Image

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ! (മിനിക്കഥ : ജയന്‍ വര്‍ഗീസ്)

Published on 15 May, 2018
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ! (മിനിക്കഥ : ജയന്‍ വര്‍ഗീസ്)
ആലയാങ്കണത്തിലെ കരുവേലകത്തണലിലെ കല്ലിലിരിക്കുകയായിയുന്നു യേശു. ഇളംകാറ്റിന്റെ ചൂളം വിളിയെ അതിജീവിച് അടുത്തെത്തിയ ഒരാരവം അദ്ദേഹം ശ്രദ്ധിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ തന്റെ കാല്‍ച്ചുവട്ടില്‍ വീണു കിടക്കുന്ന പരിക്ഷീണയും, പരവശയുമായ ഒരു സ്ത്രീയെ യേശു കണ്ടു. അവളുടെ പിന്നില്‍ ഉരുളന്‍ കല്ലുകളും, ഉണ്ടക്കണ്ണുകളുമായി കുറെ പരുക്കന്‍ വസ്ത്ര ധാരികള്‍.

" എന്താ?" യേശു മുഖമുയര്‍ത്തി.
" ഇവളെ കല്ലെറിയേണം " ജനക്കൂട്ടം.
" എന്തിന് ...?"
" ഇവള്‍ പാപി..."
" ഓഹോ? പാപികളെയാണ് ഞാന്‍ തേടുന്നത്. "
" ഇവള്‍ ദുര്‍ന്നടത്തക്കാരി. വേശ്യ.... ഇവളെ കല്ലെറിഞ്ഞു കൊല്ലുവാന്‍ മോശയുടെ ന്യായപ്രമാണം ഞങ്ങള്‍ക്ക് അനുവാദം തന്നിരിക്കുന്നു."
" അതിനിപ്പോള്‍ ...?"
" ഇവളെ കല്ലെറിയുവാന്‍ നീ ഞങ്ങള്‍ക്ക് അനുവാദം തരണം."
" ഓ! അത് ശരി....?"

യേശു മുഖം കുനിച്ചു. ആ തീഷ്ണ നയനങ്ങള്‍ തങ്ങളെ തുളച്ചുകയറുന്‌പോള്‍ ഉണ്ടായേക്കാവുന്ന വിവശത തിരിച്ചറിഞ്ഞ ജനക്കൂട്ടം ആശ്വസിച്ചു. നിലത്തെ പൂഴിയില്‍ യേശുവിന്റെ കാല്‍ നഖങ്ങള്‍ അലസമായി ചിത്രങ്ങള്‍ കോറി .

" എറിയണം, ഞങ്ങള്‍ക്കെറിയണം. " ജനക്കൂട്ടം ആക്രോശിച്ചു.
" എറിഞ്ഞോളൂ. " യേശു മുഖമുയര്‍ത്തിയില്ല. " പക്ഷെ,? "
" പിന്നെ എന്താണൊരു പക്ഷേ ? "
" നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ.?.."

പിടിച്ചിരുന്ന വിരലുകളില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ സ്വയം അയഞ്ഞു. അവ താഴെ വീഴുന്‌പോള്‍ ഉയര്‍ന്ന പൂഴിയുടെ ചെറു പുകയില്‍ എല്ലാം അവ്യക്തമായി ഒരു നിമിഷം. ക്രമേണ പുകയടങ്ങിയപ്പോള്‍, മുഖമുയര്‍ത്തിയ യേശു ആരെയും കണ്ടില്ല അവശയും, അശരണയുമായി തേങ്ങുന്ന അവളെയല്ലാതെ.

" ആരും നിന്നെ കല്ലെറിഞ്ഞില്ലേ...?"
" ഇല്ല ഗുരോ..."
" ഞാനും അറിയുന്നില്ല...പൊയ്‌ക്കോളൂ .."

അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ തന്റെ ചുറ്റിലുമായി വീണു കിടക്കുന്ന ഉരുളന്‍ കല്ലുകളോടായി യേശു പറഞ്ഞു :

" പാവം കല്ലുകള്‍!....നിങ്ങള്‍ക്ക് ആരെയും എറിഞ്ഞു വീഴ്‌ത്തേണ്ടതില്ലേ ? "

കല്ലുകള്‍ ഉരുണ്ടുണര്‍ന്നു. തങ്ങളെ വഹിച്ചിരുന്നവരുടെ പടിവാതിലുകളോളം പിന്‍ചെന്ന് അവരെ എറിഞ്ഞു കൊന്നു കളഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക