Malabar Gold

യാത്രക്കാരന്‍ (കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 05 April, 2018
യാത്രക്കാരന്‍ (കവിത: ജയന്‍ വര്‍ഗീസ്)
പോയ കാലത്തിന്റെ 
ചില്ലയില്‍ ചേക്കേറു  
മേതോ കിനാവിലെ  
പ്പക്ഷിയാണിന്നു ഞാന്‍ !

കാലഘട്ടങ്ങള്‍ക്കു 
കാവല്‍ കിടക്കുവാ  
നാരോ വളര്‍ത്തുന്ന 
നായയാണിന്നു ഞാന്‍ !

ഏതോ കിനാവിന്റെ 
നെഞ്ചിടിപ്പോടു ചേ  
ര്‍ത്തോരോ വസന്തങ്ങള്‍ 
വാരിപ്പുണര്‍ന്ന ഞാന്‍, 

മോഹങ്ങള്‍ തുന്നും 
തലപ്പാവണിഞ്ഞൊരു 
രാജസൂയത്തിലെ 
നായകനായ ഞാന്‍, 

ദാഹമരീചികാ 
തീരത്തിലെന്‍ മാണി  
വീണയില്‍ രാഗങ്ങള്‍ 
പാടി നടന്ന ഞാന്‍, 

നീതി ശാസ്ത്രങ്ങള്‍ 
തിരുത്തുവാ, നുള്‍വിളി  
വാളാല്‍, പ്പയറ്റി  
ത്തളര്‍ന്നു വീഴുന്ന ഞാന്‍, 

നേട്ടങ്ങളാം കൊച്ചു  
പൂജ്യങ്ങള്‍ കൊണ്ടെത്ര 
രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു, 
വെന്നോര്‍ത്ത ഞാന്‍, 

ഇല്ല ! മതിഭ്രമം, 
മായ, കാലത്തിന്റെ 
ചില്ലയില്‍ പൂത്ത 
നിമിഷങ്ങള്‍ ജീവിതം !

പോവുകയാണ്, മടങ്ങി 
ഞാന്‍, വന്നിട  
ത്തേക്കിനി നാളെയും 
വന്നിടാന്‍ പിന്നെയും?

യാത്രക്കാരന്‍ (കവിത: ജയന്‍ വര്‍ഗീസ്)
Sudhir Panikkaveetil 2018-04-05 11:10:40
വളരെ അർത്ഥവത്തായ,, സുന്ദരമായ കവിത.നിങ്ങളുടെ കവിതകൾ എന്നും സുന്ദരങ്ങൾ തന്നെ. അഭിനന്ദനം പ്രിയ കവി.
Amerikkan Mollaakka 2018-04-05 15:45:53
എന്റെ എത്രയും പ്രിയപ്പെട്ട കവി ജയൻ സാഹിബ്.. ഇങ്ങള് കവിയാണ്. കബിതയെഴുത്ത് ഇങ്ങള്ക്ക് ചേരും. വെറുതെ ദൈവത്തിന്റെ പേരും പറഞ്ഞ് കലഹിക്കാതെ.  ഞമ്മള് അഞ്ചു നേരം നിസ്കരിക്കും നല്ല കർമ്മങ്ങൾ ചെയ്യും. അല്ലാതെ അല്ലാഹുവിനെപ്പറ്റി പ്രസംഗിക്കാനോ, അങ്ങേർക്ക് വേണ്ടി വാളോ പേനയോ എടുക്കാനോ പോകില്ല. കാരണം എന്തെങ്കിലും ഞമ്മക്ക് പറ്റിയാൽ ഓൻ തിരിഞ്ഞു നോക്കില്ല ചങ്ങാതി. ഇങ്ങള് പത്രങ്ങളിൽ ബായിക്കുന്നില്ലേ ഓരോരുത്തര് ദൈവത്തിന്റെ  പേരും പറഞ്ഞു തമ്മിൽ തമ്മിൽ വെട്ടി ചാവുന്നത്.    ജയൻ സാഹിബ് കബിത, ലേഖനം (ദൈവത്തെപ്പറ്റിയല്ല) കഥ, ഇതൊക്കെ എയ്തു. അസ്സലാമു അലൈക്കും.ഇങ്ങള് ആ വിദാധരൻ സാറും, ഡോക്ടർ ശശിധരൻ സാഹിബും ആൻഡ്രുസ് സാഹിബും പറയുന്നത് കേൾക്കുക. മതം സ്വന്തം മനസ്സിലും വീട്ടിലും മാത്രം വയ്ക്കുക. 
വിദ്യാധരൻ 2018-04-05 23:33:59
അമേരിക്കൻ മൊല്ലാക്കയുടെ നിരീക്ഷണത്തോട് തികച്ചും യോജിക്കുന്നു.  ഒരു കവി ഋഷിയാണ് . ബ്രഹ്‌മാവാണ് . "പ്രകൃതിനിഷ്ഠമായ സൗന്ദര്യത്തെ മനസ്സിലാക്കി അതിനെ ഹൃദയംഗമായി പ്രതിപാദനം ചെയ്ത് അന്യർക്ക് അനുഭവപ്പെടുത്തി കൊടുക്കുന്നതിന് ശക്തിയുള്ളവനാണ് കവി "  ജയന്റെ ഭാവന ഭാഷ ഇവയൊക്ക ഒരു കവിക്ക് ചേർന്നതാണ്. നിങ്ങൾ അന്വേഷിക്കുന്ന ദൈവം നിങ്ങളിൽ ഉള്ളതുകൊണ്ടാണ് അത് സാധ്യമാകുന്നത് .   മനുഷ്യനും മതവും, ദൈവവും മനുഷ്യൻ ഉണ്ടാക്കിയ ദൈവം ) ചേർന്ന് സൃഷിട്ടിച്ചിരിക്കുന്ന ദുരവസ്ഥയിൽ നിന്ന് മനുഷ്യ രാശിയെ മോചിപ്പിക്കേണ്ട കവി അല്ലെങ്കിൽ സാക്ഷാൽ ബ്രഹ്‌മാവ്‌  കവിതയിൽ ശ്രദ്ധ വയ്ക്കാതെ ദൈവത്തെ അന്വേഷിക്കുന്നത് വായനക്കാരായ ഞങ്ങളെ ദുരിതത്തിൽ ആഴ്ത്തും . അത് കിട്ടിയിരിക്കുന്ന 'താലന്ത്' കുഴിച്ചിട്ടതിന് തുല്യമാകും .  അതുകൊണ്ട് 

'വന്നീടുക മടങ്ങി വീണ്ടും' 
തന്നീടുക ഞങ്ങളെ ശുദ്ധമാക്കും
ചിന്തോദ്ദീപകമാം കവിതകൾ
സന്തോഷമുള്ള സ്വർഗ്ഗമിങ്ങു തീർക്കാൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക