായില്‍ നില നിന്നിരുന്ന  നികൃഷ്ടമായ ജാതി വ്യവസ്ഥകളെ അദ്ദേഹം പ്രത്യക്ഷമായി തന്നെ വെല്ലുവിളിക്കുകയായിരുന്നു.   ശ്രീബുദ്ധന്റെ ശിഷ്യനായ ആനന്ദ ചണ്ഡാല സ്ത്രീയോട്, 'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി' എന്നു പറഞ്ഞുകൊണ്ടാണ് ദാഹനീര്‍ ചോദിക്കുന്നത്. എന്നാല്‍ നമ്മുടെ കവി മറ്റുള്ളവര്‍ പറഞ്ഞതിന് വിപരീതമായി 'ജാതി ചോദിക്കുന്നു ഞാന്‍ സോദരാ' എന്നു പറഞ്ഞുകൊണ്ടാണ് സമൂഹത്തില്‍ നിലനില്ക്കുന്ന.  മതപരിവര്‍ത്തനമെന്ന  ഏറ്റവും പരിതാപകരമായ ഒരു പ്രവര്‍ത്തിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ക്രിസ്തു ഒരിക്കലും മതം മാറാന്‍ പറഞ്ഞിട്ടില്ല നേരെമറിച്ച് മനം മാറാനാണ് പറഞ്ഞത് (മാനസാന്തരപ്പെടുക). ക്രിസ്തുവിന്റെ സുവിശേഷത്തെ ശരിക്ക് മനസ്സിലാക്കാത്തതിന്റ ഒരു ശോചനീയ അവസ്ഥയാണിത്. 
'മനുഷ്യനായാല്‍ ചുമക്കേണം ജാതിയെന്ന
മാറാപ്പ് മരണം വരെ ഈ ഭൂമിയില്‍' എന്ന് കവി പറയുമ്പോള്‍ കവി ദു:ഖിതനാണ്. ഒരിക്കലും ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റാനാവാത്ത വിധം ജാതിമതവര്‍ഗ്ഗ വിവേചനം മനഷ്യന്റെ മനസ്സില്‍ രൂഢമൂലമായിരിക്കുന്നു. 

കവി ജാതിമത ചിന്തകള്‍ക്കതീതമായ ഒരു മനസ്സിന്റെ ഉടമ മാത്രമല്ല സ്‌നേഹത്തിന്റെ ദൂതുമായി എത്തിയ ക്രിസ്തുവിന്റെ ഒരു ആരാധകനും കൂടിയാണ് എന്ന് അദ്ദേഹത്തിന്റെ 'തിരുപിറവി' എന്ന കവിത വായിക്കുമ്പോള്‍ മനസ്സിലാകും . 
'സ്‌നേഹത്തിന്‍ ദൂതുമായ് മണ്ണിലേക്കെത്തിയ
വിണ്ണിലെ രാജകുമാരാ……
…..നീ തന്നെ സത്യവും മാര്‍ഗ്ഗവും എന്നൊക്കെ കുറിക്കുമ്പോള്‍ നാം ചിന്താമഗ്‌നരാകുന്നു. അതോടൊപ്പം എവിടെ പിഴവ് പറ്റിയെന്ന് ഓര്‍ത്ത് ദു:ഖിക്കുന്നു.
സ്‌നേഹത്തില്‍നിന്നുദിക്കുന്നുലോകം
സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു
……………………………
സ്‌നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗ
ഗേഹം പണിയും പടുത്വം എന്ന കുമാരനാശാന്റെ കവിതാ ശകലം ഇതിനോട് ചേര്‍ത്ത് വച്ച് ചിന്തിക്കാവുന്നതാണ്.

ഒരു പക്ഷെ കവിതയെ നിര്‍വചിക്കാന്‍ കഴിയാത്തതിന്റെ മുഖ്യമായ കാരണം അത് നിര്‍വചിക്കപ്പെടാന്‍ കാണിക്കുന്ന വൈമുഖ്യമാണ്. ഒരു കാലത്ത് വൃത്ത താള നിബദ്ധമായിരുന്ന കവിതയെ ഇന്ന് മനുഷ്യര്‍ എവിടെ കൊണ്ട് എത്തിച്ചു എന്ന് ചോദിച്ചാല്‍ അത് ഒരു യുദ്ധത്തിന് വഴിമരുന്നിടുമെന്നതിന് സംശയമില്ല. ചിലര്‍ കവിതയെ കനക ചിലങ്കയും ആടയാഭരണങ്ങളും അണിയിച്ച് രംഗത്തിറക്കുമ്പോള്‍ മറ്റു ചിലര്‍ ഒരരിഞ്ഞാണ ചരടിന്റെ ബദ്ധനംപോലുമില്ലാതെ അങ്ങ് അഴിച്ചു വിട്ടിരിക്കുകയാണ് . 'കവിത അമേരിക്കയില്‍' എന്ന ശ്രീ. സുധീറിന്റെ കവിത ഒരു വിലാപ കവിതയായി കണക്കിലെടുക്കാം . കനകച്ചിലങ്ക കിലുക്കി കിലുക്കി മറുനാട്ടിലെത്തിയെ കവിതയ്ക്ക് പറ്റിയ കഷ്ടാവസ്ഥയോര്‍ത്ത് കവി വിലപിക്കുകയാണ്. ഇന്ന് കവിതയെഴുതാന്‍ ആവേശം പൂണ്ട് പലരും എഴുതി വിടുന്നതെന്തന്ന് ചോദിച്ചാല്‍ അവര്‍ക്ക് തന്നെ അറിയില്ല. പക്ഷെ ' കവിത'  അവള്‍ സുന്ദരിയാണ് അവളുടെ പതിയായ 'കവി'യായിരിക്കുക എന്നു വച്ചാല്‍ അതിന് സമൂഹത്തില്‍ ഒരന്തസ്സുണ്ട്. അതുകൊണ്ടായിരിക്കാം കതിര്‍ മണ്ഡപത്തില്‍ ഇത്ര ബഹളവു മണവാള•ാര്‍ തമ്മില്‍ അടിയും . പക്ഷെ എന്തു ചെയ്യാ അനുയോജ്യരായ വര•ാരില്ലാതെ കവിത ഇന്നും ഏകാകിനിയായി കഴിയുന്നു.
കതിര്‍ മണ്ഡപത്തില്‍ കലഹമുണ്ടാക്കി
കശ്മല•ാര്‍ വന്നു പന്തലടക്കി
കണ്ടവര്‍ കണ്ടവര്‍ കവിതയെഴുതി
കാശിനുകൊള്ളാത്ത കൃതികളുണ്ടായി
ഗദ്യത്തില്‍ പദ്യത്തില്‍ രണ്ടുമല്ലാത്തതില്‍
കാവ്യംഗനയെ തടങ്കലിലാക്കി
താലിയും മാലയും ചാര്‍ത്തുവാനായ്
അനുയോജ്യരായ വര•ാരില്ലാതായി
കവി ആക്ഷേപ ഹാസ്യത്തിലൂടെ,  ഇന്ന് കവിതയ്ക്ക്, പ്രത്യേകിച്ച് അമേരിക്കയില്‍ വന്നിരിക്കുന്ന ദുര്‍ഗതി വരച്ചു കാണിക്കുകയാണ്. കവിയുടെ വിലാപത്തിന്റെ കണ്ണീര്‍ കണങ്ങള്‍ വീണ നനഞ്ഞ പാടുകള്‍ ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക് വരികളുടെ ഇടയില്‍ കാണാവുന്നതാണ്.
ജീവിതം ലളിതമാണ് പക്ഷെ അതിനെ സങ്കീര്‍ണ്ണമാക്കുന്നതിലാണ് മനുഷ്യര്‍ക്ക് താല്പര്യം എന്ന് കണ്‍ഫ്യൂഷ്യസ് പറഞ്ഞതുപോലെയാണ് ആധുനിക കവിതകളുടെ പോക്ക്; ഒരുതരം സമവാക്യ കവിതകള്‍.  കവി, കവിതാ സമാഹാരത്തിന്റെ പുറംതാളില്‍ പറഞ്ഞിരിക്കുന്നതുപോലെ 'ആധുനികതയോട് അകലം പാലിച്ചുകൊണ്ട്' അതിന്റെ തന്ത്രനൈപുണ്യമോ, നിര്‍മ്മാണ ജഡിലതകളോ തൊട്ടു തീണ്ടാതെ വളരെ ലളിതവും, ആശയത്തെ സ്പഷ്ടതയോടെ അനുവാചകരില്‍ എത്തിക്കാന്‍ കഴിവുള്ള വിധത്തിലുംമാണ്   തന്റെ കവിതകളെല്ലാം രചിച്ചിരിക്കുന്നത്.  കവി ഒരു സൂഷ്മദര്‍ശകനാണെന്ന് അദ്ദേഹത്തിന്റെ ഒരോ കവിതകള്‍ വായിക്കുമ്പോഴും മനസ്സിലാകും നവരസങ്ങളുടെ ചായക്കൂട്ടില്‍ മുക്കിയാണ് കവിതകള്‍ അദ്ദേഹം രചിച്ചിരിക്കുന്നത്.  ആവശ്യത്തിന് ആടയാഭരണങ്ങളും പൊന്നാടയും അദ്ദേഹം ചാര്‍ത്തിയിരിക്കുന്നതുകൊണ്ടും ഒരു നല്ല കാവ്യാസ്വദകന്റെ മനസ്സില്‍ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് അനായാസേന ഇടം കണ്ടെത്താന്‍ കഴിയുമെന്നതിന് തര്‍ക്കമില്ല. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് മനുഷ്യ ചിന്തകളെ ഉദ്ദീപിപ്പിച്ച് മനസ്സിനെ സംസ്‌കരിക്കുന്ന അനേക കവിതകള്‍ നിര്‍ഗ്ഗളിക്കട്ടെ എന്ന് ആശ്വംസിച്ചുകൊണ്ട് ഈ എളിയ കാവ്യാസ്വാദനം ഇവിടെ അവസാനിപ്പിക്കുന്നു. 


അക്ഷരക്കൊയ്ത്ത്  (കവിതാ സമാഹാരം)- (രചന: സുധീര്‍ പണിക്കവീട്ടില്‍ ; ഒരാസ്വാദനം: ജി പുത്തന്‍കുരിശ്)
Join WhatsApp News
James Mathew, Chicago 2018-02-15 14:54:24
കവിതകൾ വായിച്ചാൽ മനസ്സിലാകണം. വായനക്കാരന് ഒരു അനുഭൂതി പകരണം. സുധീറും പുത്തെന്കുരിസും എഴുതുന്ന കവിതകൾ സരളമാണ്, സുന്ദരമാണ്. എന്നാൽ ഇവർ
ശ്രദ്ധിക്കപ്പെടുന്നില്ല.പി.എച്.ഡി ഇല്ലാഞ്ഞിട്ടായിരിക്കും.സുധീറിന്റെ പുസ്തകത്തെക്കുറിച്ച് ഇത് മൂന്നാമത്തെ നിരൂപണമാണ് ഇമലയാളിയിൽ വായിക്കുന്നത്. സുധീറിന് അഭിനന്ദനം.പുത്തെന്കുരിസിന്റെ
നിരൂപണ ചാരുതയും ശ്രദ്ധേയം
വിദ്യാധരൻ 2018-02-15 16:12:04
സുധീർ പണിക്കവീട്ടിലിന്റെ കവിതകളിലും എഴുത്തിലും എപ്പോഴും ഒരു സത്തയുണ്ട്  അതുപോലെ ഒഴുക്കും ഉണ്ട് . ഞങ്ങൾ വായനക്കാർ പി എച്ച് ഡി. നോക്കി കവിത വായിക്കാറില്ല . വായിച്ചാൽ ചിന്തിക്കാനുള്ള വകയുണ്ടോ എന്ന് നോക്കും  പി.എച്ചഡി .ക്കാർ പുത്തൻകുരിശ് പറഞ്ഞിരിക്കുനന്നത്പോലെ എഴുതി കുഴപ്പിച്ചു 'സങ്കീർണമാക്കി' കലക്കി ആരുടെയെങ്കിലും കയ്യിൽ കൊടുക്കും പൊരുളു തിരിക്കാൻ .  ഏതായാലും നിങ്ങൾ, കവിതകളിൽ ബിംബങ്ങൾ കേറ്റി വച്ച് വായനക്കാർക്കും  തടസ്സം സൃഷ്ടിക്കാത്തതിനും നന്ദിയുണ്ട് . രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം'' എന്ന്   ജഗന്നാഥ പണ്ഡിതരും ,'ശബ്ദാർഥൗ സഹിതൗ കാവ്യം'- എന്ന്   ഭാമഹനും (ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സംസ്‌കൃത കവി )  കവിതയെ നിർവ്വചിക്കുന്നു.  രമണീയമായ വാക്കുകളിലൂടെ അർത്ഥത്തെ പ്രതിപാദിക്കുമ്പോൾ അത് മനസ്സിൽ പതിയുന്നു വായനക്കാർക്കും രണ്ടു വരിയെങ്കിലും ഹൃദ്യസ്ഥമാക്കാൻ കഴിയുന്നു . എന്നാൽ ഇന്നത്തെ ആധൂനിക കവിതകൾ വായിച്ചു ഹൃദ്യസ്ഥമാക്കാനുള്ള 'രസം' കലർത്തി എഴുതാത്തതുകൊണ്ട് അത് ആസ്വദിക്കാനും കഴിയില്ല .  എനിക്ക് ഒരു കൊച്ചു കുട്ടിക്ക് മരുന്നു കൊടുക്കാൻ സമയമായി . അൽപ്പം തേനിൽ ചാലിച്ച് കൊടുത്തില്ലെങ്കിൽ അവൻ കഴിക്കില്ല .  നല്ല ആസ്വാദനം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക