Malabar Gold

വളര്‍ന്നു, വളര്‍ന്നു, തളരുന്ന മലയാള സിനിമ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 10 April, 2018
വളര്‍ന്നു, വളര്‍ന്നു, തളരുന്ന മലയാള സിനിമ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
" ഉണ്ണ്യേട്ടാ, എന്നെ എന്നാ കല്യാണം കഴിക്കുന്നേ?" അന്‍പത്തെട്ടും കഴിഞ് ( റിട്ടയര്‍മെന്റ് പ്രായം) കവിളുകള്‍ ചീര്‍ത്തു തൂങ്ങിയ കിളവന്‍ നായകനോട് പേരക്കുട്ടിയുടെ പ്രായത്തിലുള്ള പതിനേഴ് തികയാത്ത കിളുന്തു നായികയുടെ പ്രേമോദാരമായ കൊഞ്ചല്‍.

" അതിനിനി അധികം താമസമില്ലാ മോളെ" വിപ്രലംഭ ശ്രംഗാര രതി മൂര്‍ച്ചയില്‍ നായകന്റെ മറുപടി.

ഉടന്‍ പാട്ട്. വയലാറിനെയും, ഗിരീഷ് പുത്തഞ്ചേരിയേയും പോലുള്ള മഹാരഥന്മാരുടെ വരികള്‍ യേശുദാസിനെയും, ജയചന്ദ്രനേയും പോലുള്ള പ്രതിഭാശാലികള്‍ പാടിയപ്പോള്‍, കേരളവും, കേരളത്തനിമയും, ജീവിതവും, ജീവിതത്തനിമയും അതിലൂടെ മിന്നിമറഞ്ഞിരുന്നൂ പണ്ട്. വികടസരസ്വതി വിളയാടുന്ന വളിപ്പന്‍ വരികളും, അരയും, തലയും അവയവങ്ങളും കുലുക്കി പുറത്തേക്ക് തെറിപ്പിക്കുന്ന അഡാറണ്‍ മുക്രകളുമായി ന്യൂജന്‍ സംഗീതവും ഇന്നും നമുക്ക് ചുറ്റുമുണ്ട്; അത് നമ്മെ വട്ടു പിടിപ്പിക്കുന്നുമുണ്ട്.

ഇതിനിടയില്‍ കേരളത്തിന് വെളിയിലായിരുന്ന വില്ലന്‍ കവിളില്‍ പൂടയും, കൈയില്‍ കാശുമായി പടപടപ്പന്‍ മോട്ടോര്‍ സൈക്കിളില്‍ പറന്നെത്തുന്നു. രാഷ്ട്രീയക്കാരും, സ്ത്രീ പീഠനക്കാരുമായ ഗുണ്ടകളുമൊത്ത് അയാള്‍ വെള്ളമടി പോലും ഉത്സവമാക്കുന്നു. പെണ്ണിന്റെ അഴകൊഴന്പന്‍ തന്ത പതുക്കെ അങ്ങോട്ട് ചായുന്നു.

" മാനസ മൈനേ വറൂ " എന്ന് പാടിനടക്കാന്‍ ഇത് പഴയകാല സിനിമയല്ലാത്തത് കൊണ്ടാവണം, പുതിയ കാല നായകന്‍ തന്റെ കൂട്ടുകാരായ കലിങ്കിന്‍മേലേ കഞ്ചാവടി സംഘവുമായി കൂട്ടുചേര്‍ന്ന് കല്യാണം മുടക്ക്, പോലീസിനെ ആക്രമണം, പച്ചത്തെറിവിളി, കരാട്ടെ ബ്ലാക്ള്‍ബെല്‍റ്റ് മുതലായ പ്രകടനങ്ങളിലൂടെ വില്ലനെയും, വില്ലന്റെ തമിഴ് ഗുണ്ടകളെയും, ഇടിച്ചു വീഴ്ത്തി, രാഷ്ട്രീയ ചക്രവ്യൂഹം തകര്‍ത്തെറിഞ്ഞു, കള്ളക്കാപ്രികളെ പോലീസിലേല്‍പ്പിച്ചു കൊണ്ട്, വിജയ ശ്രീലാളിതനായി പെണ്ണിന്റെ കൈയും പിടിച്ചു നടന്നു വരുന്‌പോള്‍ തീയറ്ററുകളില്‍ നിലക്കാത്ത കയ്യടികള്‍ .....സ്റ്റാറുകള്‍ സൂപ്പറും മെഗായുമാകുന്നു,..നിര്‍മ്മിതാവിന്റെ കള്ളപ്പണം വെളുക്കുന്നു,...സംവിധായകര്‍ക്ക് താടി വളരുന്നു,..മലയാള സിനിമ വളരുന്നു,...ശുഭം,..ശുഭായസ്യ.....?

ഏതോ വിദേശ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനെത്തിയ ഒരു മലയാള സിനിമയുടെ കഥ കേട്ടിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ചിത്രങ്ങള്‍ എത്തിയിരുന്നു. മനുഷ്യ വേദനകളെയും, ജീവിത സാഹചര്യങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കുന്നതും, മനുഷ്യാവസ്ഥയുടെ മറ്റൊലിഛേദങ്ങളുമായ അത്തരം ചിത്രങ്ങള്‍ക്കിടയില്‍ നമ്മുടെ ഉണ്യേട്ടന്‍ സിനിമയും പ്രദര്ശിപ്പിക്കപ്പെട്ടപ്പോള്‍, ജഡ്ജിങ് പാനലിലെ ഏതോ സാധു ജീവി നമ്മുടെ താടി സംവിധായകനോട് അത്യത്ഭുതത്തോടെ ചോദിച്ചുവത്രെ: " നിങ്ങളുടെ നാട്ടില്‍ കല്യാണം കഴിക്കുന്നത് ഇത്രയേറെ കഷ്ടപ്പെട്ടിട്ടാണില്ലേ ?" എന്ന്.

സാക്ഷരതയില്‍ നൂറു ശതമാനത്തിലെത്തി നില്‍ക്കുന്ന കേരളം ! പട്ടിണിയെങ്കിലും പത്രം വായിക്കാന്‍ മറക്കാത്ത ഒരു ജനത !ചരിത്രത്തിലാദ്യമായി അര നൂറ്റാണ്ടിനും മുന്‍പേ ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസത്തെ അധികാരത്തിലേറ്റിയ പ്രബുദ്ധത ! ലോകത്താകമാനമുള്ള മനുഷ്യത്താവളങ്ങളില്‍ ഇടിച്ചുകയറി സ്വന്തം തൊഴിലിടങ്ങളും, ജീവിതവും കരുപ്പിടിപ്പിക്കുന്ന കര്‍മ്മ കുശലത !

എന്നിട്ടും ഈ ജനതക്കെന്തു പറ്റി? കേവലമായ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സാഹിത്യവും, മറ്റു സാംസ്കാരിക സന്പന്നതകളും ലോക നിലവാരത്തിലേക്കുയര്‍ത്തിനിന്ന കേരളം, പാന്പും കോണിയും കളിയിലെ പാന്പിന്‍ വാലില്‍ വീണു കിടക്കുന്ന ദയനീയ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഈ ദയനീയാവസ്ഥ നമുക്ക് സമ്മാനിച്ചതില്‍ ജനപ്രിയ മാധ്യമങ്ങളായ ബിഗ് സ്ക്രീനിനും, മിനി സ്ക്രീനിനും കുറ്റകരമായ വലിയ പങ്കുണ്ടെന്നു ചിന്താ ശേഷിയുള്ള ഒരാള്‍ക്ക് നിസ്സംശയം കണ്ടെത്താവുന്നതാണ്. പൊതുവായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്നതും, ഊതിവീര്‍പ്പിച്ച ഒരു സാമൂഹ്യാവസ്ഥയെ പ്രതിനിധീകരിക്കുന്നതും, നിയമ വാഴ്ച പോലും നടപ്പിലാവാത്ത ഒരു പട്ടിക്കാടാണ് കേരളമെന്നു തോന്നിപ്പിക്കുന്നതുമായ ഒരവില്‍പ്പൊതി സംസ്ക്കാരത്തിന്റെ ആസ്വാദന പ്രതിനിധികളായി സ്വയം മാറിക്കൊണ്ട്, കവല ചട്ടന്പികളായ കഥാ നായകന്മാരോടുള്ള വീരാരാധനയില്‍, മൂന്നാംകിട ചിത്ര നിര്‍മ്മാതാക്കളുടെ മടിശീലയില്‍ പണമെറിഞ് , അവരെ താങ്ങി നിര്‍ത്തുന്ന സാംസ്കാരിക ഷണ്ഡന്മാരായി അധഃപതിച്ചിരിക്കുകയല്ലേ നമ്മള്‍ മലയാളികള്‍?

സിനിമ കല മാത്രല്ലാ, കച്ചവടം കൂടിയാണ് എന്ന സിനിമാ പ്രവര്‍ത്തകരുടെ വാദം നമുക്ക് അംഗീകരിക്കാം. കച്ചവടത്തില്‍ വേഗം വിറ്റഴിയുന്ന വസ്തുക്കളെയാണ് അവര്‍ നിരത്തി വയ്ക്കുന്നത്. ക്വാളിറ്റി പരിശോധിക്കാതെ വാങ്ങാനെത്തുന്ന നമ്മളാണ് കുറ്റക്കാര്‍. അവര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു കൊണ്ട് അവരുടെ മൂന്നാം കിട ചരക്കും വാങ്ങി മടങ്ങുന്‌പോള്‍, ആ ചീഞ്ഞ ശവത്തിന്റെ നാറ്റം കുറച്ചെങ്കിലും നമ്മളും പേറുകയാണെന്ന ഒളിഞ്ഞ സത്യം മനസ്സിലാക്കാതെ ഏതോ വലിയ കാര്യം നിര്‍വഹിച്ച സംതൃപ്തിയോടെ നാം ചടഞ്ഞിരിക്കുകയാണ് ?

മലയാള സിനിമയുടെ ചരിത്ര പരിശോധനക്ക് ഇവിടെ പ്രസക്തിയില്ല. കലാമൂല്യമുള്ള, മനുഷ്യാവസ്ഥയുടെ മഹാ സാധ്യതകളെ അന്വേഷിക്കുന്ന, ലോക സിനിമയിലെ ഏതു മുന്നേറ്റത്തോടും കിട പിടിക്കാനാവുന്ന ചിത്രങ്ങളും നമുക്കുണ്ടായിട്ടുണ്ട്. പക്ഷെ, അവ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന എണ്ണങ്ങള്‍ മാത്രം. ജനസംഖ്യാനുപാതത്തില്‍ പരിശോധിക്കുന്‌പോള്‍, ലോകത്തിലേറ്റവുമധികം സിനിമ നിര്‍മ്മിക്കുന്ന ഒരു പ്രദേശത്താണിത് സംഭവിക്കുന്നത് എന്നറിയുന്‌പോളാണ് നമ്മുടെ ദയനീയമായ പാപ്പരത്തം എത്ര വലുതായിരുന്നുവെന്ന് നമ്മള്‍ പോലും തിരിച്ചറിയുന്നത് !?

ഏറ്റവും വലിയ ജനകീയ മാധ്യമം എന്ന നിലയില്‍ സിനിമ എന്നും പ്രസക്തമാണ്. തിരശീലയിലെ മുഖങ്ങള്‍ പ്രേക്ഷകന്റെ ആരാധനാ മൂര്‍ത്തികള്‍ കൂടിയാണ്. നമ്മുടെ നെഞ്ചില്‍ അവര്‍ക്കൊരു മാന്യമായ സ്ഥാനം നാം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തോട് അവര്‍ക്ക് ഉത്തരവാദിത്വവും, കടപ്പാടുമുണ്ട്. തങ്ങള്‍ ഭാഗഭാക്കാവുന്ന കലാരൂപങ്ങള്‍ ഏതെങ്കിലും തരത്തില്‍ സമൂഹത്തിനു ഗുണപരമാവുന്നുണ്ടോ എന്ന് അവര്‍ തന്നെ വിലയിരുത്തണം. നാലണ കിട്ടിയാല്‍ ആരുടെ മുന്നിലും തുണിയുരിയുന്ന തെരുവ് വേശ്യയുടെ നിലവാരത്തിലേക്ക് കലാകാരന്‍ തരം താഴാന്‍ പാടില്ല. സ്വകാര്യ ജീവിതത്തിലും നീതിപൂര്‍വകമായ ഒരു നിലപാട് സ്വീകരിക്കുവാന്‍ കലാകാരന്‍ ബാധ്യസ്ഥനാണ്. ഇതൊന്നും പാലിക്കാത്തവന്‍ എത്ര ഉന്നതനായാലും മാനത്തു വിടരുന്ന മത്താപ്പ് പോലെ നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്ന്, കാല സാഗരത്തില്‍ ഒരു കുമിള പോലും അവശേഷിപ്പിക്കാതെ അവസ്സാനിക്കും.? മറിച് നിങ്ങള്‍ ദൈവീക വരദാനമുള്ള കലാകാരനാണെങ്കില്‍ നിങ്ങള്‍ പ്രസരിപ്പിക്കുന്ന വെളിച്ചം നിങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിട്ടുള്ളതാകയാല്‍, അത് വിലപേശി വില്‍ക്കരുത്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്കര്‍ഹമായതു നിങ്ങള്‍ക്ക് കിട്ടും. നിങ്ങള്‍ക്കെതിരെ എറിയപ്പെട്ടേക്കാവുന്ന കല്ലുകള്‍ നിങ്ങളെ സ്പര്‍ശിക്കാതെ വഴിയോരങ്ങളില്‍ കാത്തുകിടന്ന് നിങ്ങള്‍ക്ക് വേണ്ടി പാടും !!

ഏറ്റവും ചുരുങ്ങിയത്, താന്‍ എന്താണെന്നും, എന്തിനു വേണ്ടിയാണെന്നും ഒരു കലാകാരന്‍ അറിഞ്ഞിരിക്കണം. ആയിരത്തില്‍ ഒരുവനാണ് നീ ? നിന്നെ നിയന്ത്രിക്കുന്ന ഒരു നിയോഗത്തിന്റെ ചരടുണ്ട്. വെളിച്ചത്തിന്റെ പ്രതിനിധിയാണ് നീ ? അത് പ്രസരിപ്പിക്കാന്‍ നിനക്ക് സാധിക്കുന്നില്ലെങ്കില്‍ നിന്റെ ജന്മം കാലത്തിന്റെ കണക്കിലെ ഒരു നഷ്ടക്കച്ചവടത്തിന്റെ ബാക്കിപത്രം ആയിപ്പോകും.?

നിശ്ചലസ്പടികമായ തടാകജലത്തില്‍ പ്രതിഫലിച്ചു കാണുന്ന നിഴല്‍ചിത്രമാണ് കവിത എന്നാരോ പറഞ്ഞിട്ടുണ്ട്. എല്ലാ കലാരൂപങ്ങള്‍ക്കും ഇത് ബാധകമാണെന്നാണ് എന്റെ എളിയ അഭിപ്രായം. ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരമല്ല സിനിമ. ജീവിത സംസ്കൃതിയുടെ പുനരാവിഷ്ക്കാരമാണ്. ഇതിലൂടെ ജനസാമാന്യത്തിന്റെ തിരുമുന്പില്‍ കലാകാരന്‍ വരച്ചു വയ്ക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ക്ക് ജീവിതത്തിന്റെ മിഴിവുണ്ടാവണം, സ്വപ്നങ്ങളുടെ നിറമുണ്ടാവണം, മെച്ചത്തേക്കുറിച്ചുള്ള ലക്ഷ്യമുണ്ടാവണം.

നമുക്ക് മെച്ചപ്പെട്ട കഥകളില്ലെന്ന് സിനിമാക്കാര്‍ പരാതിപ്പെടുന്നുണ്ട്. ചില്ലുമേടകളില്‍ കള്ളടിച്ചിരുന്നാല്‍ ഒന്നും കാണുകയില്ല. തുറന്ന മനസ്സും, വിടര്‍ന്ന കണ്ണുകളുമായി പുറത്തേക്ക് വരണം. ചുറ്റുമുള്ള ജനജീവിതത്തിന്റെ ഊഷര ഭൂമികകളിലേക്ക്. വൈവിദ്ധ്യവും, വൈരുധ്യവുമാര്‍ന്ന എത്രയെത്ര ജീവല്‍ സ്പന്ദനങ്ങളാണ് ദൈവത്തിന്റെ സ്വന്തം നാടായ ആ കൊച്ചു ദേശത്തു തുടിച്ചു നില്‍ക്കുന്നത്?

* വൈക്കത്തെ തൊണ്ടഴുക്കുന്ന ചളിക്കുളങ്ങള്‍....അറയ്ക്കുന്ന ദുര്‍ഗ്ഗന്ധം അടിച്ചുപരത്തി ചകിരി വേര്‍തിരിക്കുന്ന സുന്ദരിമാര്‍....തവളയെപ്പോലെ മുങ്ങിപ്പൊങ്ങി കായലില്‍ കാക്കാ വാരുന്നവര്‍....കശാപ്പു ശാലകളില്‍ കാലങ്ങളായി ശേഖരിക്കുന്ന എല്ലിന്‍ കുന്നുകള്‍, എല്ലുപൊടിക്കന്പനികള്‍ക്കു വേണ്ടി കുഴിയിലിറങ്ങി വാരുന്നവര്‍....എത്ര കുളിച്ചാലും മാറാത്ത അവരുടെ ദുര്‍ഗ്ഗന്ധത്തിന്റെ ഓരം ചാരാന്‍ കാത്തുകാത്തിരുന്ന ഒരു കുടുംബം.....ആ മടിയിലിരുന്ന് അഴുകിയ അസ്ഥിയുടെ കഥ കേട്ടുറങ്ങുന്ന പിഞ്ചു ബാല്യങ്ങള്‍....?

* വലിയ പാലങ്ങളുടെ കോണ്‍ക്രീറ്റോരങ്ങളില്‍, തക്കാളിപ്പെട്ടിച്ചാളകളില്‍ അന്തിയുറങ്ങുന്ന സൗന്ദര്യത്തിടമ്പുകള്‍ ....അവര്‍ക്കു ചുറ്റും പണമെറിഞ്ഞും, പദവിയെറിഞ്ഞും കടിച്ചുകീറാന്‍ കാക്കുന്ന കാമവെറി പൂണ്ട കാട്ടുകഴുകന്മാര്‍.....?

* നെഞ്ചില്‍ അരിവാളിന്റെ മൂര്‍ച്ചയുമായി, മുടി മാടിക്കെട്ടി, മുണ്ട് മടക്കിക്കുത്തി, ചളിപ്പാടങ്ങളില്‍ കതിര്‍ക്കുലകള്‍ കൊയ്തടുക്കുന്ന കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍....ഉളുന്പ് നാറുന്ന മീന്‍ കുട്ടയേന്തി, കാല്‍നടയായി കാതങ്ങള്‍ താണ്ടി, അകത്തളങ്ങളിലെ ചുണ്ണാന്പു കൊച്ചമ്മമാര്‍ക്ക് വിലപേശി മീന്‍ വില്‍ക്കുന്ന മീന്‍മിഴിയാളുകള്‍.....കാറ്റോളവും, കഴുക്കോലുമായി നീങ്ങുന്ന കടത്തുവള്ളക്കാര്‍.....?

* വയനാട്ടില്‍ നിന്ന് വണ്ടിയിറങ്ങി കോഴിക്കോട്ടെ പാതിരാത്രികളില്‍ രണ്ടു കെട്ടിടങ്ങളുടെ പുറം ചുവരുകള്‍ക്കിടയില്‍ വലിച്ചുകെട്ടിയ തുണി മറയ്ക്കടിയില്‍ സ്വന്തം ശരീരം വിറ്റ് സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍....രാത്രി യാത്രക്കാരുടെ പിന്നാലെ കൂടി തങ്ങളുടെ ചരക്കുകളെ പ്രദര്‍ശിപ്പിച്ചു വിറ്റ് കമ്മീഷന്‍ വാങ്ങുന്ന ടീനേജ് കഴിയാത്ത പിന്പുകള്‍ .....?

* മാനാഞ്ചിറയുടെ ഓരത്തെ സിമന്റു ബഞ്ചുകളില്‍, സ്വന്തം മുല പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം കൊച്ചു കുട്ടിയെക്കൊണ്ടതു കുടിപ്പിച്ചു കാത്തിരിക്കുന്ന പ്രസവിക്കാത്ത യുവതികള്‍.....അങ്ങോട്ടാഗ്രഹത്തോടെ നോക്കിപ്പോയാല്‍ അതിനു വില പറഞ്ഞു വില്‍ക്കാന്‍ വേണ്ടി അല്‍പ്പം ദൂരെ മാറി നില്‍ക്കുന്ന അവരുടെ സംരക്ഷകര്‍.....?
( * * * * *ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ് എന്റെ സ്വന്തം കണ്ണുകള്‍ കണ്ട് ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് മേല്‍ എഴുതിയിട്ടുള്ളത്.)

ഇവിടെയെല്ലാം കഥകളുറങ്ങുന്നു. അത് കണ്ടെത്താന്‍ കണ്ണ് വേണം. കലാകാരന്റെ കണ്ണ്; കാലത്താല്‍ നിയോഗിക്കപ്പെട്ട കണ്ണ്.

അനുഗ്രഹീത കലാകാരനായ ശ്രീ ലോഹിതദാസ് ' ഭൂതക്കണ്ണാടി ' എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അന്ധഗായകരായ ഒരു തെണ്ടിക്കുടുംബത്തിന്റെ കഥ പറയുന്നുണ്ട്. നിസ്സഹായരായ അവരുടെ അവശേഷിക്കുന്ന ഏക സ്വപ്നമായ കിളുന്തുമകളെ നിയമപാലകര്‍ കടിച്ചുകീറി കൊല്ലുന്നത് ചിത്രീകരിക്കുന്‌പോള്‍ ലോഹി ഒന്നും നമ്മോടു പറയുന്നില്ല. പക്ഷെ, നമ്മുടെ മനസ്സില്‍ പ്രതികരണത്തിന്റെ ഒരഗ്‌നിക്കാറ്റ് അദ്ദേഹം കൊളുത്തി വിടുന്നുണ്ട്. സമാന സാഹചര്യങ്ങളില്‍ രാഷ്ട്രീയക്കാരാല്‍ കശക്കി അറിയപ്പെടുന്ന ' വാസന്തിയും, ലക്ഷ്മിയും ' നഷ്ടമാവുന്‌പോള്‍, അവരുടെ സഹോദരനും, കാമുകനുമായ നായകനെക്കൊണ്ട് അന്ധതക്കതീതമായ ആര്‍ജ്ജവത്തോടെ അക്രമിയെ കൊന്നുകളയിക്കുന്നു. ഇവിടെ സംവിധായകന്‍ വിനയന്‍ പ്രേക്ഷകന്‍ ചെയ്യേണ്ടത് സ്വയം ചെയ്തു കൊണ്ട് സംവേദന സാധ്യതക്ക് തിരശീലയിടുന്നു. ലോഹിയാവട്ടേ, സംവേദന സാധ്യതകളുടെ യാഗാശ്വത്തെ അഴിച്ചുവിട്ടുകൊണ്ട് അക്രമികളുടെ പിന്നില്‍ ഊരിപ്പിടിച്ച ചോര വാളാക്കി പ്രേക്ഷകനെ സജീവമാക്കി നിലനിര്‍ത്തുന്നതിലൂടെ, സാമൂഹിക പ്രതിബദ്ധതക്ക് ഉതകുന്ന കുറ്റമറ്റ ക്രാഫ്റ്റായി കലാരൂപത്തെ ആവിഷ്ക്കരിക്കുന്നു !

മരവിപ്പിക്കപ്പെട്ട മനസ്സുള്ള ഒരു സമൂഹത്തില്‍ ഇതൊന്നും എളുപ്പം വിറ്റഴിയുന്നില്ല. തമിഴ്‌നാട്ടിലും, തെലുങ്കാനയിലും നിന്നിറക്കുമതി ചെയ്യുന്ന മുഴുത്ത അവയവങ്ങളുള്ള പെണ്‍കുട്ടികളെ മറയ്‌ക്കേണ്ടത് മറയ്ക്കാതെ തുറന്നു കാണിക്കുന്‌പോള്‍, ഏതോ ഭഗ്‌ന മോഹങ്ങളുടെ ഉള്‍പ്രേരണയാല്‍ നാം നമ്മുടെ മടിശീലയാഴിച്ചു വാരി വിതറുന്നൂ നാണയങ്ങള്‍. കുന്നിന്‍ പുറത്തെ തകര്‍ന്ന കൂട്ടില്‍, ചുറ്റും ആളിക്കത്തുന്ന അഗ്‌നിയില്‍ അലിഞ്ഞു ചേരുന്ന നിലവിളിയില്‍ കാക്കിയാല്‍ കശക്കിയ കിളുന്തു ജീവിതം എരിഞ്ഞടങ്ങുന്‌പോള്‍, അഗ്‌നിയെ ഭേദിച്ച് അങ്ങോട്ടടുക്കാന്‍ പോലുമാവാതെ " മോളേ , മോളേ " എന്ന് വിളിച് കേഴുന്ന ആ അന്ധദന്പതികളുടെ ദയനീയ ശബ്ദം നമ്മളില്‍ എത്ര പേര്‍ ഏറ്റുവാങ്ങി അതിന് തീ കൊളുത്തുന്നുണ്ട് എന്നതിലാണ്, സംവേദനക്ഷമതയിലൂടെ സാധ്യമാക്കാനാവുന്ന സാമൂഹ്യ മാറ്റങ്ങള്‍.?

സുദീര്‍ഘമായ ഒരു കാലഘട്ടത്തിനുമപ്പുറം കേരളം കുഴിച്ചുമൂടിയ ഫ്യൂഡല്‍ സാമൂഹ്യാവസ്ഥയെ തേച്ചു മിനുക്കി കെട്ടിയെഴുന്നള്ളിച്ചു കൊണ്ട് വന്ന ചിത്രങ്ങളായിരുന്നു നരസിംഹവും, വല്യേട്ടനും, പിന്നെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന നമ്മുടെ പുലിമുരുകനും. മസിലുരുട്ടിയും, മീശപിരിച്ചും, അഭ്യാസം കാണിച്ചും കാര്യം നേടുന്ന ഈ കഥാപാത്രങ്ങള്‍ എന്ത് സാമൂഹ്യ മാറ്റത്തിനാണ് കേരളത്തില്‍ വഴിമരുന്ന് ഇട്ടതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എന്നിട്ടും ഈ ചിത്രങ്ങള്‍ വന്പന്‍ ഹിറ്റാവുന്നതിന്റെ പിന്നിലെ പ്രേരണയെന്ത് എന്നത് സമര്‍ത്ഥമായ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമാണെന്ന് എനിക്ക് തോന്നുന്നു.

ഭാരതീയന്റെയും, അതിലൂടെ കേരളീയന്റേയും രക്തത്തില്‍ അടിമത്വത്തിന്റെ അണുക്കള്‍ തന്നെയാണ് ഏറെയുള്ളത് എന്നതാണ് സത്യം. ചരിത്ര പരമായ ഒരു സാഹചര്യത്തില്‍ നാമറിയാതെ സംഭവിച്ചുപോയ ഒരു ദുരന്തമായിരുന്നൂ ഇത്. ഹൂണന്മാരും, മുഗളന്മാരും, പോര്‍ച്ചുഗീസുകാരും,ബ്രിട്ടീഷുകാരും നമ്മെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ആരെയും അംഗീകരിക്കാത്ത മലയാളി നിവൃത്തിയില്ലാതെ അവര്‍ക്ക് ഏറാന്‍ മൂളിയെങ്കിലും നമ്മുടെ മനസ്സ് രഹസ്യമായി പ്രതിഷേധിക്കുകയായിരുന്നു. അകത്തു കത്തിയും, പുറത്ത് പത്തിയുമായി നാം അടങ്ങിക്കിടന്നു ?

സ്വാതന്ത്ര്യം വന്നപ്പോള്‍ നാം രക്ഷപ്പെട്ടുവെന്ന് കരുതി. അതും നീണ്ടുനിന്നില്ല. വെളുത്ത യജമാനന്മ്മാര്‍ പിന്‍വാങ്ങിയപ്പോള്‍ ഗോതന്പ് നിറമുള്ള യജമാനന്മാര്‍ നമുക്ക് വേണ്ടി എത്തി. അവര്‍ അവരുടെ നുകം നമ്മുടെ കഴുത്തുകളില്‍ വച്ചു തന്നു. മറ്റു നിവൃത്തികളില്ലാതെ ഇപ്പോള്‍ നാം അതും ചുമക്കുന്നു. ഉള്ളില്‍ നമ്മുടെ പ്രതിഷേധം ആളുന്നുണ്ട്. പക്ഷെ, നാം നിസ്സഹായരാണ്; നിസ്സഹായരായ അടിമകള്‍ !

ഈ അടിമകളുടെ രഹസ്യ പ്രതിഷേധത്തിന്റെ മുന്നിലേക്കാണ്, കലയുടെ പേരില്‍ കച്ചവട സിനിമാക്കാര്‍ ' ചാടിക്കളിക്കെടാ കൊച്ചുരാമാ ' എന്നുപാടിക്കൊണ്ട് നരസിംഹത്തെയും, വല്യേട്ടനെയും, പുലിമുരുകനെയും ഇറക്കി വിടുന്നത്. ഈ കഥാപാത്രങ്ങളും യജമാന വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ തന്നെ ആണെങ്കിലും, നമ്മുടെ കഴുത്തില്‍ നുകം വച്ചു തന്ന മറ്റേ യജമാനവര്‍ഗ്ഗത്തെ അവര്‍ അടിച്ചു തകര്‍ക്കുന്നു. കാലങ്ങളായി ഇത് ചെയ്യാന്‍ നമ്മുടെ കൈകള്‍ തരിക്കുകയായിരുന്നുവെങ്കിലും, നിസ്സഹായരായ നമുക്കതിന് സാധിക്കുന്നില്ല. ഈ പാത്രങ്ങള്‍ കഥയിലെങ്കിലും അത് ചെയ്യുന്‌പോള്‍ നാം സന്തോഷിക്കുന്നു. " ശത്രുവിന്റെ ശത്രു മിത്രം " എന്ന മനഃശാസ്ത്ര സിദ്ധാന്തത്തിലൂടെ സ്വാഭാവികമായും ഇവര്‍ അംഗീകാരം നേടുന്നു. തീയറ്ററുകള്‍ നിറയുന്നു; കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഉയരുന്നു !?

ആത്യന്തികമായി ഇത്തരം ചിത്രങ്ങള്‍ ലക്ഷ്യം നേടുന്നുണ്ടോ ? ഇല്ലാ എന്ന് തന്നെയാണ് ശരിയുത്തരം. ഒരു പെഗ്ഗ് കള്ളടിച്ചപ്പോള്‍ കിട്ടിയ അതേ ഭ്രമം മാത്രമേ ഇവിടെ നമുക്ക് അനുഭവപ്പെടുന്നുള്ളു. ഒരു കലാരൂപത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന റവന്യൂ ഇതല്ല. ' എഴുത്ത് ( അഥവാ എല്ലാ കലാരൂപങ്ങളും.) സംസ്കാരത്തിന്റെ സഹ യാത്രികനാണ് ' എന്ന സക്കറിയായുടെ വാദത്തിന് ഒരു ഭേദഗതി കൂടി ഞാന്‍ വയ്ക്കുന്നു: ' അത് സംസ്കാരങ്ങളുടെ സൃഷ്ട്ടാവ് കൂടിയാണ് ' എന്ന്. വ്യക്തിയുടെ മനസ്സിലുദിച്ച വിപ്ലവാശയങ്ങളാണ് പില്‍ക്കാല സംസ്ക്കാരങ്ങളായി പരിണമിച്ചത് എന്ന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. ക്രിസ്തുവിന്റെ മനസ്സിലെ വിപ്ലവം ക്രിസ്തീയ സംസ്ക്കാരമായും, മാര്‍ക്‌സിന്റേത്, കമ്യൂണിസ്റ്റു സോഷ്യലിസ്റ്റു സംസ്ക്കാരമായും പരിണമിച്ചത് ഇങ്ങിനെയാണ്.

ഏറ്റവും വലിയ ജനകീയ മാധ്യമമായ സിനിമയില്‍ നിന്ന് എന്താണ് നാം പ്രതീക്ഷിക്കുന്നത് ? മാറ്റം മാറ്റത്തിന്റെ മനോഹര ശംഖൊലി.! നൂറ്റാണ്ടുകളായി അടിമത്വത്തിന്റെ ഭാരനുകം പേറുന്ന ഒരു ജനതയ്ക്ക് തെളിഞ്ഞു പൊലിയുന്ന ഒരു കൊള്ളിയാന്‍ മിന്നലല്ലാ ആവശ്യം; മുനിഞ്ഞു കത്തുന്ന ഒരു മുട്ട വിളക്കാണ്. അതില്‍ നിന്നൂറുന്ന നറും വെളിച്ചത്തില്‍ അവന് വഴിനടക്കാന്‍ സാധിക്കണം, വളര്‍ന്നു വികസിക്കാന്‍ സാധിക്കണം.

രണ്ടു മഹാ യുദ്ധങ്ങളിലൂടെ മനോവീര്യം നശിച്ച പാശ്ചാത്യ ജനതയെ വീണ്ടും കര്‍മ്മോല്‍സുകാരാക്കുന്നതില്‍ ഹെമിങ്‌വേയുടെ ' കിഴവനും കടലും ' വഹിച്ച പങ്ക് വളരേ വലുതായിരുന്നുവെന്ന് ചരിത്ര ചിന്തകര്‍ പറയുന്നു. ഭാരതം ഒരു രക്ഷകനെ കാത്തിരിക്കുകയാണ്. മാനസികമായും, സാമൂഹികമായും തകര്‍ന്നു കഴിഞ്ഞ ഒരു വലിയ കൂട്ടം വിമോചനത്തിന്റെ വിപ്ലവ ഗാനം കാതോര്‍ക്കുകയാണ്.

അതാദ്യം പാടാന്‍ കരളുറപ്പുള്ളവനാര് ? സത്യത്തിന്റെയും, ധര്‍മ്മത്തിന്റെയും ചവിട്ടുപടികളില്‍ കാലുറപ്പിച്ചു നിന്ന് കൊണ്ട് അവനത് പാടുന്‌പോള്‍, ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജനകോടികള്‍ ഉശിരോടെ അതേറ്റു പാടും.....!!

സിനിമക്ക് വലിയ സാധ്യതകളുണ്ട്. സിനിമ ജന ഹൃദയങ്ങളിലേക്ക് മനസ്സ് തുറക്കുന്നു. ഈ മനസ്സില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം.! ഇരുട്ടിന്റെ വേദനയില്‍ അലയുന്നവന് ഒരു തിരിവെട്ടം.!? വഴിയില്‍ തളരുന്നവന് ഒരു ഊന്നുവടി ...!? ഇതൊന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സിനിമകളാണ് പടച്ചുണ്ടാക്കുന്നതെങ്കില്‍ ചരിത്രം അവകളെ ചവറ്റുകൊട്ടയില്‍ത്തന്നെ എറിഞ്ഞു കളയുന്‌പോള്‍, ഒരുണക്ക സിംഹം ഓടിയത് കൊണ്ടോ, കറുത്ത ആന കരയുന്നത് കൊണ്ടോ, വരയന്‍ പുലി അലറുന്നത് കൊണ്ടോ ഒന്നും ഒരു മാറ്റവും കൊണ്ട് വരാന്‍ ആര്‍ക്കും സാധിക്കുകയില്ല.

മനുഷ്യ വംശ ചരിത്രത്തിന്റെ മണിമുറ്റത്ത്, മഹത്തായ മാറ്റത്തിന്റെ മാറ്റൊലിയുമായി കലാരൂപങ്ങളുടെ കമലദളങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്‌പോള്‍, ദളപുടങ്ങളില്‍ കിനിഞ്ഞു നില്‍ക്കുന്ന സംസ്കാരത്തിന്റെ തേന്‍തുള്ളികള്‍ ശേഖരിക്കുവാന്‍ സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും നറുംതേനീച്ചകള്‍ പറന്നു വരും ! ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളേയുടെ തേനറകളില്‍ അവ ശേഖരിക്കപ്പെടും !ആയതിനായി പരിശ്രമിക്കുന്ന എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും അഭിവാദനങ്ങള്‍ !!
Amerikkan Mollaakka 2018-04-10 14:25:10
ഇങ്ങള് കലക്കി ജയൻ സാഹിബ്. ഇങ്ങള് കബിതയും ലേഖനങ്ങളും എയ്തു സായ്‌വേ.. ദൈവത്തെ മനസ്സിൽ മാത്രം വയ്ക്കുക,  ഇനിമുതൽ ഉഗ്രൻ ലേഖനങ്ങൾ എയ്തി , കബിതകൾ എയ്തി അമേരിക്കൻ മലയാളികളെ നല്ല മനുശരാക്കുക. അവര് പാവങ്ങളാണ്. കയ്യിലുള്ള കാശു കണ്ട രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും കൊടുത്ത് നശിപ്പിക്കുന്നു. പത്രത്തിൽ പടം വരാൻ. നിങ്ങളുടെ എയ്തു വായിച്ച് അവരൊക്കെ കാര്യങ്ങൾ മനസ്സിലാക്കട്ടെ. അപ്പോൾ അസ്സാലാമു അലൈക്കും .
Boby Varghese 2018-04-11 09:17:23
Bhootha Kannaadi was a super movie. I thought Mammooty would get the national award, but he did not. Great piece of work by Lohitha Das. 
But I understand that the film was a failure financially. No producer wants to spend his money just for the sake of art. Movie industry is just that, an industry or a business. A producer will spend his money if people will spend their money to see it. Just like any other business, profit is the main concern, before any one will invest his time and resources.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക