Malabar Gold

മതങ്ങള്‍ മനുഷ്യത്വത്തിലേക്ക് വളരണം (ലേഖനം: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 05 May, 2018
മതങ്ങള്‍ മനുഷ്യത്വത്തിലേക്ക് വളരണം (ലേഖനം: ജയന്‍ വര്‍ഗീസ്)
മനുഷ്യന്‍ സാമൂഹ്മായി  ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ' മതം ' എന്ന് ഇന്നറിയപ്പെടുന്ന സംവിധാനങ്ങളുടെ പൂര്‍വ രൂപങ്ങള്‍ നിലവില്‍ വന്നിരിക്കണം. ഗോത്ര സംസ്‌കാരം അതിന്റെ അനിവാര്യതയായി രൂപപ്പെടുത്തിയതും, മനന ശേഷിയുള്ള മനുഷ്യന്റെ അസ്തിത്വ അന്വേഷണ കൂട്ടായ്മകളുടെ അവസാന വാക്കായി ഇന്നും നില നില്‍ക്കുന്നതുമാണ് മതങ്ങള്‍.

പ്രപഞ്ച വിസ്മയത്തിന്റെ ആദ്യ കാരണവും, ശക്തി സമൂര്‍ത്തതയും, ചൈതന്യ സവിശേഷതയുമായി കര്‍ട്ടന് പിറകില്‍ ആരോ, എന്തോ ഉണ്ടന്ന്, യാതൊരു ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലാതെ സ്വയം ബോധ്യപ്പെടുന്ന മനുഷ്യന്‍  വിനയാന്വിതനായി അതിനു മുന്നില്‍ തലകുനിച്ചു നിന്ന് പോയപ്പോള്‍, അത്തരക്കാരുടെ ചരിത്ര പരമായ ഒത്തുചേരല്‍ കൂടിയാണ്   മതം എന്ന പേരില്‍ ഇന്ന് വിവക്ഷിക്കപ്പെടുന്നത്.

മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമമായ നന്മ്മയില്‍ സവിശേഷമായ അഭി വീക്ഷണമുള്ള മനുഷ്യ സ്‌നേഹികളായിരിക്കണം ഗോത്രങ്ങള്‍ക്കിടയില്‍ രൂപം പ്രാപിച്ച ഇത്തരം കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിയത്. സത്യ സന്ധവും, വസ്തു നിഷ്ഠവുമായ തത്വ സംഹിതകളില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ തന്നെയാണ് മതങ്ങള്‍. മനുഷ്യ വേദനകള്‍ക്ക് ആശ്വാസവും, വര്‍ഗ്ഗ നന്‍മയുടെ വികസ്വരതയുമാണ് അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍.

കാലാന്തരങ്ങളുടെ വളര്‍ച്ചയില്‍ ലോഭ ഭോഗ ഇഛകളുടെ അടിമകകളായ മനുഷ്യര്‍ മത നേതൃത്വങ്ങളില്‍ എത്തിച്ചേരുകയും, അവരുടെ സ്വാര്‍ത്ഥതകളുടെ മേച്ചില്‍പ്പുറങ്ങളാക്കിക്കൊണ്ട് പവിത്രമായ മത സിദ്ധാന്തങ്ങളെ വളയ്ക്കുകയും, ഒടിയ്ക്കുകയും ഒക്കെ ചെയ്തപ്പോള്‍, അനന്യമായ അന്തസ്സിന്റെ അത്യന്നത സോപാനങ്ങളില്‍ നിന്ന് അടിപിണഞ്, അധഃപതനത്തിന്റെ അഗാധങ്ങളായ ചളിക്കുളങ്ങളില്‍ വീണുപോയ മതങ്ങളുടെ വൃത്തികെട്ട ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

മനുഷ്യ മാര്‍ക്കറ്റില്‍ ഏറ്റവും എളുപ്പത്തില്‍ ഏറ്റവുമധികം വിറ്റഴിക്കാവുന്ന വിലപ്പെട്ട ചരക്കാണ് ദൈവം എന്ന് മനസ്സിലാക്കിയ ഈ മത മേധാവികള്‍, തങ്ങള്‍ക്ക് ലഭ്യമായ താലന്തുകളെ അപ്പത്തിനുള്ള ഉപാധിയാക്കി ദുരുപയോഗപ്പെടുത്തിക്കൊണ്ട്,  മനുഷ്യാവസ്ഥയുടെ മഹത്തായ ഇടങ്ങളില്‍ ഇരകളെ കടിച്ചുകീറി രസിക്കുന്ന  അധികാരത്തിന്റെ അശ്വമേധം നടത്തി ആളായി വിലസുകയാണ്  നമ്മുടെ വര്‍ത്തമാനാവസ്ഥയില്‍.

ഇതിനെതിരെ മനുഷ്യ സ്‌നേഹികളുടെ ഒരു ന്യൂനപക്ഷം എന്നും പ്രതിഷേധം ഉയര്‍ത്തിയിരുന്നതായിക്കാണാം. എന്നാല്‍, മഹാ ഭൂരിപക്ഷത്തിന്റെ വന്‍ പിന്തുണയോടെ മഹാമേരുക്കളായി വളര്‍ന്നു നിന്ന മതങ്ങളുടെ അടിവാരങ്ങളില്‍ പ്രതിഷേധത്തിന്റെ ചെറു തുരപ്പുകള്‍ നിര്‍മ്മിച്ച എലികള്‍ മാത്രമായിപ്പോയി ഈ എതിര്‍പ്പുകാര്‍. ഇത്തരം തുരപ്പുകളെ ക്രൂരമായി അവഗണിച്ചു കൊണ്ട്, മഹാ മലകളായിത്തന്നെ ഇന്നും വളര്‍ന്നു നില്‍ക്കുകയാണ് മതങ്ങള്‍ നമ്മുടെ സമൂഹത്തില്‍.

മനുഷ്യ സമൂഹത്തില്‍ മതങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരുടെ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് അവര്‍ തങ്ങളുടെ സ്‌റ്റോറേജുകളില്‍ കുത്തി നിറച്ചിട്ടുള്ള വിലപ്പെട്ട ചരക്കു മനുഷ്യനാണ്. അവന്റെ ആസ്തിത്വ അനേഷണത്തിന്റെ അനന്തമായ മരുഭൂമികളില്‍ ആശ്വാസത്തിന്റെ ഉറവുകള്‍ ചുരത്തുവാന്‍ തങ്ങള്‍ പ്രാപ്തരാണ് എന്ന് മതങ്ങള്‍ പ്രഖ്യാപിക്കുന്‌പോള്‍, സാന്ത്വനത്തിന്റെ മരുപ്പച്ചകള്‍ തേടി അലയുന്ന മനുഷ്യ സമൂഹം കൂട്ടം കൂട്ടമായി അവിടെ അടിഞ്ഞു കൂടുന്നു; ആശ്വാസം കണ്ടെത്തുന്നു. ഇതിനു പകരം വയ്ക്കാന്‍ പ്രാപ്തമായ യാതൊരു സിദ്ധാന്തവും ഇതുവരെ നിലവില്‍ വന്നിട്ടില്ലാത്തതു കൊണ്ട് തന്നെ ഈ കൂട്ടങ്ങളെ തിരിച്ചു പിടിക്കുവാനുള്ള ഏതൊരു ശ്രമവും പരാജയത്തിന്റെ പടുകുഴിയില്‍ ഇടം കണ്ടെത്തുന്‌പോള്‍ മതത്തിന്റെ മഹാമതിലുകള്‍ വളര്‍ന്നു വളര്‍ന്നു പടരുന്നു.

ദേവസ്വത്തിന്റെയും, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന് പൊന്നന്പല മേട്ടില്‍ കത്തിച്ചു കാണിക്കുന്ന കര്‍പ്പൂര വിളക്കാണ് ' മകര ജ്യോതി ' എന്ന് തെളിയിക്കപ്പെട്ടിട്ടും, സമകാലീന മാധ്യമങ്ങള്‍ കാലാകാലങ്ങളില്‍ അത് പുറത്തു വിട്ടിട്ടും, ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇത് സംഭവിക്കുന്നത് ദൈവീകമായിട്ടാണ് എന്ന് വിശ്വസിച്ചു കൊണ്ട് ശരണം വിളിച്ചു സായൂജ്യമടയുന്നവരുടെ മഹാകൂട്ടങ്ങളാണ് ശബരി മലയുടെ ശക്തിയും, സന്പത്തുമായി ഇന്നും സജീവമായിരിക്കുന്നത്. ഇതിന് പകരം വയ്ക്കാനാവുന്ന ഒരു ഒരു സായൂജ്യ സ്വാന്തന സംവിധാനം ശാസ്ത്രത്തിനോ, സംസ്‌ക്കാരത്തിനോ, കലക്കോ, സാഹിത്യത്തിനോ ഇതുവരെ ആവിഷ്‌ക്കരിക്കാനാവാത്തത് കൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളില്‍ പോലും ഇതെല്ലാം  അജയ്യമായി നിലനില്‍ക്കുന്നത്. 

ഇതിനെതിരെ ഉയര്‍ത്തപ്പെടുന്ന ഏതൊരു ശബ്ദവും നിശബ്ദമാക്കപ്പെടുകയും, ഏതൊരു സത്യവും തമസ്‌ക്കരിക്കപ്പെടുകയും, ഏതൊരു വ്യക്തിയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും, ചെയ്യപ്പെടുന്നതിലൂടെ സാമൂഹ്യ ജീവിയായ മനുഷ്യന് അവന്റെ നില നില്‍പ്പ് പോലും അപകടത്തിലാവുന്നു. ഭൗതിക വാദത്തിന്റെ ആരാധകരായ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍, അക്ഷരാഭ്യാസം പോലും അനുഭവിക്കാനാകാത്ത അപരിഷ്‌കൃത മേഖലകളിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഒള്ളു ?മനുഷ്യാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു സാഹചര്യങ്ങളിലും മതങ്ങള്‍ വേര് പിടിക്കുന്നതും, തഴച്ചു വളരുന്നതും അവിടെ നിലവിലുള്ള സാമൂഹ്യാവസ്ഥയുടെ വളക്കൂറുള്ള മണ്ണില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടായിരിക്കും എന്നതാണ് നിഷേധിക്കാനാവാത്ത സത്യം.
' അജ്ഞനായ മനുഷ്യന്റെ മുന്നില്‍ വിഗ്രഹം ഒരു മാധ്യമമാണ്, അത് തകര്‍ക്കരുത്. അവന്‍ വിജ്ഞനാകുന്ന കാലത്ത് അവന്‍ തന്നെ അത് തകര്‍ത്ത്  കൊള്ളും ' എന്ന് പ്രസ്താവിച്ച ആദി ശങ്കരന്‍ ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി വിഭാവനം ചെയ്ത ദാര്‍ശനികനായിരുന്നു.

ജനാധിപത്യ സംവിധാനം ലോകത്താകമാനം നടപ്പിലായപ്പോള്‍ അത് മതങ്ങള്‍ക്ക് വീണുകിട്ടിയ ഒരു ചാകരകൊയ്ത്തായിരുന്നു. തങ്ങളുടെ സ്‌റ്റോറേജുകളിലുള്ള ചരക്കുകളെ എണ്ണം കൊണ്ട് ഗുണിച് അവരുടെ വോട്ടുകളെ വിലപേശി വിറ്റുകൊണ്ട് മതങ്ങള്‍ കൊഴുത്തു തടിച്ചു. ഇത്തരം വോട്ടുകള്‍ കൊണ്ട് അധികാരത്തിലേറി ഭരണം കയ്യാളിയവര്‍ മതങ്ങളുടെ ചട്ടുകങ്ങളായി പരിണമിക്കുകയും, തങ്ങളുടെ ഹിഡ്ഡന്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള കുഴലൂത്തുകാരായി അധികാരികളെ പരുവപ്പെടുത്തുകയും ചെയ്യുക വഴി, ഭാരതം ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ ജനജീവിതം അടിമത്വത്തിന്റെ നുകം ചുമക്കുന്ന അറവുമാടുകളുടെ ദയനീയാവസ്ഥയിലേക്ക് തരം താണു പോയിരിക്കുന്നു.

ശാസ്ത്രത്തിന്റെയും, സാങ്കേതിക വളര്‍ച്ചയുടെയും വന്പിച്ച പിന്‍ബലത്തോടെ വളര്‍ന്നു വരുന്ന പുത്തന്‍ സമൂഹം കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയാണ് മതങ്ങളെ സമീപിക്കുന്നത്. മതങ്ങളും, രാഷ്ട്രീയങ്ങളും തങ്ങളുടെ നെറ്റികളില്‍ഒട്ടിച്ചു വച്ച വര്‍ഗ്ഗീകരണത്തിന്റെ ലേബലുകള്‍ പറിച്ചെറിഞ്ഞു കൊണ്ട് മനുഷ്യന്‍ എന്ന പൊതുവായ കൊടിപ്പടത്തിനു കീഴില്‍ അവര്‍ അണിചേരുകയാണ്. വിശ്വ മാനവികതയുടെ വിശാല സാധ്യതകള്‍ ആരായുന്ന ഒരു പൊതു മനസ്സ് അവരില്‍ രൂപം കൊള്ളുകയാണ്. അനീതികള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ ശബ്ദിക്കുവാനും, അവശരുടേയും, ആര്‍ത്തരുടേയും ആത്മ വേദനകളില്‍ അണിചേരുവാനും അവര്‍ ഉണര്‍ന്നു കഴിഞ്ഞു. ജാതിക്കും, മതത്തിനും, വര്‍ണ്ണത്തിനും, വര്‍ഗ്ഗത്തിനും അതീതമായി സംഭവിക്കുന്ന ഇവരുടെ ഒത്തുചേരല്‍ പുതിയ യുഗത്തിന്റെ പുലരിപ്പിറപ്പിന്റെ ചിലന്‍പൊലി ഉണര്‍ത്തുന്നുണ്ട്. സമീപ കാലത്ത് കേരളം ദര്‍ശിച്ച യുവ സംഗമങ്ങള്‍ അതിന്റെ മുന്നോടിയാണ്. 

മണ്ണിലും, മനസ്സിലും മാറ്റത്തിന്റെ കാറ്റ് വിതച്ചു കൊണ്ട്, പ്രതിരോധങ്ങള്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നിന്ന് മുന്നേറുന്ന മനുഷ്യ സ്‌നേഹികളുടെ ഇത്തരം പ്രയാണങ്ങളെ പാടേ അവഗണിക്കുവാന്‍ യാതൊരു ജനകീയ പ്രസ്ഥാനങ്ങള്‍ക്കും സാധ്യമല്ലാത്ത ഒരു നില സംജാതമായിരിക്കുന്നു. പല മതങ്ങളും തങ്ങളുടെ സ്വയം പ്രഖ്യാപിത സോപാനങ്ങളില്‍ നിന്ന് ഇറങ്ങി താഴെ വന്നത് ഇങ്ങിനെയാണ്. കാലികമായ മാറ്റങ്ങള്‍ക്കെതിരെ കണ്ണടക്കുവാന്‍ അവര്‍ക്ക് കഴിയാതെയായി. ഇതിലൂടെ സാമൂഹ്യാവസ്ഥയുടെ തിരു നെറ്റിയില്‍ തിലകക്കുറികളായി പരിണമിച്ച പലതും നടപ്പിലായി.

എങ്കിലും, ' എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ ഗുണം വരില്ല ' എന്ന് വാശി പിടിക്കുന്ന പല മതങ്ങളും ഇന്നും നമ്മുടെ ഇടയിലുണ്ട്. സാമൂഹ്യാവസ്ഥയില്‍  നിരന്തരം വന്നു ഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കെതിരെ അവര്‍ മനപ്പൂര്‍വം കണ്ണടക്കുകയാണ്. തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെടുന്ന വിശ്വാസങ്ങളുടെയോ, പാരന്പര്യങ്ങളുടെയോ കടും തോടുകള്‍ക്കുള്ളില്‍ തല വലിച്ചു കൊണ്ട് അവര്‍ ഉറക്കം നടിക്കുകയാണ്, കൂപ മണ്ഡൂകങ്ങളെപ്പോലെ മസ്സില് പിടിക്കുകയാണ്. നേതൃത്വത്തിന്റെ മോന്തായങ്ങളില്‍ ' തങ്ങള്‍ ചവിട്ടി നില്‍ക്കുന്നിടത്താണ് ഭൂമി ' എന്ന വിചിത്ര വാദവുമായി തല കീഴായി തൂങ്ങിക്കിടക്കുന്ന നാണം കെട്ട നരിച്ചീറുകളാണ് ഇതിന് കാരണം. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടത്തോടെ കടിക്കുകയും, മാന്തുകയും ചെയ്യുന്ന ഇക്കൂട്ടര്‍, ഒളിഞ്ഞും, തെളിഞ്ഞും സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍ സ്വന്തം താവളത്തിലേക്ക് കവര്‍ന്നു കടിച്ചു വലിക്കുന്‌പോള്‍, ആരാലും ബഹുമാനിക്കപ്പെടേണ്ട മതങ്ങള്‍ തരം  താണ കച്ചവട സ്ഥാപനങ്ങളാവുകയും, അതിന്റെ പിണിയാളുകള്‍ തെരുവിലെ അപഹാസ്യ പാത്രങ്ങളാവുകയും ചെയ്യുന്നു.

ഇക്കൂട്ടര്‍ നടപ്പിലാക്കിയ ദൈവീക പരിഷ്‌ക്കരണങ്ങളുടെ അനന്തര ഫലമായിട്ടാണ് മത തീവ്ര വാദത്തിന്റെ കൊടും വിഷം ചീറ്റുന്ന മനോരോഗികളുടെ വലിയ കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും, അവരുടെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമായി മനുഷ്യത്താവളങ്ങളുടെ മടക്കുകളില്‍ ചാവേറുകളായി പൊട്ടിത്തെറിക്കുന്നതും, ആഹാരം അന്വേഷിക്കുന്നവനെ അടിച്ചു കൊല്ലുന്നതും, ആരണ്യ മനോഹരതകളില്‍ കുരിശ് കുഴിച്ചിട്ട് മല മടക്കുകള്‍ കയ്യേറുന്നതും, ദേവ വിഗ്രഹത്തിന്റെ തിരുമുന്പിലിട്ടു തന്നെ പാല്മണം മാറാത്ത പിഞ്ചു കുഞ്ഞിനെ സംഘം ചേര്‍ന്ന് വ്യഭിചരിച്ചു കൊല്ലുന്നതും മറ്റും, മറ്റും, മറ്റുമായ കര്‍മ്മ പരിപാടികള്‍ ?

എല്ലാ മതങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളതു ദൈവാരാധനയുടെ ഭാഗമായിട്ടാണ് എന്ന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. കാലാതിവര്‍ത്തകളായ എഴുത്തുകാരുടെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക ദൈവ പ്രതീകങ്ങളും. മനുഷ്യ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ചരിത്ര പുരുഷന്മാരും ഇക്കൂട്ടത്തിലുണ്ട്. പില്‍ക്കാല എഴുത്തുകാരുടെ തൂലികത്തുന്പിലൂടെ ഊര്‍ന്നു വീണിട്ടാണ് ഇവര്‍ നമ്മുടെ മുന്നിലെത്തുന്നത്. ഇവരെ നെഞ്ചിലേറ്റി വച്ചിട്ടുള്ള മത സഞ്ചയത്തിലെ വിശ്വാസികള്‍ ' നിന്റെ ദൈവത്തെക്കാള്‍ കേമനാണ് എന്റെ ദൈവം ' എന്ന തര്‍ക്കത്തിലാണ് പരസ്പരം വാളെടുക്കുന്നതും, ചോരപ്പുഴകള്‍ ഒഴുകുന്നതും.

യഥാര്‍ത്ഥത്തില്‍ എന്താണ് സത്യം?പാത്ര സൃഷ്ടിയിലെ കൃത്യതയും, ധര്‍മ്മികതയും മൂലം ഉപാഖ്യാതാവ് വരച്ചു വയ്ക്കുന്ന വര്‍ണ്ണ ചിത്രങ്ങളെ നമ്മള്‍ സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു. സര്‍വ നന്മകളുടെയും സാക്ഷാല്‍ക്കാരമായ ദൈവത്തിന്റെ ഒരു പ്രതിരൂപം നമ്മള്‍ ഇവരില്‍ കണ്ടത്തുന്നു. ചക്കിയെന്നും, ചങ്കരനെന്നും പേരുകള്‍ ചാര്‍ത്തപ്പെട്ട ഇവരെ ആരാധിച് ആരാധിച് അവസാനം ക്ഷേത്രങ്ങളിലോ, പള്ളികളിലോ, മോസ്‌ക്കുകളിലോ ഒക്കെ പ്രതിഷ്ഠിക്കുന്നു. ജീവിത വ്യഥകളില്‍ നിന്ന് ആശ്വാസം തേടിയെത്തുന്ന പാവം മനുഷ്യന്‍ ഇവിടെ കൈകൂപ്പി നില്‍ക്കുന്‌പോള്‍, വ്യവസ്ഥാപിത മത മേധാവികള്‍ ഇതിനെല്ലാം ഫീസ് ഈടാക്കിക്കൊണ്ട് 
കൊഴുത്തു തടിക്കുന്നു.

മത വിരോധികളായ ഭൗതിക വാദികളാകട്ടെ, മുട്ടനാടിന്റെ പിറകേ കൊതിയോടെ നടക്കുന്ന കുറുക്കനെപ്പോലെ ഈ ക്ഷേത്രങ്ങളിലും, പള്ളികളിലും, മോസ്‌ക്കുകളിലുമൊക്കെ ദൈവത്തെ അന്വേഷിച്ചു നടക്കുന്നു. പ്രപഞ്ചാത്മാവും, അതിന്റെ സൃഷ്ടാവും, സംരക്ഷകനും, ശക്തി സ്രോതസുമായ സാക്ഷാല്‍ ദൈവം യാതൊരു ക്ഷേത്രത്തിലെയോ,പള്ളിയിലെയോ സ്ഥിര താമസക്കാരനല്ലെന്നും, കുടത്തിന്റെ അകത്തും പുറത്തും എപ്രകാരം വായു നിറഞ്ഞിരിക്കുന്നുവോ അതുപോലെ, സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്ന സജീവവും, സത്യവുമായ ശരീരമല്ലാത്ത ആത്മാവാണ്  അതെന്നും മനസ്സിലാക്കാതെ പുരപ്പുറത്തു കയറി നിന്ന് ' ദൈവമില്ല ' എന്ന് വിളിച്ചു കൂവുന്നു.

യാതൊരു മനുഷ്യന്റെയും യാതൊരു പ്രവര്‍ത്തിയില്‍ നിന്നും അവന്‍ ലക്ഷ്യം വയ്ക്കുന്ന റവന്യു എന്താണ്? എന്റെ അഭിപ്രായത്തില്‍ ഒന്നേയുള്ളു; അതാണ് ആത്മസംതൃപ്തി. ഈ ആത്മ സംതൃപ്തിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളുടെ ആകെത്തുകയാണല്ലോ ജീവിതം? ഒരാള്‍ക്ക് ഇത് ലഭ്യമാവുന്നത് മതത്തില്‍ നിന്നാണെങ്കില്‍, പള്ളിയില്‍ നിന്നാണെങ്കില്‍, ക്ഷേത്രത്തില്‍ നിന്നാണെങ്കില്‍ അവനെയെന്തിന് തടയണം?' നിങ്ങള്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. പക്ഷെ, അത് പറയുവാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഞാന്‍ സമരം ചെയ്യാം ' എന്ന് പറഞ്ഞ ഒരു ചിന്തകനെ ഓര്‍മ്മ വരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറയുന്നതല്ലേ ശരി? ഓരോരുത്തനും അവനവന് ഇഷ്ടമുള്ള മതത്തില്‍ നില്‍ക്കട്ടെ. പാല്‍പ്പൊടിയും, പയറുമായി അവനെ മാര്‍ഗ്ഗം കൂട്ടാന്‍ നടക്കുന്നതെന്തിന്? നിന്റേതിനേക്കാള്‍ എന്റേതാണ് മെച്ചം എന്ന് മൈക്ക് കെട്ടി വിളിച്ചു കൂവുന്നതെന്തിന്? ആരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ നിന്റെയും നിന്റെ മതത്തിന്റെയും കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയല്ലേ വേണ്ടത്? നിന്റെ കര്‍മ്മപരിപാടികള്‍ സ്രേഷ്ടതയുടെ ഉയരങ്ങളില്‍ സത്യസന്ധമായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ആരും വിളിക്കാതെ തന്നെ സത്യാന്വേഷിയായ മനുഷ്യന്‍ നിന്റെ മതത്തിലേക്ക് വരുമല്ലോ ? പ്രസംഗത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ഊര്‍ജ്ജം പ്രവര്‍ത്തിയിലേക്ക് വഴി തിരിച്ചു  വിട്ടാല്‍ മതിയല്ലോ?നീ ഞണ്ടിനെപ്പോലെ വശങ്ങളിലേക്ക് നടന്നു കൊണ്ട് നിന്റെ പിറകേ വരുന്നവരോട് നേരേ നടക്കാന്‍ പറയരുത്, നടപ്പിലാവില്ല.

തങ്ങള്‍ ത്യാഗം ചെയ്യാനായി ഇറങ്ങി തിരിച്ചവരാണെന്നാണ് പുരോഹിത വര്‍ഗ്ഗത്തിന്റെ അവകാശ വാദം. ചരിത്രത്തിന്റെ ആദ്യ കാലങ്ങളില്‍ ഇത് ശരിയുമായിരുന്നു. ചില മതങ്ങളിലെ പുരോഹിതന്മാര്‍ക്ക് ബ്രഹ്മചര്യം നിഷ്‌ക്കര്ഷിച്ചിരുന്നത് തന്നെ ത്യാഗോജ്ജ്വലമായ ജീവിത വൃത്തികളിലൂടെ അവര്‍ സമൂഹത്തിന്റെ പൊതു സ്വത്തായി തീരുന്നതിന് വേണ്ടിയായിരുന്നു. തങ്ങളില്‍ നിക്ഷിപ്തമായ കടമകള്‍ സത്യ സന്ധമായി നിര്‍വഹിച്ചു കടന്നു പോയ ആയിരമായിരം പുണ്യആത്മാക്കള്‍ എല്ലാ മതങ്ങളിലുമുണ്ട്? അവരുടെ പുണ്യ സ്മരണകളില്‍ പോലും പുളകമണിയേണ്ട മത സ്ഥാപനങ്ങള്‍, ഇന്ന് മൂക്കും മുലയും മുറിച്ചു ചുടുകാട്ടിലെറിയപ്പെട്ട വാസവദത്തയുടെ നിലയിലേക്ക് അപഹാസ്യരാകുന്നുണ്ടെങ്കില്‍ ഒരു തിരിച്ചു നടത്തത്തിന്റെ അനിവാര്യതയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

ഒന്നാമതായി ആത്മ സാക്ഷാല്‍ക്കരണത്തിന്റെ അക്ഷയ ഖനികളായി നില നില്‍ക്കേണ്ടുന്ന മതങ്ങള്‍ കോര്‍പ്പറേറ്റു കച്ചവട സ്ഥാപനങ്ങളായി അധഃപതിക്കരുത്. ഓരോ വ്യക്തിക്കും അവന്റെ മതത്തില്‍ നിന്ന് ആശ്വാസവും, സാന്ത്വനവും ലഭ്യമാവണം. പണത്തിന്റെ നിരക്കുകള്‍ കൊണ്ട് ആത്മീക ചടങ്ങുകളെ വിലപേശി വില്‍ക്കരുത്. സ്ഥാന വസ്ത്രങ്ങള്‍ക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന സാധാരണ മനുഷ്യരായ പുരോഹിതന്മാര്‍ പച്ച മനുഷ്യരായി പുറത്തു വരണം. എല്ലാ മതങ്ങളിലെയും പുരോഹിതന്മാരും മേലാളന്മാരും അവരവര്‍ക്ക് പറ്റുന്ന ജോലി ചെയ്യണം. തൊപ്പി തുന്നി അഷ്ടി കഴിച്ച ഔറങ്ങുസീബ് ചക്രവര്‍ത്തിയെ ഏവരും മാതൃകയാക്കണം. ആരാധന ഉള്‍പ്പടെയുള്ള ആത്മീക കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം പറ്റാന്‍ പാടില്ല. വിമോചനം വിലക്ക് വില്‍ക്കാനുള്ളതല്ലാ, അത് സൗജന്യമായിരിക്കണം. അതല്ല, പണ സന്പാദനമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പവിത്രമായ പുരോഹിത വേഷങ്ങള്‍ ഊരിയെറിഞ് വല്ല ' പണ്ടം പണയത്തിന്മേല്‍ പണം കടം കൊടുക്കപ്പെടും' ഇടപാടും തുടങ്ങണം.

ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണന്‍ എന്നും, അതുകൊണ്ടു തന്നെ അവനായിരിക്കണം പുരോഹിതന്‍ എന്നും ഹിന്ദുമതം നിഷ്‌കര്‍ഷിക്കുന്നു. ജന്മം കൊണ്ട് മാത്രമല്ലാ, കര്‍മ്മം കൊണ്ടും ബ്രാഹ്മണനാകാം എന്നതിനാല്‍,  എല്ലാ മതങ്ങളിലെയും യോഗ്യതയുള്ളവരായിരിക്കണം പുരോഹിതന്മാര്‍. യോഗ്യത എന്നത്, കാലങ്ങളായി ഉരുവിട്ട് പഠിക്കുന്ന വേദമന്ത്രങ്ങള്‍ എന്നതിലുപരി, സര്‍വ സംഗ പരിത്യാഗമെന്ന സന്യാസത്തിന്റെ ഉത്തരാര്‍ത്ഥത്തിലേക്കുള്ള വളര്‍ച്ചയാണ്. ഇവിടെ എത്തിച്ചേരാനാകുന്ന ഒരാള്‍ക്ക് പിന്നെ ജാതിയില്ല, മതമില്ല, വര്‍ഗ്ഗമില്ല, വര്‍ണ്ണമില്ല. ക്ഷേത്രമോ, പള്ളിയോ, മോസ്‌കോ, ഗുരുദ്വാരമോ അയാള്‍ക്ക് വ്യത്യസ്തമാകുന്നുമില്ല.

നാമറിയുന്ന പുരോഹിതരിലും, പൂജാരികളിലും ഈ വളര്‍ച്ച നേടിയവര്‍ വിരളമാണ്. ഉപജീവനത്തിനുള്ള ഉപാധിയായും, എളുപ്പ വഴിയില്‍ സന്പാദിക്കുന്നതിനുള്ള തൊഴിലായും ഇവര്‍ അദ്ധ്യാത്മികതയെ കാണുന്നു. കള്ള പ്രവാചകന്മാരും, കപട സന്യാസികളുമായ ഇക്കൂട്ടരെ തിരിച്ചറിയുന്നതിനും, ഒറ്റപ്പെടുത്തുന്നതിനും സാമൂഹ്യ ബോധമുള്ള ഏതൊരാള്‍ക്കും കടമയുള്ളതു കൊണ്ടാണ്, ലോകത്താകമാനമുള്ള മതങ്ങള്‍ക്കും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ മുള്‍മുനകള്‍ ഉയരുന്നത്.

എങ്കിലും മനുഷ്യ വംശ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യത്താവളങ്ങളായി ഇന്നുകളില്‍ പോലും നിലനില്‍ക്കുന്ന മതങ്ങളെ തകര്‍ക്കലല്ല ലക്ഷ്യമാക്കേണ്ടത്; പിന്നയോ കാലഘട്ടങ്ങളുടെ ഹൃദയത്തുടിപ്പുകള്‍  ഉള്‍ക്കൊള്ളുന്നതും, വിശ്വമാനവികതയുടെ വിശാല സാധ്യതകള്‍ ആരായുന്നതുമായ ക്രിയാത്മകങ്ങളായ തിരുത്തലുകളാണ് അനിവാര്യമായിട്ടുള്ളത്. തങ്ങളുടെ ദൈവ പ്രതീകങ്ങളായി അജ്ഞന്മാര്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങള്‍ ഉടയ്ക്കുന്നതു വിപ്ലവമല്ലാ, അവര്‍ വിജ്ഞന്മാരായി തീരുന്‌പോള്‍ അവര്‍ തന്നെ ഉടച്ചു കൊള്ളും എന്ന ശങ്കര ദര്‍ശനമാണ് എന്നും, എവിടെയും കരണീയമായിട്ടുള്ളത്.

ഏതൊരു പ്രതീകത്തിന് മുന്‍പിലും സ്വന്തം ഹൃദയം സമര്‍പ്പിച്ചു കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന മനുഷ്യന്‍ അതിലൂടെ ആരാധിക്കുന്നത് ആ പ്രതീകത്തെയോ, വിഗ്രഹത്തെയോ ആണെന്ന് തോന്നാമെങ്കിലും, പ്രതീകം എന്ന പ്രിസത്തിലൂടെ അവന്‍ ദര്‍ശിക്കുന്നത് സാക്ഷാല്‍ ദൈവത്തെ തന്നെയാകുന്നു എന്നതല്ലേ സത്യം? പ്രപഞ്ചാത്മാവായ ഏകദൈവം ഒന്ന് മാത്രമേയുള്ളു എന്നതിനാല്‍ എല്ലാ പ്രാര്‍ത്ഥനകളും ചെന്നെത്തുന്നത് ഒരിടത്താണ് എന്ന് മനസ്സിലാക്കാന്‍ അല്‍പ്പം ചിന്ത ആവശ്യമുണ്ട്. അതിന് മെനക്കെടാത്തവരാണ്, എഴുത്തുകാര്‍ സൃഷ്ടിച്ച പാത്ര നാമങ്ങളില്‍ തങ്ങളുടെ ദൂരദര്‍ശിനികള്‍ പ്രയോഗിച്ചു പരാജയപ്പെടുന്നതും, തങ്ങള്‍ ദൈവത്തെ അന്വേഷിച്ചിടത്ത് കണ്ടെത്തിയില്ലാ എന്നും, അത് കൊണ്ട് അങ്ങിനെയൊന്നില്ലാ എന്നും ഉറക്കെ വിളിച്ചു കൂവുന്നത്.

എല്ലാ മതങ്ങളോടുമായി ഒരു വാക്ക് : നിങ്ങളുടെ മേച്ചില്‍പ്പുറങ്ങളും,സാധ്യതകളും വളരെ വലുതാണ്. മനുഷ്യത്വത്തെ സഹായിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളായി നിങ്ങള്‍ വളരുക തന്നെയാണ് വേണ്ടത്. ആഗോള സംഘര്ഷങ്ങളും, ആണവ യുദ്ധ ഭീഷണികളും കൊണ്ട് ദൈന്യമാവുന്ന വര്‍ത്തമാനാവസ്ഥയില്‍ മനുഷ്യ വേദനകളുടെ മുറിപ്പാടുകളില്‍ സമാധാനത്തിന്റെയും, സാന്ത്വനത്തിന്റെയും ഒരു തടവല്‍....അതെങ്കിലും മതങ്ങള്‍ക്ക് സാധിക്കണം....അതാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയും, മനുഷ്യത്വം മനസ്സില്‍ പേറുന്ന സ്വപ്നവും.?
മതങ്ങള്‍ മനുഷ്യത്വത്തിലേക്ക് വളരണം (ലേഖനം: ജയന്‍ വര്‍ഗീസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക