Image

ഉല്ലേഖം (മിനിക്കഥ-ഡോ. ഈ.എം. പൂമൊട്ടില്‍)

ഡോ. ഈ.എം. പൂമൊട്ടില്‍ Published on 03 November, 2018
ഉല്ലേഖം (മിനിക്കഥ-ഡോ. ഈ.എം. പൂമൊട്ടില്‍)
ചൂടന്‍, ക്രൂരന്‍ എന്നീ ഇരട്ടപ്പെരുകളില്‍ അറിയപ്പെട്ടിരുന്ന ചാക്കോ മാസ്റ്ററുടെ മലയാളം ക്ലാസ്സിന്റെ സമയം: ഇന്നു നമ്മള്‍ ഉല്ലേഖം എന്ന അലങ്കാരത്തെപ്പറ്റിയാണ് പഠിക്കുന്നത്.
'ഉല്ലേഖം ഒന്നിനെത്തന്നെ പലതായി നിനയ്ക്കുകില്‍,
കാമനെന്നിവനെ സ്ത്രീകള്‍, കാലനെന്നോര്‍ത്തു വൈരികള്‍.'

ഉദാഹരണ സഹിതം ഉല്ലേഖം എന്തെന്നു ബോര്‍ഡില്‍ എഴുതിയതിനോടൊപ്പം അതു രണ്ടുമൂന്നു തവണ മാസ്റ്റര്‍ ചൊല്ലിക്കേള്‍പ്പിച്ചു. നാലഞ്ചു മിനിറ്റുകള്‍ക്കുശേഷം എഴുതിയതു മായിച്ചു കളഞ്ഞു. തുടര്‍ന്ന് പതിവുപോലെ, കുട്ടികളതു പഠിച്ചോ എന്ന് പരീക്ഷിക്കാന്‍ തുടങ്ങുകയായി. തെറ്റിയാല്‍ കിട്ടുന്ന ശിക്ഷയുടെ കാഠിന്യം ഓര്‍ത്ത് കുട്ടികളുടെ മുഖത്ത് ഭീതിയുടെ നിഴല്‍ പരന്നു.

ഉല്ലേഖം എന്തെന്നും അതിനൊരുദാഹരണവും പറയുക. ഉദാഹരണം ഞാന്‍ തന്നതാകരുത്, അതു നിങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയതായിരിക്കണം. അ്ദ്ധ്യാപകന്‍ ഉത്തരവിട്ടു. ക്ലാസിലെ തിരുമണ്ടനായ രാഘവന്റെ നേരെ സാറിന്റെ വിരല്‍ ചൂണ്ടി. ഉല്ലേഖം ഒന്നിനെത്തന്നെ...ഒന്നിനെത്തന്നെ..., അല്ല, പലതിനെത്തന്നെ....' ഉത്തരം പറയാന്‍ തപ്പുന്നതിനിടയില്‍ മാസ്റ്ററുടെ വലതു കൈപ്പത്തി രാഘവന്റെ ഇടതു ചെവിയില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ ഉത്തരം വന്നു: ഉല്ലേഖം ഒന്നിനെത്തന്നെ പലതായി നിനയ്ക്കുകില്‍. ശരി നിര്‍വ്വചന ഭാഗം ഒപ്പിച്ചു, ഇനി ഉദാഹരണം പോരട്ടെ, അതു നിന്റെ സ്വന്തമായതു വേണം, അറിയാമല്ലോ. സാറിന്റെ താക്കീതിനോടൊപ്പം കുട്ടിയുടെ ചെവിയിന്മേലുള്ള പിടുത്തവും മുറുകിക്കൊണ്ടിരുന്നു. വേദനകൊണ്ടു പുളയവെ ഒടുവില്‍ അവന്റെ ഇളപ്പ ബുദ്ധിയില്‍ ഒരുദാഹരണം ഉദിച്ചു. കുട്ടികളുടെ ബഹളം നിറഞ്ഞ ചിരിയുടെ ഇടയില്‍ അവനതു ഒരുവിധം പറഞ്ഞൊപ്പിച്ചു.

ചൂടനെന്നു സാറിനെ ചിലര്‍,
ക്രൂരനെന്നോര്‍ത്തു രാഘവന്‍!

ഉല്ലേഖം (മിനിക്കഥ-ഡോ. ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
ഉപമ 2018-11-03 09:02:17

ഉപമ

ലക്ഷണം: ഒന്നിനൊന്നോടു സാദൃശ്യംചൊന്നാലുപമയാമത്‌.

ഉദാഹരണം: "മാത്തൻ‌സാറേ തിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ‌തല”

വിദ്യാധരൻ 2018-11-03 09:59:38
ഊറി ചിരിക്കാനൊവരസരം തന്നതിന് 
സാറിന് ആദ്യമേകുന്നു  കൂപ്പ് കൈ.
തുടയ്ക്ക് നല്ലൊരു  കിഴുക്കു ചെന്നാൽ
ഉടൻ വരും ഉത്തരം ഏത് മരമണ്ടനും
എഴുതുന്നുല്ലേഖത്തിനൊരു  ദൃഷ്ടാന്തമിങ്ങ് 
കിഴുക്കെല്ലവിടുന്നു തെറ്റുണ്ടെങ്കിലെന്നെ 
'കള്ളനാണ് ട്രമ്പെന്നു ഡെമോക്രാറ്റുകൾ 
നല്ലവനാണവനെന്ന് റിപ്പ്ബ്ലിക്കൻസും '

Easow Mathew 2018-11-04 23:03:47
Thank you Sri Vidyadharan for the encouragement in the form of a humorous response. The poetic nature of your comments is unique; makes the response columns always educative and lively. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക