Image

പ്രേമേതിഹാസം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 18 April, 2012
പ്രേമേതിഹാസം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
എന്റെ പ്രേമത്തിന്റെ പഴക്കമറിയിക്കാന്‍
രോമം കളഞ്ഞ്‌ ചുണ്ണാമ്പിട്ടു പൊള്ളിച്ച
ആട്ടിന്‍തോലില്‍ കുന്തമുനകൊണ്ട്‌ വരഞ്ഞ്‌
ആവിയായ ചിന്തകള്‍ക്ക്‌ ഭാഷ്യം രചിച്ചു -
പാപ്പിറിസ്‌ തണ്ടുകള്‍ എന്റെ തൊടിയിലും
അയലത്തെ കുറ്റിക്കാട്ടിലും ലഭ്യമായിരുന്നില്ല!

കാര്‍ബണ്‍ പതിനാലെന്ന മൂലകത്തിന്‍
നിരന്തരം വിഘടിയ്‌ക്കും അണുക്കള്‍ പോലും
അതിന്റെ കാലനിര്‍ണയത്തില്‍ പരാജയപ്പെട്ടപ്പോള്‍
എന്റെ ഉത്തുംഗോര്‍ജിത വീര്യമളക്കാന്‍
നിന്റെ മസ്‌തിഷ്‌ക്കക്കോശങ്ങളില്‍
അനുസ്വനം പുറപ്പെടുവിക്കും മാപിനികളില്ലെന്നോ?

ക്രിമോണയിലെ തണുപ്പില്‍ പത്താണ്ടു പരുവപ്പെട്ട
മേപ്പിള്‍ മരത്തില്‍ കടഞ്ഞെടുത്തു ജീവന്‍ കൊണ്ട
വയലിന്‍ നാദത്തിന്‍ താരസ്ഥായിയില്‍ നിഷ്‌ക്രമിക്കും
ദേശ്‌ രാഗത്തിന്‍ നിഷാദത്തിലൂന്നിയ നിശ്വാസങ്ങള്‍
നിശബ്‌ദസംഗീതമായ്‌ വികിരണ അഭീഷ്‌ണതയില്‍
ഭൂമിയെ വലയം ചെയ്‌തത്‌ നീ സ്വീകരിക്കില്ലെന്നൊ?

അനന്തമാം മോഹങ്ങള്‍ സുതാര്യസ്വപ്‌നങ്ങളാല്‍
അദൃശ്യമാം മഷിയില്‍ മുക്കിയ തൂലികയില്‍
ഭാവനയുടെ പ്രതലത്തിലെഴുതിയ മേഘസന്ദേശം
നിന്റെ പുഞ്ചിരിച്ചാറില്‍ മാത്രം തെളിഞ്ഞു വരുന്നത്‌
തിരിച്ചറിയാനൊരേതരംഗദൈര്‍ഘ്യനിറത്തില്‍
പ്രതികരിക്കാന്‍ നിനക്കല്ലെങ്കിലാര്‍ക്കു കഴിയും?

എന്റെ പ്രേമത്തിന്റെ ഗാഢതയളക്കാന്‍
അധുനാതന സംവിധാനം അപ്രാപ്യമെങ്കില്‍
പഞ്ചേന്ദ്രീയരശ്‌മികള്‍ കാചത്തില്‍ കൂര്‍പ്പിച്ച്‌,
അധരപുടങ്ങളില്‍ സ്വരങ്ങളുടെ ഇന്ധനം നിറച്ച,്‌
മൂളിപ്പാട്ടില്‍ ഒരു നാടന്‍ ഈണത്തില്‍
ബന്ധപ്പെടില്ലേ, വിദൂരക്വാണ്ടം സഞ്ചാരത്തില്‍!

സങ്കല്‌പത്തിന്‍ നിഗൂഢമാം അനുരണനം
അടഞ്ഞ നിന്‍ വാതില്‍ മുട്ടിവിളിക്കുമ്പോള്‍,
നൈര്‍മല്യത്തിന്‍ സന്ദേശവാഹകപ്രാവുകള്‍ വഴി
ഘടനാവൈചിത്ര്യമാസ്‌മരലിഖിതമയയ്‌ക്കാം:
കമ്പിയില്ലാക്കമ്പിയും, ടെലിഫോണും, ഇ-മെയിലും,
ടെലിപ്പതിയും, എന്തിനേറെ! ഈ ബ്‌ളോഗും
നിന്നെയുണര്‍ത്താന്‍
അപര്യാപ്‌തമാം വാഹിനി!

(`അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍' എന്ന പുതിയ കവിതാസമാഹാരത്തില്‍ നിന്ന്‌)
പ്രേമേതിഹാസം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക