Image

ചിക്കാഗോ സിറോമലബാര്‍ സമൂഹത്തിന് അഭിമാന നിമിഷം; മെയ് 5 ന് ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ ബലിവേദിയിലേക്ക്

സെബാസ്റ്റ്യന്‍ ആന്റണി Published on 02 May, 2018
ചിക്കാഗോ സിറോമലബാര്‍ സമൂഹത്തിന് അഭിമാന നിമിഷം; മെയ് 5 ന് ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ ബലിവേദിയിലേക്ക്
ന്യൂ ജേഴ്‌സി:  പതിനെട്ടാം പിറന്നാളിലെത്തിനില്‍ക്കുന്ന ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ  പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പിനുത്തരമായി തദ്ദേശ വൈദിക വിദ്യാര്‍ത്ഥി ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ പ്രഥമ വൈദീകനായി  ബലിവേദിയിലേക്ക് പ്രവേശിക്കുമ്പോള്‍  അഭിമാന നിറവില്‍ ചിക്കാഗോ രൂപത. 
 
മെയ് അഞ്ചാം തീയതി ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30ന് ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും  കൈവെപ്പ് ശുശ്രൂഷ വഴി ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍  പൗരോഹിത്യശുശ്രൂഷയ്ക്കായി നിയോഗിക്കും. ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട് സന്നിഹീതനായിരിക്കും. 

രൂപത വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പല്‍, ഫാ. തോമസ് മുളവനാല്‍,ചാന്‍സിലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോസ് കണ്ടത്തിക്കുടി(വികാര്‍. ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയം), ഫാ. റോയ്‌സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. പോള്‍ ചാലിശ്ശേരി (വൊക്കേഷന്‍ ഡയറക്ടര്‍), ഫാ.വിനോദ് മഠത്തിപ്പറമ്പില്‍(വൊക്കേഷന്‍ ഡയറക്ടര്‍), ഫാ. ഫ്രാന്‍സിസ് അസ്സിസി (ഓ.ഐ.സി), ഫാ. തോമസ് കടുകപ്പിള്ളില്‍ (മുന്‍ വികാര്‍), ഫാ.ക്രിസ്റ്റി പറമ്പുകാട്ടില്‍ ( പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി) എന്നിവരും രൂപതയുടെ മറ്റു ഇടവകകളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും പങ്കെടുക്കും.

നൈറ്റ് ഓഫ് കൊളംബസ്സിന്റെ സാന്നിദ്ധ്യം ചടങ്ങുകള്‍ക്ക് കൂടുതല്‍ ശോഭയേകും 

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം  വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ന്യൂയോര്‍ക്കിലെ ഹത്തോണ്‍ ഹോളി റോസരി ദേവാലയത്തില്‍ വെച്ചായിരുന്നു കെവിന്റെ ആദ്യ കുര്‍ബാന സ്വീകരണം. ന്യൂയോര്‍ക്കിലെ വെസ്റ്റ് ലേക് സ്‌കൂളിലായിരുന്നു  ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 

2010ല്‍ വൈദീക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന കെവിന്‍, യോങ്കേഴ്‌സ് സെന്റ് ജോസഫ് സെമിനാരി, ചിക്കാഗോ സെന്റ് ജോസഫ് എന്നീ സെമിനാരികളില്‍ നിന്നു മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. 

പിന്നീട് 2014 ല്‍ റോമിലുള്ള ഇന്റര്‍നാഷണല്‍ പൊന്തിഫിക്കല്‍ കോളേജ് മരിയ മാറ്റര്‍ എക്ലെസിയേഷനില്‍ ചേര്‍ന്ന് പഠനം തുടരുമ്പോഴാണ് കെവിന് ഡീക്കന് പട്ടം സ്വീകരിക്കുന്നതിനുള്ള ദൈവനിയോഗം കൈവന്നത്. ഡീക്കന്‍ പട്ടത്തിനു ശേഷം, ആറു മാസം ആലുവയിലുള്ള മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ സീറോ മലബാര്‍ ആരാധനാ ക്രമവും, നിയമങ്ങളും ഇടവക ഭരണത്തിലുമുള്ള പരിശീലനവും പൂര്‍ത്തിയാക്കി. 

എട്ട് വര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷം ഇന്ന് കര്‍ത്താവിന്റെ അഭിഷിക്തനായി അജപാലന ദൗത്യവുമായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ കെവിന്‍ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്. ന്യൂ യോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന കെവിന്‍ ചെറുപ്രായം മുതല്‍ സഭയുടെ ആത്മീക കാര്യങ്ങളില്‍ താല്‍പര്യവും ഉത്സാഹവും വച്ചുപുലര്‍ത്തിയിരുന്നു.

 ബ്രോണ്‍സ് ദേവാലയത്തില്‍ അള്‍ത്താര ബാലനായി തുടങ്ങി ഇന്ന് പൗരോഹിത്യ ശുസ്രൂഷക്കു തയ്യാറായി നില്‍ക്കുമ്പോള്‍ മാതൃ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രത്യകിച്ചും ആത്മീയ ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനകള്‍ നന്ദിയോടെ സ്മരിക്കുകയും, ദൈവത്തിന് നന്ദി പറയുകയാണ് കെവിന്‍. 

അമേരിക്കയില്‍ നിന്നുള്ള പ്രഥമ  വൈദീകന്റെ പൗരോഹിത്യ  സ്വീകരണചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിത്തീര്‍ക്കുന്നതിനായി ചിക്കാഗോ രൂപതാ വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലും മാതൃ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സോമര്‍സെറ്റ്  ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ്  എന്നിവരുടെ അല്മിയ നിയന്ത്രണത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു  പ്രവര്‍ത്തിച്ചുവരുന്നു.  

മെയ് 5ന് വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍പങ്കു ചേര്‍ന്ന് ദൈവത്തിനു നന്ദിയര്‍പ്പിക്കാനും, ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഇടവക വികാരി ബഹു. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് സ്‌നേഹത്തോടെ ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

തോമസ് ചെറിയാന്‍ പടവില്‍ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കായി ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം  കാണുന്നതിനായുള്ള സൗകര്യം ശാലോം അമേരിക്കയിലൂടെ  ക്രമീകരിച്ചിട്ടുണ്ട്.

Video stream available at the following link-   https://shalommedia.org/Ordination/Deacon-kevin/
Address: 508 Elizabeth Ave, Somerset, NJ 08873

വെബ്:www.Stthomassyronj.org

ചിക്കാഗോ സിറോമലബാര്‍ സമൂഹത്തിന് അഭിമാന നിമിഷം; മെയ് 5 ന് ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ ബലിവേദിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക