Image

സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)

Published on 28 March, 2018
സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയില്‍ രൂപം കൊണ്ട അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് വൈദിക കൂട്ടായ്മയും, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും വൈദിക സമിതിയുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ പ്രതിക്കൂട്ടിലായത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ച അത്മായ വിശ്വാസികളും.

നൂറ്റാണ്ടകളുടെ വിശ്വാസ പാരമ്പര്യവും അസൂയാവഹമായ വളര്‍ച്ചയും കൈവരിച്ചു കൊണ്ടിരുന്ന സീറോ മലബാര്‍ സഭയില്‍ യേശുവിന്റെ പീഢാസഹനത്തിന്റെ സ്മരണകള്‍ പുതുക്കുന്ന വലിയ നോമ്പുകാലത്ത് തെരുവില്‍ ഇറങ്ങി രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ഗുണ്ടായിസവും നടത്തിയ ഒരു കൂട്ടം വൈദികരുടെ ധിക്കാര പ്രകടനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം സഭാ നേതൃത്വം സമവായനീക്കത്തിലൂടെ വിഴുങ്ങിക്കളഞ്ഞു.

കുറ്റം മുഴുവന്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചവരുടെയും തലയില്‍ വച്ചുകെട്ടിക്കൊണ്ട് പുറത്തിറക്കിയ ഒത്തുതീര്‍പ്പു ഫോര്‍മുലയില്‍ ഇവര്‍ നടത്തിയ പേക്കൂത്തുകളെക്കുറിച്ചോ അനുസരണക്കേടിനെക്കുറിച്ചോ ഒറ്റവരിയില്ല. മറിച്ച്, എല്ലാം വളച്ചൊടിച്ച് ഊതിവീര്‍പ്പിച്ചത് ആത്മായ ഗണത്തില്‍പ്പെട്ട ഒരു കൂട്ടമാളുകളാണത്രെ.

ഇത്തവണയും സഭയ്ക്കുവേണ്ടി ഉപവാസമനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ച വിശ്വാസ സമൂഹത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് ഒരു വാക്കും സൂചിപ്പിച്ചിട്ടുണ്ട്. സഭാവിശ്വാസികള്‍ വെള്ളിയാഴ്ച ഉപവസിച്ചു പ്രാര്‍ത്ഥിച്ചതു കൊണ്ടാണ് ഈ പ്രശ്‌നം ഒറ്റ ദിവസം കൊണ്ട് തീരാന്‍ കാരണമായതെന്നും അറിയിപ്പില്‍ പറയുന്നു. ഏതായാലും വൈദിക ശ്രേഷ്ഠനെതിരെ ഒരു കൂട്ടം വൈദികര്‍ ഉയര്‍ത്തിയ കലാപം കെട്ടടങ്ങിയത് ആത്മായ ഗണത്തിന്റെ പ്രാര്‍ത്ഥനകൊണ്ടാണെന്ന് അംഗീകരിച്ചതില്‍ പെരുത്തു സന്തോഷം. അതുകൊണ്ട് ആത്മായഗണങ്ങളെ നിങ്ങള്‍ ഇനിയും ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. നൂറ്റാണ്ടുകളായി നമ്മള്‍ പോറ്റി വളര്‍ത്തി വലുതാക്കിയ സീറോ മലബാര്‍ സഭയുടെ അത്ഭുതകരമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട സാത്താന്റെ ക്ഷുദ്ര ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നമ്മള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേട്ടിരിക്കും എന്നതിന്റെ തെളിവാണിത്.

ഒരൊറ്റ വൈദിക യോഗത്തില്‍ തീര്‍ക്കാവുന്ന പ്രശ്‌നമായിരുന്നു ഇതെങ്കില്‍ സീറോമലബാര്‍ സഭയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തുന്നവിധം നടത്തിയ ഈ പൊറോട്ടു നാടകം എന്തിനുവേണ്ടിയായിരുന്നു? അധികാരികളെ ധിക്കരിച്ച് അവര്‍ക്കെതിരെ പോര്‍വിളി മുഴക്കിക്കൊണ്ട് ഒരുകൂട്ടം വൈദികര്‍ തെരുവില്‍ ഇറങ്ങിയതെന്തിനായിരുന്നു? ആഗോള സീറോ മലബാര്‍ സഭയുടെ അധ്യക്ഷനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ക്രിമിനല്‍ കുറ്റക്കാരനാക്കും വിധം കേസുകള്‍ കെട്ടിച്ചമച്ചതെന്തിനായിരുന്നു? നിങ്ങളുടെ സ്വന്തം മേലാധികാരിയും പിതൃതുല്യനുമായ ആ പുണ്യാത്മാവിനെതിരെ കൊലവിളി നടത്തുകയും കൊലപ്പുള്ളിയായി ചിത്രീകരിക്കുകയും ചെയ്തതെന്തിനായിരുന്നു? ദാരിദ്ര്യം മുഖമുദ്രയാക്കി ലളിത ജീവിതം നയിക്കുന്ന ആലഞ്ചേരി പിതാവിനെതിരെ മോഷണക്കുറ്റം, അഴിമതി, പണാപഹാരം തുടങ്ങിയ വ്യാജക്കുറ്റങ്ങള്‍ ചുമത്തിയതെന്തിനായിരുന്നു?

സഭയുടെ ഭരണം കൂട്ടുത്തരവാദിത്വത്തില്‍ ആണെന്നിരിക്കേ, പ്രതിസന്ധിഘട്ടത്തില്‍ എല്ലാ കുറ്റവും അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവച്ച് കൂട്ടുത്തരവാദിത്വമുള്ള സഹായമെത്രാന്മാരും കൂടെനിന്നിരുന്ന വൈദികര്‍ പോലും മാറി നിന്ന് അദ്ദേഹത്തിനെതിരെ ഒളിയമ്പെയ്തതും പ്രസ്താവന യുദ്ധങ്ങള്‍ നടത്തിയതുമൊക്കെ എന്തിനുവേണ്ടി? ദ്രവ്യമോഹം, ധനാര്‍ത്തി, അധികാരക്കൊതി, ധിക്കാരം, ധൂര്‍ത്ത്- ഇതൊക്കെയല്ലേ കാരണങ്ങള്‍.

ഏതായാലും ഈ വലിയ നോമ്പുകാലത്ത് നിങ്ങള്‍ നടത്തിയ ഈ പേക്കൂത്തിലൂടെ നിങ്ങള്‍ ഒരു കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ലോകമെമ്പാടുമുള്ള 50 ലക്ഷം വരുന്ന മുഴുവന്‍ സീറോമലബാര്‍ വിശ്വാസികളെ പമ്പര വിഡ്ഢികളാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചു. ഇപ്പോള്‍ സീറോ മലബാര്‍ സഭയിലെ പ്രശ്‌നമെന്തെന്നു ചോദിച്ചാല്‍ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' മാത്രം. സഭയ്ക്ക് നഷ്ടപ്പെട്ടത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസത്തിലുണ്ടായിരുന്ന വിശ്വാസമാണ്..

സഭയുടെ ഇപ്പോഴത്തെ പോക്കില്‍ ആടിയുലഞ്ഞ് ചാഞ്ഞുനിന്നിരുന്ന ഒരു വിഭാഗം വിശ്വാസികളുടെ വിശ്വാസമാണ് ഈ കൊടുങ്കാറ്റില്‍ തെറിച്ചു വീണത്. ഇവരെ തിരികെ കൊണ്ടുവാരാനും ഈ ഞങ്ങള്‍ തന്നെ ഉപവസിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളാം. നിങ്ങള്‍ ഇനിയും ഫോര്‍മുലകളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയോഗം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ഇതിനു മുമ്പ് പല തവണ തടസപ്പെടുത്തിയ വൈദിക സമിതി യോഗം ഇക്കുറി വലിയ ഒച്ചപ്പാടുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് പര്യവസാനിച്ചത്. നേരത്തേ, നടന്ന യോഗങ്ങള്‍ കര്‍ദ്ദിനാളിന്റെ പ്രസംഗം പോലും തടസപ്പെടുത്തുന്ന രീതിയില്‍ രൂപതിയിലെ ചില വിമത വൈദികര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ പ്രകടനം കണ്ട് അത്ഭുത സ്തംബ്ദരായി നോക്കി നില്‍ക്കാനെ മറ്റു വൈദികര്‍ക്കു കഴിഞ്ഞുള്ളൂ. ഭൂമിക്കച്ചവടം സംബന്ധിച്ച വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെങ്കിലും ചര്‍ച്ചകള്‍ നടന്നത് ഏതാനും ചില രഹസ്യ അജണ്ടകളിലായിരുന്നുവെന്നു മാത്രം. ഇതിനെ പ്രതിരോധിച്ചപ്പോള്‍ ചില വിമത വൈദികരുടെ ഭീഷണിപ്പെടുത്തലുകളിലും മുദ്രാവാക്യം വിളികളിലും നിയമസഭായോഗം അലങ്കോലപ്പെടുത്തുന്നതിനെക്കാള്‍ നാണം കെട്ടരീതിയില്‍ യോഗം അലസിപ്പിരിഞ്ഞു.

ഇനി ഈ ഉടമ്പടി പത്രത്തിന്റെ ഉള്ളടക്കത്തിലേക്കു വരാം. ലേഖനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനു നല്‍കിയ കോപ്പി വായിക്കുക. ആദ്യത്തെ ഖണ്ഡികയില്‍ തന്നെ പറയുന്നത് പ്രശ്‌ന പരിഹാരത്തിനു തുടക്കമായെന്നതാണ്. അപ്പോള്‍ അതിനര്‍ത്ഥം തീരുമാനമാനമൊന്നും ആയിട്ടില്ല. തുടര്‍ ചര്‍ച്ചകളും ഉപാധികളും ധാരാളമുണ്ട്. എങ്കിലെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ കഴിയൂ. എന്താണിത്ര തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ളത്? ഭൂമി വില്‍പ്പന സംബന്ധിച്ച വിഷയമോ? വിശുദ്ധ കുര്‍ബാനയുടെ ആരാധനാ ക്രമം സംബന്ധിച്ച തര്‍ക്കവിഷയവുമുണ്ടോ? ഉണ്ടെങ്കില്‍ അതിനു കാരണക്കാരനായ മാര്‍ ആലഞ്ചേരിയുടെ സ്ഥാനത്യാഗവും വിഷയ പരിധിയില്‍ വരുമല്ലോ? കാനോനിക നിയമപ്രകാരം കര്‍ദിനാള്‍ പദവി ജീവിതാന്ത്യം വരെയാണ്. അതുമാറ്റാന്‍ പറ്റുകയില്ല. പിന്നെ സ്ഥാനത്യാഗം. എഴുപതു വയസുമാത്രം പിന്നിട്ട അദ്ദേഹത്തിന് ഇനി 10 വര്‍ഷം കൂടിയുണ്ട്.

സോഷ്യല്‍ മീഡിയായിലും ടി.വി.ചാനലുകളിലുമൊക്കെയായി തെറ്റായ വിവരങ്ങള്‍ നല്‍കി പ്രശ്‌നം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നതാണ് അടുത്ത വാചകം. പിതാക്കന്മാരെ, മാധ്യമങ്ങള്‍ ഭാവനാ വിലാസത്തില്‍ രൂപപ്പെടുത്തിയതല്ല ഈ തെറ്റായ വിവരങ്ങള്‍. എല്ലാം വ്യക്തമായ രേഖകളുടെ പിന്‍ബലത്തില്‍ റിപ്പോര്‍ട്ടു ചെയ്തവയാണ്. ഇതില്‍ തെറ്റായിപ്പോയി എന്നു പറയുന്നത് ആരുടെ തെറ്റാണ്. മാധ്യമങ്ങളുടെ തെറ്റോ അതോ സഭാ നേതൃത്വത്തിന്റെ തെറ്റോ, മാര്‍ എടയന്ത്രത്ത് എഴുതി തയ്യാറാക്കി പള്ളികളില്‍ വായിക്കേണ്ടെന്ന് പറഞ്ഞുകൊണ്ട് രൂപതാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രൂപതയിലെ വൈദികര്‍ക്ക് അയച്ച സര്‍ക്കുലര്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതാരാണ്. ഈ സര്‍ക്കുലറില്‍ വളരെ വ്യക്തമായി പറയുന്നുണ്ട് ഭൂമി വില്‍പ്പനയിലെ തിരിമറികളെക്കുറിച്ച് അങ്ങേക്ക് അറിവില്ലെന്നാണല്ലോ? ഭൂമി ഇടപാടിലെ വീഴ്ചയെക്കാളുപരി ആല്‍മീയ പരമായ വീഴ്ചകളാണെന്നു സ്ഥാപിക്കാന്‍ സര്‍ക്കുലറില്‍ അങ്ങ് ശ്രമിക്കിക്കുണ്ട്. അങ്ങയുടെ മനസറിവോടെ തന്നെയാണ് മുഴുവന്‍ ഇടപാടുകളും നടന്നതെന്ന് വ്യക്തമാക്കുന്ന പല തെളിവുകളും പിന്നീട് മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടു വന്നു. അതവരുടെ തൊഴിലിന്റെ ഭാഗമാണ്.

അങ്ങു പറഞ്ഞു അങ്ങറിയാതെയാണ് പകരം ഭൂമി വാങ്ങി കോടികളുടെ ഇടപാടുകള്‍ നടന്നതെന്ന്. എന്നാല്‍ രൂപതയിലെ തന്നെ അഭിഭാഷകനായ ഒരു വൈദികന്‍ പുറത്തുവിട്ട അങ്ങയുടെ ഇ-മെയില്‍ സന്ദേശത്തിന്റെ കോപ്പി വ്യക്തിമാക്കുന്നത് എല്ലാ ഇടപാടുകളും നടന്നത് അങ്ങയുടെ വ്യക്തമായ അറിവോടെയാണെന്നാണ്. പകരം ഭൂമി വാങ്ങാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് വാങ്ങുന്ന ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് എല്ലാം ശരിയാണോ എന്ന് നോട്ട് എഴുതി ഒപ്പു വച്ച അങ്ങയുടെ ഈ മെയിലിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയകളില്‍ വന്നതെങ്ങനെ ? അങ്ങനെയെങ്കില്‍ ഈ ഇടപാടിന്റെ പ്രധാന ഉത്തരവാദിത്വം അങ്ങയുടേതല്ലേ? - മാര്‍ എടയന്ത്രത്ത് അങ്ങ് മൗനം വെടിയണം.

അങ്ങേക്കല്ലേ അതിരൂപതയുടെ വസ്തു ഇടപാടിന്റെ ചുമതല. സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ചുമതലയുള്ള കര്‍ദ്ധിനാളിനെ എറണാകുളം- അങ്കമാലി രൂപതകളുടെ ഭരണത്തില്‍ സഹായിക്കാനാണ് അങ്ങയേയും മാര്‍ ജോസ് പുത്തന്വീട്ടിലിനെയും നിയമിച്ചിട്ടുള്ളത്. കര്‍ദ്ധിനാളിനു വര്‍ധിച്ച ഉത്തരവാദിത്വങ്ങള്‍ ഇരിക്കെ അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും സഹായ മേത്രന്മാര്‍ക്കാണെന്നു എല്ലാവര്‍ക്കും അറിയാം. പിന്നെന്തിനായിരുന്നു ഈ ഒളിച്ചുകളി? ആരെ തോല്‍പിക്കാന്‍? അല്ലെങ്കില്‍ ആരെ സംരക്ഷിക്കാന്‍ ?

അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും വിശ്വാസികളെയും അധിക്ഷേപിച്ചുകൊണ്ട് ഒരു വിഭാഗം (ആരാണീ വിഭാഗം? ആത്മായരോ? വൈദികരോ? - ഇതില്‍ വയ്ക്തമാക്കിയിട്ടില്ല ) സോഷ്യല്‍ മീഡിയായിലൂടെ തെറ്റായ പ്രചാരം നടത്തിയത് നിര്‍ഭാഗ്യകരമായിപ്പോയി എന്നു പറയുന്നു. ഈ തെറ്റായ വിവരങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പാകെ നല്‍കിയത് ഒരു കൂട്ടം വൈദികര്‍ തന്നെയാണെന്ന് വിവരം അങ്ങു കണ്ടിട്ടുള്ളതു തന്നെയല്ലെ പിന്നെന്തിനു അത്തരക്കാരെ വച്ചു പൊറുപ്പിക്കുന്നു. അധികാരികള്‍ക്കെതിരെ സംഘടിച്ചത് കാനോനിക നിയമ പ്രകാരം നടപടി എടുക്കേണ്ട തെറ്റല്ലേ? കര്‍ദ്ദിനാളിനെതിരെ തെരുവിലിറങ്ങി പ്രകടനം നടത്തി രൂപത ആസ്ഥാനത്തു വന്നു അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടു ഒരുകൂട്ടം വൈദികര്‍ നല്‍കിയ നിവേദനം ഏറ്റു വാങ്ങിയ അങ്ങ് നടത്തിയതും കൃത്യവിലോപം തന്നെയല്ലേ? അങ്ങയുടെ മേലധികാരിക്കെതിരെ നിവേദനം ഏറ്റു വാങ്ങാന്‍ അങ്ങേക്ക് ആരു അധികാരം തന്നു? നടപടിക്ക് അങ്ങും അര്‍ഹനല്ലെ ? ഇപ്പോള്‍ നടപടി എടുക്കേണ്ടത് ആര്‍ക്കെതിരെയാണെന്നു അങ്ങ് തന്നെ പറഞ്ഞാലും.

മെത്രാപ്പോലീത്തക്കു വേണ്ടിയോ സഭക്കു വേണ്ടിയോ സംസാരിക്കാന്‍ ആരെയും ചാനലുകളിലോ മറ്റു മാധ്യമങ്ങള്‍ക്കു വേണ്ടിയോ ചുമതലപ്പെടുത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനു ചില വൈദികര്‍ ചാനലുകള്‍ക്കു മുമ്പില്‍ വന്നു സമര പ്രഖ്യാപനം നടത്തി. മലയാററൂരില്‍ മരിച്ച വൈദികന്റെ കൊലപാതകത്തില്‍ കര്‍ദ്ദിനാളിനെ സംശയിക്കതക്ക വിധം സൂചിപ്പിച്ചു മാധ്യമങ്ങളോട് വൈദികര്‍ സംസാരിക്കാന്‍ ആരു അധികാരം നല്‍കി? ആ വൈദികര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തന്നെ അങ്ങയെ ഭീഷണിപ്പെടുത്തിക്കൊണ്ട് വിരാജിക്കുന്നുണ്ടല്ലോ അല്ലൊ.

ഈ പ്രശ്‌നത്തില്‍ സീറോ മലബാര്‍ സഭയിലെ ആരാധനാ ക്രമവുമായി യാതൊരു ബന്ധവുമില്ല എന്നു എടുത്തു പറയാന്‍ കാരണമെന്ത്? കോടതിയിലോ മറ്റോ ആരെങ്കിലും ഇതു സൂചിപ്പിച്ചോ? വൈദികര്‍ പറഞ്ഞു കേട്ടതല്ലാതെ അത്മായര്‍ ആരും പറഞ്ഞിട്ടില്ല. അപ്പോള്‍ പിതാക്കന്മാര്‍ ഒരു കാര്യം പറയാതെ സമ്മതിച്ചിരിക്കുന്നു. സീറോ മലബാര്‍ ആരാധനാ ക്രമവുമായി ഈ സംഭവത്തിനു എന്തോ ബന്ധവുമുണ്ട്്. അതു തീര്‍പ്പാക്കാമെന്ന രഹസ്യ ഉറപ്പിന്‍ മേലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടരുന്നത്. തുടര്‍ ചര്‍ച്ചകള്‍ എന്നവാക്ക് അര്‍ത്ഥമാക്കുന്നത്് അതാണല്ലോ?ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആരാധനാക്രമവും സഭയിലെ മറ്റ് തര്‍ക്കങ്ങളെക്കുറിച്ചും പറയാതെ വയ്യ.

ഭൂമി വിവാദത്തെ ചൊല്ലിയാണ് വിമത വൈദികര്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വന്നതെങ്കിലും അവരുടെ അത്യന്തികമായ ലക്ഷ്യം സീറോ മലബാര്‍ സഭയില്‍ കാലങ്ങളായി നീറി പുകഞ്ഞുകൊണ്ടിരുന്ന രണ്ട് ആരാധനാ ക്രമങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും അധികാര തന്‍പ്രമാണിത്വങ്ങള്‍ക്കു വേണ്ടിയുള്ള അവകാശവാദങ്ങളുമായിരുന്നു. 1992 മുതല്‍ നിലനിന്നിരുന്ന ആരാധനക്രമത്തിലുള്ള വിവാദങ്ങള്‍ക്കും അധികാര തര്‍ക്കങ്ങള്‍ക്കും പരസ്പരപൂരകങ്ങളായ ബന്ധങ്ങളുണ്ട്. പാരമ്പര്യ-പൗരസ്ത്യ ആരാധനാക്രമങ്ങള്‍ക്കുവേണ്ടിയുള്ള തര്‍ക്കമാണ് ആരാധനാ ക്രമങ്ങളുടെ പേരിലെങ്കില്‍ എറണാകുളം അതിരൂപതയും സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ആരു വരുണമെന്നതിലാണ് അധികാരത്തര്‍ക്കം നിലനില്‍ക്കുന്നത്.

ആരാധനാ ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് കല്‍ദായവല്‍ക്കരണമെന്നും കല്‍ദായവിരുദ്ധവല്‍ക്കരണമെന്നും എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശുദ്ധ കുരിശിന്റെ നാലു അറ്റങ്ങളിലും താമര ഇതള്‍പോലുള്ള കുരിശാണ് കല്‍ദായ വാദികളുടെ കുരിശ്. സീറോമലബാര്‍ സഭ കിഴക്കിന്റെ പാരമ്പര്യമുള്ളതിനാലാണ് കല്‍ദായക്കുരിശും പൗരസത്യരീതിയിലുള്ള കുര്‍ബാനക്രമവും വേണമെന്ന് കല്‍ദായ വാദികള്‍ പറയുന്നത്. എന്നാല്‍ നമ്മുടെ സഭ ഭാരതീയ സംസ്‌കാരത്തിലൂന്നിയുള്ള പാരമ്പര്യ സഭയായതിനാല്‍ പാരമ്പര്യ രീതിയിലുള്ള ആരാധനാക്രമം തന്നെ നിലനിര്‍ത്തണമെന്ന വാദമാണ് കല്‍ദായ വിരുദ്ധര്‍ പറയുന്നത്.

എറണാകുളം-അങ്കമാലി അതിരൂപത ഭരിക്കപ്പെടേണ്ടത് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയിട്ടുള്ള മെത്രാനായിരിക്കണമെന്നത് കാനോനിക നിയമമാണ്. അതുകൊണ്ടാണ് മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെടുന്നയാള്‍ ഈ അതിരൂപതയുടെ മെത്രാപ്പോലീത്ത ആകുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ കാലത്താണ് ആരാധനാക്രമത്തിലുള്ള തര്‍ക്കം അതിരൂക്ഷമാകുന്നത്. അദ്ദേഹത്തിനു പിന്‍ഗാമിയായി എറണാകുളം- അങ്കമാലി രൂപതക്കാരന്‍ തന്നെ മെത്രാനാകണമെന്ന രൂപതയിലെ വൈദികരുടെ അവകാശ വാദം ന്യായീകരിക്കാന്‍ പറ്റുന്നതല്ല. കാരണം, ഈ അതിരൂപതയിലെ മെത്രാപ്പോലീത്തയുടെ അധികാരപരിധി രാജ്യാന്തര സീമകള്‍ക്കതീതമാണ്. സഭയിലെ 55 രൂപതകളിലായി പടര്‍ന്നു കിടക്കുന്ന 50 ലക്ഷം വിശ്വാസികളുടെ അധിപനാണ് കര്‍ദ്ദിനാള്‍ പദവിയില്‍ എത്തുന്ന ഈ മെത്രാപ്പോലീത്ത. അതുകൊണ്ട് തന്നെ സഭയിലെ വോട്ടവകാശമുള്ള മുഴുവന്‍ മെത്രാന്‍മാരും സിനഡു ചേര്‍ന്ന് പ്രാര്‍ത്ഥിച്ച് എല്ലാവരെയും മനസില്‍ പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തുന്ന ആളായിരിക്കും നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്. വാഴിക്കപ്പെട്ട ഒരു മെത്രാന്‍ പോലുമാകണമെന്നില്ല തെരഞ്ഞെടുക്കപ്പെടുന്നയാള്‍. മെത്രാന്‍ അല്ലാത്തയാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നീട് വാഴിച്ച് മെത്രാനാകുകയാണ് നിയമം.

അങ്ങനെയിരിക്കെ, പടിയറ പിതാവിന്റെ അന്ത്യസമയത്ത് അധികാരത്തര്‍ക്കം മൂത്തു. ഒരു മിഷന്‍ വൈദികനായിരുന്ന വര്‍ക്കി വിതയത്തിലിനെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തുകയും അദ്ദേഹത്തെ പിന്നീട് കര്‍ദ്ദിനാളായി വാഴ്ത്തുകയും ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരി- എറണാകുളം രൂപതകളില്‍ നിന്നുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിനു വേണ്ടിയുള്ള മത്സരത്തിനിടെയായിരുന്നു എറണാകുളംകാരന്‍കൂടിയായ വര്‍ക്കി വിതയത്തിലെ മേജര്‍ ആര്‍ച്ച് ബിഷപ്പാക്കിക്കൊണ്ട് മാര്‍പ്പാപ്പ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്ന് ആരാധനാക്രമ വിവാദം താല്‍ക്കാലികമായി കെട്ടടങ്ങി.

എന്നാല്‍ വര്‍ക്കി വിതയത്തിലിന്റെ കാലത്തു തന്നെ കല്‍ദായ വാദത്തെ അനുകൂലിക്കുന്ന പുതിയ ആരാധനാക്രമം നടപ്പിലാക്കാനുള്ള ചുമതലയും വര്‍ക്കി വിതയത്തിലിനു വന്നു ചേര്‍ന്നു. ഈ തീരുമാനം എറണാകുളം- അങ്കമാലി രൂപതയിലെ വിമത വൈദികരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അവര്‍ തെരുവിലിറങ്ങി പ്രതിഷേധ റാലികളും പ്രകടനങ്ങളും സംഘടിപ്പിച്ചു. പിന്നീട് സമവായത്തിലൂടെ ഇവ ഭാഗീകമായി നടപ്പില്‍ വരുത്തി. ഇത് പലരൂപതകളിലും പലരീതികളിലുള്ള കുര്‍ബാനക്രമങ്ങള്‍ ചെല്ലാന്‍ വഴി വച്ചു. അതാണ് പല രൂപതകളിലുമുള്ള പള്ളികളില്‍ വ്യത്യസ്ത കുര്‍ബാനക്രമങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നത്.

വര്‍ക്കി വിതയത്തിലിന്റെ മരണത്തെ തുടര്‍ന്ന് സിനഡ് കൂടി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മെത്രാപ്പോലീത്തയാക്കിയത് എറണാകുളത്തെ വൈദികര്‍ക്ക് അത്ര സുഖിച്ചില്ലെങ്കിലും മറ്റു മെത്രാന്മാര്‍ എല്ലാം അതിനെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് സഭ അസൂയാവഹമായ വളര്‍ച്ചയാണ് കൈവരിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രൂപതകളും മെത്രാന്മാരുമായി. ഏതാണ്ട് 55 മെത്രാന്മാരും 35 ലേറെ രൂപതകളുമാണ് സീറോ മലബാര്‍ സഭയ്ക്ക് ലോകമെമ്പാടുമുള്ളത്. ഇതിനിടെ മറ്റ് ഓറിയന്റല്‍ സഭകളെപ്പോലെ പാട്രിയോര്‍ക്കല്‍ പദവിയുള്ള സഭയായി സീറോ മലബാര്‍ സഭയെ പരിഗണിക്കാനിരിക്കെ ഭൂമി വിവാദം എന്ന ഭൂതം തുറന്നു വിട്ടുകൊണ്ട് ആ പദവി ഇല്ലാതാക്കാനുള്ള നീക്തത്തില്‍ പാതി വിജയിച്ചതാണ് ഈ സമരത്തിലെ ഏറ്റവും വലിയ ഹിഡന്‍ അജണ്ടകളിലൊന്ന്. പാട്രിയോര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക ലോകം മുഴുവനുമുള്ള മെത്രാന്‍ നിയമനങ്ങളിലെ പരമാധികാരവും നിയന്ത്രണവും ഉണ്ടാവും. മാര്‍പ്പാപ്പയെ വിധേയപ്പെട്ടു അംഗീകരിക്കുക എന്നതുമാത്രമായിരിക്കും ഈ അംഗീകാരം ലഭിച്ചാല്‍ സഭകള്‍ തമ്മിലുണ്ടാകുന്ന കടപ്പാട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന പദവിക്ക് പാത്രിയാര്‍ക്കീസ് എന്ന വിളിപ്പേരുമുണ്ടാകും.

സഭയുടെ വിശ്വാസത കളഞ്ഞുകുളിക്കുന്ന ഭൂമി വിവാദത്തിന്റെ വിശദവിവരങ്ങള്‍അടങ്ങിയ മെമ്മോറാണ്ടം മാര്‍പ്പാപ്പയ്ക്ക് അയച്ചതിനു പിന്നിലെ രഹസ്യവും പാത്രിയാര്‍ക്കീസ് പദവി ഇല്ലാതാക്കുവാനാണ്.

പാത്രിയാര്‍ക്കീസ് പദവി ലഭിച്ചാല്‍ മാര്‍ ആലഞ്ചേരിയുടെ അധികാര സീമയില്‍ ലോകം മുഴുവനുമുള്ള സീറൊ മലബാര്‍ രൂപതകളുടെ പൂര്‍ണ്ണ അധികാരം കൂടിയാകും. കേരളത്തിനു പുറത്തുള്ള ചില പുതിയ രൂപതകളുടെ അധിപന്മാരുടെ റോമിലുള്ള സ്വാധീനം ഇതിനു തടയിടാന്‍ ഭൂമി വിവാദം ഏറെ എളുപ്പമാകും. മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിക്കുള്ള കുപ്പായം തയ്പ്പിച്ച് വച്ചിരുന്ന പലരും കുളത്തിനു വെളിയാന്‍ വരാന്‍ കാത്തിരിക്കുമ്പോഴാണ് ഈ ഭൂമി വിവാദം പൊങ്ങിവന്നത്. അവര്‍ 'കുളം' കലക്കി പരമാവധി മീന്‍ പിടിച്ചു. പക്ഷേ പെട്ടെന്നുള്ള സമവായം കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടുചോറു മാന്തിച്ചവര്‍ക്കും ഇരുട്ടടിയായി.

എറണാകുളം രൂപതയില്പെട്ട ചില മെത്രാന്മാരാണ് രഹസ്യമായി ഈ ഭൂമി വിവാദത്തിനു പിന്തുണ നല്‍കിയതെന്നും പരസ്യമായ രഹസ്യമാണ്. അതിനായി അവര്‍ കൂട്ടുപിടിച്ചത് അതിരൂപതയിലെ സഹായ മെത്രാന്മാരെത്തന്നെ ഉപയോഗിച്ചാണ്. അപ്പന്‍ ചത്താല്‍ കട്ടിലില്‍ കിടക്കാം എന്ന പഴഞ്ചൊല്ല് ഓതിക്കൊടുത്ത് ആലഞ്ചേരിയെ ഒതുക്കിയാല്‍ നിങ്ങളിലൊരാള്‍ അടുത്ത 'മേജര്‍ ആര്‍ച്ച് ബിഷപ്പ്' എന്ന വാഗ്ദാനമാണ് ഈ മെത്രാന്‍ പ്രമുഖരില്‍ പ്രമുഖനായ ഒരാള്‍ ഇവര്‍ക്ക് നല്‍കിയത്. അതിനായി ആറ്റുനോറ്റിരുന്ന അവസരം ഭൂമിക്കച്ചവടത്തിനു ചുക്കാന്‍ പിടിക്കുകയും പിന്നീടത് പുറംലോകം അറിയിക്കാന്‍ വേണ്ടി രഹസ്യസ്വഭാവമുള്ള വൈദികസര്‍ക്കുലര്‍ ഇറക്കി രൂപതാ വെബ്‌സൈറ്റില്‍ വരെ ഇട്ട് ഈ മെത്രാന്മാര്‍ തങ്ങളുടെ മേധാവിയെ പീഢിപ്പിച്ചു.

ഇതില്‍ സര്‍ക്കുലര്‍ ഇറക്കിയ സഹായമെത്രാന്‍ പറയുന്നതു കേള്‍ക്കുക 'ഇതു ക്ഷമിക്കാനുള്ള കാലമാണ്. യേശു ക്രിസ്തു മരണം വരെ ക്ഷമിച്ചു. എനിക്കു നീതി കിട്ടിയില്ല. അല്ലെങ്കില്‍ തന്നെ എനിക്കെന്തിനു നീതി ലഭിക്കണം. തുടര്‍ന്നു പറയുന്നു എനിക്ക് നീതി കിട്ടാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം? - പറയൂ പിതാവേ, അങ്ങേക്ക് എന്തു നീതിയാണ് ലഭിക്കാതെ പോയത്, മറ്റു പിതാക്കന്മാര്‍ വാഗ്ദാനം ചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയോ? അതിനു കര്‍ദ്ദിനാളിന്റെ പദവി മരണം വരെയല്ലേ? അദ്ദേഹം മരിക്കാന്‍ വേണ്ടിയും വിശ്വാസികള്‍ ഉപവസിക്കണമോ അങ്ങനെ വന്നാല്‍ അപ്പന്‍ ചത്താല്‍ കട്ടിലില്‍ കിടക്കാം' എന്ന ആ പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമാകുമെന്നോ? അതോ മറ്റുള്ളവരുടെ മനസിലിരുപ്പ് അങ്ങ് മനസിലാക്കിയോ- എങ്കില്‍ അതു തന്നെയാണ് ശരി.

അങ്ങ് ഒരിക്കലും മേജര്‍ ആര്‍ച്ച് ബിഷപ്പോ കര്‍ദ്ദിനാളോ ആകുകയില്ല. അതിനു പ്രേരിപ്പിച്ചവര്‍ ഈ പ്രശ്‌നങ്ങള്‍ വഴി അങ്ങയുടെ സാധ്യതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇല്ലാതാക്കി ഒരു ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായം തയ്പിച്ചു വച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഓരോ തവണയും ചുമന്ന കുപ്പായം പുറത്തെടുത്ത് വച്ചിട്ട് പൊടിപിടിച്ചതിനാല്‍ 'ഡ്രൈക്ലീന്‍'ചെയ്തു പൂട്ടിവച്ചിരിക്കുകയാണിപ്പോള്‍. കാത്തിരുന്നു കാണാം എന്തു സംഭവിക്കുമെന്ന്.
സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)സീറോ മലബാര്‍ പ്രശ്‌നം: മാധ്യമങ്ങളെ പഴിചാരിക്കൊണ്ട് ഒത്തുതീര്‍പ്പിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Vayanakkaran 2018-03-28 12:43:48
Fracis Thadathill, I disagree 90 percent with you. You are blindly supporting the main culprit Cardinal. Study the problem and the related actions in detail, then write.
Francis Thadathil 2018-03-28 18:20:16
പ്രിയ വായനക്കാരാ 
താങ്കളുടെ വിയോജിപ്പുകൾ ഏതൊക്കെ കാര്യങ്ങളിലാണെന്നു 
 അറിയാതെ ഒരു മറുപടി അയക്കുക ബുദ്ധിമുട്ടു തന്നെ. എന്നിരുന്നാലും ഒരു കരയാം പറയാതെ വയ്യ. ലേഖനത്തിൽ കൊടുത്ത കാര്യങ്ങൾ ശരിയാണെന്നു മുൻകാല ചരിത്രം പരിശോധിച്ചാൽ മതിയാകും. മേല്പറഞ്ഞ ആരാധന ക്രമ വിവാദങ്ങൾ എല്ലാം thane അധികാരക്കൊതിയുടെ മൂല ഘടകങ്ങൾ ആണെന്നുമാത്രം. കർദിനാൾ ഇവിടെ കുറ്റക്കാരൻ തന്നെയാണ് . എന്നാൽ മറ്റുള്ളവർക്ക് കൂട്ട് ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. 1995 മുതൽ സഭ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയിൽ ചരിത്രം വ്യക്തമായി  അറിയാം.അതുകൊണ്ടു പറയട്ടെ താങ്കൾ ഈ വിഷയം ശരിക്കും പഠിക്കുക. ഈപ്പ നടന്നുകൊണ്ടിരിക്കുന്നതു വെറും അന്തർനാടകങ്ങൾ മാത്രമാണ് . ഞാൻ സൂചിപ്പിച്ചതിലും ഭീകരമാണ് യാധാര്ത്യങ്ങൾ .
സ്നേഹപൂർവ്വം 
ഫ്രാൻസിസ് തടത്തിൽ 
reader 2018-03-29 05:27:11
This is really a false news. We know that Cardinal did a big mistake. This article is trying to divert the real subject . The author has  bad intention of protecting the land mafia.  This issue is so scary , because if a bishop or cardinal is comprimised with any maffia, there may be a chance that syro malabarian's is going to lost all their property. Auxillary Bishops did a good job in order to expose this mistake on to the public. This will help the public to act as a watchdog. Eventhough it araises some loyalty issues, it will help the church in the future
A close reader 2018-03-28 22:19:49
Very realistic and informative article!  Thank you for a super journalistic work with supporting facts and I agree with your findings.  Please continue your good work.
നാരദന്‍ 2018-03-29 07:35:36
വല്ലവന്റ്റ്  പുള്ളിന് പൂട പറിച്ചാല്‍ പുള്ളഉം ഇല്ല പൂടയും ഇല്ല എന്ന പോലെ ആയി മീഡിയ 
മെത്രാനെ കാണുമ്പോള്‍ മുട്ട് അടിക്കുന്ന കുഞ്ഞാടിനെ രക്ഷിക്കാന്‍ പോയാല്‍ കുഞ്ഞാട് തന്നെ അടിച്ചു ഓടിക്കും 
ഞങ്ങളുടെ മെത്രാന്‍ ഞങ്ങളെ പറ്റിച്ചാല്‍ നിങ്ങള്ക്ക് എന്താ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക