Malabar Gold

ഈ തുരുത്തില്‍ ഇത്തിരി നേരം (കവിത-ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 25 April, 2018
ഈ തുരുത്തില്‍ ഇത്തിരി നേരം (കവിത-ജയന്‍ വര്‍ഗീസ്)
കാലമേ, പ്രവാഹത്തിന്‍ 
താളമേ, യുഗത്തിന്റെ 
ഭാവമേ, വരുന്നു ഞാന്‍ 
നിന്നിലേക്കലിയുവാന്‍ !

തകരാന്‍ തുടങ്ങുമീ 
ചില്ലുകൂട്ടില്‍ നിന്നെന്‍ 
ഹൃദയക്കിളിയുടെ 
രോദനം ശ്രവിച്ചുവോ ?

ഉടയാന്‍, പൊട്ടിപ്പൊട്ടി  
ത്തകരാന്‍, ഇനിയുമൊ 
ട്ടകലം മാത്രം ! എന്റെ 
ജീവിതം ത്രസിക്കുന്നു !

ഇന്നലെ വിരിച്ചിട്ട 
വഴിത്താരയില്‍, എന്റെ 
സ്പന്ദനം!  മനസ്സിന്റെ 
മന്ത്രണം മുഴങ്ങുന്നു......;

ഇല്ല! ഞാന്‍ ജീവിച്ചില്ലാ, 
വെറുതേയൊരു ശ്രമം, 
അല്ലയോ തുടിക്കുന്ന 
ജീവിതം വിതുന്പുന്നു !

ഇങ്ങിതാ പ്രപഞ്ചത്തില്‍, 
ക്ഷീര വീഥിയില്‍, സൗര  
യൂഥത്തി, ലീഭൂമിയില്‍,
ഇന്ത്യയില്‍, കേരളത്തില്‍,

എന്റെ ഗ്രാമത്തില്‍, ഒരു 
സുന്ദര പുളകമായ് , 
വന്നു ഞാന്‍, കാലത്തിന്റെ 
കൈവിരല്‍ തുന്പില്‍ തൂങ്ങി....!

ഒന്നുമേയറിഞ്ഞില്ലാ,
ഞാനെന്റെ മൃദുമേനി  
യുമ്മ വച്ചുണര്‍ത്തിയ 
പുലരി ത്തുടുപ്പിനെ ; 

തഴുകി യുണര്‍ത്തിയ 
കുളിര്‍ തെന്നലെ, തുള്ളി 
ത്തുളുന്പും മനസ്സിന്റെ  
യിത്തിരി മോഹങ്ങളേ ?

എത്രയോ കുസുമങ്ങള്‍ 
വിരിഞ്ഞെന്നാരാമത്തില്‍, 
മൊത്തുവാ, നതില്‍ നിന്നു  
മിത്തിരി നുകരുവാന്‍,

ഹൃത്തടം തുടിച്ചിരു  
ന്നോട്ടുനാ, ളെന്നാല്‍പ്പോലു
മൊത്തില്ല! സമൂഹത്തിന്‍ 
ഖഡ്ഗമെന്‍ മുന്നില്‍ നിന്നു ?

അതിരും, വേലിക്കെട്ടും, 
മതിലും, മനസ്സിനെ 
ത്തടിയില്‍പ്പൂട്ടി, കാലില്‍ 
ചങ്ങല കിലുങ്ങുന്നു ?

ഇന്നു ഞാനറിയുന്നെന്‍ 
താടിയില്‍ വെള്ളിക്കന്പി 
തിളങ്ങി, തിളങ്ങിയ 
കണ്ണുകള്‍ വക്രിക്കുന്നു...!

ജരകളൊരായിരം 
വരകള്‍ തീര്‍ത്തേന്‍ മേനി  
ക്കിനിയും മേലാ, ശക്തി 
ചോരുന്നു, കിതയ്ക്കുന്നു !

വടിയില്‍ തൂങ്ങിത്തൂങ്ങി 
നടപ്പൂ, കാലത്തിന്റെ 
പടിയില്‍ തളര്‍ന്നേറ്റ 
മിരിപ്പൂ, മരിക്കുവാന്‍ ?

ഇല്ല ! എന്‍ മനസ്സിന്റെ 
വിളക്കില്‍ തെളിയുന്നൂ,
ഫുല്ലമാം പ്രകാശത്തിന്‍ 
വിടരും തിരിനാളം !

ഇല്ല ! ഞാന്‍ മരിക്കുന്നി  
ല്ലിനിയും പ്രപഞ്ചത്തിന്‍ 
ചില്ലയില്‍ ഒരു മൊട്ടായ് 
ഇനിയും വിടരുവാന്‍....; 

ഒന്നു മാറുന്നു രൂപ  
ഭാവങ്ങള്‍ ഉരിയുന്നോ  
രുറയായ് മാത്രം, വീണ്ടു  
മൊന്നില്‍ നിന്നാരംഭിക്കാന്‍ ...,

ഇനിയും വിടരുന്ന 
പുലരിത്തുടുപ്പിലെ  
പ്പുളകപ്പൂവായ് എന്റെ 
ചേതന വിടര്‍ന്നെങ്കില്‍ ?

കിനിയും നിലാവിന്റെ 
നിഴലില്‍ ഇണയുടെ 
മടിയില്‍ പ്രേമത്തിന്റെ 
മര്‍മ്മരം രചിച്ചെങ്കില്‍ !

പക്ഷികള്‍ക്കാകാശത്തിന്‍ 
സ്വാതന്ത്ര്യ മതന്നെന്റെ 
ഇച്ഛയില്‍ തളിര്‍ക്കുന്ന 
സത്യമായ് വളരുന്നെങ്കില്‍ !

ഇനിയും കരയില്ല !
മരണമവള്‍ തന്റെ 
കുളിരില്‍ ചേര്‍ക്കാന്‍, മാറി 
ലമര്‍ത്താന്‍ വിളിക്കുന്നു ! 

കാലമേ, പ്രവാഹത്തിന്‍ 
താളമേ, യുഗത്തിന്റെ 
ഭാവമേ, വരുന്നു ഞാന്‍  
നിന്നിലേ ക്കലിയുവാന്‍ !!

ഈ തുരുത്തില്‍ ഇത്തിരി നേരം (കവിത-ജയന്‍ വര്‍ഗീസ്)
മനോഹരം 2018-04-25 09:15:29
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കേകയിൽ താളം ചവിട്ടി ചവിട്ടി....

ഇതാണ് കവിത. മനോഹരം!
Amerikkan Mollaakka 2018-04-25 15:08:39
ജയൻ സാഹിബ് ഇങ്ങള് പുലിയാണ് കേട്ടോ. വെറും പുലിയല്ല കവിതാലോകത്തെ പുലി. എയ്തു സാഹിബേ, ദൈവത്തെ മനസ്സിൽ വച്ച് ധാരാളം എയ്തു. എന്തിനാണ് ഞമ്മയ്ക് അറിയാൻ ബയ്യാത്ത ബിഷയങ്ങൾ എയ്തി ബഹളം കൂട്ടുന്നത്. ഇമ്മടെ ആൻഡ്രുസ് സാർ പറയുന്നത് ശരിയാണ്. പക്ഷെ മാത്തുള്ള സാഹിബ് സമ്മതിക്കൂല. പഹയന്മാർ പോരടിക്കട്ടെ. ജയൻ സാഹിബ് ഇങ്ങള് നല്ല ലേഖനങ്ങൾ, കബിതകൾ ഒക്കെ എയ്തി ഇമ്മിണി ബല്യ ആളാകുക. അപ്പോൾ അസ്സലാമു അലൈക്കും.
വിദ്യാധരൻ 2018-04-26 00:35:03
എന്തിനു കരയുന്നു കവി നീ തേങ്ങീടുന്നു 
എന്തിനു പഴിക്കുന്നു നാടിനെ നാട്ടാരെ നീ? 
പോയ കാലത്തെ ചൊല്ലി കരഞ്ഞിട്ടെന്തു കാര്യം
പോയതു പോയി അവ തിരികെ വരില്ലിനി 

പിന്നോക്കം നോക്കീടാതെ മുന്നോട്ടു കുതിക്ക  നീ
പിന്നാലെയുണ്ടു ഞങ്ങൾ തുല്യ ദുഖിതരേറെ
നരയ്ക്കും കുരച്ചിടും പല്ലുകൾ കൊഴിഞ്ഞിടും 
മൊരിഞ്ഞു തൊലി ചുക്കി ചുളിഞ്ഞുപോകും പിന്നെ
  
മറക്കാൻ സമയമായി ഇന്ത്യയും കേരളവും 
മറക്കാൻ കഴിയാത്തെ നിന്റെയാ കൊച്ചു ഗ്രാമോം
നമുക്കായ് കാത്തു നിൽപ്പൂ കാലത്തിൻ പ്രഭു മുന്നിൽ 
ഹമുക്ക്; കൊണ്ടുപോകും നമ്മളെ ഒന്നൊന്നായ്

ഉണ്ടീ ഐക്യനാട്ടിൽ ഒട്ടേറെ നിന്നെപ്പോലെ 
കുണ്ഠിതരായി സ്വന്ത ചങ്ങല കാലിലുള്ളോർ 
പൊട്ടിക്കു അവരുടെ ബന്ധനം സദ് കവിതയാൽ
കിട്ടട്ടെ അവർക്കൽപ്പം സ്വാതന്ത്രിയോം ശുദ്ധ വായൂം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക