Image

മൂല്യമാലിക- 7 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 09 April, 2012
മൂല്യമാലിക- 7 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
61)ഹൃദയം തൂക്കിനോക്കുന്ന
വിധി കര്‍ത്താവു താന്‍ ദൈവം
നീതിയും ന്യായവൂമതിന്‍
തൂക്കുകട്ടകളെപ്പോഴും!

62) കല്ലുരുട്ടുന്നവന്റെമേല്‍
കല്ലുതിരിഞ്ഞുരുളും പോല്‍
വേണ്ടാതനം ചെയ്യുവോനും
കിട്ടുന്നതതുതന്നെതാന്‍.

63) ബാലകരേ വളര്‍ത്തുമ്പോള്‍
ശിക്ഷിക്കാതെയിരിക്കൊലാ
കൊച്ചുവടികൊണ്ടടിച്ചാല്‍
ബാലരാരും മരിക്കൊലാ.

64)ബാലകരം പ്പഠിപ്പിക്കാ-
നുണ്ടുകാര്യമനേകമായ്
എല്ലാം വേണ്ടപോല്‍ ചെയ്‌തെന്നാല്‍
വന്‍ നഷ്ടം ലാഭമാക്കിടാം.

65)നേരെ മലര്‍ന്നു കിടക്കിലൊരിക്കലും
നേരേയങ്ങോട്ടു തുപ്പാനും ശ്രമിക്കൊലാ,
സ്വന്തമുള്ളോരെ ദുഷിക്കിന്‍ നാമെപ്പോഴും
വന്‍ താപമല്ലോ നമുക്കു നാം ചെയ്യുക!

66) സ്വര്‍ണ്ണമിരിക്കുന്ന പെട്ടിതന്നല്ലയോ
വാക്കു സൂക്ഷിക്കേണ്ട വക്ത്രമെന്നാര്‍ക്കുക!
രണ്ടുമൊരേപോലെ സൂക്ഷിച്ചിടായ്കിലോ
കഷ്ടനഷ്ടങ്ങളനേകമുണ്ടായിടും.

67)ധനം നല്ലതുതന്നെന്നാല്‍
ധനാരാധന വര്‍ജ്ജ്യമേ,
സൃഷ്ടിക്കെന്താ വേണ്ടതെന്ന്
സ്രഷ്ടാവിനറിയാമല്ലോ!

68) പാവങ്ങള്‍ക്കുള്ളതാം ഭൂമി
സീമമാറ്റിയെടുക്കൊലാ,
എല്ലാം കാണുന്ന കണ്ണന്റെ
കണ്ണുവെട്ടിപ്പതെങ്ങനെ?

69) നെബൂക്കദ്‌നേസറല്ലയോ
പുല്ലു തിന്ന മഹാരഥന്‍ :
അഹങ്കാരത്തിന്റെ കൂലി
ആര്‍ക്കും ലഭിച്ചിടും നൂനം!

70)സ്വന്തമുറ്റം വെടിപ്പായ് സൂക്ഷിക്കാന്‍
അന്യന്റെയങ്കണം മാലിന്യമാക്കായ്‌വാര്‍
ഓരോ മനുജനും ശുഷ്‌ക്കാന്തി കാട്ടുകില്‍
ലോകം നന്നായിടും, ശാന്തിയുണ്ടായിടും.
മൂല്യമാലിക- 7 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക