കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -1)

Published on 27 February, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -1)
 (ഈപ്പന്‍പറമ്പില്‍ ചാണ്ടിക്കുഞ്ഞിന്റെ വീട്.  വൃത്തിയും പാരമ്പര്യവുമുള്ള ഒരു വീടാണ്. നാടകം ആരംഭിക്കുമ്പോള്‍ ഈപ്പന്‍പറമ്പില്‍ ചാണ്ടിക്കുഞ്ഞും അയാളുടെ കൊച്ചുമകന്‍ സണ്ണിയും മുട്ടില്‍നിന്ന് സന്ധ്യാ പ്രാര്‍ത്ഥന ജപിക്കുകയാണ്. ചാണ്ടിക്കുഞ്ഞിന് അറുപത്തിയഞ്ചിനു മുകളില്‍ പ്രായം. സണ്ണിക്ക് പതിനഞ്ചു വയസ്സ്. ചാണ്ടിക്കുഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. താല്‍പ്പര്യമില്ലെങ്കിലും മൂപ്പിലാനെ പേടിച്ചു മുട്ടില്‍ നില്‍ക്കുകയാണ് സണ്ണി.)

ചാണ്ടി    :    പരിശുദ്ധാത്മാവേ, എഴുന്നെള്ളി വരേണമെ, അങ്ങെ വെളിവിന്റെ കതിര്‍ ആകാശത്തുനിന്നും അയക്കണമെ അഗതികളുടെ പിതാവെ. ദാനങ്ങള്‍ കൊടുക്കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമെ എഴുന്നെള്ളി വരേണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ.
        (സണ്ണി ശബ്ദത്തില്‍ കോട്ടുവാവിട്ടു. അവനെ ശാസനയോടെ നോക്കി ചന്തിക്കു കിഴുക്കിക്കൊണ്ട് തുടര്‍ന്നു. ആ കിഴുക്കിന്റെ താളം, വികാരം വാക്കുകളില്‍)
        അങ്ങെ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ നിറയ്ക്കുക. (അത് സണ്ണിയെ നോക്കിയാണ് പറഞ്ഞത്)
        വാടിപ്പോയതു നനക്കുക, രോഗപ്പെട്ടതു സുഖപ്പെടുത്തുക, വഴിതെറ്റിയത് നേരെയാക്കുക, അങ്ങേ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്കു ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക... പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍.
        (സണ്ണിയെ നോക്കി അവര്‍ രണ്ടും അഭിമുഖം. സണ്ണി ദേഷ്യത്തോടെ)
സണ്ണി    :    ആമേന്‍...
        (മുപ്പിലാന്‍ ഒന്നു നോക്കി, ശേഷം അതിന്റെ എതിര്‍ സ്ഥായിയില്‍)
ചാണ്ടി    :    ആമേന്‍.
        (രണ്ടാളും എഴുന്നേറ്റ്... ചാണ്ടി ബൈബിളെടുത്തു തുറന്നു, സണ്ണിക്കു നീട്ടിയിട്ടു പറഞ്ഞു)
ചാണ്ടി    :    ഉല്പത്തി പുസ്തകം ഏഴാം അദ്ധ്യായം. നോഹയുടെ കാലത്തെ ജലപ്രളയത്തിന്റെ കഥയാ. നോഹ വലിയ പെട്ടകം ഉണ്ടാക്കിയ കഥ.
സണ്ണി    :    പുള്ളി വലിയ പെട്ടിയുണ്ടാക്കിയതിനു നമ്മളസൂയപ്പെട്ടിട്ടു കാര്യമുണ്ടോ വല്യപ്പച്ചാ..?
ചാണ്ടി    :    പെട്ടിയല്ലെടാ പോത്തേ... പെട്ടകം.
സണ്ണി    :    പെട്ടി ആയാലും പെട്ടകം ആയാലും ബാക്കിയുള്ളവന്‍ പെട്ടു.
ചാണ്ടി    :    ആ പതിനഞ്ചാംവാക്യം തൊട്ട് വായിക്ക്...
സണ്ണി    :    (ബൈബിള്‍ തുറന്നു നോക്കിയിട്ട്) മലയാളം എനിക്കു വലിയ പിടിയില്ലാന്ന് വല്യപ്പച്ഛനറിയില്ലേ...
ചാണ്ടി    :    എത്രാം ക്ലാസ്സിലാ പാച്ചുന്നത്...?
സണ്ണി    :    പത്തില്
ചാണ്ടി     :    നാണമുണ്ടോടാ...
സണ്ണി    :    പത്തി പഠിക്കുന്നതിനെന്തിനാ നാണിക്കുന്നത്.
ചാണ്ടി    :    മലയാളം അറിയത്തില്ലെന്നു പറയാന്‍ നാണമുണ്ടോന്ന്...
സണ്ണി    :    ഇംഗ്ലീഷ് മീഡിയമാ...
ചാണ്ടി    :    ഇംഗ്ലീഷറിയാമോ...   
സണ്ണി    :    അതിനേ എന്റെ അപ്പന്‍ ബ്രിട്ടീഷുകാരനൊന്നുമല്ല... (ചാണ്ടിയെ നോക്കി) ഇംഗ്ലീഷറിയാത്ത ഈ വല്യപ്പച്ഛന്റെ മോനാ...
ചാണ്ടി    :    ബൈബിളു വായിക്കെടാ, കണാകുണാ പറഞ്ഞു സമയം കളയാതെ.
സണ്ണി    :    (ബൈബിള്‍ നോക്കി വായിച്ചു) വെള്ളപ്പൊക്കം നാല്‍പ്പതുനാള്‍ തുടര്‍ന്നു, ജലനിരപ്പുയര്‍ന്നു, പെട്ടി പൊങ്ങി ഭൂമിക്കു മുകളിലായി.
ചാണ്ടി    :    അവന്റെയൊരു പെട്ടി... (അയാളവനെ കിഴുക്കിക്കൊണ്ട്) എടാ... പെട്ടകം.
സണ്ണി    :    ഭൂമിയില്‍ ജലം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പെട്ടകം വെള്ളത്തിനു മീതെയൊഴുകി. ജലനിരപ്പ് വളരെ ഉയര്‍ന്നു. ആകാശത്തിന് കീഴെ, തല ഉയര്‍ത്തി നിന്ന സകല പര്‍വ്വതങ്ങളും വെള്ളത്തിനടിയിലായി. പര്‍വ്വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചുമുഴം വരെ വെള്ളമുയര്‍ന്നു. ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി
ചാണ്ടി    :    കണക്കായിപ്പോയി...
        (സണ്ണിയോട്) ആ.... അതേ.. ലോകത്ത് തിന്മകള്‍ പെരുകുമ്പോള്‍ ദൈവം തമ്പുരാനിങ്ങനെ ചില വേലകള്‍ കാണിക്കും. പ്രാര്‍ത്ഥിക്കെടാ വായിനോക്കി നില്‍ക്കാതെ....
സണ്ണി    :    (ആത്മഗതംപോലെ) ഇങ്ങനൊരു വല്യപ്പച്ഛനെ തന്നത് ദൈവം തമ്പുരാന്‍ എന്നോടു കാണിച്ച ഭയങ്കര വേലയായിപ്പോയി.
        (ചാണ്ടിക്കുഞ്ഞ് ദേഷ്യപ്പെട്ടു നോക്കി. സണ്ണി പ്രാര്‍ത്ഥിക്കുന്നതുപോലെ നിന്നു. ചാണ്ടിക്കുഞ്ഞ് പ്രാര്‍ത്ഥന അവസാനിപ്പിച്ചുകൊണ്ട്)
ചാണ്ടി    :    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍.
സണ്ണി    :    ആമേന്‍... (സണ്ണി അയാളെ തൊഴുതുകൊണ്ട്)
        ഈശൊമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ....
        (മൂപ്പിലാന്‍ അവനെ ഉപദേശിക്കുന്ന മട്ടില്‍)
        എടാ ഒരു കുടുംബത്തിന്റെ ഐശ്വര്യം എന്നു പറഞ്ഞാല്‍ എന്തുവാ...
സണ്ണി    :    ഇതുപോലുള്ള പുരാവസ്തുക്കള്‍ ഇല്ലാതിരിക്കുകാ എന്നുള്ളതാ.
ചാണ്ടി    :    നിന്നെ പറഞ്ഞിട്ടു കാര്യമില്ലെടാ...
സണ്ണി    :    അപ്പനെത്തന്നെ പറയണം..
ചാണ്ടി    :    സന്ധ്യാ പ്രാര്‍ത്ഥന വേണം, അത് ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും. അല്ല, നിന്റെ അമ്മ എന്തേടാ... റോസി..
സണ്ണി    :    മമ്മി നെറ്റിലാ...
ചാണ്ടി    :    നിന്റെ അപ്പച്ചി, അതായത് എന്റെ ഇളയ മോള് അതിഥി. അവളിന്നലേ നെറ്റിലോട്ട് കേറിപ്പോയതാ.. ഇതുവരെ ഇറങ്ങി വന്നില്ല. അതിനും മാത്രം എന്തവാടാ കുഞ്ഞേ, ആ നെറ്റിനകത്തൊള്ളത്.
സണ്ണി    :    എന്തുവാന്നോ ? വിശാലമായ ലോകമല്ലെ വല്യപ്പച്ഛാ, അതിനകത്ത്.
ചാണ്ടി    :    അല്ല മക്കളേ, അതില് ഈ ചോറും കറീമൊക്കെ കിട്ടുമോ മക്കളെ.
സണ്ണി    :    എന്തവാ കിട്ടാത്തത്.
ചാണ്ടി    :    അപ്പൊ, ഇനി മനുഷ്യന്‍ പാടത്തും പറമ്പിലുമൊന്നും പണിയെടുക്കണ്ട, ഇതേല്‍ നോക്കിക്കൊണ്ടിരുന്നാല്‍ മതി അല്ലെ...
        (അകത്തുനിന്നും മൊബൈല്‍ ഫോണും കൊണ്ടു വരുന്ന റോസി. മുപ്പത്തിയഞ്ചിനടുത്തു പ്രായമുള്ള നിറഞ്ഞ സ്ത്രീ) വന്നല്ലോ വിശാലമായ ലോകം...
റോസി    :    മോനെ സണ്ണീ ദേ ഇതൊന്നു നോക്കിയേടാ... മമ്മി യൂട്യൂബില്‍ കേറിയതാ.. ഇറങ്ങാന്‍ കഴിയുന്നില്ല.
സണ്ണി    :    ഈ മമ്മി എപ്പോഴുമിങ്ങനാ... ഇങ്ങുതാ.... (സണ്ണി റോസിയില്‍നിന്നും മൊബൈല്‍ വാങ്ങുന്നു)
ചാണ്ടി    :    എടീ, ഈ എടുത്താല്‍ പൊങ്ങാത്ത ശരീരവും വെച്ചോണ്ടു ആവശ്യമില്ലാത്ത ട്യൂബിലൊക്കെ കേറണ്ട  വല്ല കാര്യമുണ്ടോടി...
റോസി    :    ഈ യൂട്യൂബ് എന്നുപറഞ്ഞാല്‍ എന്താണെന്നപ്പച്ചനറിയാമോ...
ചാണ്ടി    :    എനിക്കറിയണ്ട കാര്യമില്ല, നീ അതിനകത്തുന്നിങ്ങ് ഊരിപ്പോന്നാല്‍ മതി. അല്ല മക്കളെ അതൊക്കെ ഈ ചെറുക്കനറിയാമോടീ....
        (സണ്ണി ഫോണ്‍ എന്തോ ചെയ്തു തിരിച്ചു കൊടുത്തിട്ടു പറഞ്ഞു)
സണ്ണി    :    ദാ... ശരിയായി...
റോസി    :    (അഭിമാനത്തോടെ) ഇവനേ എല്ലാം അറിയാം...
ചാണ്ടി    :    അതെ, അതാ പ്രശ്‌നം... ഇവനെല്ലാം അറിയാം.. കഴിഞ്ഞ ദിവസം ഇവന്‍ മൊബൈലിലേതോ കണ്ടു ഞെരിപിരികൊള്ളുന്നതുകണ്ട് ഞാന്‍ പിന്നില്‍ക്കൂടി ചെന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച... കുമ്പസരിച്ചാല്‍പോലും തീരുന്ന പാപമല്ല മക്കളേ...
റോസി    :    സണ്ണിയെ... ആവശ്യമില്ലാത്ത എന്തോ കണ്ടെന്നാടാ അപ്പച്ഛന്‍ പറയുന്നത്.
സണ്ണി    :    അമ്മച്ചി... അതുപിന്നെ... ഞാന്‍ ബയോളജി പഠിക്കുകയായിരുന്നു...
        (ചാണ്ടി അന്തംവിട്ട്)
റോസി    :    (ചാണ്ടിയെ നോക്കി) ങേ... അതിനാണോ....
ചാണ്ടി    :    ങ്‌ഹേ.... അതിന് നീ എം.ബി.ബി.എസിനു പഠിക്കുകയൊന്നുമല്ലല്ലോ (ദയനീയമായി)   
        പത്താം ക്ലാസുകാരന്‍ ഇതൊക്കെ കണ്ടു പഠിക്കണ്ട കാര്യമുണ്ടോ, ഞാനും ഏതാണ്ടതുവരെ യൊക്കെ പഠിച്ചതാ...അന്നീ ബയോളജി പഠിച്ചത് പത്താം ക്ലാസില്‍ വെച്ചല്ല. കല്യാണം കഴിച്ചുകഴിഞ്ഞാ...
സണ്ണി    :    സിലബസൊക്കെ മാറി വല്യപ്പച്ഛാ...
ചാണ്ടി    :    എന്തവായാലും അന്നെനിക്കുറങ്ങാന്‍ കഴിഞ്ഞില്ല മക്കളെ..
സണ്ണി    :    വല്യപ്പച്ഛനെന്തിനാ, ഈ ആവശ്യമില്ലാത്തിടത്തൊക്കെ എത്തിനോക്കുന്നത്. അതുകൊണ്ടല്ലെ.
ചാണ്ടി    :    ഞാന്‍ എത്തി നോക്കിയതാ കുഴപ്പം, നീ കണ്ടതല്ല... എടീ റോസീ, ഒരു കാര്യ ഞാന്‍ പറഞ്ഞേക്കാം, ഈ ചെറുക്കന്റെ പോക്കത്ര ശരിപ്പോക്കല്ല... അതെങ്ങനാ തന്ത അമേരിക്കേല്‍ കിടന്നു കഷ്ടപ്പെട്ടു കാശുണ്ടാക്കുകല്ലെ... ഇവനു മൊബൈലു വാങ്ങിച്ചു കൊടുത്തപ്പോള്‍ ഞാന്‍ പറഞ്ഞതാ.. ആവശ്യമില്ലാത്ത കാര്യമാണെന്ന്.
റോസി    :    അപ്പച്ചാ ഈ പുതിയ കാലത്തു പഠിക്കുന്ന കുട്ടികള്‍ക്ക് ഇതൊരു അത്യാവശ്യ കാര്യമാ... എന്തെല്ലാം ഇന്‍ഫര്‍മേഷന്‍സാ ഇതിനകത്തുള്ളതെന്നറിയാമോ... ലോകം മൊത്തം കൈയ്യില്‍ കൊണ്ടു നടക്കുകല്ലെ കൊച്ചുങ്ങള്. ഇതൊന്നും പറഞ്ഞാല്‍ അപ്പച്ഛനെപ്പോലുള്ള പഴയ മനുഷ്യര്‍ക്ക് മനസ്സിലാകില്ല.
ചാണ്ടി    :    അതെ മോളെ, ഞാനൊക്കെ പഴയ മനുഷ്യരാ...  ആകെപ്പാടെയുള്ള ഒരു കൊച്ചുമോനായിത്. മക്കളൊരു രണ്ടുമൂന്നെണ്ണം വേണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ നീ എന്റെ മെക്കിട്ടു കേറാന്‍വന്നു.
സണ്ണി    :    ഹൊ, ഈ വല്യപ്പച്ഛനൊന്നുമറിയില്ല.. നമ്മള്‍ രണ്ട്, നമുക്കൊന്ന് എന്നാ ഇപ്പോഴത്തെ മുദ്രാവാക്യം.
ചാണ്ടി     :    നിന്നോടു മുദ്രാവാക്യമൊന്നും ചോദിച്ചില്ല. എടാ മുതിര്‍ന്നവരു വര്‍ത്തമാനം പറയുമ്പോള്‍ അതിന്റെടേകേറി  കുട്ടികള്‍ സംസാരിക്കാന്‍ വരരുത്.
സണ്ണി    :    ഞാന്‍ മുതിര്‍ന്നു വല്യപ്പച്ഛാ...
ചാണ്ടി    :    അത് നിന്റെ ബയോളജി പഠിത്തം കണ്ടപ്പോള്‍ എനിക്ക്  ബോധ്യപ്പെട്ടു. എടീ റോസീ, ഞാനാവര്‍ത്തിച്ചു പറയുകാ ഈ ചെറുക്കന്റെ പോക്കു ശരിയല്ല. പത്താം ക്ലാസില്‍ പഠിക്കുന്ന ചെറുക്കനാ.. അല്ല, ഇവനെ ആരാക്കണമെന്നാ ഇവന്റെ അപ്പന്‍ പറഞ്ഞത്...
റോസി    :    ഐ.എ.എസുകാരന്‍.
ചാണ്ടി    :    ഇപ്പത്തന്നെ ഇവനതിന്റേം മോളിലായേക്കുവാ.. ഒരു ജോലിക്കാരിയെ ഇവിടെ നിര്‍ത്തി, ഓമന. ഏതാണ്ടു നിന്റെ പ്രായമുള്ള ഒന്ന്.
റോസി    :    അവളുടത്രയും പ്രായമൊന്നും എനിക്കില്ല.
ചാണ്ടി    :    പോട്ടെ, എതാണ്ടു അടുത്തു അടുപ്പിച്ചുമൊക്കെ വരുമെ... അവളോടിവന്‍ ചോദിച്ച സംശയങ്ങളേ.. നട്ടാല്‍ കുരുക്കുന്നതല്ല. എടീ ഒന്നേ ഉള്ളേല്‍ ഒലക്കയ്ക്കടിക്കണം... ഇവനു ആഹാരക്കൂടുതലും അടീടെ കുറവുമാ..
റോസി    :    അപ്പച്ഛനെന്തിനാ എപ്പോഴും ഇവനെ ഇങ്ങനെ കുറ്റം പറയുന്നത്.
ചാണ്ടി    :    പിള്ളാരാവശ്യമില്ലാത്തതൊക്കെ കണ്ടും കേട്ടും വഴിതെറ്റിപ്പോയാല്‍ കുറ്റം പറയണ്ടേ മക്കളേ...
          (സണ്ണി മൊബാലിനകത്തു തലയും കുനിച്ചിരിക്കുകയാണ്)
        ദാ കണ്ടോ... ലോകത്ത് തലപൊക്കി നോക്കാത്ത രണ്ടു ജീവികളേയുളളൂ.. പന്നിയും ദേ പിന്നെ ഈ ഇരിക്കുന്ന പോലുള്ള സാധനങ്ങളും. അതെങ്ങനെ വീട്ടി ഇരിക്കുന്ന പെണ്ണുങ്ങള്‍ക്കിതിനകത്തു നിന്നും  തലപൊക്കാന്‍ നേരമുണ്ടോ..?
സണ്ണി    :    (പെട്ടെന്ന് മൊബൈലില്‍ നോക്കി ചാടി എഴുന്നേറ്റ്) സാറാമ്മ മിസും ശാരദാ മിസ്സും ഓണ്‍ലൈനിലൊണ്ട്.. ഞാനൊരു ഹായ് അയക്കട്ടെ മമ്മീ,
റോസി    :    (സണ്ണിയോട്) നിന്നെ ആരാണ്ടു തേച്ചേച്ചു പോയെന്നു പറഞ്ഞല്ലോടാ..
സണ്ണി    :    ആ ഗ്രീഷ്മ.
റോസി    :    ആ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മോള്.., അല്ലെ ? നീ ആ പെണ്ണിന്റെ പൊറകീന്നു നടന്നപ്പോഴേ ഞാന്‍ പറഞ്ഞില്ലെ അവള്‍ നിന്നെ തേക്കുമെന്ന്.
സണ്ണി    :    അതൊന്നും ഒരു കാര്യമല്ല മമ്മി. ഇതിനോടകം എനിക്കെത്ര തേപ്പുകിട്ടിയിരിക്കുന്നു.. വരും.. പോകും.. ഒരു ചെയ്ഞ്ച് ഒക്കെ ആരാ ആഗ്രഹിക്കാത്തത് മമ്മീ....
ചാണ്ടി    :    എന്തവാടീ നീയും മോനും കൂടി പറയുന്നത്, തേക്കാനെന്തുവാ ഇവന്‍ മേശിരിയാണോ...
സണ്ണി    :    വല്യപ്പച്ഛാ, അത് ഈ പിന്നാലെ നടക്കുന്ന പെണ്‍പിള്ളാര്, നമ്മളെ ഒഴിവാക്കുന്നതിനാ തേപ്പെന്നു പറയുന്നത്.
ചാണ്ടി    :    പണ്ട് ഞങ്ങളൊക്കെ പറയുവാരുന്നതേ അവളവനെ വലിപ്പിച്ചെന്ന്...
സണ്ണി    :    രണ്ടും സംഗതി ഒന്നുതന്നെ, പക്ഷേ ഞങ്ങളേ ഇച്ചിരി സംസ്കാരമുള്ളവരാ...
ചാണ്ടി    :    കേട്ടില്ലേ.. ഈ ചെറുക്കനെങ്ങനെ നന്നാകാനാ.. മൊട്ടേന്നു വിരിയാത്ത ചെറുക്കനോടു തള്ള ചോദിക്കുന്നതിതൊക്കെയാ... എടീ പഴയ നിയമത്തില്‍ സോദോം ഗൊമോറ പട്ടണം യഹോവാ തീയും ഗന്ധകവും ഇറക്കി കത്തിച്ചുകളഞ്ഞു. വായിച്ചിട്ടൊണ്ടോ നീയ്, അഹമ്മതീം അഹങ്കാരോം ഇങ്ങനങ്ങോട്ടു കൂടിയാലേ ദൈവം ശിക്ഷിക്കും... ഇന്ന് അത്താഴത്തിനെന്തുവാടീ...
റോസി     :    ചെറുക്കനു ചൈനീസ് ഫുഡ് വേണമെന്ന് പറഞ്ഞു. അതിഥീം പറഞ്ഞു അവള്‍ക്കും അതുമതിയെന്ന്. ഇവനും അവളുംകൂടി  ഓഡറുചെയ്തിട്ടൊണ്ട്.. ഹോട്ടലീന്നു വരും.
ചാണ്ടി    :    ഇവിടുത്തെ അടുക്കളേലെന്തെങ്കിലുമൊന്നു വെച്ചുണ്ടാക്കുന്നത് ജോലിയാണല്ലോ... നീയൊക്കെ ഈ തുണിക്കടേലെ പാവപോലെ കെട്ടി ഒരുങ്ങി എഴുന്നള്ളിച്ചു നില്‍ക്കുകല്ലെ... നീ ബൂട്ടിപാര്‍ലറില്‍ കൊടുത്ത കാശൊണ്ടാരുന്നെങ്കില്‍ അര ഏക്കറു വസ്തു മേടിക്കാമാരുന്നു...
റോസി    :    ചത്തുകിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ അപ്പച്ചാ....
ചാണ്ടി    :    എന്നാലും ഇതൊരന്യായ ചമയലാ...
സണ്ണി    :    ഈ വല്യപ്പച്ഛനെന്തറിയാം.... ചാറ്റ് ലിസ്റ്റില്‍ എത്രപേരുണെന്നറിയാമോ? മമ്മീടെ പല്ലെടുക്കുന്ന ഡോക്ടറ്, ആട്ടോറിക്ഷാ ഓടിക്കുന്ന അങ്കിള്...
റോസി    :    (ശാസനയോടെ) എടാ സണ്ണീ.. എഴുന്നേറ്റുപോയി പഠിക്കെടാ.... അവന്റെയൊരു കണക്കെടുപ്പ്...
ചാണ്ടി    :    ഒരുത്തന്‍ അമേരിക്കേല്‍ കിടന്ന് കഷ്ടപ്പെടുകാ... അവിടുത്തെ ഒരു രൂപാ ഇവിടെ വരുമ്പോള്‍ എഴുപതും എണ്‍പതും ഒക്കെ ആണല്ലോ.... പിന്നെ അമ്മയ്ക്കും മോനുമൊക്കെ അഹങ്കരിച്ചാലെന്താ... നെറ്റിലൊക്കെ കേറിക്കോ... പക്ഷെ പരുന്തുംകാലേല്‍ പോകാതിരുന്നാല്‍ മതി. നാണക്കേടാ മക്കളേ... ഈ കുടുംബത്തിനേ....
        (ഈ സമയം അകത്തുനിന്നും വരുന്ന അതിഥി. അവള്‍ ചാണ്ടിയുടെ ഇളയ മകളാണ്. ഇരുപത്തിയഞ്ചിനു മുകളില്‍ പ്രായം. അവളെ കണ്ടപ്പോള്‍ ചാണ്ടി)
ചാണ്ടി    :    ദോ അടുത്തവതാരം... നീ നെറ്റീന്നിറങ്ങിയോ...
അതിഥി    :    അപ്പച്ഛാ ഒരു സെക്കന്റ് ഞാനീ മെസേജൊന്ന് കംപ്ലീറ്റ് ചെയ്‌തോട്ടെ....
ചാണ്ടി    :    എന്റെ മേരിക്കുട്ടീ നിന്റെ തള്ള, അവള് മരിച്ചുപോയതിനുശേഷം വായ്ക്കുരുചിയായിട്ടു ബാക്കിയുള്ളവന്‍ ആഹാരം കഴിച്ചിട്ടില്ല. രണ്ടു പെണ്ണുങ്ങളും കെട്ടി ഒരുങ്ങി എഴുന്നെള്ളിച്ചു നില്‍ക്കുകാ... അവനവന്റെ അടുക്കളയില്‍ തീ പൂട്ടാതെ എങ്ങനെ കടയപ്പം മേടിച്ചു തിന്നാമെന്നാ ആലോചന...
അതിതി    :    ഈ അപ്പച്ഛനു കുറ്റം പറയാനല്ലാതെ ഒന്നിനും നാവു പൊങ്ങില്ല.
ചാണ്ടി    :    എടീ ഇതൊക്കെ ഒരു കുറ്റമാണോ...
അതിഥി    :    പിന്നല്ലാതെ
ചാണ്ടി    :    മണ്ണിലദ്ധ്വാനിച്ചു വളര്‍ന്നവനാ ചാണ്ടിക്കുഞ്ഞ്... ഇന്നും നേരം വെളക്കുന്നതിനു മുന്‍പ് പറമ്പിലിറങ്ങും. ജീവിച്ചതും വീടുവെച്ചതും നിന്നെയൊക്കെ പോറ്റിയതും എല്ലാ ഈ മണ്ണു തന്ന പ്രതിഫലം കൊണ്ടാ... അരുതാത്തതു കാണുമ്പോള്‍ ഈ ചാണ്ടിയ്ക്കും ചൊറിയും...
അതിഥി    :    ചുമ്മാതിരി അപ്പച്ഛാ... കാലം മാറുകാ...
        (ഈ സമയം പുറത്തുനിന്നും വരുന്ന മാര്‍ത്താണ്ഡന്‍)
മാര്‍ത്താണ്ഡന്‍    :    കാലം മാറുകാന്നല്ല, മക്കളെ... കാലം, കോലം കെട്ടുകാന്നു പറയണം. അല്ലേ റോസിക്കുഞ്ഞേ....
        (മാര്‍ത്താണ്ഡന്‍, അന്‍പതിനടുത്തു പ്രായം. ആ വീട്ടിലെ ചാണ്ടിയുടെ ജോലിക്കാരനാണ്, ഒരു ജോലിക്കാരനേക്കാള്‍ സ്വാതന്ത്ര്യം അയാള്‍ക്കുണ്ട്)
മാര്‍ത്താണ്ഡന്‍,    :    ചാണ്ടിച്ചായോ... അതേ ഒരുഗ്രന്‍ വിശേഷമുണ്ട്....
ചാണ്ടി    :    എന്തോന്നു ഉഗ്രന്‍ വിശേഷം അരാണ്ടെപ്പറ്റി എന്താ കൊതിയും നുണയും അല്ലാതെന്താ...
മാര്‍ത്താണ്ഡന്‍    :    ഇത് അതല്ല..
ചാണ്ടി    :    ഏതല്ലാന്ന്...
മാര്‍ത്താണ്ഡന്‍    :    എന്റെ ചാണ്ടിച്ചായോ ഒനനും പറയണ്ട, നമ്മുടെ റേഷന്‍ കട നടത്തുന്ന സോമന്റെ ഭാര്യ ശ്രീകല....
റോസി    :    ശ്രീകല ടീച്ചറ്...
മാര്‍ത്താണ്ഡന്‍    :    എന്റെ റോസിമോളേ... ഒന്നും പറയണ്ടാ....
റോസി    :    എന്നാ വേണ്ട....
മാര്‍ത്താണ്ഡന്‍    :    അതല്ലാന്ന് ആ സീരിയലിലും സിനിമയിലുമൊക്കെ അഭിനയിക്കുന്ന ഷിയാസില്ലെ മുടി നീട്ടി വളര്‍ത്തിയ ചെക്കന്‍....
റോസി    :    ഓ.. നമ്മുടെ മമ്മേലികാക്കാന്റെ മോന്‍....
മാര്‍    :    എന്നാ വീട്ടുകാരു പറയുന്നത്. ..... അവനേം അവേളേംകൂടി... ഞാനിതെങ്ങനെ പറയും....
        (ബാക്കി റോസിയുടെ ചെവിയിലാ പറയുന്നത്, ഓരോന്നിനും അവള്‍ ഞെട്ടി... ഞെട്ടി കേട്ടു.. അതിനനുസരിച്ച് സംഗീതവും...)
        (അവളതു അതിഥിയുടെ ചെവിയില്‍ പറഞ്ഞു. അതിഥിയും ഞെട്ടലോടെ പ്രതികരിച്ചു. സംഗീതം തുടരുകയാണ്. അതിഥി അതു ചാണ്ടിയുടെ ചെവിയില്‍ പറഞ്ഞു. അയാളും നടുക്കത്തോടെ പ്രതികരിച്ചു.. അടുത്ത ചെവി സണ്ണിയുടേതാണ്. അവന്‍ വല്യപ്പന്റെ അടുത്തേയ്ക്ക് ചെവി കൊണ്ടുവന്നു. ഒരു നിമിഷം  അവന്റെ കാതിലേക്കതു പറയാനാഞ്ഞ അയാള്‍ നിന്നു. അവനെനോക്കി, ചെവിക്കു പിടിച്ചു കിഴുക്കിക്കൊണ്ട്)
റോസി    :    എന്തോ കേള്‍ക്കാനാ വന്ന് നില്‍ക്കുന്നേ... കന്നം തിരിച്ചു കേള്‍ക്കാനെന്തൊരു താല്‍പര്യമാ... പോയിരുന്നു പഠിക്കെടാ...
സണ്ണി    :    ആ ശ്രീകല റ്റീച്ചറിനേം ഷിയാസിനേം അവരുടെ വീട്ടീന്ന് പിടിച്ചതല്ലെ, ഞാനറിഞ്ഞു... ഫോട്ടോ സഹിതം ഫെയിസ്ബുക്കില്‍ വന്നുകഴിഞ്ഞു. എന്താ കാണണോ...
        (അവരെല്ലാവരും ഇളിഭ്യരായി പരസ്പരം നോക്കിനിന്നു..)
ചാണ്ടി    :    മാര്‍ത്താണ്ഡാ കൊതീം നുണേമൊക്കെ ഇപ്പോള്‍ ഈ കൊചചന്‍ പറഞ്ഞ സാധനം ഏറ്റെടുത്തിരിക്കുകാ... ഫെയിസ്ബുക്ക് അതൊരു പൂരപ്പറമ്പുപോലെയാ. അവിടെ ചെണ്ടമേളം കേള്‍ക്കാന്‍ വരുന്നവരൊണ്ട്, ആനപ്രേമികളൊണ്ട്, പോക്കറ്റടിക്കാന്‍ വരുന്നവരൊണ്ട്, പെണ്ണുങ്ങളെ ചൊറിയാന്‍ വരുന്നവരൊണ്ട്, പൂരപ്പറമ്പില്‍ കിടന്നുറങ്ങാന്‍ വരുന്നവരൊണ്ട്... ഗുണവും ഉണ്ട്... ദോഷവുമുണ്ട്.. ഏത് സാധനവും ഉപയോഗിക്കുന്നവന്റെ സംസ്കാരം പോലിരിക്കും. അതിന്റെ നന്മതിന്മകള്‍...
        (ഈ സമയം പുറത്ത് ആരോ വന്ന് മണി അടിച്ചു. റോസി പുറത്തേക്ക് നോക്കി.)
റോസി    :    വാ കുഞ്ഞേ....
        (ഒരു മുന്തിയ ഹോട്ടലിലെ ഡെലിവറി ബോയ് പാഴ്‌സല്‍ ബോക്‌സുമായി വന്നു)
ബോയി    :    മാഡം ഒരു പാഴ്‌സല്‍ പറഞ്ഞിരുന്നു...
റോസി    :    ഉവ്വ്...
        (അവന്‍ ബോക്‌സ് റോസിയുടെ കയ്യില്‍ കൊടുത്തു. ബില്ലും കൊടുത്തു. ബില്ല് നോക്കിയിട്ടവളു പറഞ്ഞു)
        ചെറിയാന്റെ അക്കൗണ്ടിലേക്ക് പേ.റ്റി.എം. ചെയ്‌തേക്കാം..
ബോയി    :    ശരി മാഡം, താങ്ക് യൂ മാഡം..
റോസി    :    താങ്ക്‌സ്..
        (ഡെലിവറി ബോയി പുറത്തേക്ക്...സണ്ണി പാഴ്‌സലില്‍ പിടിച്ചപ്പോള്‍)
        അടങ്ങിയിരിക്കെടാ, ഒന്നും കാണാത്തതുപോലെ, തിന്നുന്ന പിള്ളയ്ക്കാ കൊതീന്നു പറഞ്ഞതുപോലാ...
        (റോസിയും അതിഥിയും അവര്‍ക്കു പിന്നാലെ സണ്ണിയും അകത്തേയ്ക്ക് നടന്നു.)
ചാണ്ടി    :    കടയപ്പം കണ്ടപ്പോള്‍ ചെറുക്കന്‍ മണിയനീച്ച കൂഴച്ചക്കയ്ക്കു പിന്നാലെ പോകുന്നതുപോലെ പോകുന്നതു കണ്ടില്ലെ. (അയാളകത്തേക്ക് വിളിച്ചു പറഞ്ഞു)   
        എനിക്ക് കഞ്ഞിയോ, രണ്ടു ഗോതമ്പു ദോശയോ ഉണ്ടാക്കി തരണം.
മാര്‍ത്താണ്ഡന്‍:        എനിക്കും....
ചാണ്ടി    :    (തിരിഞ്ഞ് മാര്‍ത്താണ്ഡനോട്)     മേരിക്കുട്ടി പോയതിനുശേഷം ഒക്കെ കണക്കാ മാര്‍ത്താണ്ഡാ... അവളൊരുപ്പും മൊളകും ഞെരടി തന്നാലും അതിനു ഒടുക്കത്തെ രുചിയാരുന്നു.. നമ്മുടെ ഇഷ്ടങ്ങളെ പേരാടൊ ഭാര്യ എന്ന്... ഒള്ളപ്പം നമ്മളൊരു നൂറു കുറ്റം പറയും.. ഇല്ലാത്തപ്പഴാ അതിന്റെ വില അറിയുക.. ജീവിതത്തിന്റെ മുന്നിലും പിന്നിലുമൊക്കെ ഒരുമാതിരി ഇരുട്ടു വീണതുപോലാ.. ആഴ്ചയിലൊരിക്കല്‍ ഞാനാ കുഴിമാടത്തിന്റെ മുന്നില്‍ ചെന്നുനിന്നു പറയും.. അന്തക്കരണമാ മേരിപ്പെണ്ണേ നീ ചാണ്ടിയോടു കാണിച്ചതെന്ന്...
        (അയാള്‍ ഉള്ളില്‍ തട്ടി പറഞ്ഞു മാറി ഇരുന്നു)
മാര്‍ത്താണ്ഡന്‍    :    ഇനിയിപ്പം അതൊക്കെ ഓര്‍ത്തിട്ടെന്താ ചാണ്ടിച്ചായാ....
ചാണ്ടി    :    (തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖം അമര്‍ത്തി തുടച്ചിട്ടു)
        നാളെ ആ കുരുമുളകു കൊണ്ടുചെന്നു സൊസൈറ്റീല്‍ കൊടുക്കണം. കണ്ടമാനം ജാതി കൊഴിഞ്ഞുവീണു കിടക്കുകാ വാരിക്കൂട്ടി വേണ്ടത് ചെയ്യണം. ഹിന്ദിക്കാരെ പണിക്കു വിളിക്കുമ്പോള്‍ ശ്രദ്ധിയ്ക്കണം. കള്ള നായിന്റെ മോന്‍മാരാ എല്ലാം. ഊരും പേരും വീടും കാര്‍ഡും ഒക്കെ നോക്കിവേണം വിളിക്കാന്‍... അരലക്ഷം മലയാളികളാ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലില്ലാതെ നില്‍ക്കുന്നത്. ഏതാണ്ട് അത്രത്തോളം അന്യഭാഷാ തൊഴിലാളികളല്ലെ ഇവിടെ വന്നു അന്തസായിട്ട് പണി ചെയ്ത് ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പിള്ളാരു നാട്ടില്‍ പണി എടുക്കത്തില്ല...
        (ഈ സമയം പുറത്തുനിന്നും ഒരു തൂക്കുപാത്രവുമായി രംഗത്തേക്കു വരുന്ന കേശവന്‍നായര്‍.
കേശവന്‍നായര്‍    :    ചാണ്ടിയേ.... (ചാണ്ടിയുടെ അതേ പ്രായം)
ചാണ്ടി    :    ആ.... കേശവന്‍നായരോ... എന്തവാടോ മല്ലിത്തൂക്കുമൊക്കെ  ആയിട്ട്... മാര്‍ത്താണ്ഡാ അപ്പുറത്തെന്തോ വിശേഷമുണ്ട്... അല്ലേടാ...
കേശവന്‍നായര്‍    :    ഇത്തിരി പായസമാടോ... ഇന്നേ അംബികേടെ പിറന്നാളാ...
ചാണ്ടി    :    കര്‍ത്താവേ... ഓര്‍ത്തിരിക്കണ്ട ദിവസമായിരുന്നല്ലോ...
കേശവന്‍    :    അതൊന്നും സാരമില്ലടാ...
ചാണ്ടി    :    എന്നാലും ഓര്‍ക്കണമായിരുന്നു.. ഇതൊന്നും മറക്കാത്ത ഒരാളുണ്ടാരുന്നതങ്ങു പോയില്ലേ...
കേശവന്‍നായര്‍    :    അതാ ഉച്ചയ്ക്ക് ഊണിന് വിളിക്കാത്തത്. മേരിപ്പെമ്പിളയില്ലാതെ ചാണ്ടിച്ചനെ വിളിക്കാന്‍ മനസ്സു വരുന്നില്ലെന്നാ അംബിക പറഞ്ഞത്.  ഇതാടാ.. അകത്തുകൊണ്ടുപോയി വയ്യേ...
ചാണ്ടി    :    നീ ഇരിക്കടാ... (അകത്തേക്കു നോക്കി)  റോസിയേ.. ഇങ്ങു വന്നേ കൊച്ചേ... (തിരിഞ്ഞു കേശവന്‍നായരോട്)
        പിള്ളാരതൊന്നും ഓര്‍ക്കത്തില്ലാന്നേ...
കേശവന്‍നായര്‍    :    സാരമില്ലെടാ... മാര്‍ത്താണ്ഡാ, തനിക്കറിയോ...
മാര്‍ത്താണ്ഡന്‍    :    പറഞ്ഞാലല്ലേ അറിയൂ...
കേശവന്‍നായര്‍    :    എന്റെ മുത്തശ്ശനും ചാണ്ടീടെ അപ്പൂപ്പനും കൂടാ തിരുവിതാംകൂറിന്ന് ഇവിടെ കുടിയേറിയത്..
ചാണ്ടി    :    ഈട്ടിത്തറയിലെ ഗീവറീത്..
കേശവന്‍നായര്‍    :    അതന്നെ, അവന്റെയൊരു ഓര്‍മ്മ...
മാര്‍ത്താണ്ഡന്‍    :    അച്ഛന്റെയല്ലേ മോന്‍
കേശവന്‍നായര്‍    :    അന്നിവിടമെല്ലാം കാടാരുന്നു.  മുത്തച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.  (അഭിനയിച്ച് കാണിച്ചുകൊണ്ട്) കുമ്മായച്ചാക്ക് ഇങ്ങനെ പുറത്തിട്ട് അതിനടിവശം പൊട്ടിച്ചു കാട്ടിലൂടെ ദേ ഇങ്ങനെ ഒരോട്ടമോടും...അതാ അതിരു...അങ്ങനാ കാടു വെട്ടിപ്പിടിച്ചത്...അല്ലേടാ ചാണ്ടീ....
ചാണ്ടി    :    ങൂം.... കൂര കുത്തി കിടന്നു കാടുവെട്ടിത്തെളിച്ചു മണ്ണില്‍ പണിയെടുത്ത്  ഈ മണ്ണ് പൊന്നാക്കി.
റോസി    :    അപ്പച്ചാ... വിളിച്ചാരുന്നോ... (അകത്തുനിന്നും വാ നിറച്ച് എന്തോ ചവച്ചുകൊണ്ടു വന്ന റോസി)
        (ചാണ്ടി മല്ലിത്തൂക്കു വാങ്ങി നീട്ടി)
ചാണ്ടി    :    ഇന്നപ്പുറത്തമ്മയുടെ പിറന്നാളാ... കേശവന്റെ ഭാര്യയുടെ (അവളെ ശ്രദ്ധിച്ചിട്ടു) ചവച്ചരച്ചൊക്കെ തിന്നണേടി കൊച്ചെ.. ഹോട്ടലിലെ സാധനമാ, ദഹിക്കത്തില്ല.
മാര്‍ത്താണ്ഡന്‍    :    എന്താന്നെന്നറിയില്ല... എനിക്കും അങ്ങനാ...
ചാണ്ടി    :    (കേശവന്‍നായരോട്) തടികൂടുന്നെന്നാ ഇവക്കടെ പരാതി. ഒരു ബേക്കറി മൊത്തം മേടിച്ചുവച്ചു അമ്മേം മോനും കൂടങ്ങു തിന്നുകാ....  (റോസിയോട്) അംബികേ വിളിച്ചൊന്നു വിഷ് ചെയ്യണം കേട്ടോ...
കേശവന്‍നായര്‍    :    സാരമില്ലെടാ... പിള്ളാരല്ലേ...
മാര്‍ത്താണ്ഡന്‍    :    ഇതോ....
റോസി    :    (കേശവന്‍നായരോട്) ഓര്‍ത്തില്ലച്ഛാ... ക്ഷമിക്കണം, ഞങ്ങളങ്ങോട്ടു വരാം.. അശോകനെ രാവിലെ കണ്ടതാ.. അവനും പറഞ്ഞില്ല.
കേശവന്‍നായര്‍    :    മക്കളെ പുതിയ കാലത്തെ പിള്ളാരു മമ്മൂട്ടിടെം മോഹന്‍ലാലിന്റേം വിജയ്‌യുടേമൊക്കെ പിറന്നാള്‍ ഓര്‍ത്തിരിക്കും. പക്ഷേ സ്വന്തം അച്ഛനമ്മമാരുടേത് ഓര്‍ക്കത്തില്ല.....
ചാണ്ടി    :    പായസമാ... മൂന്നുപേരുടെ ആവശ്യത്തിനു ചെലുത്തു. ഒരു തൊടം എനിക്കും വെച്ചേരെ....
        (ദേഷ്യത്തോടെ മല്ലിത്തൂക്കും വാങ്ങി അവള്‍ അകത്തേയ്ക്ക്)     അവള്‍ക്ക് പിടിച്ചില്ല. പറഞ്ഞില്ലേല്‍ അമ്മേം മോനുംകൂടി മുഴുവന്‍ അകത്താക്കും.      വീട് രണ്ടാണെങ്കിലും ഒന്നുപോലെ കഴിഞ്ഞവരാ ഞങ്ങള്. ക്രിസ്തുമസ്സിവിടെ, ഓണം അവിടെ.. ഞങ്ങടെ ഇടവകപ്പള്ളീലെ അച്ഛന്‍ മതസൗഹാര്‍ദ്ദത്തെപ്പറ്റി പറഞ്ഞപ്പോള്‍ പറഞ്ഞതേ ഇട്ടിത്തറയിലെ ചാണ്ടിക്കുഞ്ഞിനേയും കേശവന്‍ നായരേം കണ്ടു പഠിക്കണം എല്ലാവരുമെന്ന്...
മാര്‍ത്താണ്ഡന്‍    :    അല്ലാ, അംബികമ്മയുടെ പിറന്നാളായിട്ട് നമുക്കിതൊന്ന് ആഘോഷിക്കേണ്ടേ....
ചാണ്ടി    :    പിന്നേ...ഈ പാട്ടൊക്കെ പാടീട്ടേ കുറേ നാളായി... എന്നാപ്പിന്നെ തുടങ്ങാം...
മാര്‍ത്താണ്ഡന്‍    :    ദേ പിടിച്ചോ... (മാര്‍ത്താണ്ഡന്‍ നാടന്‍ പാട്ട് പാടുന്നു.. അതേറ്റ് ചാണ്ടി പാടുന്നു. പിന്നെ കേശവനും... പിന്നെയാണ് മൂന്നുപേരും താളമിട്ട് ഒരു മലയോര കര്‍ഷക ഗാനത്തിലേക്ക്...)
കേശവന്‍നായര്‍    :    അതുപിന്നെ, നമ്മളു മരിക്കുന്നതുവരെ മറക്കാനൊക്കുമോ... മറക്കുമോ...
മാര്‍ത്താണ്ഡന്‍    :    മറക്കാമോ...
ചാണ്ടി    :    പെമ്പ്രന്നോത്തീടെ പിറന്നാളായിട്ടു എന്തവാടെ പ്രത്യേകിച്ചു സ്‌പെഷ്യല്‍.
കേശവന്‍നായര്‍    :    ഇത്തിരി പുഴമീന്‍ കിട്ടി.
ചാണ്ടി    :    കുടംപുളി ഇട്ടാണോ വെച്ചത്.
കേശവന്‍നായര്‍    :    അതേടാ...
ചാണ്ടി     :    എന്നാല്‍ പിന്നെ ഒരുപിടി വറ്റ് അവിടുന്നു തിന്നാം അല്ലേടാ...
കേശവന്‍നായര്‍    :    പിന്നെന്താടാ... (മാര്‍ത്താണ്ഡനോട്)
        മാര്‍ത്താണ്ഡാ അത്താഴത്തിനു ചാണ്ടി ഉണ്ടെന്ന് നീ അംബികയോട് പറഞ്ഞേയ്ക്ക്.. ഞങ്ങള്‍ക്ക് വളരെ ഗൗരവമായി ചില കാര്യങ്ങളു സംസാരിക്കാനുണ്ട്.. നീ ചെല്ല്... ചെല്ല്..
        (മാര്‍ത്താണ്ഡന്‍ പുറത്തേയ്ക്ക്) എടൊ മാപ്പിളെ... (പരിസരം വീക്ഷിച്ച്)
ചാണ്ടി    :    എന്താടൊ നായരെ...
കേശവന്‍നായര്‍    :    ഇയാളൊരു കാര്യം അറിഞ്ഞോ...? അറിയാതിരിക്കാന്‍ വഴിയില്ല.. നാട്ടുകാരു പൂച്ചം പൂച്ചം പറഞ്ഞു തുടങ്ങി.
ചാണ്ടി    :    എന്തവാടൊ...
കേശവന്‍നായര്‍    :    എന്റെ മോന്‍ അശോകനും ഇവിടുത്തെ അതിഥിമോളും തമ്മിലുള്ള ബന്ധം..
ചാണ്ടി    :    (ആശങ്കയോടെ) അവരു തമ്മിലെന്തുബന്ധം...?
കേശവന്‍നായര്‍    :    അപ്പൊ താനൊന്നുമറിഞ്ഞില്ലേ...
ചാണ്ടി    :    എന്തറിയാന്‍... ഒരു വീടുപോലെ കഴിയുന്നവരു.. കൂടപ്പിറപ്പുകളെപ്പോലെ ജീവിക്കുന്നവരു..
കേശവന്‍നായര്‍    :    ഞാനും ആദ്യമൊക്കെ അങ്ങനെ തന്നാടാ കരുതിയത്.
ചാണ്ടി    :    ഇയാളു കാര്യം പറയടൊ....
കേശവന്‍നായര്‍    :    പിള്ളാരെ രണ്ടിനേയും പല സ്ഥലത്തുംവെച്ചു കണ്ടു എന്നു പലരും പറഞ്ഞു... നമ്മുടെ തിരിച്ചറിവിനപ്പുറം മറ്റുവല്ല ബന്ധവും ഉണ്ടോ എന്നറിയാന്‍വേണ്ടി ഞാന്‍ മോനോട് ചോദിച്ചു. അശോകനോട്...അപ്പോള്‍ അവന്‍ പറയുകയാ...
        (ആകാംക്ഷയോടെ ചാണ്ടി അയാള്‍ക്കടുത്തെത്തി)
        അവര്‍ക്ക് പരസ്പരം ഇഷ്ടമാണെന്ന് (അയാള്‍ നടുങ്ങി)
        എടാ അവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെന്ന്....
        (ചാണ്ടി മാറി ഇരുന്നു)
        ദേ ഇനി നമ്മളാണു ഒരു തീരുമാനം പറയേണ്ടത്. അതിഥി മോളോട് നീ സംസാരിക്കണം...
        ഇങ്ങനൊരു കാര്യം അറിഞ്ഞാല്‍ ഞാനാദ്യം സംസാരിക്കേണ്ടതു ഇയാളോടല്ലെ...അംബിക യോടു ഞാന്‍ പറഞ്ഞില്ല.
        (അയാളൊരു നിമിഷം ചലിച്ചു.... ചാണ്ടിക്കടുത്തെത്തി)     ഇതൊരുപക്ഷേ ഒരു ഈശ്വര നിശ്ചയം ആണെങ്കിലോ... (അയാള്‍ നോക്കി)    എന്നാല്‍പിന്നെ നമുക്കിറങ്ങാം...അത്താഴം തണുക്കണ്ടാ... വാ...       
ചാണ്ടി    :    (ചാടി എഴുന്നേറ്റ് ഒരു പ്രത്യേക ടോണില്‍) താന്‍ പൊയ്‌ക്കോ... എനിക്കു വിശപ്പില്ല... വിശക്കാതെ കഴിച്ചാല്‍ അജീര്‍ണ്ണമുണ്ടാകും...
        (ഒരു പ്രത്യേക സ്റ്റൈലില്‍) താന്‍ പൊയ്‌ക്കോ...
        (കേശവന്‍നായരിറങ്ങി... ചാണ്ടി ആലോചനയോടെ നടന്നു.. അകത്തുനിന്നും ഇറങ്ങിവന്ന അതിഥി.. അവള്‍ സണ്ണിയുമായി സംസാരിച്ചവളുടെ മുറിയിലേക്ക്... അയാളവളെ രൂക്ഷമായി നോക്കിനിന്നു.)

James 2019-02-28 11:02:52
Interesting. Thanks
James 2019-02-28 11:02:58
Interesting. Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക