Malabar Gold

ലക്ഷ്യം തെറ്റുന്ന ക്രിസ്ത്യാനിറ്റി (സ്വപ്നങ്ങളെവിടെ, യാഥാര്‍ഥ്യമെന്ത്.?) ലേഖനം- ജയന്‍ വര്‍ഗീസ്.

Published on 15 July, 2018
ലക്ഷ്യം തെറ്റുന്ന ക്രിസ്ത്യാനിറ്റി (സ്വപ്നങ്ങളെവിടെ, യാഥാര്‍ഥ്യമെന്ത്.?) ലേഖനം- ജയന്‍ വര്‍ഗീസ്.
മനുഷ്യത്വത്തിന്റെ മറ്റൊരു മഹത്തായ പേരാണ് ക്രിസ്ത്യാനിറ്റി. 1168 തളിര്‍ പേജുകളിലായി നനുത്ത അക്ഷരങ്ങളില്‍ നീണ്ടു പരന്നു കിടക്കുന്ന ബൈബിള്‍ പ്രഖ്യാപനങ്ങളില്‍ മനുഷ്യത്വം എങ്ങിനെ പ്രയോഗത്തിലാക്കാം എന്നാണു വിശദീകരിക്കുന്നത്. വ്യാഖ്യാനങ്ങളും, ഉപ വ്യാഖ്യാനങ്ങളുമായി അനേകം വിഷനുകള്‍ നിലവില്‍ വരികയും, അവയുടെ ഉപജ്ഞാതാക്കളും, ഉപകര്‍ത്താക്കളുമായി അനേകം പേര്‍ അന്നം കണ്ടെത്തുകയും ചെയ്തുവെങ്കിലും, യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയെ കണ്ടെത്തുന്നതിലും, പ്രയോഗിക്കുന്നതിലും ആയിരത്തി അറുന്നൂറില്‍പ്പരം വരുന്ന ക്രിസ്തീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലാ എന്ന് തുറന്നു പറയുന്‌പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുപ്പുകളും, അലര്‍ച്ചകളും കേള്‍ക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്.

എടുക്കുക എന്നതല്ലാ, കൊടുക്കുക എന്നതാണ് യഥാര്‍ത്ഥ ക്രിസ്ത്യാനിറ്റിയുടെ പ്രായോഗിക പാത. നിഷ്ക്കാമ കര്‍മ്മ സൂത്രം ഉപദേശിക്കുന്ന ഗീതാകാരനും ഇത് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഒന്നും ആഗ്രഹിക്കാതെ കര്‍മ്മം ചെയ്‌യുന്‌പോള്‍, ഒന്നും കൈവശപ്പെടുത്താതെ എല്ലാം വിട്ടു കൊടുക്കുന്‌പോള്‍ ഉളവാകുന്ന ആത്മ സംതൃപ്തിയുടെ വന്‍ റവന്യൂ ആണ് ഒരു വ്യക്തിയുടെ ജീവിതത്തെ പരമമായ ആനന്ദാവസ്ഥ എന്ന അര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ മോക്ഷത്തില്‍ എത്തിക്കുന്നത്. ഈ മോക്ഷ പ്രാപ്തിക്കു വേണ്ടി മരണത്തിന്റെ മൈല്‍ക്കുറ്റിയുടെ അപ്പുറത്തേക്ക് കടക്കണമെന്നില്ല. ഇപ്പുറത്തുള്ള എത്രയോ കാതങ്ങളില്‍ നമുക്കിതിന് അവസരം ലഭിക്കുന്നുണ്ട് ? ഉടലോടെ സ്വര്‍ഗ്ഗം പൂകുന്നതിനുള്ള ഇത്തരം അവസരങ്ങളെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ജീവിതം നമുക്ക് മുന്നില്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം ഇന്ത്യയില്‍ നടപ്പിലാക്കിയ ബ്രിട്ടിഷുകാരെപ്പോലെ, ഭയപ്പെടുത്തി ഭരിക്കുക എന്ന നയമാണ് എല്ലാ മതങ്ങളും പിന്തുടരുന്നത്. അതിനു വേണ്ടിത്തന്നെ സര്‍വ നന്മ്മകളുടെയും സന്പൂര്‍ണ്ണ സാക്ഷാല്‍ക്കാരമായ സാക്ഷാല്‍ ദൈവത്തെ ക്രൂരനായ ഒരു സാഡിസ്റ്റ് ഭരണാധികാരിയായി ഇവര്‍ ചിത്രീകരിക്കുന്നു. ഈ സാഡിസ്റ്റിന്റെ പാര്‍ശ്വവര്‍ത്തികളാണ് തങ്ങളെന്നും, തങ്ങള്‍ക്കിഷ്ടമില്ലാത്തതു ചെയ്യുന്നവര്‍ ദൈവത്തിനും ഇഷ്ടമില്ലാത്തവരാണെന്നും, അങ്ങനെയുള്ളവരെ കാലില്‍പ്പിടിച്ചു തൂക്കി വലിച്ചെറിയാന്‍ വേണ്ടി കെടാത്ത തീയും, ചാകാത്ത പുഴുവും നിറഞ്ഞ ഭീകരമായ നരകം തീര്‍ത്ത് കാത്തിരിക്കുകയാണ് ദൈവം എന്നും ഇവര്‍ പഠിപ്പിക്കുന്നു.?

മനുഷ്യനെ ഭയപ്പെടുത്താന്‍ എല്ലാ മതങ്ങളും ഒരുപോലെ പ്രയോഗിക്കുന്ന മറ്റൊരു സൂത്ര വാക്യമാണ് ' ലോകാവസാനം.' രണ്ടായിരത്തിലേറെ വര്ഷങ്ങളായി ഇത് കേള്‍ക്കുന്നു. ലോകാവസാനത്തില്‍ മനുഷ്യന്‍ അനുഭവിക്കാന്‍ പോകുന്ന മഹാ പീഠകളുടെ പദാനുപദ വിശദീകരണങ്ങളാണ് മിക്ക മത പ്രഭാഷണങ്ങളും. ആകാശത്തു നിന്നടര്‍ന്നു വീഴുന്ന നക്ഷത്ര തീക്കല്ലുകളില്‍ മൂല വസ്തുക്കള്‍ കത്തിയഴുകി ഭൂമി ഒരു തീക്കട്ടയായി മാറുമെന്നും, ഇതാ അതിപ്പോള്‍ത്തന്നെ സംഭവിക്കും എന്നും പറഞ് ഇവര്‍ മനുഷ്യനെ ഭയപ്പെടുത്തുന്നു.?

ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കുറുക്കുവഴികളും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മിക്ക മതങ്ങളും ഇതിനായി ഒരു സമയ ബന്ധിത കര്‍മ്മ പരിപാടി നിര്‍ദ്ദേശിക്കുന്‌പോള്‍, ചില തീവ്ര വാദി ഗ്രൂപ്പുകള്‍ ഇന്‍സ്റ്റന്റായി വിശ്വസിച്, രക്ഷിക്കപ്പെട്ട്, സ്‌നാനമേറ്റ് തങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയായി സ്വര്‍ഗ്ഗത്തിലെ ഒരു മുന്‍നിര സീറ്റു തന്നെ മുന്‍കൂറായി റിസര്‍വ് ചെയ്തു വയ്ക്കാം എന്ന് പ്രലോഭിപ്പിക്കുന്നു.

ഇന്നല്ലെങ്കില്‍ നാളെ, അതുമല്ലെങ്കില്‍ അടുത്ത ആഴ്ചക്ക് മുന്‍പ് കര്‍ത്താവ് വരുമെന്ന് ആണയിട്ടു പറയുന്ന ഇവരുടെ വീടുകളില്‍ ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കം നില്‍ക്കുന്ന ബ്രസീലിയന്‍ ഗ്രാനെയിറ്റ് കൊണ്ട് ശൗചാലയങ്ങള്‍ വരെ നിര്‍മ്മിച്ച് വയ്ക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല?

ഏറ്റവും നല്ല വീട്, വാഹനം, വസ്ത്രം, ഭക്ഷണം, കുട്ടികള്‍ക്ക് ഫൈവ് സ്റ്റാര്‍ എഡ്യൂക്കേഷന്‍.....പാവം പാസ്റ്റര്‍ ...നാളെ സര്‍വ സംഗ പരിത്യാഗിയായി പോകാനിരിക്കുകയാണ്, കര്‍ത്താവിന്റെ കൂടെ? പക്ഷെ, പോകുന്നത് വരെ തന്റെ ചര്‍ച്ചില്‍ നല്ല ആള്‍ക്കൂട്ടം വേണം, പത്തിലൊന്ന് കൃത്യമായി തന്നിരിക്കുകയും വേണം....എന്തെങ്കിലും തര്‍ക്കം വന്നാല്‍, ' ആട് മേയ്ക്കുന്നവന്‍ അതിന്റെ പാല് കൊണ്ട് ഉപജീവനം കഴിക്കട്ടെ ' എന്ന ബൈബിള്‍ വാക്യം വായിച് ആടുകളെ ആശ്വസിപ്പിക്കും?

ഇരുപതാം നൂറ്റാണ്ട് വിടപറയുകയും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പാദ പതന നാദം ചക്രവാള സീമയില്‍ സ്പന്ദിച്ചു നില്‍ക്കുകയും ചെയ്ത കഴിഞ്ഞ ദശകങ്ങളായിരുന്നു ലോകാവസാന ഭീഷണിക്കാരുടെയും, അവരുടെ പിണിയാളുകളുടെയും കൊയ്ത്തു കാലം.

ആധുനിക കാല ഘട്ടത്തിന്റെ ആചാര്യന്മാര്‍ എന്നഭിമാനിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ അജ സ്മൃശുക്കളില്‍ വിരലോടിച്ചു കൊണ്ട് അഴിച്ചു വിട്ട വൈ.2. കെ.ദുര്‍ഭൂതത്തിന്റെ അലര്‍ച്ചയില്‍ ലോകത്താകമാനമുള്ള മനുഷ്യ രാശി എത്രമാത്രമാണ് അന്ന് ഞെട്ടി വിറച്ചത് ? കംപ്യൂട്ടറിന്റെ കണക്കുകളില്‍ രണ്ടായിരത്തിലെത്തുന്ന ലോകം, കാല പ്രവാഹത്തെ പിന്നോട്ടു നയിച്ച് വെറും വട്ട പൂജ്യത്തില്‍ എത്തുമെന്നും, മൊട്ടു സൂചി മുതല്‍ മോട്ടോര്‍ കാര്‍ വരെയുള്ള സകലമാന ഉല്‍പ്പന്നങ്ങളുടെയും പിന്നിലെ ബുദ്ധി കേന്ദ്രമായ കംപ്യൂട്ടറുകളുടെ തല തിരിയുന്നതോടെ, വാട്ടര്‍ പൈപ്പിലൂടെ തീ വരുമെന്നും, ഗ്യാസ് സ്റ്റവിലൂടെ വെള്ളം ചീറ്റുമെന്നും മറ്റുമുള്ള വിഡ്ഢിത്തരങ്ങളുടെ വിളിച്ചു കൂവലിലൂടെ മനുഷ്യ രാശിയെ ഭയത്തിന്റെ ചങ്ങലയണിയിച്ച ഈ വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്ന് ഇന്നെങ്കിലും തുറന്നു സമ്മതിച്ചിരുന്നെങ്കില്‍, ഒരിക്കലെങ്കിലും ഒരു സത്യം പറഞ്ഞു എന്ന സംതൃപ്തിയോടെ വീണ്ടുമാ താടിയില്‍ വിരലോടിച്ചു രസിക്കാമായിരുന്നു?

അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളുടെ ആയുധപ്പുരകളില്‍ സഹോദരന്റെ നെഞ്ചിനു നേരെ തൊടുത്തു വച്ച ആണവത്തലപ്പുകളുമായി അതി ഭീകരന്മാരായ ഭൂഖണ്ഡാന്തര മിസൈലുകള്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്‌പോള്‍, കേവലമൊരു നോട്ടപ്പിശകിന്റെ അനന്തര ഫലമായിപ്പോലും കരയിലെയും, വെള്ളത്തിലേയും, ആകാശത്തിലെയും ഒളിത്താവളങ്ങളില്‍ നിന്ന് മരണകരമായ ഹുംകാരവത്തിന്റെ കന്പനങ്ങളോടെ ഏതു നിമിഷവും അത് കുതിച്ചുയരാവുന്ന ഭൗതിക സാഹചര്യങ്ങള്‍ നില നില്‍ക്കുന്‌പോള്‍, ഇത്ര ക്രൂരമായി വധിക്കപ്പെടാന്‍ മാത്രം ഭീകരനാണോ മനുഷ്യന്‍ എന്ന ഈ സാധുജീവി? ഇത്രയ്ക്കസഹ്യമാണോ നെഞ്ചിന്‍ കൂട്ടിലെ ഈ ചെറുകിളിയുടെ മൃദു കുറുകല്‍?

മില്ലേനിയപ്പിറപ്പോടെ വൈ.2.കെ.ഭീഷണി അവസാനിച്ചു എന്ന് ആശ്വസിക്കുന്ന ശാസ്ത്ര ലോകത്തിന് ഈ ഭീഷണിയെക്കുറിച് എന്ത് പറയാനുണ്ട്? കാഹളമൂത്തുകാരുടെ അകന്പടിയോടെ ആകാശ മേഘങ്ങളില്‍ ആഗതനാവുമെന്ന് പറയുന്ന ക്രിസ്തുവിന്റെ അനുയായികള്‍ക്ക് തങ്ങള്‍ താങ്ങി നിര്‍ത്തുന്ന ഭരണ കൂടങ്ങളുടെ അകത്തളങ്ങളില്‍ പൊതിഞ്ഞു വച്ച ഈ മാരക ഭീഷണിയെക്കുറിച് എന്ത് പറയാനുണ്ട്? ആകാശത്ത് നിന്ന് അടര്‍ന്നു വീഴുന്ന അഗ്‌നിക്കല്ലുകളെക്കുറിച്ചു ആശങ്കപ്പെടുന്നവര്‍ക്ക് നമുക്ക് ചുറ്റും ഒളിച്ചു വച്ച ഈ തീമഴയെക്കുറിച് എന്ത് പറയാനുണ്ട്?

ഏറ്റവും ചുരുങ്ങിയത്, ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന ഭരണ കൂടങ്ങളെ ക്രിസ്തുവിനെ നേതാവായി അംഗീകരിക്കുന്ന ക്രിസ്തീയ സഭകള്‍ പിന്തുണയ്ക്കുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാമോ? അത്തരം ഗവര്‍മെന്റുകള്‍ക്ക് നികുതി കൊടുക്കുകയില്ലന്ന് വെല്ലുവിളിക്കാമോ?അതില്‍ നിന്ന് ഉളവാകാവുന്ന ഭവിഷ്യത്തുകളെ കുരിശു മരണത്തിന്റെ വഴിയാത്രയില്‍ യേശു അനുഭവിച്ച മഹാ പീഠനങ്ങളുടെ പ്രതിരൂപമായി ഏറ്റുവാങ്ങാമോ? ഇതിലൂടെ, അപരന്‍ എന്ന, അയല്‍ക്കാരന്‍ എന്ന, സഹോദരന് വേണ്ടിയുള്ള കരുതല്‍ എന്ന ക്രിസ്തീയ തത്വ ദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ട്, ക്രിസ്തീയത ഒരു പ്രായോഗിക പരിപാടിയായി നടപ്പിലാക്കാവുന്നതാണെന്ന് സ്വന്തം പ്രവര്‍ത്തികളിലൂടെ തെളിയിക്കാമോ?

'എന്നെ അനുഗമിക്കുന്നവന്‍ എന്റെ കുരിശുമായി (കഷ്ടപ്പാട് ) പിന്നാലെ വരട്ടെ ' എന്ന് പറയുന്‌പോള്‍ യേശുപോലും ഓര്‍ത്ത് കാണുകയില്ലാ, പില്‍ക്കാല അനുയായികള്‍ ആ കുരിശു പോലും ഒരു വില്പനച്ചരക്കാക്കി മാറ്റിക്കളയുമെന്ന് ? തനിത്തങ്കത്തില്‍ തീര്‍ത്ത് ചുവന്ന പട്ട് ഞാറ്റിയിട്ട അത് മൊത്തിച് നൂറു ഡോളര്‍ കൈക്കലാക്കുമെന്ന് ? ഉയര്‍ന്ന റെസ്‌പെക്റ്റും, സാമൂഹ്യ പദവിയും എന്ന വന്‍ റവന്യൂവിന് പുറമേ, കേവലം ഒരു മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കാവുന്ന ' കുര്‍ബാന ' എന്ന കലാരൂപത്തിന് പ്രതിഫലമായി 250 ഡോളര്‍ കീശയിലാക്കുമെന്ന് ?എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, മറ്റ് ജോലികള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ തങ്ങള്‍ക്കും കൂടി വേണ്ടി അനുഷ്ഠിക്കുന്ന ഞായറാഴ്ചകളിലെ ഈ ഒരു മണിക്കൂര്‍ കര്‍മ്മം സൗജന്യമായി അര്‍പ്പിച്ചു കൊണ്ട് ക്രിസ്തുവിനോടും, ക്രിസ്തീയതയോടുമുള്ള വിശ്വാസ ദാര്‍ഢ്യം ഉറക്കെ പ്രഖ്യാപിക്കുവാന്‍ നെഞ്ചുറപ്പു കാണിക്കുമോ?

പെരുകുന്ന സന്പത്തിന്റെ ഉയരുന്ന മാളികയിലെ സുഖ ജീവിതം. അതല്ലാ ക്രിസ്തീയത. സഹനത്തിലൂടെ, പങ്കു വയ്ക്കലിലൂടെ, കരുതലിലൂടെ, ആഗോള മനുഷ്യ രാശിക്ക് മേലുള്ള ഒരു നെറ്റ് വര്‍ക്ക്. ഒരു പ്രായോഗിക പരിപാടി. പ്രസംഗമല്ലാ, പ്രവര്‍ത്തി. അതാണ് ക്രിസ്തീയത. കുഴലൂത്തുമായി മാനത്തു വരുന്ന കര്‍ത്താവിനെ ചുമ്മാ കാത്തിരിക്കലല്ലാ, മറ്റാര്‍ക്കും വിഭാവനം ചെയ്യാന്‍ സാധിക്കാതിരുന്ന സ്‌നേഹവും, സ്‌നേഹത്തിന്റെ പ്രയോഗ സൂത്രമായ കരുതലും മനുഷ്യ വര്‍ഗ്ഗത്തിനിടയില്‍ വിതച്ച ക്രിസ്തുവിനെ ഉള്‍ക്കൊണ്ടു കൊണ്ട്, അതില്‍ നിന്ന് വിളവെടുക്കുന്ന വിശ്വ സാഹോദര്യം എന്ന മണ്ണിലെ സ്വര്‍ഗ്ഗം പണിതുയര്‍ത്തുന്നതിനുള്ള കല്ലുകളായി സ്വയം ആയിത്തീരുവാനുള്ള പ്രായോഗിക കര്‍മ്മ പരിപാടിയാണ് ക്രിസ്തീയത ! ത്യാഗത്തിന്റെ നറും ചാന്തിലാണ് ഈ കല്ലുകള്‍ ഒട്ടിച്ചു ചേര്‍ക്കപ്പെടുന്നത്. ആസക്തിയുടെ ഉന്തും, മുഴകളും സ്വയം ഛേദിച്ചു ചതുരമായാല്‍ മാത്രമേ നാം എന്ന കല്ലിന് ഈ സ്വര്‍ഗ്ഗ മന്ദിരത്തില്‍ ഉറപ്പായി ചേര്‍ന്നിരിക്കുവാന്‍ സാധിക്കുകയുള്ളു ?

ബിസ്സിനസ്സിനായി ഇക്കൂട്ടര്‍ എന്നും ഉയര്‍ത്തി വയ്ക്കുന്ന ലോഗോ യേശു തന്നെയാണ്. യഹൂദ പണ്ഡിതനായിരുന്ന ശൗല്‍ എന്ന പൗലോസ് നല്‍കിയ വ്യാഖ്യാനങ്ങളില്‍ കഴുത്തുകള്‍ പിണച്ചു കൊണ്ട് ഇന്നും ഇവര്‍ സ്വര്‍ഗ്ഗത്തെ കുറിച് കേഴുന്നത്, " സ്വര്‍ഗ്ഗ രാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെ " (സൃഷ്ടിച്ചെടുക്കാവുന്നത് ) എന്ന യേശുവിന്റെ വാക്കുകളെ അവഗണിച്ചു കൊണ്ടാണ്.

ഒരു മതവും സ്ഥാപിക്കാതെ, ഒറ്റ വസ്ത്രവുമായി ജീവിച്, പതിതരുടെയും, പാപികളുടെയും സഹ യാത്രികനായി അവരെ ആശ്വസിപ്പിച്, അവരോടൊപ്പം ജീവിച്, അവര്‍ക്കു വേണ്ടി വാദിച്ച കുറ്റത്തിന്, അധികാരികളുടെ ചാട്ട വാറടികളില്‍ പുളഞ് , അതിക്രൂരമായി പച്ചയിറച്ചിയില്‍ അടിച്ചു കയറ്റിയ കാരിരുന്പാണികളില്‍ പിടഞ്ഞു മരിച്ച യേശു മനുഷ്യ വര്‍ഗ്ഗം ദര്‍ശിച്ച ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായിരുന്നു.! ദൈവത്തോളം ഉയര്‍ന്നു നിന്ന ദൈവ പുത്രനായിരുന്നു! സര്‍വ ലോകത്തിനും വരുവാനുള്ള മഹാ സന്തോഷത്തിന്റെ മാതൃകയായിരുന്നു!

മണ്ണിലെ മനുഷ്യന് വഴിയും, സത്യവും, ജീവനുമാകാന്‍ അദ്ദേഹം കത്തിച്ചു വച്ച നറും തിരിയായിരുന്നു സ്‌നേഹം എന്ന കരുതല്‍. ആ നാളം അണയാതെയും, പൊലിയാതെയും മനുഷ്യരാശി സൂക്ഷിച്ചിരുന്നെങ്കില്‍ എന്ന് പണ്ടേ ഈ ലോകം ഒരു സ്വര്‍ഗ്ഗമായി തീരുമായിരുന്നുവല്ലോ? സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും വെള്ളാപ്പിറാവുകളുടെ ചിറകടികളില്‍ ഇവിടെ പ്രഭാതങ്ങള്‍ ഉദയം ചെയ്യുമായിരുന്നുവല്ലോ ?

സൂചിക്കുഴയിലൂടെ കടക്കാന്‍ കഴിയാതിരുന്ന വലിയ ഒട്ടകങ്ങള്‍ക്കായി ( കട്ടിയിരുന്പിന്റെ സൂചിയുണ്ടാക്കിയും, ഒട്ടകങ്ങള്‍ക്കായ് കുഴ വലുതാക്കിയും എന്ന വയലാര്‍ കവിത ഇവിടെ ഓര്‍മ്മിക്കുന്നു.) കട്ടിയിരുന്പില്‍ പണിതു വച്ച മുട്ടന്‍ കുഴകളിലൂടെ കടന്നു കയറിക്കൊണ്ടാണ് ഇവിടെ ക്രിസ്തീയത നടപ്പിലാസ്ക്കിയത്. ഫലമോ? ആയിരക്കണക്കായ സഭകളും, ഉപ സഭകളുമായി തരാം തിരിഞ്, സ്വത്തു സന്പാദനമെന്ന ഒറ്റ ലക്ഷ്യത്തോടെ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി പന്നികളെപ്പോലെ കടിപിടി കൂട്ടിക്കൊണ്ട് യേശുവിന്റെ വിലപ്പെട്ട മുത്തുകളെ തങ്ങളുടെ ചളിക്കുഴികളില്‍ ഇവര്‍ ചവിട്ടിക്കളയുന്ന ദയനീയ ചിത്രമാണ് ഇന്ന് ക്രിസ്തീയതക്കുള്ളത് ?

അതിനു വേണ്ടിയിട്ടാണ് ഈ ലോകത്തെ ഒന്ന് അവസാനിപ്പിച്ചെടുക്കുവാനുള്ള ഈ വെന്പല്‍. എന്നിട്ടു വേണം യൂഫ്രട്ടീസ് ടൈഗ്രീസ് നദീതടങ്ങളില്‍, പഴയ മോസോപ്പൊട്ടാമിയന്‍ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളില്‍ പടുത്തുയര്‍ത്തുന്ന പുതിയ സ്വര്‍ഗ്ഗത്തില്‍ യേശു രാജാവും, വലിയ പാസ്റ്ററും, വലിയ തിരുമേനിയും പ്രധാനമന്ത്രിമാരായും, ചെറിയ പാസ്റ്റര്‍ മുതല്‍ അച്ചന്മാര്‍ വരെയുള്ളവര്‍ ജില്ലാ കളക്ടര്‍ മുതല്‍ പാര്‍വത്യകാര്‍ വരെയുള്ളവരുടെ സ്ഥാനങ്ങള്‍ നേടി ഒന്ന് ഭരിക്കാന്‍ ഭരിച്ചു സുഖിക്കാന്‍. അന്നും ഭരിക്കപ്പെടുന്ന പാവങ്ങളുടെ കൂടെത്തന്നെ നമ്മുടെ നില ?

ഈ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തിന്റെ രചനയില്‍പ്പോലും പ്രതിഭയുടെ വിലാസം കാട്ടാന്‍ അതിന്റെ രചയിതാക്കള്‍ക്കായിട്ടില്ല. മനുഷ്യന്റെ യാതൊരു പ്രവര്‍ത്തിയും' പെര്‍ഫെക്ഷന്‍ ' എന്ന അവസ്ഥയെ പ്രാപിക്കുന്നില്ലന്ന് ഈ രചനകള്‍ തെളിയിക്കുന്നുണ്ട്.

ചൊറിക്കും ചിരങ്ങിനും ആയുര്‍വേദ വിധി പ്രകാരം കൂവളത്തിലയും, തഴുതാമയിലയും ഇവിടെ അരച്ചുകുടിക്കുന്ന ജാതികളായ നമ്മള്‍ ( യഹൂദന്മാര്‍ക്ക് സ്‌പെഷ്യല്‍ പ്രസ്ക്രിപ്ഷന്‍ വേറെയുണ്ട്.) കാത്തു കാത്തിരുന്ന് കരഗതമാവുന്ന സ്വര്‍ഗ്ഗത്തില്‍ ചെന്നാലും രോഗ ശാന്തിക്കായി ജീവ നടിയുടെ കരയിലുള്ള ജീവ വൃക്ഷത്തിന്റെ ഇലകള്‍ അരച്ച് കുടിക്കണമത്രേ? ( വെളിപാട് ) ഈ അരയ്ക്കലിന് വേണ്ടി വരാവുന്ന അരകല്ല് ആദിയായ ഉപകരണങ്ങളെയും, സാഹചര്യങ്ങളേയും കുറിച്ച് ചിന്തിച്ചു പോയാല്‍ ഈ ലേഖനം ഇവിടെയെങ്ങും നില്‍ക്കുകയില്ലാ, അതുകൊണ്ട് വിടുന്നു.?

വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ ! സര്‍വ ദുഃഖങ്ങളുടെയും, സര്‍വ രോഗങ്ങളുടെയും, സര്‍വ പ്രശ്‌നങ്ങളുടെയും ശാശ്വത പരിഹാര സൂത്രമാണ് സ്വര്‍ഗ്ഗം എന്ന സത്യം അംഗീകരിക്കാന്‍ പോലും സാധിക്കാത്ത ഈ എഴുത്തുകാര്‍ ദൈവ ശ്വാസീയമായിട്ടാണ് ഇത് ചെയ്തത് എന്ന് അവരുടെ അനുയായികള്‍ പ്രചരിപ്പിക്കുന്നു, അടിച്ചേല്‍പ്പിക്കുന്നു?

യുദ്ധങ്ങളും, യുദ്ധഭീഷണികളും കൊണ്ട് മുഖരിതമായ ഒരു ലോകത്ത്, നെഞ്ചിന് കൂടിലെ ഈ കുഞ്ഞു കിളിയെ കശക്കിയെറിയാനുള്ള വെന്പലോടെ, ഏതു നിമിഷവും ചീറിപ്പാഞ്ഞു വരാവുന്ന ആണവത്തലപ്പുകള്‍ പിടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈലിന്നടിയില്‍ അനിശ്ചിതത്വത്തിന്റെ അര നാഴിക നേരം തള്ളി നീക്കുന്ന ആധുനിക മനുഷ്യന്റെ ആധിയുടെ ലോകം അവസാനിച്ചേ തീരൂ. പ്രപഞ്ചാത്മാവായ ദൈവത്തിന്റെ പ്രായോഗിക പരിപാടിയായ സ്‌നേഹം എന്ന കരുതല്‍ എന്തെന്നും, എങ്ങനെയെന്നും മനുഷ്യ രാശിയെ പഠിപ്പിക്കുകയും, പ്രയോഗിക്കുകയും ചെയ്ത ക്രിസ്തു രണ്ടാമത് വന്നേ തീരൂ.

അത് കുഴലൂത്തുമായി പറന്നിറങ്ങുന്ന പക്ഷിയായിട്ടല്ല ; മനുഷ്യ മനസാക്ഷിയുടെ മദ്ധ്യാകാശങ്ങളില്‍ സ്‌നേഹത്തിന്റെയും, കരുതലിന്റെയും, സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും, സമാധാനത്തിന്റെയും സജീവ സന്ദേശങ്ങളായിട്ടാണ് യേശു രണ്ടാമത് വരേണ്ടത്. ആ വരവില്‍ അയല്‍ക്കാരന്‍ എന്ന അപരന്‍ അംഗീകരിക്കപ്പെട്ടേ തീരൂ. ജാതിയുടെയും, മതത്തിന്റെയും ലേബലുകള്‍ നെറ്റികളില്‍ ഒട്ടിക്കപ്പെടാതെ, വര്‍ഗ്ഗത്തിന്റെയും, വര്‍ണ്ണത്തിന്റെയും അതിരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ, മനുഷ്യനും, മനുഷ്യനും കൈകോര്‍ത്തു നില്‍ക്കുന്ന ഒരു മഹനീയ ലോകം. അതിനു പ്രചോദകമായിത്തീരുന്ന സന്ദേശങ്ങള്‍ യേശുവിന്റേതാണെങ്കില്‍, ബുദ്ധന്റേതാണെങ്കില്‍, നബിയുടേതാണെങ്കില്‍, ഇനി വേദങ്ങളുടേതാണെങ്കില്‍ നമുക്കവയെ സ്വാഗതം ചെയ്യാം. എന്തുകൊണ്ടെന്നാല്‍ ഇതെല്ലാം ഒന്ന് തന്നെയാണ്. ആദി ശങ്കര ചിന്തയില്‍ അദ്വൈതമാണ്. അനന്തമായ കാല പ്രവാഹത്തിന്റെ തീര ഭൂമികളില്‍ അതുല്യ സൗരഭ്യവുമായി വിടര്‍ന്നു നില്‍ക്കുന്ന നറും മലരുകള്‍ ! കാലഘട്ടങ്ങള്‍ ചിത കൂട്ടിയ ചരിത്രത്തിന്റെ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീല്‍ക്കുന്ന ഫിനിക്‌സ് പക്ഷികള്‍ ! നന്‍മ നാശമില്ലാത്ത നന്മ !!

അടുത്ത മില്ലേനിയത്തില്‍ നമ്മളില്ല. നമ്മുടെ മക്കളില്ല ; നമ്മുടെ പേരക്കുട്ടികളുമില്ലാ.പക്ഷെ, അടുത്ത മില്ലേനിയമുണ്ട് ; അവിടെ മനുഷ്യരുണ്ട്. അവര്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ജനിക്കാനിരിക്കുന്നതേയുള്ളു. പക്ഷെ, അവര്‍ക്കു വേണ്ടിയും കരുതാന്‍ നമുക്ക് കടമയുണ്ട്. ഈ ലോകം ഒരു പിടി ആണവച്ചാരമായി അവസാനിപ്പിക്കാതെ, കിനിയുന്ന നിലാവും, വിടരുന്ന പൂക്കളും, ഒഴുകുന്ന അരുവികളും, തുള്ളുന്ന തുന്പികളുമായി അവര്‍ക്കു വേണ്ടി കരുത്താനുള്ള കടമ.കഴിഞ്ഞ മില്ലേനിയത്തില്‍ നമ്മളില്ലാതിരുന്നിട്ടും, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ അന്നുണ്ടായിരുന്നവര്‍ ഈ ഭൂമി നമുക്കായി കൈമാറി തന്നുവല്ലോ ? എന്ത് കൊണ്ടെന്നാല്‍ ഇത് മനുഷ്യ വര്‍ഗ്ഗത്തിനായി ദൈവം സമ്മാനിച്ച പൈതൃക സ്വത്താകുന്നു.!

വര്‍ഗ്ഗം ഒരിക്കലും നശിക്കുന്നില്ല. വ്യക്തികള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതേയുള്ളു. മനുഷ്യ വര്‍ഗ്ഗ മഹാ വൃക്ഷത്തില്‍ നിന്ന് വ്യക്തികള്‍ എന്ന ഇലകള്‍ കൊഴിയുന്നുണ്ടാവാം. വൃക്ഷ ശരീരത്തിന് ഊര്‍ജ്ജമായി മാറുന്ന ആ ഇലകളെയും കൂടി ഉള്‍ക്കൊണ്ടിട്ടാണ് വൃക്ഷത്തില്‍ പുതിയ നാമ്പുകള്‍ തല നീട്ടുന്നത്.

അങ്ങിനെ വരുന്‌പോള്‍ വ്യക്തി വര്‍ഗ്ഗത്തിന്റെ ഭാഗം ഭാഗം മാത്രമാണ് എന്ന് കാണാം. ഞാനും, നിങ്ങളും പ്രതിനിധീകരിക്കുന്നത്, എന്നെയും, നിങ്ങളെയും എന്നതിലുപരി നമ്മുടെ വര്‍ഗ്ഗത്തെയാണ്. വര്‍ഗ്ഗം എന്നത് മരിച്ചവരും, ജീവിച്ചിരിക്കുന്നവരും, ഇനി ജനിക്കാനിരിക്കുന്നവരുമായ ആകമാന മനുഷ്യ സമൂഹമാണ്. ഈ സത്യമാണ് യേശു പറഞ്ഞത്. അത് മനസ്സിലാവാത്തതും, മറന്നു പോകുന്നതുമാണ് ഇന്ന് യേശുവിനെ പിന്തുടരുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് പറ്റുന്ന ഏറ്റവും വലിയ തോല്‍വിയും.?
നിരീശ്വരൻ 2018-07-15 22:40:30
ക്രിസ്തു ദൈവ പുത്രനോ ദൈവമോ അല്ല ജയൻ. അദ്ദേഹം ഒന്നാന്തരം ഒരു വിപ്ലവക്കാരിയാണ് .  പണ്ട് തുടങ്ങിയെ ലോക ജനതയുടെ രക്തം ഊറ്റിക്കുടിക്കുന്ന മതത്തിന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തിന് ലോകത്തിന് സ്വാതന്ത്യം നൽകാൻ വന്ന മനുഷ്യ സ്‌നേഹി .  അദ്ദേഹത്തെ കുല ചെയ്യുത് കെട്ടി തൂക്കി കാശാക്കുന്നവർ . അവരുടെ പാദ സേവ ചെയ്യാതെ . മനുഷ്യരെ സ്വതന്തരാക്കുന്ന കവിതകളും ലേഖനങ്ങളൂം എഴുതു ? ആരെയാണ് നിങ്ങൾ ഭയപ്പെടുന്നത് ?  ആന്തരിക സ്വാതന്ത്ര്യം അനുഭവിക്കാത്തവർ എഴുത്തിന് പോകാതിരിക്കുന്നതാണ് നല്ലത് .  
Reader 2018-07-16 00:13:56
'എന്നെ അനുഗമിക്കുന്നവന്‍ എന്റെ കുരിശുമായി (കഷ്ടപ്പാട്) പിന്നാലെ വരട്ടെ' എന്ന് പറയുന്‌പോള്‍ യേശുപോലും ഓര്‍ത്ത് കാണുകയില്ലാ, പില്‍ക്കാല അനുയായികള്‍ ആ കുരിശു പോലും ഒരു വില്പനച്ചരക്കാക്കി മാറ്റിക്കളയുമെന്ന് !  തനിത്തങ്കത്തില്‍ തീര്‍ത്ത് ചുവന്ന പട്ട് ഞാറ്റിയിട്ട അത്  മുത്തിച് നൂറു ഡോളര്‍ കൈക്കലാക്കുമെന്ന് !  ഉയര്‍ന്ന റെസ്‌പെക്റ്റും, സാമൂഹ്യ പദവിയും എന്ന വന്‍ റവന്യൂവിന് പുറമേ, കേവലം ഒരു മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കാവുന്ന 'കുര്‍ബാന' എന്ന കലാരൂപത്തിന് പ്രതിഫലമായി 250 ഡോളര്‍ കീശയിലാക്കുമെന്ന് !  എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, മറ്റ് ജോലികള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ തങ്ങള്‍ക്കും കൂടി വേണ്ടി അനുഷ്ഠിക്കുന്ന ഞായറാഴ്ചകളിലെ ഈ ഒരു മണിക്കൂര്‍ കര്‍മ്മം സൗജന്യമായി അര്‍പ്പിച്ചു കൊണ്ട് ക്രിസ്തുവിനോടും, ക്രിസ്തീയതയോടുമുള്ള വിശ്വാസ ദാര്‍ഢ്യം ഉറക്കെ പ്രഖ്യാപിക്കുവാന്‍ നെഞ്ചുറപ്പു കാണിക്കുമോ?
കപ്യാർ 2018-07-16 09:31:42
ഈ കൂദാശാകൾ എല്ലാം പുരോഹിതർ അവർക്കു അദ്ധ്വാനിക്കാതെ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്.  യേശു ഒരു കുർബാനയും കൂദാശായും ഉണ്ടാക്കിയിട്ടില്ല. അപ്പൊ പിന്നെ പണിയെടുത്തു ജീവിക്കാൻ പറഞ്ഞാൽ ഇത്തിരി ബുദ്ധിമുട്ടാണ്. അന്യന്റെ വിയർപ്പിന്റെ അംശം അവരറിയാതെ ഊറ്റുന്ന ക്രിസ്തുവിനെ അറിയാത്ത ഈ അട്ടകളെ സാദാരണക്കാർ തിരിച്ചറിയാത്ത കാലത്തോളം അവർ ഈ ഊറ്റൽ തുടരും.
SchCast 2018-07-16 14:05:26

An article par excellence for the contemporary Christian world! Only one question: Who defines Christ?..the Bible or the history books?

The truth is that we cannot know a Christ apart from the Bible. The difficult part is the interpretation of the verses which no one has done a 100% job. In my opinion, the author got it right as he describes the character of Christ and the description of the ecclesiastical world of today. However, I think, he went a little off when he started interpreting the verses from the book of Revelation.

Please do keep writing... I appreciate your outlook on human life in general and especially your views on health and medicine. (എനിക്കു പനി തരൂ ) ..a case in point.

George Neduvelil, Florida 2018-07-18 10:55:36
നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻറ്റൈൻ ചക്രവർത്തി ക്രിസ്തുമതത്തെ ആശ്ലേഷിച്ചത് ഒരു വെറും ആശ്ലേഷമായിരുന്നില്ല-സാക്ഷാൽ ധൃതരാഷ്ട്രാലിംഗനമായിരുന്നു. അതോടുകൂടി ക്രിസ്തുമതത്തിന്റ്റെ ആകൃതിക്കും പ്രകൃതിക്കും പരിശുദ്ധിക്കും സാരമായ പരിക്കേറ്റു. പാപ്പാമാർ ചക്രവർത്തിയുടെ പാവയായി. പണവും പദവിയും, ഭരണവും, പട്ടുവസ്ത്രങ്ങളും കൊട്ടാരങ്ങളും വെപ്പാട്ടിമാരും
അവർക്ക് ഹരമായി. സുവിശേഷത്തിന് അശേഷം വിലയില്ലാതായി. യേശു എന്ന നാമവും കുരിശ്   എന്ന ചിഹ്നവും പണവും പദവിയും അധികാരവുംപിടിച്ചു പറ്റാനുള്ള ഉപാധികളാക്കി മാറ്റി. അന്നു  മുതൽ ഇന്നുവരെ അതു തുടരുന്നു. പറ്റങ്ങൾക്കിതു മനസ്സിലാകുന്നതുവരെ തുടർന്നുകൊണ്ടേയിരിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക